ഫിര്‍ഔനിന്റെ നാശത്തിനു ശേഷം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

(മൂസാനബി(അ): 15)

മൂസാനബി(അ)യും വിശ്വസികളും കടല്‍ കടന്ന് മറ്റൊരു നാട്ടില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ ക്വുര്‍ആന്‍ നമുക്ക് ഇപ്രകാരം വിവരിച്ചുതരുന്നു:

''ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി). എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക്  ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും  ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു. തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ദൈവമായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്'' (ക്വുര്‍ആന്‍ 7:138-140).

ബനൂഇസ്‌റാഈല്യര്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് ഫലസ്തീനിന്റെയും ശാമിന്റെയും ഭാഗത്തേക്ക്  സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അതിക്രമത്തിന്റെയും വക്താക്കളായ ഫിര്‍ഔനും സംഘവും വെള്ളത്തില്‍ മുങ്ങിനശിക്കുന്നത് ഇസ്‌റാഈല്യര്‍ നോക്കിക്കണ്ടതാണ്. മൂസാ നബി(അ)യുടെ കൈയിലുണ്ടായിരുന്ന വടികൊണ്ട് സമുദ്രത്തില്‍ അടിച്ചപ്പോള്‍ സമുദ്രം രണ്ടായി പിളര്‍ന്നതും, അവയ്ക്കിടയില്‍ സഞ്ചാരയോഗ്യമായ ഒരു വഴി രൂപപ്പെട്ടതും സമുദ്രത്തില്‍ മുക്കി നശിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഫിര്‍ഔനും കൂട്ടരും കടുത്ത പരീക്ഷണങ്ങള്‍ നേരിട്ടതുമായ അത്ഭുതങ്ങളെല്ലാം അവര്‍ കണ്ടറിഞ്ഞതാണ്. മാത്രമല്ല ഒരു പ്രവാചകന്റെ കൂടെ നടക്കുകയും, അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹങ്ങള്‍ ഏറെ ലഭിക്കുകയും ചെയ്തവര്‍. എന്നിട്ടും അവര്‍ ആവശ്യപ്പെട്ടത് എന്താണ്? 

അവരുടെ യാത്രക്കിടയില്‍ വിഗ്രഹങ്ങളെ ആരാധിക്കുന്ന, പശുവിനെ പൂജിക്കുന്ന ബഹുദൈവ ആരാധകരായ ഒരു ജനവിഭാഗത്തിന്റെ സമീപം എത്തി. ആഗ്രഹ സഫലീകരണത്തിനായി അവയുടെ മുന്നില്‍ ഭജനമിരിക്കുന്ന, അവയെ പൂജിക്കുന്ന, അവയോട് പ്രാര്‍ഥിക്കുന്ന, ആരാധനയുടെതായ എല്ലാ അര്‍പ്പണവും നടത്തുന്ന ഇവരില്‍ നിന്ന് ബനൂഇസ്‌റാഈല്യര്‍ക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടാകണം. അതിനാലാകാം അവര്‍ മൂസാ നബി(അ)യോട് അവര്‍ക്ക് ആരാധ്യര്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ചില ആരാധ്യരെ നിശ്ചയിച്ച് തരണം എന്ന് പറഞ്ഞത്. നന്ദികേടിന്റെ ചോദ്യമാണല്ലോ ഇത്. അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രങ്ങളും തെളിവുകളും നേര്‍ക്കുനേരെ കാണാനും അനുഭവിക്കാനും ഭാഗ്യം സിദ്ധിച്ച ഇവര്‍ തങ്ങള്‍ക്ക് എന്ത് കാരണത്താലാണ് ഈജിപ്ത് വിടേണ്ടിവന്നതെന്ന് പോലും ചിന്തിച്ചില്ല. കടുത്ത നന്ദികേടിന്റെ ചോദ്യം അവര്‍ മൂസാനബി(അ)യോട് ചോദിച്ചു. മൂസാ(അ) തന്റെ അനുയായികളുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു ചോദ്യം പ്രതീക്ഷിച്ചിരിക്കില്ല. അതിനാല്‍ തന്നെ മൂസാ(അ) അവരുടെ ചോദ്യം കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. അദ്ദേഹം അവരോട് 'നിങ്ങള്‍ അവിവേകികള്‍ തന്നെയാണ്'എന്ന് പറഞ്ഞു. 

സ്രഷ്ടാവിനെ മാത്രം വണങ്ങേണ്ടുന്നതിന് പകരം സൃഷ്ടികളെ വണങ്ങുക എന്നത് ബുദ്ധിമതികള്‍ക്ക് ചേര്‍ന്നതല്ല. സ്രഷ്ടാവായ അല്ലാഹു മാത്രമാണ് യാതൊരു ന്യൂനതയും ഇല്ലാത്തവന്‍. 

ഏകദൈവ വിശ്വാസികളായതിന്റെ ഫലമായി അല്ലാഹു നല്‍കിയ അത്ഭുതകരമായ സഹായങ്ങളും അനുഗ്രഹങ്ങളും അനുഭവിച്ചവരാണ് മൂസാനബി(അ)യോട് ശിര്‍ക്ക് ചെയ്യാനുള്ള സഹായം ചോദിക്കുന്നത്. അവര്‍ കണ്ടതും അനുഭവിച്ചതും ആയ ഒരു ദൃഷ്ടാന്തവും അവരുടെ ഹൃദയത്തെ വേണ്ടവിധം സ്വാധീനിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. അതിനാല്‍ തന്നെയാകാം മൂസാ(അ) അവരോട് നിങ്ങള്‍ അവിവേകികള്‍ തന്നെയാണെന്ന് പറഞ്ഞത്. മാത്രവുമല്ല, ഈ സ്ഥിതി തുടര്‍ന്നാല്‍ ഇവരും കടുത്ത ശിക്ഷക്ക് വിധേയരാകുന്നതാണ്. അവരുടെ ചെയ്തികളിലെ നിരര്‍ഥകത ഒന്നൊന്നായി മൂസാ(അ) അവിടെ വെച്ച് അവര്‍ക്ക് പറഞ്ഞു കൊടുത്തു.

സത്യം കണ്ടത് കൊണ്ടോ കേട്ടത് കൊണ്ടോ പഠിച്ചത് കൊണ്ടോ മാത്രം ആ സത്യത്തില്‍ നില കൊള്ളാന്‍ കഴിയില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം ഉണ്ടെങ്കില്‍ മാത്രമെ കണ്ടതിനും കേട്ടതിനും അറിഞ്ഞതിനും പഠിച്ചതിനും പ്രയോജനം ലഭിക്കൂ എന്നതും നാം മനസ്സിലാക്കണം. സൂറത്തുല്‍ ഫാതിഹയിലെ ആറാം വചനത്തില്‍ നാം പ്രാര്‍ഥിക്കുന്നു; ഞങ്ങളെ നീ ചൊവ്വായ പാതയില്‍ നയിക്കേണമേ എന്ന്. ആ മാര്‍ഗത്തില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം നാം ദീനായി സ്വീകരിക്കുകയും യഥാര്‍ഥ ദീനില്‍ നിന്ന് വഴിതെറ്റി സഞ്ചരിക്കുകയും ചെയ്യും.

ശിര്‍ക്ക് എന്ന മഹാപാപം നമ്മില്‍ വരുന്നതിനെ നാം ഗൗരവത്തോടെ സൂക്ഷിക്കേണ്ടതുണ്ട്. ബനൂ ഇസ്‌റാഈല്യരില്‍ ശിര്‍ക്ക് വന്ന സ്ഥിതിയെ പറ്റി നാം ഒന്ന് ആലോചിച്ച് നോക്കണം. പല രൂപത്തിലുള്ള ചിന്തകളും മനസ്സില്‍ ഇട്ടുതന്ന് തൗഹീദില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിനാണ് പിശാച് എന്ന കൊടിയ ശത്രു എപ്പോഴും ശ്രമിക്കുക. വ്യക്തമായ തെളിവുകളെയും പ്രമാണങ്ങളെയും തള്ളി തൗഹീദിനെ ശിര്‍ക്കായും ശിര്‍ക്കിനെ തൗഹീദായും വിശദീകരിക്കുന്ന എത്ര പണ്ഡിതന്മാര്‍...! അവരെ വിശ്വസിച്ച് പൂര്‍വികരായ സജ്ജനങ്ങളുടെ വിശ്വാസത്തെ പോലും ചോദ്യം ചെയ്യാന്‍ മുതിരുന്ന അനുയായികള്‍...!

മൂസാനബി(അ)യും ബനൂഇസ്‌റാഈല്യരും കണ്ട ആ ജനത ആരായിരുന്നു എന്ന കാര്യത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചില പൗരാണിക അറബി ഗോത്രക്കാരായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അതല്ല പിന്നീട് ബനൂഇസ്‌റാഈല്യര്‍ക്ക് നേരിടാനുള്ള അവിശ്വാസികളായ, ശത്രുക്കളായ അമാലിക്വഃ വിഭാഗക്കാരായിരുന്നു എന്നും അഭിപ്രായപ്പെട്ടവരുണ്ട്.

തൗഹീദ് സ്വീകരിച്ചതിനാല്‍ അല്ലാഹു തങ്ങളെ രക്ഷപ്പെടുത്തിയെന്ന് മനസ്സിലാക്കിയവരാണ് ബനൂ ഇസ്രാഈല്യര്‍. ശിര്‍ക്കിലും കുഫ്‌റിലും ആയതിനാല്‍ ഫിര്‍ഔനിനെയും സംഘത്തെയും അല്ലാഹു നശിപ്പിച്ചതിന് ദൃക്‌സാക്ഷികളുമാണവര്‍. എന്നിട്ടും അവര്‍ കാണപ്പെടുന്ന ഒരു ദൈവത്തെ ഏര്‍പെടുത്തിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു! ചരിത്രത്തില്‍ പില്‍ക്കാലത്തും സമാനമായ സംഭവം നടന്നിട്ടുണ്ട്. ആ സംഭവം ഈ വചനം  വിവരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം ഇപ്രകാരമാണ്:

അബൂവാക്വിദ് അല്ലൈസി(റ)വില്‍ നിന്ന് നിവേദനം: ''റസൂല്‍ ﷺ ഹുനൈനിലേക്ക് പുറപ്പെടുമ്പോള്‍ ദാതു അന്‍വാത്വ് എന്ന് പറയപ്പെടുന്ന, മുശ്‌രിക്കുകള്‍ക്കുണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ അരികിലൂടെ നടന്നു. അതില്‍ (ദാതുഅന്‍വാത്വ് എന്ന് പറയപ്പെടുന്ന ആ വൃക്ഷത്തില്‍) അവര്‍ (മുശ്‌രിക്കുകള്‍) അവരുടെ ആയുധങ്ങള്‍ കെട്ടിത്തൂക്കിയിടാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, അവര്‍ക്ക് ദാതുഅന്‍വാത്വ് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാതുഅന്‍വാത്വ് നിശ്ചയിച്ചു തരണം.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'അല്ലാഹു എത്ര പരിശുദ്ധന്‍. ഇത് മൂസാനബി(അ)യുടെ ജനത ചോദിച്ചത് പോലെയുണ്ടല്ലോ (ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും  ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം). എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണ് സത്യം! നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരുടെ ചര്യകളില്‍ പ്രവേശിക്കുന്നത് തന്നെയാണ്'' (തുര്‍മുദി).

ഹുനൈനിലേക്ക് പോകുന്ന വേളയില്‍ നബി ﷺ യുടെ കൂടെ പതിനായിരത്തിലധികം (ഏകദേശം പന്ത്രണ്ടായിരത്തോളം) അനുയായികളുണ്ട്. മക്കാ വിജയത്തിന് ശേഷമാണല്ലോ ഹുനൈന്‍ യുദ്ധം നടക്കുന്നത്. സ്വാഭാവികമായും അനുയായികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു.  സ്വഹാബികള്‍ക്ക് തന്നെയും അവരുടെ എണ്ണത്തിലെ ആധിക്യം ആശ്ചര്യമുണ്ടാക്കിയിരുന്നു. നമ്മള്‍ എണ്ണത്തില്‍ കൂടുതലുണ്ടല്ലോ, വിജയം ഉറപ്പാണ് എന്നൊക്കെ അവര്‍ക്ക് തോന്നി. അതിനാല്‍ തന്നെ ഹുനൈനിന്റെ ആദ്യസന്ദര്‍ഭങ്ങളില്‍ മുസ്‌ലിം പക്ഷത്തിന് പരാജയമാണ് നേരിടേണ്ടിവന്നത്. ചില പരീക്ഷണങ്ങളെല്ലാം അഭിമുഖീകരിക്കേണ്ടതായും വന്നു.

ഹുനൈനിലേക്ക് പോകുന്നവരില്‍ മുസ്‌ലിം പക്ഷത്ത് മുഹാജിറുകളും അന്‍സ്വാറുകളും അടക്കമുള്ള ഉറച്ച വിശ്വാസികളും മക്കാവിജയ ശേഷം ഇസ്‌ലാം സ്വീകരിച്ച ഒരു പുതിയ വിഭാഗവും ഉണ്ടായിരുന്നു. പോകുന്ന വഴിക്കാണ് അവര്‍ ആ ദൃശ്യം കാണുന്നത്. മുശ്‌രിക്കുകള്‍ ഒരു പുണ്യമരമായി കാണുന്ന ഇലന്തമരം. അതില്‍ നിന്ന് അവര്‍ ബറകത്ത് പ്രതീക്ഷിച്ചിരുന്നു. ബഹുദൈവാരാധകരായ ആ നാട്ടുകാര്‍  അതിന്റെ അരികില്‍ ഭജനമിരിക്കാറുണ്ടായിരുന്നു. യുദ്ധത്തിനും മറ്റും പുറപ്പെടുന്ന വേളയില്‍ അവരുടെ വാളുകള്‍ ആ മരത്തില്‍ അല്‍പ സമയം കെട്ടിത്തൂക്കിയിടും. അങ്ങനെ ആ മരത്തില്‍ തൂക്കിയിട്ട വാളുമായി യുദ്ധത്തിന് പോയാല്‍ വിജയിക്കുമെന്നതായിരുന്നു അവരുടെ വിശ്വാസം. ആ ഇലന്തമരത്തിന്  ദാതുഅന്‍വാത്വ് എന്നാണ് നാമകരണം ചെയ്തിരുന്നത്. 

ഇത് കണ്ടപ്പോള്‍ മുസ്‌ലിം സംഘത്തിലെ പുതിയ ആളുകള്‍ നബി ﷺ യോട് ബറകത്ത് എടുക്കുന്നതിനായി അവര്‍ക്ക് ദാതുഅന്‍വാത്വ് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാതുഅന്‍വാത്വ് നിശ്ചയിച്ച് തരണം എന്ന് ആവശ്യപ്പെട്ടു. അവര്‍ ചോദിച്ചതിന്റെ അപകടം നബി ﷺ അവരെ ബോധ്യപ്പെടുത്തി. തീര്‍ച്ചയായും നിങ്ങള്‍ ചോദിച്ചത് മൂസാ(അ)നോട് അദ്ദേഹത്തിന്റെ ജനത ചോദിച്ച ചോദ്യമാണെന്ന് പറഞ്ഞ് മുകളില്‍ പറഞ്ഞ സൂക്തം ഓതിക്കൊടുക്കുകയും ചെയ്തു.

മൂസാ നബി(അ)യോട് ബനൂഇസ്‌റാഈല്യര്‍ ഇലാഹിനെയാണ് ചോദിച്ചത്. നബി ﷺ യോട് സ്വഹാബികള്‍ ഇലാഹിനെ ചോദിച്ചിട്ടില്ല. അവര്‍ക്കുള്ളത് പോലെയുള്ള ഒരു മരം ഞങ്ങള്‍ക്കും വേണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ. പിന്നെ എന്തിനാണ് നബി ﷺ ഇവരുടെ ചോദ്യത്തെ അവരുടെ ചോദ്യവുമായി തുലനം ചെയ്തത്? നമുക്ക് അഭൗതിക മാര്‍ഗത്തിലൂടെ ഗുണ ദോഷങ്ങള്‍ വരുത്താന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണല്ലോ. മുശ്‌രിക്കുകള്‍ അവരുടെ മരത്തിന് അല്ലാഹുവിന് നല്‍കേണ്ട വിശ്വാസം വകവെച്ച് നല്‍കി. അഥവാ, അവരുടെ ദാതു അന്‍വാത്വിന് ഗുണദോഷങ്ങള്‍ വരുത്താന്‍ കഴിയും എന്ന് അവര്‍ വിശ്വസിച്ചു. ആ വിശ്വാസം ഇലാഹായ അല്ലാഹുവിനെക്കുറിച്ചേ പാടുള്ളൂ. അതായത് ചോദ്യത്തില്‍ ഇലാഹ് എന്ന് വന്നില്ലെങ്കിലും വിശ്വാസത്തില്‍ ബനൂഇസ്‌റാഈല്യര്‍ക്ക് വന്ന വിശ്വാസം പ്രകടമായി.  അതിനാലാണ് മുഹമ്മദ് നബി ﷺ ഇവരുടെ ചോദ്യത്തെ അവരുടെ ചോദ്യവുമായി തുലനം ചെയ്തത്.

ബറകത്ത് എടുക്കുന്നതിനായി ഇപ്രകാരം ചില മരങ്ങള്‍ നിശ്ചയിക്കപ്പെട്ടത് ഇന്നും പല പ്രദേശങ്ങളിലും നാം കാണുന്നുണ്ട്. ചില ഗുഹകള്‍, മരങ്ങള്‍, വള്ളികള്‍ തുടങ്ങിയ വസ്തുക്കളിലും സ്ഥലങ്ങളിലും പില്‍ക്കാല പുരോഹിതന്മാരിലൂടെ പിശാച് ജനങ്ങളെ കൊണ്ട് ബറകത്തെടുക്കല്‍ എന്ന പേരില്‍ ശിര്‍ക്കില്‍ തളച്ചിട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലുള്ള മരങ്ങളിലും വള്ളികളിലും കെട്ടിപ്പിടിച്ചും തൊട്ടില്‍ കെട്ടിയുമെല്ലാം അവയില്‍ നിന്ന് സന്താന സൗഭാഗ്യമടക്കമുള്ള ആഗ്രഹ സഫലീകരണം പ്രതീക്ഷിക്കുന്നവരുണ്ട്. നബി ﷺ താക്കീത് നല്‍കിയത് പോലെ പൂര്‍വികരുടെ പിഴച്ച നടപടികളെ പിന്തുടര്‍ന്ന് വഴിപിഴച്ച് പോകുകയാണ് ഇക്കൂട്ടര്‍. അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കേ ഇതിലെ നിരര്‍ഥകതയും ഇതിനാലുണ്ടാകുന്ന ഭവിഷത്തും തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.