യുദ്ധം ജയിക്കുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

(ദാവൂദ് നബി(അ): 02)

യുദ്ധത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും വിശ്വാസദൗര്‍ബല്യം അവരില്‍ ഒരു ചെറു സംഘത്തെയല്ലാതെ ത്വാലൂത്തിന്റെ കൂടെ നിര്‍ത്തിയില്ല. അവരുടെ എണ്ണത്തെ കുറിച്ച് സ്വഹാബികള്‍ പറയുന്നത് നോക്കൂ.

അബൂഇസ്ഹാക്വ്(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''നബിﷺയുടെ സ്വഹാബിമാര്‍ ബദ്‌റില്‍ പങ്കെടുത്തവരെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബറാഅ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നിശ്ചയമായും അവര്‍ ത്വാലൂത്തിന്റെ ആള്‍ക്കാരുടെ എണ്ണത്തിന്റെ അത്രയായിരുന്നു; (അഥവാ) അദ്ദേഹത്തിന്റെ കൂടെ ആ നദി വിട്ടുകടന്നവര്‍. (അവര്‍) മൂന്നൂറ്റിപ്പത്തില്‍ പരം പേരാണ് ഉണ്ടായിരുന്നത്'' (ബുഖാരി). 

എണ്‍പതിനായിരം പേരുണ്ടായിരുന്ന അവര്‍ മൂന്ന് പരീക്ഷണം കഴിഞ്ഞപ്പോഴേക്കുംമുന്നൂറ്റിപ്പത്തില്‍ പരം പേര്‍ മാത്രമുള്ള ഒരു കൊച്ചു സംഘമായി മാറി. അപ്പോഴാണ് ആ കൂട്ടത്തിലെ വിശ്വാസികള്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചും അവനില്‍ ഭരമേല്‍പിച്ചും ജാലൂത്തിനെ നേരിടാന്‍ തീരുമാനിച്ചത്.

ഇസ്‌ലാമിക സമൂഹത്തില്‍ അല്ലാഹു പല പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കും. കാലം കുറെ കഴിയുമ്പോള്‍ വിശ്വാസ വ്യതിയാനം സംഭവിച്ച് ഒന്നിച്ച് പോകുമ്പോള്‍ ആ കൂട്ടത്തില്‍ എല്ലാ ചപ്പും ചവറും ഉണ്ടാകുമല്ലോ. അതെല്ലാം ഈ മഹത്തായ സംഘത്തില്‍ നിന്ന് ഇല്ലാതെയാകാന്‍ അല്ലാഹു വ്യത്യസ്ത രീതിയില്‍ പരീക്ഷണം നടത്തും. അങ്ങനെ നല്ലതും ചീത്തയും വേര്‍തിരിക്കപ്പെടും. അല്ലാഹു നല്ലതും ചീത്തയും വേര്‍തിരിക്കുന്നതിനെ പറ്റി പറഞ്ഞത് നോക്കൂ.

''നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല...'' (ക്വുര്‍ആന്‍ 3:179).

ക്ഷമയോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുന്നവരെ അല്ലാഹു സഹായിക്കും. അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ കാരണമാകുന്ന ഈമാന്‍ നമുക്കുണ്ടോ എന്നതാണ് നാം വിലയിരുത്തേണ്ടത്.

എണ്ണത്തില്‍ കുറവുള്ള ത്വാലൂത്തിന്റെ സംഘം അല്ലാഹുവിന്റെ സഹായത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. വാളും തോക്കും ബോംബുമല്ല യഥാര്‍ഥ ആയുധം; അല്ലാഹുവിലുള്ള ശരിയായ വിശ്വാസവും ആ വിശ്വാസത്തില്‍ നിന്നും ഉയരുന്ന പ്രാര്‍ഥനയുമാണ്. അതിനോളം വലിയ ആയുധം മറ്റൊന്നില്ല. ജാലൂത്തിനെ എതിരിടാനായി തയ്യാറായ ആ കൊച്ചു സംഘം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി.

''അങ്ങനെ അവര്‍ ജാലൂത്തിനും സൈന്യങ്ങള്‍ക്കുമെതിരെ പോരിനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 2:250).

ജാലൂത്തിന്റെ സംഘം സര്‍വായുധ സജ്ജരാണല്ലോ. അവരോട് ഏറ്റുമുട്ടാന്‍ അല്ലാഹുവിന്റെ സഹായം കൂടിയേ തീരൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാന്‍ കടുത്ത ക്ഷമയും ആവശ്യമാണ്. അതിനായി അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ഥനയിലെ ആവശ്യങ്ങള്‍ ഓരോന്നും നാം നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ആദ്യം തന്നെ അവര്‍ ചോദിച്ചത് 'ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞു തരേണമേ' എന്നാണ് 'നീ ഞങ്ങളെ ക്ഷമാലുക്കളില്‍ ചേര്‍ക്കണേ' എന്നല്ല. പിന്നെ ആവശ്യപ്പെട്ടത് 'ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചുനിര്‍ത്തണേ' എന്നാണ്. യുദ്ധക്കളത്തില്‍  പതര്‍ച്ചയില്ലാതെ നിലകൊള്ളാനുള്ള തേട്ടം. 'സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കേണമേ' എന്നതാണ് പ്രാര്‍ഥനയുടെ അവസാനത്തിലുള്ളത്. അല്ലാഹുവിന്റെ സഹായത്തില്‍ ആത്മാര്‍ഥമായി പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയാണിത്. 

ജാലൂത്തിനെതിരിലുള്ള വിശ്വാസികളുടെ പ്രാര്‍ഥന അല്ലാഹു കേട്ടു. പിന്നീട് എന്താണ് സംഭവിച്ചത്?

''അങ്ങനെ അല്ലാഹുവിന്റെ അനുമതിപ്രകാരം അവരെ (ശത്രുക്കളെ) അവര്‍ പരാജയപ്പെടുത്തി. ദാവൂദ് ജാലൂത്തിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു ആധിപത്യവും ജ്ഞാനവും നല്‍കുകയും താന്‍ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു. മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ'' (ക്വുര്‍ആന്‍ 2:251).

അങ്ങനെ വിശ്വാസികള്‍ക്കെതിരില്‍ സര്‍വായുധ സജ്ജരായി പുറപ്പെട്ട ജാലൂത്തിനെയും പട്ടാളത്തെയും അല്ലാഹുവിന്റെ അനുവാദപ്രകാരം ത്വാലൂത്തും സംഘവും പരാജയപ്പെടുത്തി.

ദാവൂദ് നബി(അ)യുടെ ചരിത്രത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്. ഇവിടെ മുതലാണ് അദ്ദേഹത്തിന്റെ പേര് അല്ലാഹു വെളിപ്പെടുത്തുന്നത്.

ത്വാലൂത്തിന്റെ സൈന്യത്തില്‍ ചെറുപ്പക്കാരനായ ദാവൂദ്(അ) ഉണ്ടായിരുന്നു. അന്ന് അദ്ദേഹം നബിയായിരുന്നില്ല. അദ്ദേഹത്തിന്റെ അന്നത്തെ പ്രായം പതിനേഴ് വയസ്സായിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹമാണ് ജാലൂത്തെന്ന ശത്രു സേനയുടെ നേതാവിനെ നിലം പരിശാക്കിയത്. 

യുദ്ധഭൂമിയില്‍ ജാലൂത്ത് ഇറങ്ങി വന്ന് ആരുണ്ട് എന്നോട് എതിരിടാന്‍ എന്ന് മുസ്‌ലിം പക്ഷത്തെ വെല്ലുവിളിച്ചു. ആ വെല്ലുവിളിയെ ദാവൂദ്(അ) എന്ന ചെറുപ്പക്കാരന്‍ തെല്ലും പേടിയില്ലാതെ സ്വീകരിച്ചു.

ആ യുദ്ധത്തില്‍ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സഹോദരന്മാരും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചെറുത് ദാവൂദ് ആയിരുന്നു. ഇളയ സഹോദരനാണ് ജാലൂത്തിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത്. ജാലൂത്ത് ദാവൂദ്(അ) വെല്ലുവിളി സ്വീകരിച്ചതിനെ നീരസത്തോടെയാണ് കണ്ടത്. 

അവന്‍ പറഞ്ഞു: 'നീ ചെറിയ കുട്ടിയല്ലേ?' 

ദാവൂദ്: 'ഞാന്‍ തന്നെയാണ് വരുന്നത്.' 

ജാലൂത്ത് പറഞ്ഞു: 'എങ്കില്‍ ഇങ്ങോട്ട് വരിക.' 

അങ്ങനെ ദാവൂദ്(അ) ജാലൂത്തിനെതിരില്‍ പുറപ്പെട്ടു. 

ജാലൂത്ത് ചോദിച്ചു: 'നീ ചെറിയ കുട്ടിയല്ലേ? നിനക്ക് എങ്ങനെ എന്നോട് യുദ്ധം ചെയ്യാനാകും?' 

അപ്പോള്‍ ദാവൂദ്(അ) പറഞ്ഞു: 'ഞാന്‍ നിന്നെ കൊല്ലും!' 

ഈ വാക്ക് ജാലൂത്തിനെ ദേഷ്യംപിടിപ്പിച്ചു. അവന്‍ ദാവൂദിനെ വെട്ടാന്‍ ഉദ്ദേശിച്ചു. ദാവൂദ്(അ) അതിനെ തടഞ്ഞു. എന്നിട്ട് തന്റെ കയ്യിലുണ്ടായിരുന്ന കല്ല് ചുഴറ്റി അവനെ എറിഞ്ഞു. അത് അവന് നന്നായി ഏറ്റു. അങ്ങനെ അവന്‍ വീഴുകയും മരണപ്പെടുകയും ചെയ്തു. ഇത് കണ്ട് ജാലൂത്തിന്റെ പട്ടാളം വിരണ്ടോടി. മുസ്‌ലിംകള്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു. അങ്ങനെ ജാലൂത്തിന്റെ സൈന്യം ആ യുദ്ധത്തില്‍ പരാജയപ്പെട്ടു. 

ഈ യുദ്ധത്തിന് ശേഷം അല്ലാഹു ദാവൂദി(അ)ന് നല്‍കിയ സ്ഥാനവും മഹത്ത്വ വും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു അദ്ദേഹത്തിന് ആധിപത്യവും ഹിക്മതും (ജ്ഞാനം) നല്‍കി എന്ന് ക്വുര്‍ആന്‍ 2:251ല്‍ പറയുന്നു. 'ഹിക്മത്' എന്നതിന്റെ വിവക്ഷ പ്രവാചകത്വമാണ് എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ (മുഫസ്സിറുകള്‍) പറയുന്നത്. അഥവാ അദ്ദേഹത്തെ അല്ലാഹു രാജാവും പ്രവാചകനുമാക്കി. അതോടൊപ്പം അല്ലാഹു ഉദ്ദേശിച്ചവയെല്ലാം അദ്ദേഹത്തെ അവന്‍ പഠിപ്പിക്കുകയും ചെയ്തു. പക്ഷികളുടെ ഭാഷ അറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അങ്ങനെ പല കഴിവുകളും ജ്ഞാനങ്ങളും അല്ലാഹു അദ്ദേഹത്തിന് നല്‍കി. ഇന്‍ശാ അല്ലാഹ്, അവയെ പറ്റി സന്ദര്‍ഭോചിതം വിവരിക്കുന്നതാണ്. 

ത്വാലൂത്ത്-ജാലൂത്ത് യുദ്ധത്തെ കുറിച്ച് വിവരിച്ചതിന് ശേഷം അല്ലാഹു ഒരു പൊതു തത്ത്വം നമ്മെ അറിയിച്ചു: 'മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു.'

ഭൂമിയിലാകമാനം കുഴപ്പങ്ങളും അക്രമങ്ങളും അനീതിയും നടമാടുന്നതിനെ തടയിടാന്‍ അല്ലാഹു സ്വീകരിക്കുന്ന മാര്‍ഗമാണിത്. 

ത്വാലൂത്തെന്ന മഹാനായ വ്യക്തിത്വത്തിന്റെ നേതൃത്വത്തിലാണ് ജാലൂത്തിനെതിരിലുള്ള യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടതെങ്കിലും, ആ നേതൃത്വത്തിന്‍ കീഴില്‍ അച്ചടക്കത്തോടെയും അനുസരണയോടെയും ഉണ്ടായിരുന്ന കേവലം ഒരു യുവാവ് മാത്രമായിരുന്നു ദാവൂദ് എന്ന വ്യക്തി. ശത്രുപക്ഷത്തിന്റെ നേതാവായ ജാലൂത്തിനെ വധിച്ചതിന് ശേഷം ആ നാടിന്റെ നായകത്വം അദ്ദേഹത്തിലേക്കാണ് വന്നത്. അതോടൊപ്പം പ്രവാചകത്വം എന്ന മഹത്തായ പദവിയും അല്ലാഹു അദ്ദേഹത്തിന് നല്‍കി.

പ്രവാചകത്വവും അധികാരവും ലഭിച്ചപ്പോഴും വ്യക്തിപരമായി അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്ന പരിശുദ്ധിയും വീട്ടുവീഴ്ചയും അദ്ദേഹം നിലനിര്‍ത്തിപ്പോന്നു. അധികാരം ലഭിച്ചപ്പോള്‍ അത് ഉപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്ത് അദ്ദേഹം ജീവിച്ചില്ല. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ അറിവും ആരോഗ്യവും ഉപയോഗപ്പെടുത്തി നിത്യവൃത്തിക്കായി അധ്വാനിച്ചു എന്നാണ് മുഹമ്മദ് നബിﷺ ദാവൂദ്(അ)നെ പറ്റി നമുക്ക് പഠിപ്പിച്ച് തരുന്നത്.

മിക്വ്ദാം(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ﷺ പറഞ്ഞു: ''തന്റെ കൈകൊണ്ട് പ്രവര്‍ത്തിച്ചതില്‍ നിന്ന് ഭക്ഷിക്കുന്നതിനെക്കാള്‍ നല്ലതായ ഒരു ആഹാരവും ഒരാളും തീരെ കഴിച്ചിട്ടില്ല. തീര്‍ച്ചയായും അല്ലാഹുവിന്റെ പ്രവാചകന്‍ ദാവൂദ്(അ) തന്റെ കൈകൊണ്ട് ജോലി ചെയ്ത് ഭക്ഷിക്കുന്നയാളായിരുന്നു'' (ബുഖാരി). 

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ﷺ പറഞ്ഞു: ''തീര്‍ച്ചയായും ദാവൂദ് നബി(അ) തന്റെ കൈകൊണ്ട് ജോലി ചെയ്യുന്നതില്‍നിന്നല്ലാതെ ഭക്ഷിക്കാത്ത ആളായിരുന്നു'' (ബുഖാരി).

ജനങ്ങള്‍ക്ക് ഏറെ പ്രയാജനം സിദ്ധിക്കുമാറ്, പില്‍ക്കാലത്തുകാര്‍ക്കും ഏറെ പ്രയോജനം ലഭിച്ച ഒരു അറിവുകൊണ്ടാണ് ദാവൂദ്(അ) അനുഗ്രഹിക്കപ്പെട്ടത്. ദാവൂദ്(അ)ന് അല്ലാഹു നല്‍കിയ ആ അനുഗ്രഹം എന്തായിരുന്നു എന്ന് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''നിങ്ങളുടെ (ഇടയിലുണ്ടാകുന്ന) പടയില്‍ നിങ്ങളെ കാത്തുരക്ഷിക്കുവാനായി നിങ്ങള്‍ക്ക് വേണ്ടി പടച്ചട്ട നിര്‍മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ കൃതജ്ഞത കാണിക്കുന്നവരാണോ?'' (ക്വുര്‍ആന്‍ 21:80).

യുദ്ധങ്ങളില്‍ ശത്രുവിനെ പ്രതിരോധിക്കാന്‍ പടയങ്കിയും പടച്ചട്ടയുമെല്ലാം ആവശ്യമാണല്ലോ. ആധുനിക കാലത്ത് യുദ്ധത്തിനായി തീ തുപ്പുന്ന ബോംബുകള്‍, ഒരു രാജ്യത്തെ മുഴുവനായും നശിപ്പിക്കുവാനും വരുംതലമുറകളെ പോലും ദോഷകരമായി ബാധിക്കുന്ന രൂപത്തിലുള്ള ആണവായുധങ്ങള്‍, വിദൂര രാജ്യങ്ങളെ ബോംബിട്ടു നശിപ്പിക്കുവാനുള്ള മിസൈലുകള്‍ തുടങ്ങിയവയാണല്ലോ ഉപയോഗിക്കുന്നത്. ഇതെല്ലാം അടുത്തകാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ടവയാണ്. മുമ്പ് അമ്പുകളും വാളുകളുമൊക്കെയാണ് ഉണ്ടായിരുന്നത്. അവയില്‍ നിന്ന് രക്ഷനേടാനുള്ള ഏകവഴിയായിരുന്നു ഇരുമ്പു കവചങ്ങള്‍ ധരിക്കല്‍. അവ ധരിക്കലും അവ ധരിച്ച് പോരാടലും വലിയ പ്രയാസകരമായ കാര്യമായിരുന്നു. എന്നാല്‍ ധരിക്കുവാനോ ഉപയോഗപ്പെടുത്തുവാനോ പ്രയാസമില്ലാത്ത രൂപത്തില്‍ പടച്ചട്ട നിര്‍മിക്കുവാന്‍ അല്ലാഹു ദാവൂദ് നബി(അ)യെ പഠിപ്പിച്ചു. അത് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ഒരു മുഅ്ജിസത് (ദൈവികദൃഷ്ടാന്തം) ആയിരുന്നു.

അല്ലാഹു പറയുന്നു: ''...അദ്ദേഹത്തിന് നാം ഇരുമ്പിനെ മയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. (നാം കല്‍പിച്ചു) പൂര്‍ണ വലുപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും അതിന്റെ കണ്ണികള്‍ ശരിയായ അളവിലാക്കുകയും... ചെയ്യുക എന്ന്...'' (ക്വുര്‍ആന്‍ 34:10,11).

സാധാരണ ഗതിയില്‍ ഇരുമ്പിനെ നാം വിചാരിക്കുന്ന രൂപത്തിലേക്ക് മാറ്റണമെങ്കില്‍ ശക്തമായ തീയിലിട്ട് പഴുപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ദാവൂദ്(അ) സാധാരണ നാം മാവ് കുഴക്കുന്നത് പോലെ ഇരുമ്പ് കുഴച്ച് അദ്ദേഹം വിചാരിക്കുന്ന രൂപത്തിലേക്ക് മാറ്റിയിരുന്നു. അത്ഭുതമല്ലേ ഇത്?! ഇത് ദാവൂദ്(അ)ലൂടെ അല്ലാഹു പ്രകടമാക്കിയ ഒരു ദൃഷ്ടാന്തമായിരുന്നു. 

ക്വതാദഃ(റ) പറയുന്നത് കാണുക: ''ആദ്യമായി പടച്ചട്ട നിര്‍മിച്ചത് ദാവൂദ്(അ) ആയിരുന്നു. നിശ്ചയമായും (അത് ആദ്യകാലത്ത് ഒന്നാകെയുള്ള ചില) പലകകള്‍ ആയിരുന്നു. എന്നാല്‍ അതിന് ആദ്യമായി (കൃത്യമായ) കണ്ണികള്‍ നല്‍കിയതും അതിന് തോത് നിശ്ചയിച്ചതും അദ്ദേഹമായിരുന്നു'' (ക്വുര്‍ത്വുബി).