ഹാറൂന്‍ നബി(അ) ശിര്‍ക്കിനെതിരെ മൗനം പാലിച്ചുവോ?

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

(മൂസാനബി(അ): 18)

നേരത്തെ നാം മനസ്സിലാക്കിയത് പോലെ, ധാരാളം തെളിവുകള്‍ കണ്ടും അറിഞ്ഞും മൂസാ(അ)യുടെ കൂടെ നിന്നവരായിരുന്നു ബനൂഇസ്‌റാഈല്യര്‍. എന്നിട്ടും സാമിരിയുടെ വാചകക്കസര്‍ത്തില്‍ അവര്‍ വീണു; വഴിതെറ്റി. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി പശുവിനെ ആരാധിക്കുന്ന പ്രവണതക്ക് തുടക്കം കുറിച്ചത് ഈ സാമിരിയാണ്.

സാമിരിയുടെ ചില അവകാശവാദങ്ങള്‍ കേട്ടപ്പോഴേക്ക് ആ ജനത അവനെ പിന്തുടരുകയായിരുന്നു. അവര്‍ക്ക് ചിന്തിക്കാമായിരുന്നു; അവന്‍ ആരാധ്യനെന്ന് സ്വയം പ്രഖ്യാപിച്ച ആ പശുക്കുട്ടിയുടെ വിഗ്രഹം വല്ല വാക്കും പുറത്ത് വിടുന്നുണ്ടോ? ഇല്ല! അവര്‍ക്ക് അത് വല്ല ഉപകാരമോ ഉപദ്രവമോ വരുത്തുന്നുണ്ടോ? അതും ഇല്ല! അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയുടെയെല്ലാം അവസ്ഥ തഥൈവ.

സാമിരി ജനങ്ങളെ പിഴപ്പിക്കാന്‍ തുടങ്ങിയതിന്റെ തുടക്കത്തില്‍ തന്നെ ഹാറൂന്‍(അ) ഇടപെട്ടിരുന്നു. അവരെ അദ്ദേഹം അതില്‍ നിന്നും വിലക്കിയിരുന്നു. നിങ്ങള്‍ വലിയ പരീക്ഷണത്തിലാണെന്നും നിങ്ങളുടെ ആരാധ്യന്‍ അല്ലാഹുവാണെന്നും അവനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടതെന്നും ഞാന്‍ പറയുന്നത് കേള്‍ക്കുകയും എന്നെ പിന്തുടരുകയും ചെയ്യുക എന്നും അദ്ദേഹം അവരെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആ ശബ്ദത്തിന് അവര്‍ സ്വീകാര്യത നല്‍കിയില്ല. 'മൂസാ അന്വേഷിച്ച് പോയ ഇലാഹ് ഇതാണ്. അത് ഇവിടെ ഉണ്ട്. അതിനാല്‍ മൂസാ വന്നിട്ട് നമുക്ക് തീരുമാനമാക്കാം. അത് വരെ ഇതിന്റെ സമീപം ഞങ്ങള്‍ ഭജനമിരിക്കുകയും ഇതിനെ പൂജിക്കുകയും ചെയ്യും' എന്ന ഉറച്ച തീരുമാനമായിരുന്നു അവര്‍ ഹാറൂന്‍ നബി(അ)ക്ക് നല്‍കിയ മറുപടി.

തന്റെ അനുയായികളെ സഹോദരന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ചിട്ടായിരുന്നല്ലോ മൂസാ(അ) തൗറാത്ത് സ്വീകരിക്കുന്നതിനായി സീനാ പര്‍വതത്തിലേക്ക് പോയിരുന്നത്. അതിനാല്‍ തന്റെ അനുയായികള്‍ ചെയ്ത് കൂട്ടിയ ഹീനമായ പാതകത്തെ കുറിച്ച് മൂസാ(അ) ഹാറൂനിനോട് ചോദിക്കുന്ന ഭാഗം ക്വുര്‍ആനില്‍ ഇങ്ങനെ കാണാം:

''അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത് എന്നെ നീ പിന്തുടരാതിരിക്കാന്‍? നീ എന്റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്? അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്‌റാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കിന് നീ കാത്തുനിന്നില്ല എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്'' (ക്വുര്‍ആന്‍ 20:92-94).

ഏകദൈവാരാധനയില്‍ അടിയുറച്ച ഒരു സമുദായം നാല്‍പത് ദിവസത്തിനിടയില്‍ ബഹുദൈവാരാധയിലേക്ക് കൂപ്പുകുത്തിയത് കണ്ട മൂസാനബി(അ)ക്ക് കോപം വരുന്നത് സ്വാഭാവികം. തന്റെ അനുചരന്മാര്‍ പിഴച്ച മാര്‍ഗം സ്വീകരിച്ചതിലുള്ള ദേഷ്യം എത്രത്തോളം കടുത്തതായിരുന്നു എന്ന് മൂസാ(അ) ഹാറൂന്‍നബി(അ)യുടെ താടിയില്‍ പിടിച്ചുള്ള ചോദ്യത്തില്‍നിന്നും വ്യക്തമാണ്.

'ബനൂഇസ്‌റാഈല്യരുടെ കാര്യത്തില്‍ ഞാന്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ല. മറിച്ച്, അവരില്‍ചിലരെയും കൊണ്ട് നിന്റെ അടുത്തേക്ക് പോരുമ്പോള്‍ ചിലരെ ഇവിടെ തന്നെ നിറുത്തേണ്ടി വരും. അപ്പോള്‍ നീ, ഇസ്‌റാഈല്‍ മക്കള്‍ക്കിടയില്‍ ഞാന്‍ ഭിന്നിപ്പുണ്ടാക്കി എന്ന് പറയുമെന്നും നിന്റെ കല്‍പനയെ ഞാന്‍ ഗൗനിച്ചില്ല എന്ന് നീ വിചാരിക്കുകയും ചെയ്യുമെന്നും ഞാന്‍ ഭയപ്പെട്ടു' എന്ന് ഹാറൂന്‍(അ) വിശദീകരിച്ചു.

ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കണം; ഇസ്‌റാഈല്യര്‍ക്ക് വഴികേട് സംഭവിച്ചപ്പോള്‍ ഹാറൂന്‍(അ) മൗനം പാലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഹാറൂന്‍(അ) നിസ്സഹായനാവുകയാണ് ഉണ്ടായത്. ഹാറൂന്‍(അ) തന്റെ ഉപദേശത്തിലുള്ള അവരുടെ എതിര്‍പ്പുമൂലം തന്റെ ജീവന്‍ പോലും അപകടത്തില്‍ പെടുമോ എന്ന് ഭയപ്പെട്ടിരുന്നു എന്നാണ് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത്.

''അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തുകൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്''(ക്വുര്‍ആന്‍ 7:50).

ഹാറൂന്‍(അ) അവരെ അദ്ദേഹത്തിന് കഴിയുന്നത്ര ശക്തമായി ഉപദേശിക്കുകയും ആ ദുര്‍മാര്‍ഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവര്‍ അദ്ദേഹത്തെ ദുര്‍ബലനാക്കി; നിസ്സഹായനാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ശബ്ദം ഇല്ലാതെയാക്കി. അങ്ങനെ അവര്‍ തന്നെ കൊന്നുകളയുന്ന അവസ്ഥയിലേക്ക് എത്തുമോ എന്ന് വരെ ഹാറൂന്‍(അ) പേടിച്ചു.

മൂസാ(അ) ഹാറൂന്‍(അ)നെ കുറ്റപ്പെടുത്തുന്ന രൂപത്തിലാണല്ലോ സംസാരിക്കുന്നത്. ഹാറൂന്‍(അ) അവരുടെ പിഴവിന് ഉത്തരവാദിയല്ല. അദ്ദേഹം കഴിയുന്നപോലെ ഉപദേശിച്ചിട്ടുണ്ട്. ഹാറൂന്‍(അ) സഹോദരന്‍ മൂസാ നബി(അ)യോട് പറഞ്ഞു: 'മൂസാ, നീ എന്നോട് കയര്‍ക്കുന്നത് കാണുമ്പോള്‍ ശത്രുക്കള്‍ക്ക് സന്തോഷമാണ് ഉണ്ടാകുക. അവര്‍ വിചാരിക്കും; കണ്ടില്ലേ, പ്രവാചകന്മാരായ ഇവര്‍ തന്നെ ശത്രുക്കളാണ്; അവര്‍ തന്നെ ശണ്ഠ കൂടുകയാണ് എന്ന്. അതില്‍ അവര്‍ക്ക് സന്തോഷം ഉണ്ടാകും. അതിനാല്‍ അവര്‍ക്ക് സന്തോഷം ഉണ്ടാക്കുവാന്‍ എന്നോടുള്ള കയര്‍ക്കല്‍ കാരണമാകരുത്. ഞാന്‍ ഒരു അക്രമവും ചെയ്തിട്ടില്ല. ഞാന്‍ ഒരു അക്രമിയുമല്ല.'

ഈ സൂക്തങ്ങളെ (സൂറഃ ത്വാഹയിലെ) ഉയര്‍ത്തിക്കാണിച്ച്, ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഭയക്കുന്ന സന്ദര്‍ഭത്തില്‍ ശിര്‍ക്കിനെതിരെ പോലും മൗനം പാലിക്കാം എന്ന് പറയുന്ന ചിലരുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിനാണ് പ്രാധാന്യം കല്‍പിക്കേണ്ടതെന്നും ഐക്യം തകര്‍ന്നുപോകാന്‍ സാധ്യതയുണ്ടെങ്കില്‍ ശിര്‍ക്കിനെതിരില്‍ പോലും മൃദുല സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അതാണ് ഹാറൂന്‍നബി(അ)യുടെ സംഭവത്തിലൂടെ ക്വുര്‍ആന്‍ നമുക്ക് പഠിപ്പിച്ചു തരുന്നത് എന്നുമെല്ലാം ചില പിഴച്ച ചിന്താഗതിക്കാര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ തന്നെ അത് എഴുതി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഏതൊരു ജനതയുടെയും വിശ്വാസത്തെയാണ് ആദ്യം നന്നാക്കിയെടുക്കേണ്ടത്. ഒരു മനുഷ്യനില്‍ ആദ്യം മാറ്റം സംഭവിക്കേണ്ടത് അവന്റെ വിശ്വാസത്തിലാണ് എന്നര്‍ഥം. കാരണം തൗഹീദിന് മനുഷ്യ ശരീരത്തിലെ ഹൃദയത്തിന്റെ സ്ഥാനമാണുള്ളത്. ഹൃദയം നന്നായാല്‍ ശരീരം മുഴുവനും നന്നായല്ലോ. അത് മ്ലേച്ഛമായാല്‍ ശരീരവും മ്ലേച്ഛമായി. തൗഹീദ് ശരിയായാലേ അടിമകളുടെ കര്‍മങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ സ്വീകാര്യതയുള്ളൂ. തൗഹീദില്ലാത്തവന്റെ ഏത് കര്‍മത്തിനും അല്ലാഹുവിങ്കല്‍ യാതൊരു സ്ഥാനവുമില്ല. കാരണം, ബഹുദൈവ വിശ്വാസമാണ് സ്രഷ്ടാവിനോടുള്ള ഏറ്റവും വലിയ നന്ദികേട്.

തൗഹീദ് മാറ്റിവെച്ച് ജനങ്ങളിലെ ഐക്യത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് വാദിക്കുന്ന കക്ഷികള്‍ എഴുതുന്നത് കാണുക: ''ഐക്യത്തിനു വേണ്ടി ഏതതിരുവരെയും പോയതാണ് ഇസ്‌ലാമിന്റെപാരമ്പര്യമെന്ന വസ്തുത അവര്‍ (തൗഹീദ് പ്രാധാന്യത്തോടെ പറയുന്നവര്‍) വിസ്മരിക്കുന്നു. മൂസാ(അ) തോറ എന്ന ദിവ്യബോധനഗ്രന്ഥം സ്വീകരിക്കാന്‍ പര്‍വതമുകളിലേക്ക് പോയത് സഹോദരനും പ്രവാചകനുമായ ഹാറൂനിനെ പകരം നിര്‍ത്തിയായിരുന്നു. മൂസായുടെ അഭാവത്തില്‍ ഹാറൂനിനെ ധിക്കരിച്ചുകൊണ്ട് അനുയായികളിലൊരാള്‍ ഒരു പശുക്കുട്ടിയെ നിര്‍മിക്കുകയും ഇസ്‌റാഈലീ മക്കള്‍ ഏകനായ ദൈവത്തിനു പകരം പശുവാരാധകരായി മാറുവാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുകയും ചെയ്ത കഥ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

ഏകദൈവ വിശ്വാസത്തിന്റെ പ്രവാചകനായ മൂസാ(അ) തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അദ്ദേഹം ക്ഷുഭിതനായി ഹാറൂനിന്റെ താടിരോമങ്ങള്‍ പിടിച്ചു വലിച്ചു. ഇതിന്റെ നേരെ പ്രവാചകനായ ഹാറൂനിന്റെ പ്രതികരണം വളരെ ശാന്തമായിരുന്നു. അദ്ദേഹം പറഞ്ഞു: പശുവാരാധകര്‍ക്കെതിരെ കര്‍ശനമായ സമീപനം സ്വീകരിക്കുകവഴി ഞാന്‍ ഇസ്‌റാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് പറയാന്‍ അവസരം സൃഷ്ടിക്കുക എന്നത് ഒഴിവാക്കുക എന്നതായിരുന്നു അവരുടെ നേരെ മൃദുല സമീപനം സ്വീകരിക്കുക വഴി എന്റെ ലക്ഷ്യം.

ഒരു പ്രവാചകന്‍ കൊടിയ ശിര്‍ക്കിന്റെ കാര്യത്തില്‍ സ്വീകരിച്ച വിട്ടുവീഴ്ചാപരമായ ഈ സമീപനത്തിന്റെ പേരില്‍ അദ്ദേഹത്തെ ദൈവം പ്രവാചകത്വ പദവിയില്‍ നിന്ന് ഇറക്കി വിട്ടിട്ടില്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. അദ്ദേഹം തുടര്‍ന്നും പ്രവാചകനായിരുന്നു' (മാധ്യമം, 1997 ഫെബ്രു: 18, ഒ. അബ്ദുല്ല).

മറ്റൊരു ലേഖനത്തില്‍ വന്നത് കാണുക: ''ഭിന്നിപ്പ് ഒഴിവാക്കാന്‍, ഇസ്‌റാഈല്യര്‍ പശുക്കുട്ടിയെ ആരാധിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) അതിനെ തടഞ്ഞില്ലെന്നും ഭിന്നിപ്പാകുന്ന മുഖ്യ തിന്മ ഒഴിവാക്കാനാണ് പശുവാരാധനയില്‍ നിന്ന് ഇസ്‌റാഈല്യരെ തടയാതിരിക്കുക എന്ന തിന്മ അദ്ദേഹം ചെയ്തതെന്നും ഡോ. യൂസുഫുല്‍ ഖര്‍ദാവി തന്റെ 'ഫിക്വ്ഹുദ്ദൗലതി ഫില്‍ഇസ്‌ലാം' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.''

ക്വുര്‍ആന്‍ ഹാറൂന്‍ നബി(അ)യുടെ ചരിത്രം വിവരിച്ചത് നാം വ്യക്തമായി മനസ്സിലാക്കിയല്ലോ. ചരിത്രത്തെ വികലമാക്കി അവതരിപ്പിച്ച് പുതിയ വാദഗതികള്‍ നിര്‍മിക്കുയാണ് ഈ വാദഗതിക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകും. സാക്ഷാല്‍ മൗദൂദി സാഹിബ് തന്നെ അദ്ദേഹത്തിന്റെ ഉര്‍ദു ഭാഷയിലുള്ള ക്വുര്‍ആന്‍ വ്യഖ്യാനത്തില്‍ ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കിയിതായി കാണാം. അതിന്റെ മലയാള വിവര്‍ത്തനത്തില്‍ ഇങ്ങനെ വായിക്കാം:

''ഹസ്രത്ത് ഹാറൂന്റെ ഈ മറുപടിക്ക്, സമുദായത്തിന്റെ ഐക്യമാണ് സമുദായം സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നതിനെക്കാള്‍ പ്രധാനം എന്നോ, ശിര്‍ക്ക് അംഗീകരിച്ചുകൊണ്ടായാലും ഐക്യം നിലനിറുത്തുകയാണ് വേണ്ടതെന്നോ സമൂഹത്തിന്റെ അടിത്തറ സത്യമാകട്ടെ അസത്യമാകട്ടെ ഏകോപിച്ചു നില്‍ക്കുക എന്നതാണ് ഭിന്നിപ്പിനെക്കാള്‍ ഉല്‍കൃഷ്ടം എന്നോ ഒന്നും അര്‍ഥമില്ല. ഈ സൂക്തത്തിന് ആരെങ്കിലം അങ്ങനെയൊരര്‍ഥം മനസ്സിലാക്കുകയാണെങ്കില്‍ അയാള്‍ ക്വുര്‍ആനില്‍ നിന്ന് സന്മാര്‍ഗത്തിന് പകരം ദുര്‍മാര്‍ഗമാണ് സ്വീകരിക്കുന്നത്.

...ഹസ്രത്ത് ഹാറൂന്‍ ജനങ്ങളെ ആ ദുര്‍വൃത്തിയില്‍ നിന്ന് വിലക്കാന്‍ കഴിവതു ശ്രമിച്ചു. പക്ഷേ, അവരദ്ദേഹത്തിനെതിരില്‍ വമ്പിച്ച കലാപത്തിനൊരുങ്ങി. അദ്ദേഹത്തെ വധിക്കാനൊരുമ്പെട്ടു. ഗത്യന്തരമില്ലാതെ അദ്ദേഹം നിശ്ശബ്ദനായി നിലകൊണ്ടു. മൂസാ തിരിച്ചെത്തുന്നതിന് മുമ്പ് താവളം ഒരു യുദ്ധക്കളമാക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. മൂസാ തിരിച്ചുവന്ന് താങ്കള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാക്കേണ്ടിയിരുന്നില്ല എന്നും ഞാന്‍ വരുന്നതു വരെ കാത്തിരിക്കാമായിരുന്നുവെന്നും പറയാന്‍ അവസരമുണ്ടാക്കേണ്ടയെന്ന് അദ്ദേഹം കരുതിയിരിക്കണം.''

മൗദൂദി സാഹിബ് വളരെ കൃത്യമായ വിവരണം നല്‍കിയപ്പോള്‍ അനുയായികളില്‍ ചിലര്‍ ക്വുര്‍ആനിന്റെ സന്മാര്‍ഗത്തോട് എതിരായി തികച്ചും കണ്ണടച്ച കണ്ടത്തലുകളാണ് നടത്തിയിട്ടുള്ളത്.

ഹാറൂന്‍(അ) കാര്യം വ്യക്തമാക്കിയപ്പോള്‍ മൂസാനബി(അ)ക്ക് വിഷയം ബോധ്യമായി. സഹോദരന്‍ ഹാറൂന്‍ നിരപരാധിയാണെന്നും താന്‍ ദേഷ്യപ്പെട്ടത് വെറുതെയായെന്നും അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം അല്ലാഹുവിനോട് ദുആ ചെയ്തു:

''അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരികയും ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ'' (ക്വുര്‍ആന്‍ 7:151).

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളം കണ്ടിട്ടും അല്ലാഹുവിനോട് നന്ദികേട് കാണിച്ചവരോട് മുന്നറിയിപ്പും അതില്‍ നിന്ന് വിരമിക്കുവാനുള്ള ഉപദേശവും നല്‍കി.

''കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ. എന്നാല്‍ തിന്മകള്‍ പ്രവര്‍ത്തിക്കുകയും എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുത്തുകൊടുക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു'' (ക്വുര്‍ആന്‍ 7:152,153).

നേരത്തെ കുപിതനായ സമയത്ത് നിലത്തിട്ട തൗറാത്തിന്റെ പലകകള്‍ മൂസാ(അ) കയ്യിലെടുത്തു: ''മൂസായുടെ കോപം അടങ്ങിയപ്പോള്‍ അദ്ദേഹം (ദിവ്യസന്ദേശമെഴുതിയ) പലകകള്‍ എടുത്തു. അവയില്‍ രേഖപ്പെടുത്തിയതില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണുണ്ടായിരുന്നത്'' (ക്വുര്‍ആന്‍ 7:154).

സാമിരിയെന്ന ദുഷ്ടനാണ് ജനതയുടെ വഴികേടിന് കാരണക്കാരനായതെന്ന് മൂസാനബി(അ)ക്ക് മനസ്സിലായി. അയാള്‍ക്കെതിരില്‍ മൂസാ(അ) തിരിഞ്ഞു:

''(തുടര്‍ന്ന് സാമിരിയോട്) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്റെ കാര്യം എന്താണ്? അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്റെ കാല്‍പാടില്‍ നിന്ന് ഞാനൊരു പിടി പിടിക്കുകയും എന്നിട്ടത് ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ് എന്റെറ മനസ്സ് എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് തൊട്ടുകൂടാ എന്ന് പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടേയിരിക്കുന്ന നിന്റെ ആ ദൈവത്തിന്റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്. നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു'' (ക്വുര്‍ആന്‍ 20:95-98).

ആരും കാണാത്ത ചിലതെല്ലാം ഞാന്‍ കാണുകയുണ്ടായി എന്നും ജിബ്‌രീലിനെ കാണാന്‍ കഴിഞ്ഞെന്നും ജിബ്‌രീല്‍ പോകുമ്പോള്‍ ജിബ്‌രീലിന്റെ വാഹനത്തിന്റെ കുളമ്പടിശബ്ദം എനിക്ക് കേള്‍ക്കാനായി എന്നുമെല്ലാമാണ് സാമിരി അവകാശപ്പെട്ടത്. അവന് ദിവ്യത്വമുള്ളത് പോലെയായി അവന്റെ സംസാരം. ചില ക്വുര്‍ആന്‍ വ്യഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടത് പോലെ; അവന്‍ മൂസാനബി(അ)യെ വരുതിയില്‍ വരുത്താനായി ഒന്ന് മയക്കിനോക്കി. അഥവാ, താങ്കള്‍ നടന്ന് പോകുമ്പോള്‍ താങ്കളുടെ പാദങ്ങള്‍ പതിച്ച സ്ഥലത്തെ മണ്ണ് എടുത്ത് ഈ പശുക്കുട്ടിയുടെ രൂപത്തില്‍ ഇട്ടപ്പോള്‍ ചില പ്രത്യേക അനുഭൂതി ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചുവെന്നും അങ്ങനെ ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് എനിക്ക് മനസ്സിലാകുകയും ചെയ്തു എന്നും പറഞ്ഞു.

സാമിരിയുടെ സംസാരത്തില്‍ മൂസാനബി(അ)യില്‍ അല്‍പ നേരത്തേക്ക് പോലും ഒരു സ്വാധീനവും ഉണ്ടാക്കിയില്ല. മൂസാ(അ) അവനോട് ശക്തമായി പ്രതികരിച്ചു; നീ ഇവിടെ നിന്ന് പോകണം, അക്രമിയാണ് നീ. ദുന്‍യാവില്‍ നീ ഇനി 'എന്നെ തൊടരുത്' എന്ന് വിളിച്ച് പറയുന്നവനായിരിക്കും. എല്ലാവരാലും നീ അവഗണിക്കപ്പെടുന്നതുമാണ്. മൂസാ(അ) അവനോട് താക്കീത് ചെയ്ത പ്രകാരം പിന്നീട് സംഭവിക്കുകയും ചെയ്തു.

മൂസാനബി(അ)യുടെ ഈ സംസാരത്തിന് ശേഷം അവിടംവിട്ട് പോയ സാമിരിക്ക് വേറൊരാളോടും ബന്ധം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. അവന്റെ അടുക്കലേക്ക് ഒരാള്‍ക്കും സമീപിക്കാന്‍ കഴിയാതിരിക്കുമാറ് അവന്റെ ശരീരം പൊട്ടിയൊലിക്കുകയും പുഴുക്കള്‍ വരികയും ശരീരത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ബോധക്ഷയം സംഭവിക്കുവാന്‍ മാത്രം മാരകമായ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങുകയും ചെയ്തു. മൂസാ(അ) പറഞ്ഞത് പോലെ കാണുന്നവരോടെല്ലാം അവന്‍ എന്നെ തൊടല്ലേ എന്നും പറഞ്ഞ് നിലവിളിക്കുന്നവനായി നശിക്കുകയാണ് ചെയ്തത്. അല്ലാഹു അവന് നിശ്ചയിച്ച മാരകമായ രോഗം അവന് പേറേണ്ടി വന്നു.

ശിര്‍ക്ക് എന്ന മഹാപാപം ഒരു സമൂഹത്തില്‍ പ്രചരിപ്പിച്ചവന് അല്ലാഹു കൊടുത്ത ശിക്ഷയായിരുന്നു അത്. പരലോകത്ത് വെച്ച് അതിനെക്കാളും ശക്തിയേറിയ ശിക്ഷ ലഭിക്കുകയും ചെയ്യും.

സാമിരി ഇസ്‌റാഈല്യരെ പിഴപ്പിക്കാനായി ഉണ്ടാക്കിയ വിഗ്രഹത്തെ പിന്നീട്, ക്വുര്‍ആനില്‍ പറഞ്ഞത് പോലെ നശിപ്പിക്കുകയും കടലില്‍ അതിന്റെ അവശിഷ്ടങ്ങള്‍ വിതറപ്പെടുകയും ചെയ്തു. എന്നിട്ട് മൂസാ(അ) സമൂഹത്തോട് പറഞ്ഞു: 'എല്ലാം അറിയുന്നവനായ അല്ലാഹുവാണ് നിങ്ങളുടെ ആരാധ്യന്‍.' കൂടെ പരലോകത്തെ പറ്റിയുള്ള താക്കീതും നല്‍കി. പിന്നീട് അവരില്‍ നിന്ന് പശ്ചാത്തപിച്ച് പലരും മൂസാനബി(അ)യുടെ കൂടെ നിന്നു.

പശുവിനെ ആരാധിക്കുകയും ശേഷം തൗബ ചെയ്ത് പിന്മാറുകയും ചെയ്തവരെ സംബന്ധിച്ചെടത്തോളം അവര്‍ ചെയ്ത അക്രമത്തിന് ആ തൗബ മതിയായിരുന്നില്ല. അവര്‍ക്ക് കടുത്ത ശിക്ഷ പിന്നീട് നല്‍കിയിട്ടുണ്ട്. ഇന്‍ശാ അല്ലാഹ്, ശേഷം നാം അത് വിവരിക്കും.