മരുഭൂമിയില്‍ അലയുന്നവര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

(മൂസാനബി(അ): 20)

'അല്ലാഹുവിനെ നേരില്‍ കണ്ടാലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കൂ' എന്ന് മൂസാനബി(അ)യോട് ബനൂഇസ്‌റാഈല്യര്‍ പറഞ്ഞപ്പോള്‍ അവരെ അല്ലാഹു ചെയ്തത് എന്താണന്ന് നാം മനസ്സിലാക്കി. 

ഈ സംഭവത്തിന് ശേഷം മൂസാ(അ) വീണ്ടും അവരോട് ഒരു കാര്യം കല്‍പിക്കുകയുണ്ടായി. അതിനോടും അവര്‍ അനുസരണക്കേടാണ് കാണിച്ചത്. അത് സംബന്ധമായി ക്വുര്‍ആന്‍ പറയുന്നത് കാണുക:

''മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിക്കുകയും നിങ്ങളെ രാജാക്കന്മാരാക്കുകയും മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും  നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക്  നല്‍കുകയും ചെയ്തുകൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള്‍ ഓര്‍ക്കുക'' (5:20).

സത്യവും അസത്യവും എന്തെന്ന് വേര്‍തിരിച്ചു കൊടുത്ത് നേര്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുവാനായി അല്ലാഹു ബനൂഇസ്‌റാഈല്യരില്‍ ധാരാളം പ്രവാചകന്മാരെ നിയോഗിക്കുകയുണ്ടായി. അവര്‍ക്ക് പലവിധ ആധിപത്യവും നല്‍കുകയും ചെയ്തിരുന്നു. ലോകത്ത് ഒരു സമുദായത്തിനും അല്ലാഹു അത്രയധികം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടില്ല. ഈ അനുഗ്രഹങ്ങളെ ഓര്‍ക്കുവാനും അതുവഴി ആ അനുഗ്രഹദാതാവായ അല്ലാഹുവിനോട് അനുസരണം കാണിക്കുവാനും മൂസാ(അ) തന്റെ ജനതയോട് കല്‍പിച്ചു. ഇതെല്ലാം മൂസാ(അ) അവരോട് ഓര്‍മപ്പെടുത്തിയതിന് ശേഷം അല്ലാഹുവിനോട് അനുസരണയുള്ളവരാകണം എന്ന ആമുഖത്തോടെ ഒരു കാര്യം കല്‍പിക്കുകയാണ്.

കഴിഞ്ഞകാല ചരിത്രങ്ങളും അനുഭവങ്ങളുമെല്ലാം അവര്‍ക്ക് മനസ്സിലാകുംവിധം മൂസാ(അ) അവരെ ഓര്‍മപ്പെടുത്തിയത് അവര്‍ ഇനിയെങ്കിലും അനുസരണയുള്ളവരായി ജീവിക്കുമെന്ന് കരുതിയാണ്.  എന്നാല്‍ അവരുടെ മനസ്സിന് യാതൊരു മാറ്റവും സംഭവിച്ചില്ല. മൂസാ(അ) അവരോട് കല്‍പിച്ചത്  ഇപ്രകാരമായിരുന്നു:

''എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നാക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും'' (ക്വുര്‍ആന്‍ 5:21).

ചെങ്കടല്‍ കടന്ന് രക്ഷപ്പെടുമ്പോള്‍ ബനൂഇസ്‌റാഈല്യര്‍ക്ക് പാര്‍ക്കുന്നതിനായി പരിശുദ്ധമായ ഒരു മണ്ണ് അല്ലാഹു അവര്‍ക്കായി നല്‍കുമെന്ന് മൂസാനബി(അ)യോട് അല്ലാഹു വാഗ്ദാനം നല്‍കിയിരുന്നു. ബയ്തുല്‍ മക്വ്ദിസ് എന്ന പരിശുദ്ധ ഗേഹം ഉള്‍കൊള്ളുന്ന പരിശുദ്ധമായ പ്രദേശത്ത് പ്രവേശിക്കണമെന്നും അവിടെ നിന്ന് നിങ്ങള്‍ പിന്‍മാറരുതെന്നും കല്‍പിക്കുകയുണ്ടായി. ഫലസ്തീനില്‍ ഇവര്‍ പ്രവേശിക്കുന്നതിന് മുമ്പ് അവിടെ ശക്തന്മാരും മല്ലന്മാരുമായ അമാലിക്വ എന്നൊരു വിഭാഗമാണ് ഭരിച്ചിരുന്നത്. ആ നാട്ടില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതിനാലാണ് നിങ്ങള്‍ അവിടെനിന്ന് പിന്‍മാറരുതെന്ന് മൂസാ(അ) അവരോട് കല്‍പിച്ചത്. അവിടുത്തെ ദുഷ്ടന്മാരായ  ഭരണാധികാരികളെ അവിടെ നിന്നും പുറത്താക്കുകയും അവിടെ നിങ്ങള്‍ താമസമുറപ്പിക്കുകയും വേണം എന്നതായിരുന്നു കല്‍പന.

തന്റെ ജനതയെ പറ്റി നന്നായി അറിയുന്ന മഹാനാണല്ലോ മൂസാ(അ). അവരുടെ ഭീരുത്വവും അനുസരണക്കേടും അവരിലെ ഭീതിയും നന്നായി കണ്ട് മനസ്സിലാക്കിയതിനാല്‍ മൂസാ(അ) അവരോട് നിങ്ങള്‍ ഒരിക്കലും അവിടെ നിന്നും പിന്തിരിയരുതെന്നും പിന്തിരിഞ്ഞാല്‍ കടുത്ത നഷ്ടമാണ് നിങ്ങള്‍ക്ക് സംഭവിക്കുക എന്നും പറഞ്ഞു. എന്നാല്‍ ആ ജനത നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:

''അവര്‍ പറഞ്ഞു: ഓ മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം'' (ക്വുര്‍ആന്‍ 5:22).

ഈ സന്ദര്‍ഭത്തില്‍, മൂസാ(അ) ഫലസ്തീനില്‍ ചെന്ന് ആ നാടിന്റെയും അവിടെയുള്ള ജനങ്ങളുടെയും സ്ഥിതിഗതികള്‍ നിരീക്ഷണം ചെയ്ത് വരുവാന്‍ അവരില്‍ നിന്നും ഒരു സംഘത്തെ തെരഞ്ഞെടുത്ത് അയച്ചു. അല്ലാഹു പറയുന്നു:

''...അവരില്‍ നിന്ന് നാം പന്ത്രണ്ട് നേതാക്കന്മാരെ നിയോഗിക്കുകയുമുണ്ടായി...'' (ക്വുര്‍ആന്‍ 5:12).

ഈ സംഘം തിരിച്ചു വന്നു. അവിടത്തുകാരുടെ സ്ഥിതിഗതികളെ പറ്റിയുള്ള വിവരണം അവര്‍ നല്‍കി. അവരില്‍ അധിക പേരും നല്‍കിയ വിവരണം ഈ ഭീരുക്കളുടെ ഭീരുത്വത്തിന് ആക്കം കൂട്ടുന്ന രൂപത്തിലായിരുന്നു. എന്നാല്‍ അവരില്‍ രണ്ട് പേരുണ്ടായിരുന്നു; അവര്‍ ശരിയായ വിവരണം കൈമാറി. അഥവാ തങ്ങള്‍ക്ക് വിജയ സാധ്യത ചൂണ്ടിക്കാണിക്കുന്ന വിവരണമാണ് നല്‍കിയത്. അല്ലാഹു അവരെ പറ്റി പറയുന്നത് കാണുക:

''ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടംകടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്നുചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക'' (ക്വുര്‍ആന്‍ 5:23).

'യഖാഫൂന' എന്ന വാക്കിന് 'ഭയപ്പെടുന്നവര്‍' എന്നാണ് അര്‍ഥം. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ എന്നും, അതല്ല ആ നാട്ടുകാരെ ഭയപ്പെടുന്നവര്‍ എന്നും ഇതിന് അര്‍ഥം വരാവുന്നതാണ്. ഒന്നാമത്തേതാണ് നാം ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്.

നിങ്ങള്‍ അവരുടെ നാട്ടില്‍ ധൈര്യമായി പ്രവേശിക്കുക, നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും, അല്ലാഹുവില്‍ ഭരമേല്‍പിച്ച്, ഭീരുക്കളായി പിന്തിരിയാതെ, ധീരന്മാരായി മുന്നോട്ട് വരിക എന്നിങ്ങനെ ആശ പകരുന്ന രൂപത്തില്‍ ഈ രണ്ടാളുകള്‍ അവരോട് പറഞ്ഞു നോക്കിയെങ്കിലും അവര്‍ ആ വാക്കുകളെ തികച്ചും അവജ്ഞയോടെ തള്ളിക്കളയുകയാണുണ്ടായത്. അവര്‍ നല്‍കിയ പരിഹാസവും നന്ദികേടും നിറഞ്ഞ ആ മറുപടി കാണുക:

''അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടി പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്'' (ക്വുര്‍ആന്‍ 5:24).

അല്ലാഹുവിനെ വെല്ലുവിളിക്കുന്ന, മൂസാനബി(അ)യെ അനാദരിക്കുന്ന അഹങ്കാരത്തിന്റെ മറുപടിയാണിതെന്നതില്‍ സംശയമില്ല. 'നമ്മുടെ റബ്ബ്' എന്ന് പോലും പറയാന്‍ അവര്‍ക്ക് മനസ്സ് വന്നില്ല, നിന്റെ റബ്ബ് എന്നാണ് പറഞ്ഞത്! 

എന്നാല്‍ മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. അവരെ പോലെ പ്രവാചകനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തവര്‍ ഭൂമിയില്‍ വേറെ ഉണ്ടായിട്ടില്ല. 

നബിﷺയുടെ മക്കാജീവിത കാലത്ത് മദീനയില്‍ നിന്നും ഹജ്ജിനായി മക്കയില്‍ എത്തിയ വിശ്വാസികള്‍ നബിﷺയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. നബിﷺ മദീനയില്‍ എത്തിയാല്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മദീനക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അവര്‍ കരാര്‍ ചെയ്യുമ്പോള്‍ മദീനക്ക് പുറത്ത് നിന്നുള്ള അക്രമത്തെ അതില്‍ ഉള്‍പെടുത്തിയിരുന്നില്ല. മദീനക്ക് അകത്തുവെച്ച് ആര് അക്രമിക്കാന്‍ വന്നാലും അവര്‍ തടയുമെന്നതായിരുന്നു കരാര്‍.

നബിﷺയും മക്കയിലുള്ള വിശ്വാസികളും മദീനയിലേക്ക് പലായനം നടത്തി. അങ്ങനെ ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ ബദ്ര്‍ യുദ്ധം നടക്കാന്‍ പോകുന്നു. ബദ്ര്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലെ തീരുമാനം ശാമില്‍ നിന്നും വലിയ ലാഭവുമായി മടങ്ങുന്ന കച്ചവടത്തലവന്‍ അബൂസുഫ്‌യാനെയും സംഘത്തെയും തടയുക എന്നതായിരുന്നു. ആയതിനാല്‍ തന്നെ നബിയുടെയും വിശ്വാസികളുടെയും പക്കല്‍ യുദ്ധോപകരണമായി ഒന്നും ഇല്ലായിരുന്നു. പിന്നീട് അബൂസുഫ്‌യാനും സംഘവും മക്കയിലേക്ക് മറ്റൊരു മാര്‍ഗത്തിലൂടെ രക്ഷപ്പെട്ടു എന്ന വിവരം നബിﷺ അറിഞ്ഞു. അതോടൊപ്പം തന്നെ, നബിﷺയോടും അനുചരന്മാരോടും യുദ്ധം ചെയ്ത് അവരെ നശിപ്പിക്കാനായി എല്ലാവിധ യുദ്ധ സന്നാഹങ്ങളുമായി അബൂ ജഹലിന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്നും സൈന്യം മദീനയിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന വിവരവും കിട്ടി.

നബിﷺയും സ്വഹാബിമാരും യുദ്ധത്തിനായി പുറപ്പെട്ടതല്ലല്ലോ. അതിനാല്‍ അവരുടെ കൈയില്‍ ആയുധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നബിﷺ അനുചരന്മാരുമായി കൂടിയാലോചിച്ചു. കച്ചവട സംഘം മക്കയിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ മക്കയില്‍ നിന്നും അബൂജഹലിന്റെ നേതൃത്വത്തില്‍ യുദ്ധത്തിനായി പുറപ്പെട്ടിരിക്കുന്നു. 'നാം എന്ത് ചെയ്യും' എന്ന് നബിﷺ അവരോട് ചോദിച്ചു. അബൂബക്ര്‍(റ) യുദ്ധത്തിന് തയ്യാറാകാനും പിന്മാറേണ്ടതില്ലെന്നും പറഞ്ഞു. അദ്ദേഹം മുഹാജിറാണല്ലോ, മദീനക്കാരനല്ല. നബിﷺ ഒന്നും മിണ്ടിയില്ല. വീണ്ടും അവരോട് അഭിപ്രായം പറയുവാന്‍ ആഹ്വാനം ചെയ്തു. ഉമര്‍(റ) പറഞ്ഞു: 'നബിയേ, മുന്നേറുക.' അപ്പോഴും നബിﷺ മൗനം പാലിച്ചു. അപ്പോഴും നബിﷺ അവരോട് അഭിപ്രായം പറയാനായി ആഹ്വാനം നടത്തി.

അന്‍സ്വാറുകളില്‍ പെട്ട സഅദ്ബ്‌നു ഉബാദഃ(റ) (സഅദ്ബ്‌നു മുആദ്(റ) എന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്) എഴുന്നേറ്റു നിന്നു. എന്നിട്ട് ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, അങ്ങ് അന്‍സ്വാറുകളായ ഞങ്ങളെ ഉദ്ദേശിച്ചാണോ ചോദിക്കുന്നത്?'' നബിﷺ പറഞ്ഞു: ''അതെ.'' അപ്പോള്‍ സഅദ്(റ) പറയുകയാണ്: ''അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് ഞങ്ങളെ ബര്‍കുല്‍ ഗിമാദി(അത് വളരെ പ്രയാസപ്പെട്ട ഒരു പ്രദേശമാണ്)ലേക്കാണ് കൊണ്ട്‌പോകുന്നതെങ്കില്‍ ഞങ്ങള്‍ അങ്ങയുടെ കൂടെ വരുന്നതാണ്.'' 

നോക്കൂ...! മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെയൊരു അനുസരണം. എന്നാല്‍ മൂസാനബി(അ)യുടെ അനുയായികളായ ബനൂഇസ്‌റാഈല്യരുടെ സ്വഭാവമാകട്ടെ ഇതിന് തികച്ചും വിരുദ്ധവും. 

മിക്വ്ദാദ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവരെല്ലാം എഴുന്നേറ്റു. അവരെല്ലാം ഏക സ്വരത്തില്‍ പറഞ്ഞു: ''ഞങ്ങള്‍ അങ്ങയുടെ മുന്നിലും പുറകിലും വലതുഭാഗത്തും ഇടതുഭാഗത്തും നിന്ന് യുദ്ധം ചെയ്യുന്നതാണ്.'' 

മിക്വ്ദാദ്(റ) ഇത്രയും കൂടുതല്‍ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം! ബനൂ ഇസ്‌റാഈല്യര്‍ മൂസാനബി(അ)യോട് പറഞ്ഞത് പോലെ 'താങ്കളും താങ്കളുടെ രക്ഷിതാവും കൂടി പോയി യുദ്ധം ചെയ്ത് കൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്' എന്ന് ഞങ്ങള്‍ അങ്ങയോട് പറയുന്നതല്ല.'' 

മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെ ഉദാത്തമായ ആ പ്രവാചകസ്‌നേഹവും അനുസരണയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പ്രവാചകനും ഇത്ര അച്ചടക്കവും അനുസരണയും ഉള്ള അനുയായിവൃന്ദത്തെ കിട്ടിയിട്ടില്ല.

തന്റെ അനുയായികളുടെ അച്ചടക്കരാഹിത്യത്തിന്റെയും നന്ദികേടിന്റെയും അനുസരണക്കേടിന്റെയും പേരില്‍ മൂസാനബി(അ)യുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും! ആ വേദനാനിര്‍ഭരമായ ഹൃദയത്തില്‍ നിന്നും അല്ലാഹുവിലേക്ക് ഒരു പ്രാര്‍ഥന ഉയര്‍ന്നു:

''അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെയും എന്റെ സഹോദരന്റെയും കാര്യമല്ലാതെ എന്റെ അധീനത്തിലില്ല. ആകയാല്‍ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില്‍ വേര്‍പിരിക്കേണമേ''(ക്വുര്‍ആന്‍ 5:25).

ഈ പ്രാര്‍ഥനക്ക് അല്ലാഹു ഇപ്രകാരം ഉത്തരം നല്‍കി: ''അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട് നാല്‍പത് കൊല്ലത്തേക്ക് അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്; തീര്‍ച്ച! (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തംവിട്ട് അലഞ്ഞ് നടക്കുന്നതാണ്. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്'' (ക്വുര്‍ആന്‍ 5:26).

പരിശുദ്ധമായ ഫലസ്തീനിലേക്ക് പ്രവേശിക്കാനും അവിടെയുള്ള ദുഷ്ടരായ ജനതയോട് പൊരുതി വിജയിച്ച് ആ നാട്ടില്‍ താമസം ഉറപ്പിക്കാനും കല്‍പന കിട്ടിയപ്പോള്‍ ആ കല്‍പനയെ കടുത്ത പരിഹാസത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും നിഷേധിക്കുകയാണല്ലോ അവര്‍ ചെയ്തത്. അതിനാല്‍ തന്നെ അല്ലാഹു ഈ വിഭാഗത്തിന് ആ മണ്ണിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിഷേധിക്കുകയാണ് ചെയ്തത്. അവര്‍ക്ക് അവിടേക്കുള്ള പ്രവേശനത്തെ നാല്‍പത് കൊല്ലത്തേക്കാണ് നിഷിദ്ധമാക്കിയത്. അങ്ങനെ സ്വകുടുംബവുമായി ഒരിടത്ത് താമസമുറപ്പിക്കാന്‍ ഗതിയില്ലാതെ നാട്ടില്‍ അന്തംവിട്ട് അലഞ്ഞു തിരിഞ്ഞ് അവര്‍ നടക്കുന്നതാണെന്ന് അല്ലാഹു മൂസാനബി(അ)യെ അറിയിക്കുകയും ചെയ്തു.

നാല്‍പത് കൊല്ലം നിശ്ചയിച്ചതിനെ പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു: 'അപ്പോഴേക്ക് ഈ ദുഷിച്ച തലമുറ നശിച്ചുപോകുകയും പുതുതലമുറ നവചൈതന്യത്തോടെ വന്ന് അതിജയിക്കുകയും ചെയ്യുന്നതാണ്.... അതുകൊണ്ട് ഇപ്പോള്‍ അവരുടെ പാട്ടിനു വിട്ടേക്കുക. അവരെപ്പറ്റി സങ്കടപ്പെടേണ്ടതില്ല.'

അല്ലാഹുവിന്റെ നിശ്ചപ്രകാരം നാല്‍പത് കൊല്ലം അവര്‍ അലഞ്ഞുതിരിഞ്ഞ് നടന്നു. ഈ കാലയളവില്‍ അവരില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ കാലയളവിലും അവര്‍ക്ക് അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ പലതും നല്‍കിക്കൊണ്ടിരുന്നു.

''നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപ്പക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക്  തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്'' (ക്വുര്‍ആന്‍ 2:57).

അല്ലാഹുവിനോടും അവന്റെ ദൂതനോടും കടുത്ത അനുസരക്കേടും നന്ദികേടും കാണിച്ചിട്ടും അല്ലാഹു ഇസ്‌റാഈല്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. വിവിധങ്ങളായ ഭക്ഷ്യ വസ്തുക്കള്‍ അല്ലാഹു അവരില്‍ ഇറക്കി. വീടില്ലാതെ അലയുന്ന അവര്‍ക്ക് മരുഭൂമിയിലെ വെയിലിന്റെ കാഠിന്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മേഘംകൊണ്ട് തണലിട്ടുകൊടുത്തു. 

'മന്നാ' എന്നതിന് തേന്‍ അല്ലെങ്കില്‍ മധുരക്കട്ട എന്നൊക്കെയാണ് മുഫസ്സിറുകള്‍ അര്‍ഥം നല്‍കിയിരിക്കുന്നത്. അധ്വാനം കൂടാതെ ഏതെല്ലാം മാര്‍ഗത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളുണ്ടോ അതെല്ലാം അതില്‍ പെടും എന്നും അഭിപ്രായപ്പെട്ട മുഫസ്സിറുകള്‍ ഉണ്ട്.

'സല്‍വാ' എന്നാല്‍ നമ്മുടെ നാടുകളില്‍ കാണുന്ന കാടപ്പക്ഷിയോട് സമാനമായ ഒരുതരം കിളിയാണ്. അത് അവര്‍ക്കിടയിലൂടെ ധാരാളം പാറി നടക്കുന്നു. അവരുടെ ആവശ്യത്തിന് അനുസരിച്ച് അവയെ പിടിക്കാനും ഭക്ഷിക്കാനും തക്കവിധം അവര്‍ക്ക് അവയെ അധീനമാക്കിക്കൊടുത്തു. പിടിക്കപ്പെടുന്നതിന് അനുസരിച്ച് അവയുടെ എണ്ണത്തില്‍ കുറവ് വരുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്ക് അധ്വാനിക്കാതെ വിശപ്പടക്കുവാനായി അല്ലാഹു ഇഷ്ടംപോലെ ഭക്ഷ്യവസ്തുക്കള്‍ ഇറക്കിക്കൊടുത്തു. എന്നിട്ടും അവര്‍ അല്ലാഹുവിനോട് നന്ദിയുള്ളവരും അനുസരണയുള്ളവരും ആയില്ല! അവരുടെ നന്ദികേട് വര്‍ധിക്കുകയാണ് ചെയ്തത്. ആര് നന്ദിയും അനുസരണയും ഉള്ളവരാകുന്നുവോ അതിന്റെ ഗുണം അവര്‍ക്കാണ് ഉള്ളത്. നന്ദികേടും അനുസരണക്കേടും കാണിച്ചാല്‍ അതിന്റെ തിക്തഫലവും അവര്‍ക്കു തന്നെ. 

അവര്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമില്ലായിരുന്നു. അതിനാല്‍ അവര്‍ മൂസാനബി(അ)യോട് പരാതി ബോധിപ്പിച്ചു:

''അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട് അദ്ദേഹത്തിന്റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് നിന്റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി....'' (ക്വുര്‍ആന്‍ 7:160).

''മൂസാ തന്റെ ജനതക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക). അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു)'' (ക്വുര്‍ആന്‍ 2:60).

ഏതൊരു സമൂഹവും പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ തങ്ങളുടെ നേതാക്കളോട്  പ്രയാസം ബോധിപ്പിക്കുമല്ലോ. ഇവരും അവരുടെ നേതാവായ മൂസാ(അ)നോട് അവരുടെ പ്രയാസം ബോധിപ്പിച്ചു. വെള്ളം നല്‍കുക എന്നത് മൂസാനബി(അ)യുടെ കഴിവില്‍ പെട്ടതല്ലല്ലോ. പിന്നെ  എന്തിനാണ് മൂസാനബി(അ)യോട് വെള്ളമില്ലാത്തതിന്റെ കഷ്ടത പറഞ്ഞത്? അതിന്റെ ഉദ്ദേശം അദ്ദേഹം ആ പരാതിക്ക് കണ്ടെത്തിയ പരിഹാരമാര്‍ഗം നമുക്ക് അറിയിച്ച് തരുന്നുണ്ട്. മൂസാ(അ) അല്ലാഹുവിനോട് തന്റെ ജനതക്ക് വേണ്ടി വെള്ളത്തിന് തേടി എന്നാണ് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നത്. അല്ലാഹുവിനോട് വെള്ളത്തിന് അപേക്ഷിക്കാന്‍ തന്നെയാണ് മൂസാനബി(അ)യോട് അനുയായികള്‍ ആവശ്യപ്പെട്ടത്. മുന്‍കാലത്തും പരീക്ഷണങ്ങള്‍ വന്നപ്പോള്‍ അവര്‍ മൂസാനബി(അ)യോട് അല്ലാഹുവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കൂ എന്ന് ആവശ്യപ്പെട്ടത് നാം മനസ്സിലാക്കിയതാണല്ലോ.

മൂസാ(അ) തന്റെ ജനതയുടെ പ്രയാസത്തിന് പരിഹാരം തേടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും ചെയ്തു. തന്റെ കൈയിലുള്ള വടികൊണ്ട് പാറക്കല്ലില്‍ അടിക്കുവാന്‍ ആവശ്യപ്പെട്ടു. അടിച്ചപ്പോള്‍ ആ പാറയില്‍ നിന്നും പന്ത്രണ്ട് നീരുറവകള്‍ പൊട്ടിയൊഴുകി.

മഹാന്മാരായ അമ്പിയാമുര്‍സലുകള്‍ക്കും ഔലിയാക്കള്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയാനും മഴ പെയ്യിക്കാനുമൊക്കെ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ മുസ്‌ലിം സമൂഹത്തില്‍ ഉണ്ടല്ലോ. മൂസാനബി(അ)യുടെ കൈയിലുള്ള വടിയുടെ പ്രത്യേകത പല സന്ദര്‍ഭത്തിലും അദ്ദേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതൊക്കെ അല്ലാഹു അറിയിച്ചുകൊടുത്തപ്പോള്‍ മാത്രമായിരുന്നു. മൂസാനബി(അ)ക്ക് മറഞ്ഞ കാര്യം അറിയാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍ തന്റെ അനുയായികള്‍ വെള്ളത്തിന് സഹായമര്‍ഥിച്ച വേളയില്‍തന്നെ തന്റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കുമായിരുന്നില്ലേ? 

പാറയില്‍ അടിച്ചപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവ പൊട്ടി. മൂസാനബി(അ)യുടെ കൂടെയുള്ള ആളുകള്‍ പന്ത്രണ്ട് ഗോത്രക്കാരായിരുന്നു. ഒരു നീരുറവയാകുമ്പോള്‍ ഈ പന്ത്രണ്ട് ഗോത്രക്കാരും തമ്മില്‍ തിക്കും തിരക്കുമാകുമല്ലോ. ആദ്യമേ അനുസരണക്കേടിന്റെ പര്യായങ്ങളായ ജനത! ഓരോ ഗോത്രത്തിനും ഓരോ ഉറവ നിശ്ചയിച്ചതിലൂടെ പ്രശ്‌നത്തിന് പഴുതില്ലാതായി. 

ഈ അനുഗ്രഹം അവര്‍ക്ക് നല്‍കിയതിന് ശേഷം അവരോട് അതില്‍ നിന്ന് കുടിക്കാനും അല്ലാഹുവിനോട് അനുസരണയും നന്ദിയും ഉള്ളവരാകണമെന്നും അനുസരണക്കേട് കാണിച്ച് ഇനിയും കുഴപ്പമുണ്ടാക്കരുതെന്നും അല്ലാഹു അവരോട് പറഞ്ഞു.

പന്ത്രണ്ട് നീരുറവകളില്‍ പലതും ഇന്ന് അവിടെ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഇന്നും നിലനില്‍ക്കുന്നവയും അതില്‍ ഉണ്ട്. ആ ഭാഗത്ത് 'ഉയൂനു മൂസാ' അഥവാ 'മൂസായുടെ നീരുറവകള്‍' എന്ന് അടയാളപ്പെടുത്തിയതായി കാണാം. ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞ് പോയിട്ടും ഇന്നും അതിലെ വെള്ളം കൃഷിക്കും മറ്റും ഉപയോഗിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.