മൂസാനബി(അ) ത്വുവാ താഴ്‌വരയില്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ജൂണ്‍ 02 1439 റമദാന്‍ 17

(മൂസാനബി(അ): 6)

മകളുടെ അഭിപ്രായം കേട്ട പിതാവ് മൂസാ(അ)യോട് പറഞ്ഞു: ''...നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു'' (ക്വുര്‍ആന്‍ 28:27,28).

ഇങ്ങനെയൊരു കരാര്‍ നല്ലവനായ ആ പിതാവും മൂസാ(അ)യും തമ്മില്‍ നടന്നു. പറഞ്ഞതുപോലെ എട്ടു വര്‍ഷമോ പത്തുവര്‍ഷമോ പൂര്‍ത്തിയാക്കുമെന്ന് മൂസാ(അ) സമ്മതിച്ചു. എട്ടുവര്‍ഷമാണെങ്കില്‍ വിരോധമുണ്ടാകരുതെന്ന് അദ്ദേഹം അപേക്ഷിക്കുകയും ചെയ്തു. 

നബി ﷺ ക്ക് പത്ത് വര്‍ഷത്തോളം സേവനം ചെയ്ത അനസ്(റ), നബി ﷺ യെക്കുറിച്ച് പറയുന്നത് കാണുക: ''ഞാന്‍ അല്ലാഹുവിന്റെ റസൂലിന് പത്ത് വര്‍ഷം സേവനം ചെയ്തു. അല്ലാഹുവാണെ സത്യം, ഛെ! എന്നൊരു വാക്കുപോലും എന്നോട് അവിടുന്ന് പറഞ്ഞിട്ടില്ല. ഒരു കാര്യത്തെക്കുറിച്ചും എന്തിന് അപ്രകാരം ചെയ്തു എന്നോ, നിനക്ക് ഇങ്ങനെ ചെയ്തുകൂടായിരുന്നോ എന്നോ എന്നോട് അവിടുന്ന് പറഞ്ഞിട്ടില്ല'' (മുസ്‌ലിം).

തൊഴിലാളിയെ ബുദ്ധിമുട്ടിക്കുവാന്‍ പാടില്ല. വാക്ക് കൊടുത്താല്‍ പാലിക്കണം. കൂലി തൊഴിലാളിയുടെ അവകാശമാണ്. ജോലി കഴിഞ്ഞാല്‍ തൊഴിലാളിയുടെ അവകാശം നല്‍കണം. 

ഞാന്‍ നിന്നെ നിനക്ക് കഴിയാത്ത ഒരു പണി ഏല്‍പിച്ച് പ്രയാസപ്പെടുത്തില്ലെന്നും, നല്ല നിലയ്‌ക്കേ നിന്നോട് ഞാന്‍ വര്‍ത്തിക്കുകയുള്ളൂവെന്നും, കരാര്‍ പാലിക്കുന്നതിലൂടെയും സത്യസന്ധത പുലര്‍ത്തുന്നതിലൂടെയും അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ സദ്‌വൃത്തനായി നിനക്ക് കാണാം എന്നും ആ പിതാവ് മൂസാ(അ)യോട് പറഞ്ഞു. അല്ലാഹുവിനെ സാക്ഷിയാക്കി മൂസാ(അ) ആ കരാര്‍ സമ്മതിച്ചു.

ഒരു പിതാവിന് ഒരാളോട് എന്റെ മകളെ വിവാഹം ചെയ്യുമോ എന്ന് ചോദിക്കുന്നതില്‍ വിരോധമില്ല. ഇവിടെ പിതാവ് മൂസാ(അ)യോട് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുന്ന കാര്യം അങ്ങോട്ട് പറഞ്ഞതാണല്ലോ. മൂസാ(അ) പിതാവിനോട് ആവശ്യപ്പെട്ടതല്ല. 

വിവാഹം സാധുവാകണമെങ്കില്‍ മഹ്ര്‍ നിര്‍ബന്ധമാണ്. മഹ്‌റായി ആഭരണം തന്നെ ആകണം എന്ന് വിചാരിക്കുന്നവരും ഉണ്ട്. അതും ശരിയല്ല. മൂല്യമുള്ള എന്തും മഹ്‌റായി നിശ്ചയിക്കാം. ഇവിടെ പിതാവ് മൂസാ(അ)യോട് മഹ്‌റായി ആവശ്യപ്പെട്ടത് കൂലി വേലയാണ്. വേറെ ഒന്നും നല്‍കാന്‍  അദ്ദേഹത്തിന് കഴിയില്ലെന്ന് ആ പിതാവിനും അറിയാം. എന്നാല്‍ മൂസാ(അ) നല്ല ആരോഗ്യമുള്ള വ്യക്തിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുമുണ്ട്. ആയതിനാല്‍ കൂലിവേലയാണ് മഹ്‌റായി നിശ്ചയിക്കപ്പെട്ടത്. ആഭരണം തന്നെ മഹ്‌റായാലേ ആ വിവാഹം സാധുവാകുകയുള്ളൂവെന്ന് ആരും മനസ്സിലാക്കരുത്. ഒരു ദിവസം നബി ﷺ യുടെ മുന്നില്‍ ഒരു സ്വഹാബി ഇരിക്കുകയാണ്. ആ സമയം ഒരു സ്ത്രീ വന്ന് നബി ﷺ യോട് അവളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു. നബി ﷺ  അല്‍പ സമയം ആലോചിച്ചു. എന്നിട്ട് നബി ﷺ  പറഞ്ഞു: 'ഇപ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.' ഇത് കേട്ട് നില്‍ക്കുന്ന ഒരു സ്വഹാബി നബി ﷺ യോട് 'എനിക്ക് വിവാഹം ചെയ്തു തരുമോ?' എന്ന് ചോദിച്ചു. നബി ﷺ  ചോദിച്ചു: 'നിന്റെ കയ്യില്‍ (മഹ്‌റായി) എന്താണ് ഉള്ളത്?' അദ്ദേഹം പറഞ്ഞു: 'എന്റെ കയ്യില്‍ ഒന്നുമില്ല.' നബി ﷺ  പറഞ്ഞു: 'വീട്ടില്‍ പോയി വല്ലതും കിട്ടുമോ എന്ന് ഒന്ന് പരതി നോക്കൂ.' അദ്ദേഹം വീട്ടില്‍ പോയി നോക്കി. ഒന്നും കിട്ടിയില്ല. അപ്പോള്‍ നബി ﷺ  ചോദിച്ചു: 'നിന്റെ പക്കല്‍ ഒരു ഇരുമ്പിന്റെ മോതിരമുണ്ടോ?' അദ്ദേഹം പറഞ്ഞു:  'അതും ഇല്ല.' നബി ﷺ  ചോദിച്ചു: 'നിനക്ക് ക്വുര്‍ആനില്‍ എത്ര മനഃപാഠമുണ്ട്?' അദ്ദേഹം പറഞ്ഞു:  'എനിക്ക് ഇന്നയിന്ന സൂറത്തൊക്കെ മനഃപാഠമുണ്ട്.' നബി ﷺ  പറഞ്ഞു: 'എങ്കില്‍ അത് അവളെ പഠിപ്പിക്കുക എന്നത് മഹ്‌റായി നിശ്ചയിച്ച് ഞാന്‍ നിനക്ക് അവളെ വിവാഹം ചെയ്തു തരാം.' 

എത്ര കൊല്ലമാണ് മൂസാ(അ) അവിടെ കഴിച്ചുകൂട്ടിയത്? താബിഉകളില്‍ പെട്ട സഈദ്ബ്‌നു ജുബയ്ര്‍(റ) പറയുകയാണ്: ''ഞങ്ങളില്‍ ക്വുര്‍ആനിനെ പറ്റി ഏറ്റവും കൂടുതല്‍ അവഗാഹത്തോടെ മനസ്സിലാക്കിയ ആളായിരുന്നു അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ). ഞാന്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് മൂസാ(അ) അവിടെ എത്ര വര്‍ഷം ജോലി ചെയ്തു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലായ മൂസാ(അ) പത്ത് വര്‍ഷം പൂര്‍ണമായും അവിടെ കഴിച്ചു കൂട്ടി.''

മഹ്‌റായി നിശ്ചയിച്ച അത്രയും കൊല്ലം അവിടെ കഴിച്ചു കൂട്ടിയതിന് ശേഷം അദ്ദേഹം തന്റെ കുടുംബത്തെയും കൂട്ടി സ്വദേശമായ ഈജിപ്തിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു.

''അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വതത്തിന്റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്റെ  കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീക്കായാമല്ലോ'' (ക്വുര്‍ആന്‍ 28:29).

ഈ സംഭവം സൂറഃ ത്വാഹയില്‍ നമുക്ക് ഇപ്രകാരം വായിക്കാം: ''മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും'' (ക്വുര്‍ആന്‍ 20:9,10).

വാസ്തവത്തില്‍ മൂസാ(അ) കണ്ടത് തീ ആയിരുന്നില്ല. അദ്ദേഹത്തിന് അങ്ങനെ തോന്നിയതിനാലാണ് അല്ലാഹു അതിനെ തീ എന്ന് പറഞ്ഞത്. 

മദ്‌യനില്‍ നിന്നും ഈജിപ്തിലേക്ക പോകുമ്പോള്‍ വഴിതെറ്റിയിരുന്നുവെന്ന് വിശദീകരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയിലായിരുന്നു ആ യാത്ര എന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിശൈത്യ സമയത്തുള്ള ഈ യാത്ര തുടരുമ്പോഴാണ് അങ്ങകലെ മൂസാ(അ) ആ തീ കാണുന്നത്. 'ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു' എന്ന് പറഞ്ഞതില്‍ നിന്നും ആ തീ കൂടെയുള്ളവര്‍ കണ്ടിട്ടില്ല എന്ന്  നമുക്ക് മനസ്സിലാക്കാം. 

'അവിടെ ചെന്നാല്‍ ആ തീയുടെ അടുത്ത് ആരെയെങ്കിലും കാണാന്‍ കഴിഞ്ഞേക്കും. അവരോട് വഴി ചോദിച്ചറിയാം. അല്ലെങ്കില്‍ അവിടെ നിന്നും ഒരു തീക്കൊള്ളിയെങ്കിലും കിട്ടിയേക്കും. അതുകൊണ്ട്   ഈ തണുപ്പില്‍ നിന്ന് ആശ്വാസം ലഭിക്കുവാനായി തീക്കായാം' എന്നെല്ലാം കുടുംബത്തോട് പറഞ്ഞ് അവരെ അവിടെ നിര്‍ത്തി മൂസാ(അ) ആ തീ കാണുന്ന ഭാഗത്തേക്ക് നടന്നു.

''അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ച യായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു'' (ക്വുര്‍ആന്‍ 28:30).

മുഹമ്മദ് നബി ﷺ  ഈ സംഭവത്തിന് സാക്ഷിയായിട്ടില്ലല്ലോ. പിന്നെ എങ്ങനെ കഴിഞ്ഞുപോയ ഈ ചരിത്രം അദ്ദേഹം അറിഞ്ഞു? അല്ലാഹു പറയുന്നു: 

''(നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്) സാക്ഷ്യംവഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. പക്ഷേ, നാം (പിന്നീട്) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യന്‍കാര്‍ക്ക്  നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല. പക്ഷേ, നാം ദൂതന്മാരെ നിയോഗിക്കുന്നവനായിരിക്കുന്നു. നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വതത്തിന്റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷേ, നിന്റെ  രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം'' (ക്വുര്‍ആന്‍ 28:44-46).

ചില പിഴച്ച സ്വൂഫീ ചിന്താഗതിക്കാര്‍ക്ക് ഈ കാര്യങ്ങള്‍ ക്വുര്‍ആന്‍ പറഞ്ഞ പ്രകാരം ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിട്ടില്ല. അവര്‍ വിശ്വസിക്കുന്നത് നബി ﷺ  മുന്‍ പ്രവാചകന്മാരുടെ കൂടെ ഉണ്ടായതിനാലാണ് അദ്ദേഹത്തിന് അവരുടെ ജീവിതത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത് എന്നാണ്. അല്ലാഹുവില്‍ അഭയം!

നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജനിച്ച ശൈഖ് ജീലാനിയെക്കുറിച്ച് നമ്മുടെ നാട്ടില്‍ പലരും വിശ്വസിക്കുന്നത് അദ്ദേഹം നൂഹ്‌നബി(അ)യുടെ കൂടെ കപ്പലിലും, ഇബ്‌റാഹീം നബി(അ)യെ തീയിലിട്ടപ്പോള്‍ അവിടെയും കൂടെ ഉണ്ടായിരുന്നുവെന്നാണ്! അത്തരം വികല വിശ്വാസങ്ങള്‍ സമൂഹത്തില്‍ പടര്‍ത്താന്‍ കെട്ടിയുണ്ടാക്കിയ ക്ഷുദ്ര കൃതികള്‍ മലയാളമണ്ണിലുണ്ട്. 

അല്ലാഹു തുടരുന്നു: ''അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ! തീര്‍ച്ചയായും ഞാനാണ് നിന്റെ രക്ഷിതാവ്. അതിനാല്‍ നീ നിന്റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക. തീര്‍ച്ചയയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്‌നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്'' (ക്വുര്‍ആന്‍ 20:11-16).

ഭൂമിയില്‍ വെച്ച് അല്ലാഹു നേരിട്ട് സംസാരിച്ച ഒരു വ്യക്തിയാണ് മൂസാനബി(അ). ആ പവിത്രമായ  താഴ്‌വരയില്‍ വെച്ച് അല്ലാഹു അദ്ദേഹത്തെ പ്രവാചകനായി നിശ്ചയിക്കുകയാണ്. അക്കാര്യം അല്ലാഹു അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും ചെയ്തു. വഹ്‌യ് അഥവാ ദിവ്യബോധനം നല്‍കപ്പെടുമ്പോള്‍ ആദ്യമായി മൂസാനബി(അ)ക്ക്അല്ലാഹു നല്‍കിയ വഹ്‌യ് എന്തായിരുന്നു? 'തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല' എന്നത് തന്നെ. അഥവാ തൗഹീദ് തന്നെ. എല്ലാ നബിമാര്‍ക്കും നല്‍കിയ അടിസ്ഥാന വിഷയമായ തൗഹീദില്‍ മൂസാനബി(അ)ക്ക് ദിവ്യസന്ദേശം ലഭിച്ചുതുടങ്ങി എന്ന് സാരം.  

ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചാണല്ലോ. ഒന്നാമത്തേത് സാക്ഷ്യവചനവും രണ്ടാമത്തേത് നമസ്‌കാരവും. ഇബാദത്തുകളുടെ കൂട്ടത്തില്‍ അതിപ്രാധാന്യമുള്ള ഒരു അനുഷ്ഠാനമാണ് നമസ്‌കാരം.

മൂസാനബി(അ)യോടും അല്ലാഹുവിന്റെ ഏകത്വത്തെ ഊന്നിപ്പറഞ്ഞ ശേഷം പറയുന്നത് നമസ്‌കാരത്തെക്കുറിച്ചാണ്. നമസ്‌കാരം എന്ന മഹത്തായ കര്‍മത്തിന്റെ പ്രാധാന്യം ഈ സന്ദര്‍ഭവും നമ്മെ അറിയിക്കുന്നുണ്ട്. അല്ലാഹു മൂസാനബി(അ)യോട് നേരിട്ടു പറഞ്ഞ അടിസ്ഥാന കാര്യങ്ങളില്‍ നമസ്‌കാരവും ഉള്‍പെട്ടിട്ടുണ്ട് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടുണ്ട്. ഇത്ര പ്രാധാന്യമുള്ള കര്‍മം അനുഷ്ഠിക്കുന്നതില്‍ നാം എത്ര ശ്രദ്ധയും സൂക്ഷ്മതയും കാണിക്കാറുണ്ടെന്നത് നാം ആലോചിക്കേണ്ടതുണ്ട്. 

നമസ്‌കാരം മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന് മാത്രം അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഒരു അനുഷ്ഠാനമല്ല. മുന്‍ സമുദായങ്ങളിലും അത് ഉണ്ടായിരുന്നു എന്ന് വ്യക്തം. ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിച്ചപ്പോള്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന നാം കണ്ടതാണല്ലോ. എന്നാല്‍ മുന്‍പ്രവാചകന്മാരിലൂടെ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരവും ഇന്നത്തെ നമസ്‌കാരവും ഒരുപോലെയായിരുന്നില്ല. അന്നത്തെ നമസ്‌കാരത്തിന്റെ രീതിയിലും ഭാവത്തിലും സമയത്തിലുമെല്ലാം വ്യത്യാസമുണ്ടായിരുന്നു. അല്ലാഹുവിന് വേണ്ടി സമയ ബന്ധിതമായി ആരാധന നിര്‍വഹിക്കുവാന്‍ നമുക്ക് മുമ്പുള്ള സമുദായക്കാരും കല്‍പിക്കപ്പെട്ടിട്ടുണ്ടാകും. അല്ലാഹുവാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍.

നമസ്‌കാരം അല്ലാഹുവിനെ ഓര്‍ക്കുന്നതിന് വേണ്ടിയാകണം എന്നാണല്ലോ മൂസാ(അ)യോട് അല്ലാഹു പറയുന്നത്. നമസ്‌കാരം അല്ലാഹു നിശ്ചയിച്ച സമയങ്ങളില്‍ കൃത്യമായ നിലക്ക് നിര്‍വഹിക്കുന്നുവെങ്കില്‍ ജീവിതം മുഴുക്കെ അല്ലാഹുവിനെ സംബന്ധിച്ചുള്ള ഓര്‍മ നിലനിര്‍ത്താന്‍ അത് സഹായകമാകും. നീചപ്രവര്‍ത്തനങ്ങളില്‍ നിന്ന് അത് നമ്മെ തടയുകയും ചെയ്യും. 

അന്ത്യദിനത്തെ സംബന്ധിച്ചും അല്ലാഹു മൂസാ(അ)യോട് ആ പരിശുദ്ധമായ താഴ്‌വരയില്‍ വെച്ച് സംസാരിച്ചു. അന്ത്യസമയം എപ്പോഴാണ് സംഭവിക്കുക എന്നത് അല്ലാഹു ഒരാളെയും അറിയിച്ചിട്ടില്ല. അല്ലാഹുവിന്റെ അടുക്കലാണ് അന്ത്യസമയത്തെ കുറിച്ചുള്ള അറിവ്. മുഹമ്മദ് നബി ﷺ ക്ക് പോലും അത് അറിയില്ല. ഓരോരുത്തരുടെയും മരണം അവന്റെ അന്ത്യ സമയമാണ്. അതും ആര്‍ക്കും അല്ലാഹു അറിയിച്ച് തന്നിട്ടില്ല. 

മരണത്തിന് മുമ്പായി അധ്വാനിച്ചാല്‍ അതിന്റെ ഗുണം നമുക്ക് തന്നെയാണ്. ഇങ്ങനെ ഒരു ജീവിതവും മരണവും അല്ലാഹു നമ്മില്‍ നിശ്ചയിച്ചത് തന്നെ ആരാണ് നമ്മില്‍ നന്നായി കര്‍മം ചെയ്യുന്നതെന്ന് പരീക്ഷിക്കുവാനാണല്ലോ.

അല്ലാഹുവില്‍ വിശ്വാസമില്ലാത്തവര്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നത് കണ്ട്, അതില്‍ വിശ്വാസി വഞ്ചിതനാകരുത്. അല്ലാഹുവില്‍ വിശ്വാസമുള്ളവരുടെ ജീവിതരീതി അല്ലാഹു നല്‍കിയ മാര്‍ഗ ദര്‍ശനമനുസരിച്ചുള്ളതാണെങ്കില്‍ അല്ലാഹുവില്‍ വിശ്വാസമില്ലാത്തവരുടെ ജീവിതരീതി ദേഹേച്ഛക്കനുസൃതമായിരിക്കും. (തുടരും)