വെല്ലുവിളി ഏറ്റെടുക്കുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

മൂസാനബി(അ): 9

അല്ലാഹുവാണ് ഭൂമിയില്‍ നമ്മെ സൃഷ്ടിച്ചത്. ഒരുനാള്‍ മണ്ണിലേക്ക് നാം മടക്കപ്പെടും. അതില്‍ നിന്ന് വീണ്ടും അവന്‍ നമ്മെ പുറത്ത് കൊണ്ടുവരും. ഓരോരുത്തരെ സംബന്ധിച്ചും ശരിയായി അറിയുന്ന അല്ലാഹു അവന്റെ അടിമകള്‍ക്കിടയില്‍ അന്ന് ഒട്ടും അനീതി കാണിക്കാതെ തീര്‍പ്പ് കല്‍പിക്കുകയും ചെയ്യും. പൂര്‍വികരുടെ സ്ഥിതി എന്താകും എന്ന് ആലോചിച്ച് സത്യത്തോട് വിമുഖത കാണിക്കുകയല്ല;  നമ്മുടെ സ്ഥിതി എന്താകും എന്ന് ആലോചിച്ച് സത്യത്തിലേക്ക് വരികയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.

മൂസാനബി(അ)ന്റെ പ്രതികരണം ഫിര്‍ഔനിനെ വല്ലാതെ വിഷമിപ്പിച്ചു. അവന്‍ ശരിക്കും ഇളിഭ്യനായി. എന്താണ് ഇതിനൊരു ഖണ്ഡനം നല്‍കുക? ഒന്നും നല്‍കുവാനില്ല! അവസാനം ജാള്യത മറച്ചുവെക്കാന്‍ ചുറ്റും കൂടിയവരോട് അവന്‍ ചോദിച്ചു: 

''അവന്‍ (ഫിര്‍ഔന്‍) തന്റെ  ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?'' (ക്വുര്‍ആന്‍ 26:25).

തുടക്കത്തില്‍ ഫിര്‍ഔന്‍ മൂസാ(അ)നോട് മാത്രമാണല്ലോ സംസാരിച്ചത്. ഇപ്പോള്‍ സദസ്സിലുള്ളവരെയെല്ലാം തന്റെ കൂടെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ ചോദ്യം. ഉടനെ മൂസാ(അ) സദസ്സ്യരോട് കൂടി എന്ന നിലയില്‍ മറ്റൊരു മറുപടി നല്‍കി: 

''അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍) (26:26).

ഫിര്‍ഔനിന് ആ കാലത്തും ആ നാട്ടിലും ഉള്ളവരെ മാത്രമാണല്ലോ ഭരിക്കുവാനും തന്റെ വരുതിയില്‍ കൊണ്ടുവരാനും സാധിച്ചിട്ടുള്ളത്. അവരെയോ അവരുടെ പൂര്‍വികരെയോ സൃഷ്ടിക്കുകയോ അവര്‍ക്ക് ഭൂമിയില്‍ നിന്ന് ധാന്യം മുളപ്പിച്ച് അന്നം നല്‍കി പോറ്റി വളര്‍ത്തുകയോ ചെയ്തവനല്ലല്ലോ ഫിര്‍ഔന്‍. താനാണ് ഉന്നതനായ രക്ഷിതാവ് എന്നു പറഞ്ഞ് അഹങ്കരിക്കുന്നതിന്റെ നിരര്‍ഥകത ലളിതമായ ചോദ്യത്തിലൂടെ വ്യക്തമാക്കിക്കൊടുക്കുവാന്‍ മൂസാനബി(അ)ന് സാധിച്ചു. അതിനൊന്നും വ്യക്തമായ മറുപടി പറയാന്‍ കഴിയാതെ ഫിര്‍ഔന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു:  

''അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്'' (ക്വുര്‍ആന്‍ 26:27).

ഈ ആക്ഷേപം വകവെക്കാതെ മൂസാനബി(അ) വീണ്ടും അല്ലാഹുവിന്റെ കഴിവും ഫിര്‍ഔനിന്റെ കഴിവുകേടും വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു: ''...ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ (അവന്‍). നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍.'' (ക്വുര്‍ആന്‍ 26:28).

അല്ലാഹുവിന്റെ വിപുലമായ കഴിവിനെക്കുറിച്ചുള്ള ഈ വിശദീകരണം താന്‍ ഒരു ചെറിയ രാജ്യത്തിന്റെ ഭരണാധികാരി മാത്രമാണെന്ന് അറിവുള്ള  ഫിര്‍ഔനിനെ കോപിഷ്ഠനാക്കി. ആദര്‍ശം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഭീഷണി പുറത്തെടുത്തു:

''അവന്‍ (ഫിഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്'' (ക്വുര്‍ആന്‍ 26:29).

ഭീഷണിക്കു മുമ്പില്‍ പതറാതെ മൂസാ(അ) പറഞ്ഞു:

''...സ്പഷ്ടമായ എന്തെങ്കിലും തെളിവ് ഞാന്‍ നിനക്ക് കൊണ്ടുവന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?). അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: എന്നാല്‍ നീ അത് കൊണ്ട് വരിക; നീ സത്യവാന്മാരില്‍ പെട്ടവനാണെങ്കില്‍. അപ്പോള്‍ അദ്ദേഹം (മൂസാ) തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു. അദ്ദേഹം തന്റെ  കൈ പുറത്തേക്കെടുക്കുകയും ചെയ്തു. അപ്പോഴതാ അത് കാണികള്‍ക്ക് വെള്ളനിറമാകുന്നു'' (ക്വുര്‍ആന്‍ 26:30-33).

തെളിവുകള്‍ അവന്‍ കണ്ടു. പക്ഷേ, മുഖം തിരിച്ചുകളഞ്ഞു. ആ സന്ദര്‍ഭത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി കുത്തു വാക്കുകള്‍ പറഞ്ഞ് ആളുകള്‍ക്കിടയില്‍ മൂസാനബി(അ)യെ കൊച്ചാക്കുവാനായി പിന്നീടുള്ള ശ്രമം: 

''അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്. നീ ചെയ്ത നിന്റെ ആ (ദുഷ്) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോയി. അനന്തരം എന്റെ രക്ഷിതാവ് എനിക്ക് തത്ത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്മാരില്‍ ഒരാളാക്കുകയും ചെയ്തു. എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്‌റാഈല്‍ സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ'' (ക്വുര്‍ആന്‍26:1822).

താന്‍ റബ്ബാണെന്നുള്ള വാദം സ്ഥാപിക്കുവാനും യഥാര്‍ഥ റബ്ബ് അല്ലാഹുവാണെന്ന് മൂസാനബി(അ) പറഞ്ഞതിനെ ഖണ്ഡിക്കുവാനും കഴിയാത്തതിനാല്‍ ആളുകള്‍ക്കിടയില്‍ താന്‍ ചെറുതായിപ്പോയി എന്ന് മനസ്സിലാക്കിയ ഫിര്‍ഔന്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ എടുത്തുപറയാന്‍ തുടങ്ങി. മൂസാനബി(അ) അതിനെ എതിര്‍ത്ത് ഒന്നും പറഞ്ഞതുമില്ല. 'ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു' എന്ന് ക്വിബ്തിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം തുറന്ന് പറയും ചെയ്തു. 

'ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു' എന്ന് പറഞ്ഞതിന്റെ ഉദ്ദേശം തന്റെ പക്കല്‍ കൈപ്പിഴ സംഭവിച്ചു എന്നാണ്. അല്ലാതെ വഴിപിഴച്ചവനായിരുന്നു എന്നല്ല. മൂസാ(അ) മനഃപൂര്‍വ്വം ചെയ്തതല്ലല്ലോ. എന്നിടും അദ്ദേഹം നാടുവിട്ടത് തന്റെ ജീവന്‍ രക്ഷിക്കുവാനാണ്. 

കൊട്ടാരത്തില്‍ വളരേണ്ടിവന്നത് നിന്റെ കിരാതമായ നടപടികള്‍ മൂലമാണ്. അല്ലാഹു എന്നെ നബിയായി നിയോഗിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത് ആ നിലയിലാണ് എന്നെല്ലാം മൂസാ(അ) തുറന്നു പറയുകയാണ്. 

മൂസാ(അ)ന് ഫിര്‍ഔന്‍ ചെറുപ്പത്തില്‍ ചെയ്തുകൊടുത്ത സഹായങ്ങളെ അയാള്‍ എടുത്ത് പറഞ്ഞതിനെ മൂസാ(അ) അംഗീകരിച്ചു കൊണ്ടാണ് സംസാരിച്ചതെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. 'ചെറുപ്പത്തില്‍ എന്നെ നീ ഈ സൗകര്യങ്ങളെല്ലാം നല്‍കി വളര്‍ത്തിയല്ലോ. മേലിലും അത് ചെയ്യണം. ഇസ്‌റാഈല്‍ മക്കളെ നീ കഷ്ടപ്പെടുത്തരുത്. അവരെ എന്റെ കൂടെ  നീ വിടുക' എന്നാകും അപ്പോള്‍ അതിന്റെ അര്‍ഥം. 

മൂസാ(അ) വീണ്ടും തുടര്‍ന്നു: ''...ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്‌റഈല്‍ സന്തതികളെ എന്റെ കൂടെ അയക്കൂ. ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്മാരില്‍ പെട്ടവനാണെങ്കില്‍. അപ്പോള്‍ മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു! അദ്ദേഹം തന്റെ കൈ പുറത്തെടുത്ത് കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അത് വെള്ളയായി കാണുന്നു. ഫിര്‍ഔനിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ. നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്?'' (ക്വുര്‍ആന്‍ 7:104-110).

ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്ത യാതൊന്നും ഞാന്‍ പറയില്ലെന്നും എന്റെ പക്കല്‍ വ്യക്തമായ പ്രമാണമുണ്ടെന്നും മൂസാ(അ) ഫിര്‍ഔനിനോട് പറഞ്ഞു. 

അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതോടൊപ്പം അദ്ദേഹം പീഡിതരായ ബനൂഇസ്‌റാഈല്യരെ എന്റെ കൂടെ വിടൂ എന്ന് പറഞ്ഞ് കഷ്ടപ്പെടുന്ന ആ ജനതക്ക് വേണ്ടിയും ശബ്ദമുയര്‍ത്തി. 

സത്യന്ധനാണെങ്കില്‍ നീ പറയുന്ന കാര്യങ്ങള്‍ക്കുള്ള തെളിവ് ഹാജരാക്കുക എന്ന് വെല്ലുവിളിച്ച ഫിര്‍ഔനിന്റെ മുമ്പില്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം വലിയ രണ്ട് അത്ഭുതങ്ങള്‍ പ്രകടമാക്കി. ഈ സംഭവത്തിന് സാക്ഷികളായ പ്രമാണിമാര്‍ പരിഹസിച്ചു തള്ളുകയാണുണ്ടായത്. 'ഇവന്‍ പഠിച്ച ജാലവിദ്യക്കാരനാണ്, നാട്ടില്‍ നിന്ന് നിങ്ങളെ പുറത്താക്കി അവന് അധികാരം കൈയാളാനുള്ള തന്ത്രമാണിത്' എന്നായിരുന്നു അവരുടെ വിലയിരുത്തല്‍. 

അതിനാല്‍ ഇതിന് ഒരു പരിഹാരം കാണേണ്ടതുണ്ട്. അതിനായി അവര്‍ കൂടിയാലോചന നടത്തി. കൊട്ടാരത്തിലെ പരിവാരങ്ങള്‍ ഫിര്‍ഔനോട് ഇപ്രകാരം പറഞ്ഞു:

''...അവന്നും അവന്റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക. ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക. എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ'' (ക്വുര്‍ആന്‍ 26:36,37).

മൂസാ(അ) നന്നായി ജാലവിദ്യ പഠിച്ചവനാണ്. അതിനാല്‍ അദ്ദേഹത്തെ ജാലവിദ്യക്കാരെ കൊണ്ടുതന്നെ പരാജയപ്പെടുത്തണം എന്ന തീരുമാനത്തില്‍ അവരെത്തി. അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യസന്ധമായ തെളിവാണെന്ന് മനസ്സിലാക്കേണ്ടുന്നതിന് പകരം അവര്‍ അതിനെ ജാലവിദ്യയായി കളവാക്കി. അപ്പോള്‍ മൂസാ(അ) അവരോട് ചോദിച്ചു:

''...സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി (ജാലവിദ്യയെന്ന്) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്? (യഥാര്‍ഥത്തില്‍) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല'' (ക്വുര്‍ആന്‍ 10:77).

മൂസാ(അ) കാണിച്ചു കൊടുത്ത തെളിവുകളെ ബുദ്ധികൊണ്ട് വിലയിരുത്തി, തങ്ങള്‍ ഉണ്ടാക്കിയ ആദര്‍ശത്തെ സംരക്ഷിക്കുവാനാണ് അവര്‍ തുനിഞ്ഞത്. ജാലവിദ്യക്കാര്‍ക്ക് അതിനെ സംബന്ധിച്ച് പിടിപാടില്ലാത്തവരുടെ അടുത്തേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. അതിനാല്‍ അത്തരക്കാര്‍ക്ക് തല്‍ക്കാലം എന്തെങ്കിലും നേട്ടം കിട്ടിയാല്‍ തന്നെ ആത്യന്തികമായ വിജയം പ്രാപിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മൂസാ(അ) ജാലവിദ്യക്കാരനാണെങ്കില്‍ അദ്ദേഹത്തിനും വിജയിക്കാന്‍ കഴിയില്ല. അതിനെക്കാളും വലിയ സമര്‍ഥന്‍ വന്നാല്‍ പരാജിതനാകുമല്ലോ. മൂസാ(അ) അവരെ കാണിച്ചത് ജാലവിദ്യ ആണെന്നാരോപിച്ച് എതിരാളികള്‍ പ്രകടിപ്പിക്കാന്‍ പോകുന്നത് സൃഷ്ടികളുടെ കരങ്ങളാല്‍ സംഭവിപ്പിക്കുന്നതാണ്. അതൊന്നും അല്ലാഹുവിന്റെ തെളിവിനെ വെല്ലാന്‍ മാത്രം പോന്നതല്ലല്ലോ. 

തങ്ങളുടെ പൂര്‍വപിതാക്കളുടെ മാര്‍ഗത്തില്‍നിന്ന് ഞങ്ങള്‍ വ്യതിചലിക്കില്ലെന്നും നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കില്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു:

''അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല''(ക്വുര്‍ആന്‍ 10:78).

സത്യത്തിന്റെ വൈരികളുടെ ഏത് കാലത്തുമുള്ള ഒരു വാദമാണിത്. മക്കയിലെ മുശ്‌രിക്കുകള്‍ മുഹമ്മദ് നബി ﷺ യോടും ഞങ്ങളുടെ പൂര്‍വികരെല്ലാം പിഴച്ചവരാണോ എന്ന ചോദ്യം ചോദിച്ചിട്ടുണ്ട്.  

ഞാനല്ലാത്ത ഒരു ഇലാഹിനെ സ്വീകരിക്കുന്ന പക്ഷം കല്‍ത്തുറുങ്കിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഫിര്‍ഔന്‍ അവസാനം വെല്ലുവിളി നടത്തി.

''എന്നാല്‍ ഇത് പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ അടുത്ത് കൊണ്ട് വന്ന് കാണിക്കാം. അത് കൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത് ലംഘിക്കാവുന്നതല്ല. മധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്''(ക്വുര്‍ആന്‍ 20:58).

'ജനങ്ങള്‍ക്കെല്ലാം കാണാവുന്ന ഒരിടത്ത് വെച്ച് നമുക്ക് പരസ്പരം ഏറ്റുമുട്ടാം. നീ പ്രവാചകനാണെന്ന് പറയുന്നതിന് കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുന്നതാണ്. അതൊന്നും കാണിച്ച് ഞങ്ങളെ തെറ്റിക്കാന്‍ കഴിയും എന്ന് വിചാരിക്കേണ്ടതില്ല. അതിനാല്‍ മൂസാ, നീ പരസ്യമായ ഒരു മാറ്റുരക്കലിന് തയ്യാറാകണം. സമയം നിശ്ചയിക്കാം. അത് ഞങ്ങളോ നീയോ തെറ്റിക്കുവാനും പാടില്ല' എന്നായി ഫിര്‍ഔന്‍.

ചില ആളുകള്‍ അങ്ങനെയാണ്. പ്രമാണങ്ങള്‍ക്കു മുന്നില്‍ പതറുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനായി വാദപ്രതിവാദത്തിന് വെല്ലുവിളിക്കും. അത് രക്ഷപ്പെടാനുള്ള കുതന്ത്രം മാത്രമായിരിക്കും. 

മൂസാ(അ)യെ വെല്ലുവിളിച്ച ജാലവിദ്യക്കാര്‍ക്ക് മുന്നില്‍ അദ്ദേഹം തെല്ലും പതറിയില്ല. വെല്ലുവിളി തന്റേടത്തോടെ അദ്ദേഹം ഏറ്റടുത്തു.

''അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു. പൂര്‍വാഹ്നത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്'' (ക്വുര്‍ആന്‍ 20:59).

സത്യവും അസത്യവും തമ്മില്‍ മാറ്റുരക്കുവാനുള്ള വേദി ഒരുങ്ങുകയാണ്. പൊതുജനങ്ങളുടെ മുമ്പില്‍ വെച്ച് മൂസായുടെ വിദ്യകളെ പരാജയപ്പെടുത്തിക്കളയാം എന്നാണവരുടെ ആഗ്രഹം. 

മൂസാ(അ) ഒരുമുഴം നീട്ടിയെറിഞ്ഞു. അവരുടെ ആവശ്യ പ്രകാരം സമയം അറിയിച്ചു. നിങ്ങളുടെ ഉത്സവ ദിവസം തന്നെ അതിനായി തെരഞ്ഞെടുക്കാം. കാരണം, അന്ന് എല്ലാവരും ഒഴിവായി പുറത്തിറങ്ങുന്ന ദിനമാണല്ലോ. എല്ലാവരും കാണ്‍കെ ഫിര്‍ഔനെയും അവന്റെ ജാലവിദ്യക്കാരെയും പരാജയപ്പെടുത്താന്‍ പറ്റിയ അവസരമാണിത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മൂസാ(അ) സംസാരിക്കുന്നത്. അതിനാല്‍ പേടിക്കേണ്ട ആവശ്യമില്ല. 

ഇരുകൂട്ടരും ദിവസവും നേരവും തീരുമാനിച്ച് ഉറപ്പിച്ചു. ഫിര്‍ഔന്‍ അവിടെ നിന്നും പോയി. പരമാവധി ആളുകളിലേക്ക് ഇതിനെ സംബന്ധിച്ചുള്ള വിവരം എത്തിച്ചു. തീരുമാനിച്ച ദിവസം അവന്റെ എല്ലാ തന്ത്രവുമായി അവന്‍ തല്‍സ്ഥാനത്ത് വന്നു.

''എന്നിട്ട് ഫിര്‍ഔന്‍ പിരിഞ്ഞ് പോയി. തന്റെ തന്ത്രങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടവന്‍ (നിശ്ചിത സമയത്ത്) വന്നു'' (ക്വുര്‍ആന്‍ 20:60).

അതിന് മുമ്പ് ഫിര്‍ഔന്‍ അവന്റെ എല്ലാ ജാലവിദ്യക്കാരെയും ഒരുമിച്ചു കൂട്ടി.

''അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു'' (ക്വുര്‍ആന്‍ 26:38).

ഫിര്‍ഔനിന്റെ വിളിയാളം കേട്ട് രാജ്യത്തിന്റെ മുക്കുമൂലകളില്‍ നിന്നുള്ള എല്ലാ ജാലവിദ്യക്കാരും ഒരുമിച്ചുകൂടി. കാരണം, വലിയ പ്രതിഫലമാണ് രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജാവിന്റെ അടുത്ത ആളാകുവാന്‍ കിട്ടിയ അസുലഭ അവസരം മുതലാക്കുവാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ എണ്‍പതിനായിരം പേരായിരുന്നുവെന്നും, പന്ത്രണ്ടായിരം പേരായിരുന്നു എന്നും, അതില്‍ തന്നെ എഴുന്നൂറോളം വരുന്ന ജാലവിദ്യയിലെ തഴക്കവും പഴക്കവും ചെന്ന അറിയപ്പെട്ടവരായിരുന്നുവെന്നും അഭിപ്രായപ്പെട്ടവര്‍ ഉണ്ട്. ഏതായിരുന്നാലും വലിയ ഒരു ടീം അവിടെ ഒരുമിച്ചുകൂടി.

ഒരു ഭാഗത്ത് മൂസാ(അ)യും സഹോദരന്‍ ഹാറൂന്‍ നബി(അ)യും. മറുഭാഗത്ത് പേരു കേട്ട ജാലവിദ്യക്കാര്‍. ജാലവിദ്യക്കാര്‍ക്ക് പുറമെ നാട്ടുകാരുടെ പങ്കാളിത്തവും ഫിര്‍ഔന്‍ ഉറപ്പ് വരുത്തി. 

''ജനങ്ങളോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?'' (ക്വുര്‍ആന്‍ 26:39). 

''ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍ നമുക്കവരെ പിന്തുടരാമല്ലോ'' (ക്വുര്‍ആന്‍ 26:40) എന്നായിരുന്നു ജനങ്ങളുടെ ചിന്ത. (തുടരും)