മനസ്സില്‍ 'മതിലുകള്‍' തീര്‍ക്കാതിരിക്കുക
പത്രാധിപർ
2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21
'വനിതാ മതിലാ'ണിന്ന് കേരളത്തിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം! സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് അതില്‍ കണ്ണിയാക്കാന്‍ ശ്രമിക്കുന്നു... അത് വര്‍ഗീയ മതിലാണ്...ജാതിമതിലാണ്...അല്ല നവോത്ഥാന മതിലാണ്...സര്‍ക്കാര്‍ അതിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുകൂടാ...പ്രളയബാധിതരെ സഹായിക്കാന്‍ സ്വരൂപിച്ച പണം ഇതിന്റെ ചെലവിലേക്ക് എടുക്കാന്‍ സാധ്യതയുണ്ട്...ഇങ്ങനെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ സൈബര്‍ പോരാളികളും സജീവമാണ്.
വനിതാമതിലിനു പിന്നിലെ രാഷ്ട്രീയമോ മതമോ സദുദ്ദേശമോ ദുരുദ്ദേശമോ ഒന്നുമല്ല ഇവിടെ ചികയുന്നത്. അത് നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ. നമ്മുടേത് സ്വതന്ത്ര ജനാധിപത്യരാജ്യമായതിനാല്‍ ഇതിനൊക്കെയുള്ള സ്വാതന്ത്ര്യവുമുണ്ട്. ഹര്‍ത്താലുകളും മനുഷ്യച്ചങ്ങലകളും വനിതാമതിലുകളും പുരുഷ കോട്ടകളുമൊക്കെ സംഘടിപ്പിച്ചാല്‍ എന്തെങ്കിലും മാറ്റം നമ്മുടെ നാട്ടില്‍ ഉണ്ടാകുമെന്ന് ആരും വിചാരിക്കുന്നില്ല.
മനുഷ്യന്റെ മനസ്സില്‍ മതിലുകള്‍ ഉയരാതിരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയവും മതവുംജാതിയും നിറവും ഭാഷയും വിഭിന്നമായിരിക്കാം. എന്നാല്‍ ഈ വൈവിധ്യങ്ങള്‍ മനസ്സുകളില്‍ മതിലുകള്‍ തീര്‍ക്കാന്‍ കാരണമായിക്കൂടാ. മനുഷ്യനെ മനുഷ്യനായി കാണുവാന്‍ കഴിയുക എന്നതാണ് പ്രധാനം. പകയുടെ പുകമൂടിയ മനസ്സുമായി മസിലുപിടിച്ച് നടക്കുവാനല്ല; സ്‌നേഹത്തിന്റെ സൗമ്യഭാവത്തോടെ ജീവിക്കുവാനാണ് നാം ശ്രമിക്കേണ്ടത്.
വലിയ വലിയ ആശയങ്ങളും തത്ത്വങ്ങളും ആദര്‍ശങ്ങളുമൊക്കെ പ്രസംഗിക്കുവാന്‍ എളുപ്പമാണ്; അതിന് എമ്പാടും ആളുകള്‍ എന്നുമുണ്ടായിട്ടുണ്ട്, ഇന്നുമുണ്ട്. എന്നാല്‍ പറയുന്നത് പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുക്കാന്‍ പലര്‍ക്കും കഴിയാറില്ല; അതിന് ശ്രമിക്കാറില്ല എന്നതാണ് നേര്.
മത-രാഷ്ട്രീയ സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്ന അനവധിയാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. സഹിഷ്ണുത, വിട്ടുവീഴ്ച, സാഹോദര്യം, സഹകരണം എന്നിത്യാതി എല്ലാ മാനുഷികഗുണങ്ങളെക്കുറിച്ചും വാചാലരാകുന്ന പല പണ്ഡിതന്മാരിലും നേതാക്കന്മാരിലും ഈ ഗുണങ്ങള്‍ കാണാറേയില്ല എന്നതാണ് വാസ്തവം.
മനുഷ്യമനസ്സുകളില്‍ മതിലുകള്‍ തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടത്തുന്നവരെ സമൂഹം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത് പോലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും ആസൂത്രിത കലാപങ്ങളും പശുവിന്റെ പേരിലുള്ള തല്ലിക്കൊല്ലലുകളും നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിക്കൂടാ. മനസ്സകങ്ങളില്‍നിന്ന് മനുഷ്യത്വത്തിന്റെ അവസാന കണികയും വറ്റിപ്പോയവരായി നാം അധഃപതിച്ചു പോകരുത്.