മഴക്കാല രോഗങ്ങളും മുഴുക്കാല മാലിന്യങ്ങളും

പത്രാധിപർ

2018 ശവ്വാല്‍ 23 1439 ജൂലായ് 07

മഴക്കാലം വന്നതോടെ കേരളത്തിലെ ജനങ്ങള്‍ പലവിധ പകര്‍ച്ചവ്യാധികളെ ഭയന്ന് കഴിയുകയാണ്. നിപാ വൈറസിന്റെ ആക്രമണത്തിന് ശമനം കണ്ടുതുടങ്ങിയപ്പോഴേക്കും മഞ്ഞപ്പിത്തം ഭീതിവിതയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും ഒന്നിന് ശമനം കണ്ടുതുടങ്ങുമ്പോഴേക്കും മറ്റൊന്ന് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

വൃത്തിഹീനമായ ചുറ്റുപാടുകള്‍ക്ക് ഇതിലുള്ള പങ്ക് നിഷേധിക്കാന്‍ സാധ്യമല്ല. ഏറെ ശുചിത്വബോധമുള്ളവരും രണ്ടുനേരം കുളിക്കുന്നവരും ശുദ്ധിയുള്ള വസ്ത്രം ധരിക്കുന്നവരുമാണ് മലയാളികളെങ്കിലും ശുചിത്വം ഇപ്പോള്‍ സ്വന്തം വീടിനും മുറ്റത്തിനും അപ്പുറത്തേക്ക് ഇല്ലെന്നായിരിക്കുന്നു. ഗ്രാമങ്ങളും നഗരങ്ങളും മാലിന്യങ്ങളാല്‍ സമൃദ്ധമാണ്!

അങ്ങാടികളില്‍, ആശുപത്രി പരിസരങ്ങളില്‍, വഴിയോരങ്ങളില്‍, പുഴകളില്‍, കായലുകളില്‍... എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മാലിന്യക്കുമ്പാരങ്ങള്‍ മാത്രം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെങ്കിലും അവര്‍ തങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിക്കുന്നു. മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം പരത്തുന്നു. പകര്‍ച്ചവ്യാധികള്‍ പെരുകുന്നു.

ബസ്‌സ്റ്റാന്റിനും റെയില്‍വെസ്‌റ്റേഷനും അനുബന്ധമായി മൂത്രപ്പുരയും കക്കൂസുമൊക്കെ നിര്‍മിക്കുവാന്‍ ഔദാര്യം കാണിക്കുന്ന നഗരഭരണകൂടങ്ങള്‍ അവയുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക്  കൈമാറി ഉള്‍വലിയുന്നു. ഏജന്‍സി കാശുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നു. അവയുടെ ശുചിത്വത്തിന്റെ വിഷയത്തില്‍ ഭരണാധികാരികളും ശ്രദ്ധിക്കുന്നില്ല. നിവൃത്തിയില്ലാതെ മൂക്കുപൊത്തി 'കാര്യം സാധിക്കാന്‍' ചെന്നാല്‍ അവിടെയതാ ചുമരില്‍ ഞരമ്പുരോഗികളായ മലയാളികളുടെ മലിനമായ മനസ്സിന്റെ അടയാളമായി വൃത്തികെട്ട ചിത്രങ്ങളും അശ്ലീല 'സാഹിത്യ'വും!

നഗരം പുറന്തള്ളുന്ന മാലിന്യങ്ങള്‍ നഗരസമീപങ്ങളിലെ വെളിമ്പുറങ്ങളില്‍ തള്ളിയാല്‍ തദ്ദേശസ്ഥാപനങ്ങളുടെ ശുചീകരണ പ്രവര്‍ത്തനം കഴിഞ്ഞു. മാലിന്യങ്ങളെ വകതിരിച്ചു സംസ്‌കരിക്കാനും വളമാക്കിമാറ്റാനുമൊക്കെയുള്ള നൂതന മാര്‍ഗങ്ങളുണ്ടെങ്കിലും അതിലേക്കൊന്നും തിരിയാന്‍ നഗരസഭകള്‍ക്കും മറ്റും സമയമില്ല.

പൊട്ടിപ്പൊളിഞ്ഞ സെപ്റ്റിക് ടാങ്കുകളും സ്ലാബുകള്‍ തകര്‍ന്ന ഓടകളും ഹോട്ടലുകള്‍ക്ക് മുമ്പില്‍ പോലും കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരങ്ങളും നഗരക്കാഴ്ചകളാണ്. അധികാരത്തിനും പണത്തിനും വേണ്ടി സദാ കലഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഭരണച്ചെങ്കോലേന്തുന്നവരും ഈ ദുസ്ഥിതിക്കു നേരെ കണ്ണടക്കുന്നത് വല്ലാത്തൊരു അവസ്ഥയാണ്. രാ്രതിയില്‍ തട്ടുകടക്കാരും പകലില്‍ വഴിവാണിഭക്കാരും ഇട്ടേച്ചുപോകുന്ന അവശിഷ്ടങ്ങളില്‍ പുഴുക്കളരിക്കുന്നു, ഈച്ചകളാര്‍ക്കുന്നു, എലികള്‍ താവളമൊരുക്കുന്നു, കൊതുകുകള്‍ മൂളിപ്പറക്കുന്നു.

കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവുമിന്ന് വിഷലിപ്തമാണ്. രാസവളങ്ങളും കീടനാശിനികളുംകൊണ്ടുള്ള മാലിന്യങ്ങള്‍ക്ക് പുറമെ ലാഭത്തിനുവേണ്ടി ചേര്‍ക്കുന്ന മായങ്ങളും ആഹാരത്തെ വിഷമയമാക്കുന്നു.

ആത്മലാഭത്തിനപ്പുറം പരിസ്ഥിതിയുടെയും മനുഷ്യകുലത്തിന്റെയും സുരക്ഷ പരിഗണിച്ചുകൊണ്ടുള്ള മുേന്നാട്ടുപോക്ക് അനിവാര്യമാണ്.  ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് അത്തരമൊരു ജീവിതവീക്ഷണമാണ്. സ്വയം മാറാന്‍ നാം സന്നദ്ധരായാലേ മാറ്റം സാധ്യമാകൂ.