കൊട്ടാരത്തിലെ അഗ്‌നിപരീക്ഷണം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

(യൂസുഫ് നബി(അ): 3)

കൊട്ടാര ജീവിതത്തിനിടയില്‍ യൂസുഫ്(അ) വലിയ ഒരു പരീക്ഷണത്തിന് വിധേയനായി. അതിലേക്കാണ് ഇനി ക്വുര്‍ആന്‍ വെളിച്ചം വീശുന്നത്: 

''അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല'' (ക്വുര്‍ആന്‍ 12:23).

ധാരാളം തോഴിമാരും പരിചാരകരുമുള്ള, സുന്ദരിയായ, കൊട്ടാരത്തിലെ മുഴുവന്‍ സൗകര്യവും യഥേഷ്ടം ഉപയോഗിക്കുവാന്‍ അധികാരമുള്ള രാജ്ഞി; അവളില്‍ യൂസുഫ്(അ)നെ പ്രാപിക്കുവാനുള്ള ആഗ്രഹം മുളപൊട്ടി. അതിനായി യൂസുഫ്(അ)നെ വശീകരിക്കുവാനുള്ള ശ്രമം തുടങ്ങി.

യൂസുഫ്(അ) തന്നില്‍ ആകൃഷ്ടനാകുവാന്‍ വേണ്ടി ഭംഗിയാര്‍ന്ന വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി, രാജ്ഞി തന്റെ റൂമിലേക്ക് യൂസുഫി(അ)നെ വിളിച്ചു വരുത്തി. കതകടച്ചു. അവിഹിത ബന്ധത്തിന് ക്ഷണിക്കുന്നത് രാജ്ഞിയാണ്, അനുസരിച്ചില്ലെങ്കില്‍ പ്രശ്‌നമാകും എന്നൊക്കെ കരുതി യൂസുഫ് നബി(അ) അവള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നിന്നില്ല. അല്ലാഹുവിനെ ഭയന്ന്  ജീവിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം. ഒരു നിമിഷത്തേക്കെങ്കിലും മനസ്സ് പതറിയില്ല. അല്ലാഹുവിനോട് കാവല്‍ തേടുകയാണ് അദ്ദേഹം ചെയ്തത്. അവളുടെ വശീകരണത്തില്‍ വീഴാതെ അല്ലാഹു അദ്ദേഹത്തെ കാത്തു.

അല്ലാഹുവിനോട് അഭയം തേടിയതിന് ശേഷം യൂസുഫ്(അ) 'നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്' പറഞ്ഞുവല്ലോ. അല്ലാഹുവാണ് എന്റെ റബ്ബ് എന്നും അവനാണ് എനിക്ക് ഈ കൊട്ടാരത്തില്‍ ജീവിക്കുവാനുള്ള മാര്‍ഗം ഒരുക്കിത്തന്നതെന്നും, ആ റബ്ബ് വിലക്കിയിട്ടുള്ള വ്യഭിചാരം ഞാന്‍ ചെയ്താല്‍, ഞാന്‍ നന്ദികേട് കാണിക്കുന്ന അക്രമിയായിത്തീരുമെന്നും, അക്രമി ഒരിക്കലും വിജയിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. 

'നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്' എന്ന് പറഞ്ഞത് രാജാവിനെ ഉദ്ദേശിച്ചാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അതിന്റെ ആശയം ഇപ്രകാരമാകും: ഈ കൊട്ടാരത്തില്‍ എനിക്ക് ജീവിക്കുവാന്‍ ആവശ്യമായ സൗകര്യം തന്ന രാജാവിന്റെ രാജ്ഞിയാണല്ലോ നീ. നിന്റെ ഇംഗിതത്തിന് ഞാന്‍ വഴങ്ങിയാല്‍ അത് എന്റെ യജമാനനോട് ഞാന്‍ ചെയ്യുന്ന കടുത്ത അക്രമമായിരിക്കും.

ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരി എന്നാണ് സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം അല്ലാഹുവിനോട് അഭയം തേടിയതിന് ശേഷമാണല്ലോ 'നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്' എന്ന് പറഞ്ഞിരിക്കുന്നത്. 

അന്ത്യനാളില്‍ കത്തിജ്ജ്വലിക്കുന്ന സൂര്യന് താഴെ ജനങ്ങള്‍ വിയര്‍പ്പില്‍ മുങ്ങിനില്‍ക്കുന്ന വേളയില്‍ അല്ലാഹു ചിലര്‍ക്ക് അവന്റെ സിംഹാസനത്തിന്റെ തണലിട്ട് കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തറവാടും സൗന്ദര്യവും ഉള്ള ഒരു പെണ്ണ് (ലൈംഗിക വേഴ്ചക്കായി) ഒരാളെ ക്ഷണിക്കുന്നു. അപ്പോള്‍ അവന്‍ 'ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു' എന്ന് പറഞ്ഞ് അതിന് വിസമ്മതിക്കുന്നു. ഈ ഉന്നത സ്വഭാവക്കാരാണ് ആ തണല്‍ ലഭിക്കുന്നവരില്‍ ഒരു വിഭാഗം. കാരണം അത് ദേഹേച്ഛയോടുള്ള വലിയ ജിഹാദാണ്. ഒരു സ്ത്രീയുടെ പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നല്ല മനക്കരുത്തും അടിയുറച്ച ദൈവചിന്തയും ആവശ്യമാണ്. അല്ലാഹു തുടര്‍ന്ന് പറയുന്നു:

''അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്മാരില്‍ പെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 12:24).

യൂസുഫ്(അ)യില്‍ ആ സ്ത്രീക്ക് ആഗ്രഹം ജനിച്ചു; ദുഷിച്ച ചിന്തകള്‍ വളര്‍ന്നു. യൂസുഫ്(അ) അങ്ങേയറ്റം ഭയഭക്തിയോടെ ജീവിക്കുന്ന മഹാനായിരുന്നതിനാല്‍ അവളുടെ വശീകരണത്തില്‍ വീണില്ല. അല്ലാഹു കാണിച്ചുകൊടുത്ത പ്രമാണമനുസരിച്ച് അവളുടെ ക്ഷണത്തില്‍നിന്ന് അദ്ദേഹം വഴുതിമാറി. അല്ലാഹു അദ്ദേഹത്തിന് കാണിച്ചു കൊടുത്ത പ്രമാണം എന്തായിരുന്നുവെന്ന് ക്വുര്‍ആനിലോ ഹദീഥിലോ വ്യക്താമക്കപ്പെട്ടിട്ടില്ല.

രാജ്ഞി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതിന് ശേഷമാണ് യൂസുഫ്(അ)നെ ക്ഷണിക്കുന്നത്. അപകടം മനസ്സിലാക്കിയ യൂസുഫ്(അ) അവളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവിടം വിടാന്‍ ഒരുങ്ങി.

യൂസുഫ്(അ)ന് പല കാരണങ്ങളാലും അവളോടൊത്ത് ശയിക്കാമായിരുന്നു. താഴെ പറയുന്ന കാരണങ്ങളെല്ലാം അദ്ദേഹത്തിന് ഉണ്ടായിരുന്നിട്ടും അല്ലാഹുവിലുള്ള പേടി മാത്രമാണ് ആ തിന്മയില്‍ നിന്നും അദ്ദേഹത്തെ അകറ്റിയത്. ആ കാരണങ്ങള്‍ താഴെ കൊടുക്കുന്നു:

1) ഒരു പുരുഷന്‍ എന്ന നിലയ്ക്ക് സ്ത്രീയിലേക്കുണ്ടാകുന്ന ചായ്‌വ്. 

2) ആരോഗ്യവും സൗന്ദര്യവും ഒത്തിണങ്ങിയ ചെറുപ്പക്കാരന്‍.

3) അവിവാഹിതന്‍.

4) വിദേശി. ആരെയും ഭയപ്പെടേണ്ടതില്ല. (നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും എല്ലാം മറു നാട്ടില്‍. താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അവര്‍ക്കറിയില്ല).

5) സ്ത്രീയാവട്ടെ, സുന്ദരിയും പദവിയുമുള്ളവര്‍.

6) അവളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കിയത്.

7) അവരുടെ അധികാരത്തിലുള്ള സ്ഥലത്തേക്കാണ് ക്ഷണം.

8) ആരെയും പേടിക്കാനില്ല. എല്ലാം ഭദ്രം. കതകുകള്‍ അടക്കപ്പെട്ടിരിക്കുന്നു. പാറാവുകാരും ഇല്ല.

9) അവള്‍ വിസമ്മതിക്കില്ല; തടസ്സം നില്‍ക്കുകയുമില്ല.

10) വീട്ടിലെ അടിമയുമാണ്; യജമാനന്‍ പറയുന്നത് അനുസരിക്കേണ്ടവന്‍.

11) ആ നാട്ടിലെ എല്ലാ തരുണികളും അവര്‍ക്ക് പിന്തുണയുമാണ്.

12) അവളുടെ ഭീഷണിയും ഉണ്ട്. തയ്യാറല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരും, നിന്ദ്യനാകും എന്നെല്ലാം.

13) ഭര്‍ത്താവ് ലോല നയമുള്ളവന്‍. വിഷയങ്ങളെ ഗൗരവത്തില്‍ കാണാത്തവന്‍.

 

യൂസുഫ്(അ) അല്ലാഹുവിന്റെ നിഷ്‌കളങ്കനായ ദാസനായിരുന്നു. നിഷ്‌കളങ്കന്മാരെ അല്ലാഹു കൈവിടില്ല. യൂസുഫ്(അ)യെ അല്ലാഹു അവളില്‍ നിന്ന് രക്ഷപ്പെടുത്തി. അവളുടെ അടുക്കല്‍ നിന്നും ഓടി രക്ഷപ്പെടാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അവളും അദ്ദേഹത്തിന്റെ പുറകെ ഓടി. ആ സന്ദര്‍ഭം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

''അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്റെ കുപ്പായം (പിടിച്ചു. അത്) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം'' (ക്വുര്‍ആന്‍ 12:25).

യൂസുഫ്(അ) അവളില്‍ നിന്നും ഓടിരക്ഷപ്പെടുന്നു; പുറകെ അവളും ഓടുന്നു! യൂസുഫ്(അ)ന്റെ അടുത്ത് എത്തിയ അവള്‍, പുറകില്‍നിന്നും അദ്ദേഹത്തിന്റെ കുപ്പായത്തില്‍ പിടിച്ചു; അത് കീറി. യൂസുഫ്(അ) കുതറിയോടി. വാതില്‍ക്കല്‍ എത്തിയപ്പോള്‍ യജമാനനെ കണ്ടു. ഭര്‍ത്താവിനെ കണ്ടപ്പോള്‍ ആ സ്ത്രീ സ്വന്തം തെറ്റുകള്‍ നിരപരാധിയായ യൂസുഫി(അ)ന്റെ ചുമലില്‍ വെച്ചുകെട്ടുന്നു. മാത്രമല്ല അദ്ദേഹത്തിന് നല്‍കേണ്ട ശിക്ഷ എന്തായിരിക്കണമെന്നും അവള്‍ പ്രഖ്യാപിക്കുന്നു.

നിരപരാധിയായ യൂസുഫ്(അ) തന്റെ നിരപരാധിത്വം യജമാനന്റെ മുന്നില്‍ കാര്യകാരണ സഹിതം തെളിയിക്കാന്‍ ശ്രമിച്ചു. എന്നാള്‍ യൂസുഫാണ് തെറ്റുകാരന്‍ എന്നതില്‍ ഉറച്ചുനിന്നു. ഈ തര്‍ക്കത്തിനിടയില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവളുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ കടന്നുവന്നു. അയാള്‍ അതില്‍ ഇടപെട്ട് ഒരു തീരുമാനത്തിലെത്തുകയാണ്:

''യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍ അവന്റെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്'' (12:26,27).

നല്ല ഒരു അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. ആ അഭിപ്രായം പരിഗണിച്ച് പരിശോധന നടന്നു:

''അങ്ങനെ അവന്റെ (യൂസുഫിന്റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍ തന്റെ ഭാര്യയോട്) പറഞ്ഞു: തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ'' (12:28).

സത്യം യജമാനനും മനസ്സിലായി. അദ്ദേഹം യുസുഫ്(അ)നോട് പറഞ്ഞു:

''യൂസുഫേ, നീ ഇത് അവഗണിച്ചേക്കുക. (പെണ്ണേ,) നീ നിന്റെ പാപത്തിന് മാപ്പുതേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു'' (12:29).

യൂസുഫേ, നീ നിരപരാധിയാണ്. അവള്‍ തന്നെയാണ് തെറ്റുകാരി. നീ അത് ഒഴിവാക്കുവാനും, അവളോട് നിന്റെ തെറ്റില്‍ നിന്ന് പാപമോചനം തേടുവാനും രാജാവ് അറിയിച്ചു. രാജ്ഞിയാണല്ലോ അവള്‍. അവള്‍ക്കെതിരില്‍ ശിക്ഷ നടപ്പിലാക്കുന്നത് രാജാവിനും മോശത്തരമല്ലേ.

കൊട്ടാരത്തില്‍ നടന്ന ഈ സംഭവം പിന്നീട് പുറത്ത് ഒരു സംസാര വിഷയമായി മാറി. കൊട്ടാരത്തിലെ റാണിയായ സുലൈഖ, തന്റെ കൊട്ടാരത്തിലെ അടിമയായ, കൊട്ടാരത്തില്‍ വളരുന്ന ചെറുപ്പാക്കരനുമായി പ്രണയത്തിലാണെന്നും ആ പ്രണയത്തില്‍ അവള്‍ അടിമപ്പെട്ടിരിക്കുന്നുവെന്നും അവള്‍ വലിയ പിഴവിലാണ് ഉള്ളതെന്നുമെല്ലാം സ്ത്രീകള്‍ക്കിടയില്‍ സംസാര വിഷയമായി.

ആ സമയത്ത,് ഞാന്‍ അപമാനിതയായി എന്ന് മനസ്സിലാക്കിയ ആ സ്ത്രീ താന്‍ ചെയ്തത് അത്ര വലിയ തെറ്റൊന്നുമല്ലെന്നും തന്റെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ അതിലും വലുത് സംഭവിക്കുമായിരുന്നുവെന്നും അവരെ ബോധ്യപ്പെടുത്തുവാനായി ഒരു സൂത്രം കണ്ടെത്തുകയും ആ സൂത്രത്തില്‍ അവള്‍ വിജയിക്കുകയും ചെയ്തു. ക്വുര്‍ആനില്‍ നമുക്കത് ഇങ്ങനെ കാണാം: 

''നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു'' (12:30).

''അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും (പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തി കൊടുത്തു. (യൂസുഫിനോട്) അവള്‍ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത് പോകുകയും ചെയ്തു. അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക് തന്നെയാണ്'' (12:31).

''അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്. ഞാനവനോട് കല്‍പിക്കുന്ന പ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും'' (12:32).

''അവന്‍ (യൂസുഫ്) പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും'' (12:33).

''അപ്പോള്‍ അവന്റെ പ്രാര്‍ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ'' (12:34).

ആ നാട്ടിലെ പെണ്ണുങ്ങളെല്ലാം രാജാവിന്റെ ഭാര്യയുടെ ഈ പ്രണയത്തെ കുറിച്ചും, അവള്‍ യൂസുഫ്(അ)നെ വശീകരിക്കുവാന്‍ ഒപ്പിച്ച വേലയെപ്പറ്റിയും പറയാന്‍ തുടങ്ങി. പട്ടണത്തിലൂടെ തന്നെ കുറിച്ച് പറഞ്ഞു നടക്കുന്ന സ്ത്രീകെള കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തുന്നതിനായി ദൂതനെ പറഞ്ഞു വിട്ടു. അങ്ങനെ അവര്‍ വന്നെത്തി. അവര്‍ക്കായി സുലൈഖ നല്ല ഒരു വിരുന്ന് ഒരുക്കുകയും ചെയ്തു. ആ കാലത്ത് ഒരുക്കുവാന്‍ പറ്റുന്ന നല്ല സജ്ജീകരണങ്ങള്‍ ഒരുക്കി. എല്ലാവരെയും അവരുടെ ഇരിപ്പിടത്തില്‍ ഇരുത്തിയതിന് ശേഷം അവര്‍ക്കെല്ലാം സുലൈഖ ഓരോ കത്തി നല്‍കി. എല്ലാവര്‍ക്കും കൂടി ഒരു കത്തിയല്ല; ഓരോരുത്തര്‍ക്കും വേറെ വേറെ കത്തിയാണ്. അവള്‍ ഒരുക്കിയ വിരുന്നില്‍ ആ കത്തി കൊണ്ട് മുറിച്ചെടുക്കുവാന്‍ പറ്റുന്ന പഴങ്ങളും ഉണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

സുലൈഖ യൂസുഫ്(അ)നോട് നേരത്തെ തന്നെ ഞാന്‍ പറയുന്ന സമയത്ത് ഈ സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങി വരണം എന്ന് പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു. സുലൈഖ അവിടെയുള്ള ആ സ്ത്രീകള്‍ക്കെല്ലാം കഴിക്കാനുള്ള പഴവും അത് മുറിക്കുവാനുള്ള കത്തിയും നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. അവരെല്ലാം അതിനുള്ള ഒരുക്കത്തിലുമാണ്. ആ സന്ദര്‍ഭത്തില്‍ സുലൈഖ യൂസുഫ്(അ)നോട് പുറത്ത് വരാന്‍ കല്‍പിക്കുന്നു. യൂസുഫ്(അ)നെ കണ്ട മാത്രയില്‍ അവര്‍ വലിയ ആശ്ചര്യത്തിലാവുകയും അറിയാതെ പഴം മുറിക്കേണ്ടുന്നതിന് പകരം അവരുടെ കൈവിരലുകള്‍ മുറിക്കുകയും ചെയ്തു. ഒരു യന്ത്രത്തെ പോലെയായി അവരുടെ പ്രവര്‍ത്തനം. കാരണം അവരുടെ മനസ്സും ശ്രദ്ധയും സുന്ദരനായ യൂസുഫില്‍ മാത്രമാണ്. യൂസുഫ്(അ)ന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായ അവര്‍ ചെയ്യുന്നത് എന്തെന്ന് പോലും അവര്‍ക്ക് അറിയുന്നില്ല. കൈ മുറിഞ്ഞതിന്റെ വേദന പോലും അവര്‍ അറിയുന്നില്ല. 

യൂസുഫ്(അ)ന്റെ സൗന്ദര്യത്തെ സംബന്ധിച്ച് വന്ന ഒരു നബി വചനം കാണുക: തീര്‍ച്ചയായും റസൂല്‍ ﷺ  (മിഅ്‌റാജിന്റെ വേളയില്‍) മൂന്നാം ആകാശത്ത് വെച്ച് യൂസുഫ്(അ)ന്റെ അരികിലൂടെ നടന്നു. നബി ﷺ  പറയുന്നു: അപ്പോള്‍ അതാ യൂസുഫിന് 'സൗന്ദര്യത്തിന്റെ പകുതി' നല്‍കപ്പെട്ടിരിക്കുന്നു' (മുസ്‌ലിം).

'സൗന്ദര്യത്തിന്റെ പകുതി'യായ യൂസുഫ്(അ)നെ ആ സ്ത്രീകള്‍ കണ്ടപ്പോള്‍ സ്വയം മറന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ലല്ലോ. അല്ലാഹു എത്ര പരിശുദ്ധന്‍! ഇത് ഒരു മനുഷ്യനല്ല; മാന്യനായ മലക്കാണ് എന്ന് പോലും അവര്‍ പറഞ്ഞുപോയി! 

സുലൈഖയുടെ തന്ത്രം വിജയിച്ചു. അവരോട് അവള്‍ പറഞ്ഞു: 'എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.' 

നിങ്ങള്‍ ഒരിക്കല്‍ കണ്ടപ്പോഴേക്കും ഈ ചെറുപ്പക്കാരന്റെ സൗന്ദര്യത്തില്‍ മതിമറന്ന് ഇങ്ങനെയെല്ലാം ചെയ്തുവല്ലോ. കൊല്ലങ്ങളോളം ഈ കൊട്ടാരത്തില്‍ എനിക്ക് മുന്നില്‍ കഴിയുന്ന ഈ ചെറുപ്പക്കാരനില്‍ ഞാന്‍ ആകൃഷ്ടനായെങ്കില്‍ ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും? ഇതാണ് അവളുടെ ചോദ്യം.

സുലൈഖ അവളുടെ ചെയ്തിയെ വീണ്ടും ന്യായീകരിക്കുകയാണ്. മറ്റുള്ളവരോ ഉത്തരം കിട്ടാതെയും! 'യൂസുഫ് എന്റെ കല്‍പനക്ക് വഴങ്ങുന്നില്ലെങ്കില്‍ ഞാന്‍ അവനെ ജയിലില്‍ അടക്കുക തന്നെ ചെയ്യും. അങ്ങനെ അവന്‍ ആളുകള്‍ക്കിടയില്‍ നിന്ദ്യനായി മാറുകയും ചെയ്യും' എന്ന് അദ്ദേഹം കേള്‍ക്കെ അവള്‍ പ്രഖ്യാപിക്കുകയും ചെയ്തു. യൂസുഫുമൊത്ത് ശയിച്ചേ തീരൂ എന്ന വാശിയിലാണവള്‍!

രാജ്ഞിയുടെ സംസാരം കേട്ട യൂസുഫ്(അ)ന് അപകടം കൂടുതല്‍ ബോധ്യമാകാന്‍ തുടങ്ങി. ഇതുവരെ രാജ്ഞി ഒറ്റക്കായിരുന്നു. അവളുടെ ചോദ്യം വന്നപ്പോള്‍ ഉത്തരം മുട്ടിയ ആ പെണ്ണുങ്ങളും അവളോട് ഒപ്പം കൂടി. അവരും തന്നിലേക്ക് കണ്ണ് വെക്കാന്‍ തുടങ്ങി. എല്ലാവരും തന്നെ വീഴ്ത്തുവാനായി കുതന്ത്രങ്ങള്‍ മെനയും. ഇവരുടെയെല്ലാം ഫിത്‌നയില്‍ താന്‍ കുടുങ്ങാന്‍ സാധ്യതയുണ്ട് എന്ന് ഭയന്ന മഹാനായ യൂസുഫ്(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു: 'എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപ്പോകുകയും ചെയ്യും.'

യൂസുഫ്(അ) ഒരു മനുഷ്യനാണല്ലോ. പാപങ്ങള്‍ ചെയ്യാത്തവരാണ് പ്രവാചകന്മാര്‍. എന്നാലും മനുഷ്യനെന്ന നിലയ്ക്ക് വല്ല ദുഷ്ചിന്തയും വന്നാലോ എന്ന പേടിയാണ് അദ്ദേഹത്തിന്. ജയില്‍വാസം എന്നത് ആരും കൊതിക്കാത്തതാണല്ലോ. എന്നാല്‍ ഒരു ഹറാം ചെയ്യാനുള്ള സാഹചര്യം ഉള്ളതിനെക്കാളും നല്ലത് വല്ല ജയിലിലും കഴിയല്‍ തന്നെയാണ് എന്നാണ് അദ്ദേഹം ആശിക്കുന്നത്. അല്ലാഹുവിനെ ക്കുറിച്ചുള്ള ഭയമാണ് ഇതിന് പ്രേരകം. 

അല്ലാഹുവിനോട് ആത്മാര്‍ഥമായി ദുആ ചെയ്യുന്നവര്‍ക്ക് അല്ലാഹു ഉത്തരം ചെയ്യുമല്ലോ. യൂസുഫ്(അ)ന്റെ പ്രാര്‍ഥന അല്ലാഹു കേട്ടു, ഉത്തരം ചെയ്തു. അല്ലാഹുവാണല്ലോ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. 

യൂസുഫ്(അ) തെറ്റുകാരനല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. അല്ലാഹുവില്‍ അഭയം തേടി തന്റെ കുതന്ത്രത്തില്‍ നിന്നും യൂസുഫ്(അ) പിന്മാറുകയാണ് ചെയ്തതെന്ന് സുലൈഖ തന്നെ സമ്മതിച്ചു. കുപ്പായം കീറിയതിന്റെ തെളിവ് വെച്ച് അവളുടെ കുടംബത്തില്‍ പെട്ടവര്‍ക്കും അവളുടെ ഭര്‍ത്താവിന് തന്നെയും നിജസ്ഥിതി ബോധ്യമായി. സുലൈഖ ക്ഷണിച്ചുവരുത്തിയ സ്ത്രീകള്‍ക്കും യൂസുഫ്(അ) നിരപരാധിയാണെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന പോലെ തന്നെ നിശ്ചിത കാലം വരെ അദ്ദേഹത്തെ ജയിലിലടക്കാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. 

''പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്'' (ക്വുര്‍ആന്‍ 12:35).

രാജാവിന് രാജ്ഞിയെ മറികടന്ന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് (അല്ലാഹുവാണ് നന്നായി അറിയുന്നവന്‍). 

രാജ്ഞി നാണക്കേടുണ്ടാക്കുന്നതില്‍ നിന്ന് രക്ഷ കിട്ടാനുള്ള വഴി എന്ന നിലയിലോ, യൂസുഫിനെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്താലോ ആയിരിക്കാം യൂസുഫ്(അ)നെ രാജാവ് ജയിലിലടച്ചു. അതെല്ലാം അല്ലാഹുവിന്റെ വ്യക്തമായ ഹിക്മത്തിന്റെ അടിസ്ഥാനത്തില്‍ അവനെടുത്ത ഓരോ തീരുമാനങ്ങളായിരുന്നു.