സദൂമുകാരുടെ ദുരന്തപര്യവസാനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

മലക്കുകള്‍ ലൂത്വ്  നബി(അ)യോട് പറഞ്ഞതെന്താണെന്ന് കാണുക: ''നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. താങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു'' (ക്വുര്‍ആന്‍ 29:33). 

''അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്‍മാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്) നിന്റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്റെ കുടുംബത്തെയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ'' (ക്വുര്‍ആന്‍ 11:81). 

അവര്‍ക്ക് വലിയ ശിക്ഷ വരുന്നതിന് മുന്നോടിയായി അതിഥികളെ ഉപയോഗപ്പെടുത്തുന്നതിനായി ലൂത്വ്(അ)ന്റെ വീട്ടില്‍ വന്നവരുടെ കാഴ്ച മലക്കുകളുടെ ഒരു ചെറിയ ഇടപെടല്‍ നിമിത്തം ഇല്ലാെതയായി. അവര്‍ അന്ധന്മാരായിത്തീര്‍ന്നു. എന്നിട്ടും പാഠം ഉള്‍ക്കൊള്ളാതെ ലൂത്വ്(അ)നോട് അവര്‍ ഭീഷണി മുഴക്കി സംസാരിച്ചു.

''അദ്ദേഹത്തോട് (ലൂത്വിനോട്) അദ്ദേഹത്തിന്റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്റെ ശിക്ഷയും എന്റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച് കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു)'' (ക്വുര്‍ആന്‍ 54:37). 

അവര്‍ക്ക് അല്ലാഹു നല്‍കിയ ഈ ശിക്ഷ അനുഭവിച്ചിട്ടു പോലും  അവര്‍ അവരുടെ ദുഷ്‌ചെയ്തികളില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമായില്ല. നേരം പുലര്‍ന്നിട്ട് വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തി പോകുകയാണ് അവര്‍ ചെയ്തത്. 

ശത്രുക്കള്‍ ഭീഷണി മുഴക്കി നാളെ വരാം എന്നു പറഞ്ഞാണല്ലോ പോയത്. എന്നാല്‍ അന്നു രാത്രിതന്നെ സ്ഥലം വിടുവാനായിരുന്നു അല്ലാഹുവിന്റെ കല്‍പന. ക്വുര്‍ആനിലെ 'നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ' എന്ന വാക്ക് ശ്രദ്ധിക്കുക. കുടുംബത്തെയും കൊണ്ട് പോകാനാണല്ലോ ആജ്ഞ. അപ്പോള്‍ ഭാര്യയും അതിലുണ്ടാകുമല്ലോ. ഒന്നുകില്‍ ഭാര്യ തിരിഞ്ഞു നോക്കും എന്നാവാം പറഞ്ഞത്. അല്ലെങ്കില്‍ ഭാര്യ ഒഴികെയുള്ളവരെ കൊണ്ടു പോകാനാകാം കല്‍പിച്ചത്. എന്നാല്‍ അധിക ക്വുര്‍ആന്‍ വ്യഖ്യാതക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത് അവളെ അദ്ദേഹം കൂടെ കൊണ്ടു പോയിട്ടില്ലെന്നും അവരുടെ കൂടെ പോകാന്‍ അവള്‍ തയ്യാറായിട്ടില്ലെന്നുമാണ്. ഭാര്യയെ മാറ്റി നിര്‍ത്തിയാല്‍ കുടുംബത്തില്‍ ബാക്കിയുള്ളവര്‍ ലൂത്വ് നബി(അ)യും രണ്ട് പെണ്‍മക്കളും മാത്രമാണ്.ആ നാട്ടില്‍ ആകെയുള്ള വിശ്വാസികള്‍ ഇവരാണ്. അവരെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തു. അത് താഴെയുള്ള സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതുമാണ്. 

''അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു. (രക്ഷപെടുത്തി). എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല'' (ക്വുര്‍ആന്‍ 51:35,36). 

ലൂത്വ്(അ) മലക്കുകളോട് ഈ രാത്രി തന്നെ പുറപ്പെടേണ്ടതുണ്ടോ,  എപ്പോഴാണ് അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശിക്ഷ എന്നെല്ലാം ചോദിച്ചു. അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ശിക്ഷ പ്രഭാതത്തിലാണെന്നും നിങ്ങള്‍ പേകുമ്പോള്‍ തിരിഞ്ഞ് നോക്കരുതെന്നും അറിയിച്ചു. തിരിഞ്ഞു നോക്കിയാല്‍ തിരിഞ്ഞു നോക്കുന്നവരെയും അത് ബാധിക്കും. അങ്ങനെ അവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ടത് അവര്‍ക്ക് വരികയായി.

''അങ്ങനെ സൂരേ്യാദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി'' (ക്വുര്‍ആന്‍ 15:73).

''അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍). അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല''(ക്വുര്‍ആന്‍ 11:82,83).

ക്വുര്‍ആന്‍ വ്യാഖ്യാതാക്കളായ മുജാഹിദ്, ക്വതാദഃ, സുദ്ദീ(റ) എന്നിവരും അവരല്ലാത്തവരും ഇ്രപകാരം പറഞ്ഞിട്ടുണ്ട്: 'ജിബ്‌രീല്‍(അ) അവരുടെ നാടിനെയും വീടിനെയും പിഴുതെടുത്തു. പിന്നീട് അവയെ അവരുടെ നായകളുടെ കുര ആകാശത്തുള്ളവര്‍ കേള്‍ക്കുന്നത് വരെ ആകാശത്തേക്ക് ഉയര്‍ത്തി. പിന്നീട് അവരെ ചെരിച്ചു. അങ്ങനെ അവയുടെ മുകള്‍ ഭാഗം താഴ്ഭാഗത്തേക്ക് ആക്കി (കീഴ്‌മേല്‍ മറിച്ചുവെന്ന് സാരം). പിന്നീട് ചുട്ടെടുത്ത കല്ലുകള്‍ അവരെ പിന്തുടര്‍ത്തുകയും ചെയ്തു' (ഇബ്‌നു കഥീര്‍).

ചുരുക്കത്തില്‍, അതിശക്തമായിരുന്നു അവര്‍ക്ക് ഏല്‍ക്കേണ്ടി വന്ന ശിക്ഷ. അവരിലേക്ക് അല്ലാഹു വര്‍ഷിച്ചത്, തീച്ചൂളയില്‍ നിന്ന് എടുത്തത് പോലെയുള്ള അടയാളം വെച്ച, അഥവാ ഏത് കല്ല് ആരുടെ തലയില്‍ വീഴണം എന്ന് വരെ എഴുതി അടയാളപ്പെടുത്തിയ കല്ലുകൊണ്ടുള്ളതായിരുന്നു. ആ പ്രദേശമാണ് ഇന്ന് ചാവുകടല്‍ എന്ന് അറിയപ്പെടുന്നത് എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. 

അവര്‍ക്ക് വന്ന ശിക്ഷയെ പറ്റി ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്തും ഇപ്രകാരം ആവര്‍ത്തിച്ചിട്ടുണ്ട്. 

''നിന്റെ ജീവിതം തന്നെയാണ സത്യം! തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു. അങ്ങനെ സൂരേ്യാദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്'' (ക്വുര്‍ആന്‍ 15:7277).

കീഴ്‌മേല്‍ മറിച്ചു എന്നും കല്‍മഴ വര്‍ഷിച്ചുവെന്നും ക്വുര്‍ആന്‍ പറഞ്ഞ ആ പ്രദേശം സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1300 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്നു. കൂടിയ സാന്ദ്രത കാരണം ആ തടാകത്തില്‍ ഒരാള്‍ കിടന്നാല്‍ താണു പോവുകില്ല. ജീവ ജാലങ്ങളോ ബാക്ടീരിയ പോലുമോ അതിലില്ല. ചിന്തിക്കുന്നവര്‍ക്ക് പാഠമായി അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ ആ ചരിത്രസ്ഥലം മനുഷ്യന് മുന്നില്‍ ഇന്നും നില നില്‍ക്കുകയാണ്. മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ പറയുന്നത് നോക്കൂ.

സ്വവര്‍ഗലൈംഗികബന്ധത്തെ ഇസ്‌ലാം വളരെ ഗുരുതരമായ തിന്മയായിട്ടാണ് കാണുന്നത് എന്നത് വ്യക്തമാക്കുന്ന നബിവചനങ്ങളും കാണുവാന്‍ സാധിക്കും. 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ''ലൂത്വ്(അ)ന്റെ ജനതയുടെ പ്രവൃത്തി പ്രവര്‍ത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു. ലൂത്വ്(അ)ന്റെ ജനതയുടെ പ്രവൃത്തി പ്രവര്‍ത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.'' മൂന്ന് തവണ (അവിടുന്ന് ഇപ്രകാരം പറഞ്ഞു). (നസാഈ).

അനസ്(റ)വില്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: ''എന്റെ സമുദായത്തില്‍ നിന്ന് ആരെങ്കിലും ലൂത്വ് നബി(അ)യുടെ ജനത ചെയ്ത പ്രവൃത്തി ചെയ്ത് മരിച്ചാല്‍ അവരെ ഒരുമിച്ചു കൂട്ടുന്ന സ്ഥലത്തേക്ക് ഇവരെയും എത്തിക്കുന്നതാണ്.''

ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: ''ഏറ്റവും വമ്പിച്ച അധര്‍മത്തില്‍ പെട്ടത് സ്വവര്‍ഗരതി മൂലമുള്ള അധര്‍മമായിരിക്കുന്നു. അതിനാല്‍ ഇഹലോകത്തിലും പരലോകത്തിലും അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കുകയും വേണം.''

ഖാലിദ്ബ്‌നുല്‍ വലീദ്(റ)വില്‍ നിന്ന് (ഇപ്രകാരം) സ്ഥിരപ്പെട്ടു വന്നിരിക്കുന്നു: അറബികളില്‍ ചിലര്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പോലെ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് കാണുകയുണ്ടായി. അപ്പോള്‍ (ഖലീഫയായ) അബൂബക്കര്‍(റ)വിന് അദ്ദേഹം (ഇത് അറിയിച്ചുകൊണ്ടുള്ള) ഒരു കത്ത് എഴുതി. അങ്ങനെ അബൂബക്കര്‍(റ) മറ്റു സ്വഹാബിമാരോട് ഈ കാര്യത്തില്‍ കൂടിയാലോചന നടത്തി. ആ കാര്യത്തില്‍ ഏറ്റവും ശക്തമായ സംസാരം നടത്തിയത് അലി(റ) ആയിരുന്നു. അദ്ദേഹം പറഞ്ഞു: മുന്‍ കഴിഞ്ഞ സമുദായങ്ങളില്‍ ഒരു വിഭാഗമല്ലാതെ ഈ പണി ചെയ്തിട്ടില്ല. അവരെ എന്താണ് അല്ലാഹു ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. തീയില്‍ കരിച്ച് കളയണം എന്നാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ അബൂബക്കര്‍(റ) ഖാലിദ്(റ)വിന് കത്ത് എഴുതി. അങ്ങനെ അവരെ കരിച്ചു കളഞ്ഞു.

ആധുനിക പഠന രംഗത്ത് ഹോസ്റ്റലുകളിലും ലോഡ്ജുകളിലുമെല്ലാമായി താമസിച്ച് പഠിക്കുന്ന മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കണ്ണും ചെവിയും ഹൃദയവും നല്‍കി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പത്ത് വയസ്സായാല്‍ ഒരേ ഗര്‍ഭ പാത്രത്തില്‍ വളര്‍ന്ന സഹോദരങ്ങളാണെങ്കില്‍ പോലും അവരെ ഒരു പുതപ്പിലായി കിടത്തിക്കൂടായെന്നും മാറ്റിക്കിടത്തണമെന്നും ഇസ്‌ലാം നിഷ്‌കര്‍ശിക്കുമ്പോള്‍, (മനുഷ്യനെ സൃഷ്ടിച്ച രക്ഷിതാവിന്നറിയാമല്ലോ മനുഷ്യ വികാര വിചാരങ്ങള്‍) അതില്‍ അടങ്ങിയിട്ടുള്ള രഹസ്യങ്ങള്‍ എന്തെല്ലാമുണ്ടെന്നത് ബുദ്ധി കൊടുത്ത് ചിന്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

ലോകത്ത് മുമ്പൊന്നും കേള്‍ക്കാത്ത പല രോഗങ്ങളും ഭീതിയോടെ കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവാരാണ് നാം. അതില്‍ ഏറ്റവും ഗുരുതരമാണല്ലോ എയ്ഡ്‌സ്. ഇത്തരം മ്ലേച്ഛതകള്‍ സമൂഹത്തില്‍ വ്യാപിക്കുമ്പോള്‍ മാരകമായ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് നബി ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. 

 മനുഷ്യന്‍ എന്ന നിലയ്ക്ക് തെറ്റുകള്‍ സംഭവിക്കാം. ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്നതില്‍ സംശയമില്ല.  

അല്ലാഹുവിന് വേണ്ടി ആത്മാര്‍ഥമായി ജീവിക്കുവാന്‍ ഒരുക്കമുള്ളവരെ അല്ലാഹു മ്ലേച്ഛതകളില്‍ നിന്ന് വഴി തിരിച്ചുവിടും. യൂസുഫ് നബി(അ)യെ കൊട്ടാരത്തിലെ സ്ത്രീ വശീകരിക്കുവാന്‍ ശ്രമിച്ചപ്പോഴും, അദ്ദേഹം അതില്‍ അകപ്പെടാതെ രക്ഷപ്പെടാനുണ്ടായ കാരണം അല്ലാഹു വിവരിക്കവെ അദ്ദേഹം നിഷ്‌കളങ്കനായിരുന്നുവെന്ന് പറയുന്ന് ശ്രദ്ധേയമാണ്. നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമകളായി അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സമയവും ആരോഗ്യവും സമ്പാദ്യവും ചെലവഴിച്ച് ജീവിക്കുമ്പോള്‍ ഇത്തരം മ്ലേച്ഛതകളില്‍ നിന്ന് അല്ലാഹുവിന്റെ കാവല്‍ ലഭിക്കുന്നതാണ്.

ഒരു സമൂഹത്തെ അല്ലാഹു കീഴ്‌മേല്‍ മറിക്കുവാന്‍ മാത്രം കാരണമായ കൊടും പാതകമായ ഈ തിന്മക്ക് അടിമപ്പെടുന്നവര്‍ അല്ലാഹു അത്തരക്കാര്‍ക്ക് ഇഹലോകത്ത് തന്നെ നല്‍കിയ ശിക്ഷയെ കുറിച്ച് പഠിച്ചറിയേണ്ടതുണ്ട്. ജീവിതം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിയന്ത്രണ വിധേയമാക്കി ക്ഷമയോടെ മുന്നോട്ടു പോകുവാനും ശ്രമിക്കേണ്ടതുണ്ട്. മ്ലേഛതകളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും മനുഷ്യന് ഒരു കവചമായിട്ടുള്ള അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിച്ചും കൂടെ ഐച്ഛിക നമസ്‌കാരങ്ങള്‍ അധികരിപ്പിച്ചും സുന്നത്തു നോമ്പുകള്‍, ക്വുര്‍ആന്‍ പാരായണം, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മുതലായവ വര്‍ധിപ്പിച്ചും ജീവിച്ചാല്‍ തെറ്റുകളില്‍നിന്നും അകന്ന് ജീവിക്കുവാന്‍ സാധിക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമപരമായി ഈ നീചവൃത്തിക്ക് പരിരക്ഷ ലഭിക്കുമ്പോള്‍ ഇത്തരം സ്വഭാവത്തിന് അടിമപ്പെട്ടവരെ ഇസ്‌ലാമിക അധ്യാപനങ്ങള്‍ കൊണ്ടല്ലാതെ രക്ഷപ്പെടുത്തുവാന്‍ സാധ്യമല്ല. സ്വവര്‍ഗ വിവാഹത്തിന് വേണ്ടി നിയമം കൊണ്ടുവരുവാനും, ഇതെല്ലാം വ്യക്തി സ്വാതന്ത്ര്യമായി കണ്ട്, അതിന് നിയമ സാധുത ഉണ്ടാക്കുവാനായി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുവാന്‍ പോലും മനുഷ്യര്‍ ഇക്കാലത്ത് തയ്യാറാകുന്നു എന്നത് ധാര്‍മികമായ അധഃപതനത്തിന്റെ അടയാളമാണ്. 

ഇത്തരം ദുഃസ്വഭാവക്കാര്‍ക്കായി ലോകത്ത് സംഘടനകളും അതിന്റെ പ്രചാരണത്തിനായി മാസികകളും, അവയ്ക്ക് ലക്ഷക്കണക്കിന് വരിക്കാരും ഉണ്ടെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഇവര്‍ക്കുള്ള സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം.

അല്ലാഹുവിന്റെ ദൂതന്‍ നല്‍കിയ ഉപദേശങ്ങളോടും താക്കീതുകളോടും ആ ജനത മുഖം തിരിഞ്ഞ് അഹങ്കാരികളും ധിക്കാരികളുമായി മാറിയപ്പോള്‍ അല്ലാഹു അവരെ ലോകത്തിന് ഒരു ദൃഷ്ടാന്തമായി നശിപ്പിച്ചു കളഞ്ഞു എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്.