അക്രമം പരിസ്ഥിതിയോടുമരുത്

പത്രാധിപർ

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02

ഭൂമിയില്‍ മനുഷ്യന്‍ യാദൃച്ഛികമായി പിറന്നതല്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ അല്ലാഹു സൃഷ്ടിച്ചതാണ് മനുഷ്യരെയും മറ്റെല്ലാ സൃഷ്ടികളെയും.: ''അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?'' (ക്വുര്‍ആന്‍ 23: 115).

മനുഷ്യനു വേണ്ടിയാണ് അല്ലാഹു ഭൂമിയുള്ളതെല്ലാം സൃഷ്ടിച്ചിച്ചിരിക്കുന്നത്:  ''അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്...'' (ക്വുര്‍ആന്‍ 2:29).  

പ്രകൃതിയുമായുള്ള മനുഷ്യന്റെ ഏതൊരുതരം ഇടപെടലും തന്റെ ഉത്തരവാദിത്തങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. പ്രകൃതിയെ ദൈവസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ഇടി, മിന്നല്‍, മഴ, സൂര്യന്‍, ചന്ദ്രന്‍, അഗ്‌നി തുടങ്ങിയ പ്രകൃതിയിലെ വസ്തുക്കളെയും പ്രതിഭാസങ്ങളെയും ആരാധിക്കുകയും ചെയ്യുന്ന പ്രവണതകളെ ഇസ്‌ലാം വിരോധിക്കുന്നു. അല്ലാഹുവിന്റെ ഏകത്വത്തിനു നിരക്കാത്ത ആശയങ്ങളെയെല്ലാം ഇസ്‌ലാം തിരസ്‌കരിക്കുകയും ചെയ്യുന്നു.

എല്ലാവിധ അക്രമ പ്രവര്‍ത്തനങ്ങളെയും വിലക്കുന്ന മതമാണ് ഇസ്‌ലാം. ദൈവത്തില്‍ പങ്കുചേര്‍ക്കുക വഴി ദൈവത്തോടും ഉപദ്രവിക്കുക വഴി മനുഷ്യരോടും സൗകര്യങ്ങളെ ദുര്‍വിനിയോഗം ചെയ്യുക വഴി പ്രകൃതിയോടും ജീവജാലങ്ങളോടും ക്രൂരത കാണിക്കുക വഴി ഭൂമിയുടെ മറ്റവകാശികളോടും സ്വന്തത്തിനു ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ വഴി തന്നോടു തന്നെയും മനുഷ്യന്‍ അക്രമം ചെയ്യുന്നുണ്ട്.

''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം'' (ക്വുര്‍ആന്‍ 30:41).

മനുഷ്യരുടെ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ കാരണം അവരെ ഒന്നടങ്കം അല്ലാഹു നശിപ്പിക്കാത്തത് അവര്‍ക്ക് നേരത്തെ നിശ്ചയിച്ച അവധി പൂര്‍ത്തീകരിക്കാന്‍ ദൈവം ഇച്ഛിക്കുന്നതിനാലാണെന്നും ക്വുര്‍ആന്‍ പറയുന്നു: ''അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്...'' (ക്വുര്‍ആന്‍ 16:61).

ഒരാളോ ഒരുകൂട്ടമാളുകളോ ചെയ്തുകൂട്ടുന്ന അക്രമങ്ങളുടെ ദുരന്തഫലം അത് ചെയ്യുന്നവരെ മാത്രമല്ല ബാധിക്കുക. പ്രസ്തുത അന്യായത്തെയും അക്രമത്തെയും പ്രതിരോധിക്കാതെ നിസ്സംഗരായി നിന്ന വരെയും അതിന്റെ കെടുതികള്‍ ബാധിക്കുമെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു: ''ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 8:25).

കപ്പലിന് ദ്വാരമിടുന്നവന്‍ മാത്രമല്ല കപ്പലില്‍ വെള്ളം കയറി മരിക്കുക. തലക്കു വെളിവില്ലാത്തവന്‍ കപ്പലിന് ദ്വാരമുണ്ടാക്കുന്നത് നിസ്സംഗഭാവേന നോക്കിനില്‍ക്കുന്നവരും കപ്പല്‍ മുങ്ങുമ്പോള്‍ മുങ്ങിമരിക്കും. വനങ്ങള്‍ ഇല്ലാതാക്കിയും മലകളും കുന്നുകളും ഇടിച്ചുനിരപ്പാക്കിയും ഭൂമിയുടെമേല്‍ മര്‍ദം പെരുപ്പിക്കുന്ന വന്‍കിട ഡാമുകള്‍ പണിതും ജലാശയങ്ങള്‍ മലിനമാക്കിയും പ്രകൃതിയാകുന്ന കപ്പലിനു ദ്വാരമുണ്ടാക്കുന്നവരും അത്തരം അക്രമങ്ങളെ തടയാതെ മാറിനില്‍ക്കുന്നവരും ഒരുപോലെ അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.