അക്ഷമയും വേര്‍പാടും

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

മൂസാനബി(അ): 25

''അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊളിഞ്ഞുവീഴാന്‍ ഉദ്ദേശിക്കുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു'' (ക്വുര്‍ആന്‍ 18:77).

മൂന്നാമത്തെ  സംഭവമാണിത്. മൂസാനബി(അ)യും ഖദ്വിര്‍(അ)യും നടന്ന് ഒരു അന്യനാട്ടിലെത്തി. അവര്‍ ആ നാട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു.

(അതിഥിയെ സല്‍കരിക്കല്‍ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്ന ഒരു പുണ്യകര്‍മമാണ്. വന്നയാളെ മൂന്ന് ദിവസം അതിഥിയായി പരിഗണിക്കുകയും സല്‍കരിക്കുകയും ചെയ്യല്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള ആതിഥ്യ മര്യാദയില്‍ പെട്ടതാണ്. ആ മൂന്ന് ദിവസത്തിനിടയില്‍ നിങ്ങള്‍ എന്തിന് വന്നു എന്ന് പോലും ചോദിക്കാന്‍ അവകാശമില്ല. ആ മൂന്ന് ദിവസം അയാളുടെ അവകാശവും ശേഷമുള്ളത് ആതിഥേയര്‍ നല്‍കുന്ന ധര്‍മവുമാകുന്നു എന്നാണ് നബിﷺ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ അവരുടെ അതിഥികളെ ആദരിക്കട്ടെ എന്ന് നബിﷺ അരുളിയിട്ടുമുണ്ട്).

രണ്ടുപേരെയും ആ നാട്ടിലുള്ളവര്‍ അതിഥികളായി പരിഗണിച്ചില്ല. ചോദിച്ചിട്ടും ഭക്ഷണം നല്‍കിയില്ല. അങ്ങനെ അവര്‍ അവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോഴാണ് തകര്‍ന്നു വീഴാറായ ഒരു മതില്‍ കാണുന്നത്.  

ക്വുര്‍ആന്‍ അതിനെക്കുറിച്ച് പറഞ്ഞത് 'അപ്പോള്‍ പൊളിഞ്ഞുവീഴാന്‍ ഉദ്ദേശിക്കുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി' എന്നാണ്. മതില്‍ 'ഉദ്ദേശിച്ചു' എന്നാണ് പ്രയോഗം. ആലങ്കാരികമെന്നോ, ഭാഷയിലെ ഒരു പ്രയോഗമാണെന്നോ അതിനെപ്പറ്റി നാം പറയേണ്ടതില്ല. കാരണം, ക്വുര്‍ആന്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത് എങ്ങനെയാണെന്ന് നമുക്ക് അറിയുകയുമില്ല. ഉഹ്ദ് മലയെപ്പറ്റി 'ഈ പര്‍വതം നമ്മെ സ്‌നേഹിക്കുന്നു, നാം അതിനെയും സ്‌നേഹിക്കുന്നു' എന്ന് അവിടുന്ന് പറയുകയുണ്ടായി. അപ്പോള്‍ മലയുടെ സ്‌നേഹം എങ്ങനെയാണ്  എന്ന് നമുക്ക് അറിയില്ല. നാം അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതില്ല. ഇതുപോലെ വേറെയും സംഭവങ്ങള്‍ ഹദീഥില്‍ കാണുവാന്‍ സാധിക്കും. വിസ്താരഭയത്താല്‍ അതിലേക്ക് കടക്കുന്നില്ല. 

ആ മതില്‍ കണ്ട ഖദ്വിര്‍(അ) അതിനെ ശരിപ്പെടുത്തി. അത് എങ്ങനെയാണ് ചെയ്തതെന്ന് ക്വുര്‍ആന്‍ നമുക്ക് അറിയിച്ച് തന്നിട്ടില്ല. ചിലപ്പോള്‍ തന്റെ കൈകൊണ്ട് അതിനെ നിവര്‍ത്തിയതാകാം. അല്ലെങ്കില്‍ അതിന്റെ കേടുപാടുകള്‍ തീര്‍ത്ത് ശരിയാക്കിയതും ആകാം. ഏതായാലും ഖദ്വിര്‍(അ) അത് ശരിപ്പെടുത്തി. ഇത് കണ്ടപ്പോള്‍ മൂസാ(അ) ചോദിച്ചു: 'ഭക്ഷണം ചോദിച്ചപ്പോള്‍ നല്‍കാത്ത ഈ നാട്ടുകാരുടെ ഒരു മതില്‍ വീഴാറായത് കണ്ടപ്പോള്‍ ഒരു കൂലിയും വാങ്ങാതെ നിങ്ങള്‍ ശരിപ്പെടുത്തിയതെന്തിനാണ്? നിങ്ങള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് അവരില്‍ നിന്ന് അതിനുള്ള കൂലിയെങ്കിലും വാങ്ങായിരുന്നു.' വളരെ ശ്രദ്ധിച്ച് ആദരവോടെയാണ് മൂസാ(അ) ചോദിച്ചത്.

ഇനി ഒന്നും ചോദിക്കില്ലെന്നും ചോദിച്ചാല്‍ തന്നെ കൂടെ കൂട്ടേണ്ടതില്ലെന്നും മൂസാ(അ) ഖദ്വിര്‍(അ)ന്  വാക്ക് നല്‍കിയതാണല്ലോ. ഖദ്വിര്‍(അ) പറഞ്ഞു:

''അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ  പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം'' (ക്വുര്‍ആന്‍ 18:78).

'ഇനി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. നമുക്ക് ഇവിടെ വെച്ച് വേര്‍പിരിയാം. യാത്രക്കിടയില്‍ നിങ്ങള്‍ക്ക് അസഹ്യമായ ചില സംഭവങ്ങള്‍ ഉണ്ടായല്ലോ. അവയുടെ പൊരുളെന്തെന്ന് ഞാന്‍ വിശദീകരിച്ചുതരാം' എന്ന് മൂസാനബി(അ)യോട് ഖദ്വിര്‍(അ) പറഞ്ഞു. ഈ സംഭവം പറഞ്ഞു തരുന്ന നബിﷺ പറയുകയാണ്:

''അവരുടെ രണ്ടുപേരുടെയും കഥകള്‍ അല്ലാഹു നമുക്ക് കൂടുതല്‍ പറഞ്ഞു തരുന്നതുവരെ മൂസാ(അ) (കുറച്ച് കൂടി) ക്ഷമിച്ചിരുന്നെങ്കില്‍ എന്ന് നാം കൊതിച്ചുപോയി.''

ശേഷം, ഖദ്വിര്‍(അ) മൂസാനബി(അ)ക്ക് ഓരോ സംഭവത്തെ കുറിച്ചും വിവരിച്ച് കൊടുക്കാന്‍ തുടങ്ങി:

''എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു'' (ക്വുര്‍ആന്‍ 18:79).

ആദ്യ സംഭവം കപ്പലിന്റെ പലക മാറ്റിയതായിരുന്നുവല്ലോ. അതിന്റെ കാരണം മൂസാനബി(അ)ക്ക് ഖദ്വിര്‍(അ) വിവരിച്ചുകൊടുത്തു. 

ആ കപ്പല്‍ പാവങ്ങളുടെതായിരുന്നു എന്ന് പറഞ്ഞല്ലോ. ഇവിടെ സ്വാഭാവികമായും നമുക്ക് ഒരു സംശയം വന്നേക്കാം; കപ്പലിന്റെ ഉടമസ്ഥരായവര്‍ എങ്ങനെയാണ് പാവങ്ങളാവുക? ആ കപ്പലിന്റെ ആളുകളെക്കുറിച്ച് അല്ലാഹു തുടര്‍ന്ന് പറയുന്നത് അവര്‍ സമുദ്രത്തില്‍ ജോലി ചെയ്യുന്നവരാണ് എന്നാണല്ലോ. ആളുകളെ കയറ്റിയോ, മത്സ്യബന്ധനം നടത്തിയോ ഒക്കെ ജീവിതമാര്‍ഗം തേടുന്നവരാണ് അവര്‍ എന്നര്‍ഥം. 

'പാവങ്ങള്‍' എന്ന അര്‍ഥത്തില്‍ ക്വുര്‍ആന്‍ 'മിസ്‌കീന്‍' എന്നും 'ഫക്വീര്‍' എന്നും  പ്രയോഗിച്ചിട്ടുണ്ട്. രണ്ടിന്റെയും ഉദ്ദേശ്യത്തില്‍ വ്യത്യസ്തത കാണാനും കഴിയും. രണ്ടും ഒരേ സ്ഥലത്ത് വന്ന വചനമാണ് താഴെ കൊടുക്കുന്നത്:

''ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും... (ലില്‍ ഫുക്വറാഇ വല്‍ മസാകീന്‍)'' (ക്വുര്‍ആന്‍ 9:60).

ഈ രണ്ട് വിഭാഗക്കാരില്‍ സകാത്തിന് ഏറ്റവും അര്‍ഹര്‍ മിസ്‌കീനുകളെക്കാള്‍ ഫക്വീറുമാരാകുന്നു എന്ന് മനസ്സിലാക്കാം.

'ഫക്വീര്‍' എന്ന് പറഞ്ഞാല്‍ ഒന്നുമില്ലാത്തവരാണ്. ക്വുര്‍ആന്‍ പറയുന്നു:

''സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്മാര്‍ക്ക്  (അവകാശപ്പെട്ടതാകുന്നു ആ ധനം)'' (ക്വുര്‍ആന്‍ 59:8).

മുഹാജിറുകളിലെ ഫക്വീറുമാരെ കുറിച്ചാണ് ഇൗ വചനത്തില്‍ പരാമര്‍ശിക്കുന്നത്. അവര്‍ വീടും പറമ്പുമില്ലാത്ത, കടുത്ത ദരിദ്രന്മാരാണ്. ഇപ്രകാരം പ്രയാസം അനുഭവിച്ച് ജീവിക്കുന്നവരാണ് യഥാര്‍ഥ ഫക്വീറുമാര്‍. ഇവരാണ് സകാത്തിന്റെ അവകാശികളില്‍ ഒരു വിഭാഗം. രണ്ടാമത് പറഞ്ഞത് മിസ്‌കീന്‍മാരെ പറ്റിയാണല്ലോ. എന്താണ് അവരുടെ പ്രത്യേകത? അവര്‍ക്ക് പേരിന് ജോലിയും വരുമാനവുമെല്ലാം ഉണ്ടാകും. എന്നാല്‍ ജീവിതായോധനത്തിന് മതിയായ വരുമാനമുണ്ടാകില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവരായിരിക്കും അവര്‍. തങ്ങളുടെ ഇല്ലായ്മ അവര്‍ ആരെയും അറിയിക്കുകയുമില്ല. അവര്‍ക്കും സകാത്തില്‍ നിന്ന് നല്‍കണം എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്.

ഖദ്വിര്‍(അ) കേട് വരുത്തിയ കപ്പലിന്റെ അവകാശികള്‍ മിസ്‌കീന്മാരാണ് എന്നാണല്ലോ ക്വുര്‍ആന്‍ പറഞ്ഞത്. അഥവാ അവര്‍ കപ്പലിന്റെ ഉടമകള്‍ തന്നെയാണ്. എന്നാല്‍ അത് മുഖേന ധന്യരാകാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ജീവിതം മുന്നോട്ട് നയിക്കുവാന്‍ പ്രയാസമനുഭവിക്കുന്നരാണ് അവര്‍.

ഈ പാവങ്ങളുടെ പിന്നില്‍ ഒരു ദുഷ്ടനായ രാജാവ് വരുന്നുണ്ട്. അയാള്‍ നല്ല കപ്പലുകളെല്ലാം അയാളുടെ പട്ടാളത്തിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്നവനാണ്. ആ രാജാവ് ഈ കപ്പലിന്റെ  അരികിലൂടെ വരുമ്പോള്‍ കാണുക അതിന് ന്യൂനതയുള്ളതായിട്ടാണ്. അതിനാല്‍ ഈ പാവങ്ങളുടെ കപ്പല്‍ അയാള്‍ പിടിച്ചെടുക്കില്ല. രാജാവ് അവരെ വിട്ടുകടന്നാല്‍ ആ പലക പൂര്‍വ സ്ഥിതിയില്‍ വെച്ച് ശരിപ്പെടുത്തുകയും ചെയ്യാമല്ലോ. അപ്രകാരം ഖദ്വിര്‍(അ) പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

സഈദ് ബ്‌നു ജുബയ്ര്‍(റ) പറഞ്ഞു: ഇബ്‌നു അബ്ബാസ് (ഇപ്രകാരം) ഓതാറുണ്ടായിരുന്നു: ''അവരുടെ മുന്നില്‍ (അമാമഹും) എല്ലാ നല്ല കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.'' നേരത്തെ നാം കണ്ടത് 'വറാഅഹും' (അവരുടെ പിന്നില്‍) എന്നാണ്. രണ്ട് രൂപത്തിലും പാരായണം ഉണ്ട്. ഇവിടെ രണ്ടിന്റെയും ഉദ്ദേശം ഒന്നാണെന്ന് മുഫസ്സിറുകള്‍ വിവരിച്ചിതായി കാണാം. ക്വുര്‍ആനില്‍ ഈ നിലയ്ക്കുള്ള പ്രയോഗം കാണാവുന്നതാണ്. 

അവരുടെ യാത്രയിലെ രണ്ടാമത്തെ സംഭവത്തിന്റെ വിശദീകരണം ഖദ്വിര്‍(അ) മൂസാനബി(അ)ക്ക് നല്‍കുന്നത് കാണുക:

''എന്നാല്‍ ആ ബാലനാകട്ടെ അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു. അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു'' (ക്വുര്‍ആന്‍ 18:81).

ആ കുട്ടിയുടെ മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു; കുട്ടിയാകട്ടെ അവിശ്വാസിയും. ഇബ്‌നു അബ്ബാസ്(റ)വിന്റെ ക്വിറാഅത്ത് കുട്ടി അവിശ്വാസിയായിരുന്നു എന്നതിന് ബലം നല്‍കുന്നുമുണ്ട്.

അദ്ദേഹം ഇപ്രകാരം പാരായണം ചെയ്യാറുണ്ടായിരുന്നു: ''എന്നാല്‍ ആ ബാലനാകട്ടെ, അവന്‍ അവിശ്വാസിയും അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളുമായിരുന്നു.'' 

ഈ മാതാപിതാക്കള്‍ക്ക് അവന്‍ പ്രയാസം ഉണ്ടാക്കുമെന്ന് ഭയപ്പെട്ടതിനാലാണ് നാം അവനെ കൊന്നു കളഞ്ഞത്. അങ്ങനെ പേടിക്കാനുള്ള കാരണം, അവര്‍ ഇരുവരും അവനെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരും  അവന്‍ എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്കുന്നവരായിരുന്നു. അപ്പോള്‍ അവന്‍ വളര്‍ന്ന് വലുതായാല്‍ അവന്‍ അവരോട് അവിശ്വാസികാളാകാന്‍ കല്‍പിച്ചാല്‍ അതും അവര്‍ അനുസരിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവര്‍ അവിശ്വാസം സ്വീകരിച്ചാല്‍ അവരുടെ പരലോകം നഷ്ടമാകുമല്ലോ. അതിനാലാണ് നാം അവനെ കൊന്നത്. കുട്ടിയെ കൊല്ലലും മാതാപിതാക്കള്‍ സത്യവിശ്വാസം ഒഴിവാക്കി അവിശ്വാസം സ്വീകരിക്കലും പ്രയാസകരമായ കാര്യമാണ്. എന്നാല്‍ രണ്ടില്‍ ഗുരുതരം വിശ്വാസം നഷ്ടപ്പെടുത്തലാണല്ലോ. അപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ആ കുട്ടിയെ അദ്ദേഹം കൊന്നു. ഇനി മൂന്നാമത്തെ സംഭവം.

''ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൗവനം പ്രാപിക്കുകയും എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രായ പ്രകാരമല്ല ഞാന്‍ ചെയ്തത്. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്'' (ക്വുര്‍ആന്‍ 18:82).

ആ വീഴാറായ മതില്‍, പട്ടണത്തിലെ രണ്ട് അനാഥരായ മക്കളുടെതായിരുന്നു. അത് കേവലം ഒരു മതിലല്ല. അതിന് ഒരു പ്രത്യേകതയുണ്ട്. അതിന് ചുവട്ടില്‍ സ്വര്‍ണവും വെള്ളിയും അടങ്ങുന്ന നിധി നിക്ഷേപങ്ങള്‍ ഉണ്ട്.

ഈ മക്കളുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. നല്ല മനുഷ്യന്മാരുടെ പാരമ്പര്യത്തില്‍ ഉണ്ടായവരാണ് ഈ രണ്ട് മക്കളും. അവരുടെ പിതാവ് എന്ന് പറയുമ്പോള്‍; നേരെ പിതാവല്ല. അവരുടെ ഏഴാമത്തെ ഉപ്പാപ്പയാണെന്നും പത്താമത്തെ ഉപ്പാപ്പയാണെന്നും പറയപ്പെടുന്നുണ്ട്. എത്രയോ കാലം മുമ്പ് മരണപ്പെട്ട് പോയ സ്വാലിഹായ മനുഷ്യനാണ് അദ്ദേഹം.  എത്രയോ തലമുറകള്‍ക്ക് മുമ്പ് ചെയ്ത ഒരു പ്രവര്‍ത്തനത്തിന്റെ നേട്ടമാണ് ഈ രണ്ട് അനാഥ മക്കള്‍ക്ക് ലഭിക്കുന്നത്. അത് അല്ലാഹു അവരിലൂടെ ചെയ്ത ഒരു കാരുണ്യമായിരുന്നു. നാം ചെയ്യുന്ന ഒരു നന്മയുടെ ഗുണം ചിലപ്പോള്‍ എത്രയോ കാല ശേഷം വരുന്ന മക്കള്‍ക്ക് അനുഭവിക്കാവുന്ന നിലക്ക് അല്ലാഹു കരുണ ചെയ്യാനുള്ള സാധ്യത നാം വിസ്മരിച്ചുകൂടാ. 

എന്തിനാണ് ഖദ്വിര്‍(അ) മതില്‍ നേരെയാക്കിയത്? ആ മതില്‍ നിലംപൊത്തിയാല്‍, അതിന് താഴെയുള്ള നിധി ശേഖരം ആ നാട്ടുകാര്‍ കാണും. ആ നാട്ടുകാരുടെ സ്വഭാവം എങ്ങനെയാണെന്ന് വിശന്ന് ചെന്ന മൂസാനബി(അ)യും ഖദ്വിര്‍(അ)യും ഭക്ഷണം ചോദിച്ചപ്പോള്‍ അവര്‍ സ്വീകരിച്ച സമീപനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാമല്ലോ. ഈ നിധി കൂമ്പാരം കണ്ടാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ?! അനാഥ മക്കള്‍ക്ക് അത് ലഭിക്കുമോ? ഒരിക്കലുമില്ല. മക്കള്‍ക്കാകട്ടെ, അവരോട് മല്ലിട്ടും തര്‍ക്കിച്ചും അവരുടെ സ്വത്ത് നേടിയെടുക്കാനുള്ള പക്വതയും പ്രായവും ആയിട്ടുമില്ല. ബാലന്മാരാണല്ലോ അവര്‍. അപ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവര്‍ക്കത് ലഭിക്കണമെങ്കില്‍ ആ മതില്‍ തകരാതെ നില്‍ക്കുകയും വേണം. അങ്ങനെ നിലനിര്‍ത്തിയത് അല്ലാഹു അവരോട് കാണിച്ച കാരുണ്യമാണെന്ന് പറയേണ്ടതില്ലല്ലോ. 

മൂന്ന് സംഭവത്തിന്റെയും വിശദീകരണം നല്‍കിയതിന് ശേഷം ഖദ്വിര്‍(അ) പറഞ്ഞു; ഞാന്‍ ഈ കാര്യങ്ങളെല്ലാം ചെയ്തത് എന്റെ സ്വന്തം തീരുമാന പ്രകാരമോ, ഇഷ്ട പ്രകാരമോ അല്ല, അല്ലാഹു എനിക്ക് നല്‍കിയ നിര്‍ദേശ പ്രകാരമാണ് ചെയ്തത്. ഇതാണ് നീ അക്ഷമ കാണിച്ച കാര്യങ്ങളുടെ നിജസ്ഥിതി.

ഇവിടെ ക്വുര്‍ആനിലെ ഒരു പ്രയോഗം നാം ശരിക്കും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും പാരായണത്തില്‍ തന്നെ തെറ്റ് വരാന്‍ സാധ്യതയുള്ള ഒരു ഭാഗമായതിനാല്‍ ആ പ്രയാഗത്തെ സംബന്ധിച്ച് ചിലത് പറയുകയാണ്.

''അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ  പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ (മാലംതസ്തത്വിഅ്) അതിന്റെ ഈ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക്  അറിയിച്ച് തരാം'' (ക്വുര്‍ആന്‍ 18: 78).

''താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ (തസ്ത്വിഅ്) അതിന്റെ പൊരുളാകുന്നു അത്'' (ക്വുര്‍ആന്‍ 18:82).

ആദ്യവചനത്തില്‍ 'തസ്തത്വിഅ്' എന്നും രണ്ടാമത്തേതില്‍ 'തസ്ത്വിഅ്' എന്നുമാണുള്ളത്. അര്‍ഥം രണ്ട് പദത്തിനും ഒന്നു തന്നെയാണെങ്കിലും പാരായണ സമയത്ത് നാം ഈ നേരിയ വ്യത്യാസം ശ്രദ്ധിക്കണം.