ഭീകരവാദത്തിന്റെ ചാപ്പകുത്തല്‍

പത്രാധിപർ

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03

മര്‍ദകരും ചൂഷകരും മനുഷ്യത്വവിരുദ്ധരും കിരാതരുമായ ഭരണാധികാരികളും ഭരണകൂടങ്ങളും ചരിത്രത്തില്‍ നിരവധി കഴിഞ്ഞുപോയിട്ടുണ്ട്. വിശുദ്ധ ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഫിര്‍ഔനും നംറൂദുമൊക്കെ ആ വിഭാഗത്തില്‍ പെട്ടവരാണ്. ഹിറ്റ്‌ലറും പോള്‍പോട്ടും ഇദിഅമീനും സ്റ്റാലിനുമൊക്കെ അടുത്തകാലത്തായി കഴിഞ്ഞുപോയ മര്‍ദകരും സ്വേഛാധിപതികളുമാണ്. വര്‍ത്തമാനകാലത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇത്തരം സ്വേഛാധിപതികളായ തിന്മയുടെ ശക്തികള്‍ സത്യത്തിനും സത്യവാഹകര്‍ക്കും എതിരായി നടത്തിയിട്ടുള്ള കിരാതമായ നടപടികള്‍ മനുഷ്യരാശിയുടെ മൊത്തത്തിലുള്ള വെറുപ്പിനും അപ്രീതിക്കും കാരണമായിട്ടുണ്ട്. മര്‍ദകരെയും ഏകാധിപതികളെയും അംഗീകരിക്കുവാന്‍ മനുഷ്യസമൂഹം സര്‍വാത്മനാ തയ്യാറാവുകയില്ല. അതുകൊണ്ടാണ് മര്‍ദകരും ചൂഷകരും എക്കാലത്തും വെറുക്കപ്പെട്ട മാതൃകകളായി അവഗണിക്കപ്പെടുന്നത്. 

ജനങ്ങള്‍ക്കെതിരായ നടപടികളുമായി  ഭരണകൂടം രംഗത്ത് വരുമ്പോള്‍ അതിനെ ഭരണകൂട ഭീകരത എന്ന് വിശേഷിപ്പിക്കാം. മര്‍ദകരും സ്വാര്‍ഥമതികളും ജനദ്രോഹികളുമായ ഭരണകൂടങ്ങള്‍ക്കെതിരില്‍ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ എമ്പാടുമുണ്ട്. ചോദ്യം ചെയ്യാത്ത ആജ്ഞാനുവര്‍ത്തികളെ അന്വേഷിക്കുന്ന മര്‍ദകശക്തികള്‍ തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ചിത്രീകരിക്കുവാന്‍ ഉപേയാഗിക്കുന്ന വിശേഷണമാണ് ഭീകരവാദികള്‍ എന്നത്. യഥാര്‍ഥത്തില്‍ സ്വന്തം സ്വഭാവം പ്രതിയോഗികളില്‍ അടിച്ചേല്‍പിക്കുന്ന തന്ത്രമാണിത്. മര്‍ദകഭരണകൂടത്തിന്റെയും ദുശ്ശക്തികളുടെയും ഗൂഢാലോചനയുെട ഫലമായി ഭീകരവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ട നിരവധി വ്യക്തികളും ജനവിഭാഗങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. 

വംശീയവും വര്‍ഗീയവുമായ സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിറുത്തി ഭീകരവാദമെന്ന വിശേഷണം തങ്ങള്‍ക്ക് അനഭിമതരായവര്‍ക്കെതിരെ പ്രയോഗിക്കുന്ന പ്രവണത ഇന്ന് സജീവമാണ്. ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടങ്ങളെയും ചെറുത്തുനില്‍പുകളെയും യഹൂദഭീകരവാദികള്‍ ചിത്രീകരിക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമായാണ്. അവര്‍ക്ക് അവരുടെതായ അധീശത്വ-വംശീയ താല്‍പര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഫലസ്തീനികള്‍ നടത്തുന്ന ന്യായമായ ചെറുത്തുനില്‍പുകളെ അംഗീകരിക്കുവാന്‍ അവര്‍ക്ക് കഴിയില്ല.

നീതിക്കു വേണ്ടി പോരാടുന്ന ഫലസ്തീനികള്‍ നിര്‍ദയം കൊലചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 29 ഫലസ്തീനികളാണ് നിഷ്‌കരുണം ഇസ്‌റായേല്‍ സൈനികരാല്‍ കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ സ്ത്രീകളും കുട്ടികളുമടക്കം 1070 പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. 25 പേരുടെ നില ഗുരുതരമാണ്. ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തെ ഇസ്‌ലാമിക തീവ്രാദമെന്ന് മുദ്രകുത്തിയാണ് ഈ അറുകൊലകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.  

ഇസ്‌ലാമിക നാമധേയവും ആശയങ്ങളും കടന്നുവരികയും ബന്ധപ്പെടുകയും ചെയ്യുന്ന എന്തും ഭീരതയും ഭീകരവാദപ്രവര്‍ത്തനവുമായി ചിത്രീകരിക്കുന്ന ശീലം ആരംഭിച്ചത് സിയോണിസ്റ്റുകളാണ്. യഹൂദ വംശഭ്രാന്തിന്റെ തലതിരിഞ്ഞ ഈ ആശയം പിന്നീട് ചില പാശ്ചാത്യ മാധ്യമങ്ങളും ചിന്തകരും ഏറ്റെടുത്തു. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുതയുള്ള ആരും ഇസ്‌ലാമുമായി ബന്ധപ്പെട്ട എന്തിനെയും ഏതിനെയും ഭീകരതയും ഭീകരവാദപ്രവര്‍ത്തനവുമായി തെറ്റുധരിപ്പിച്ചു തുടങ്ങി. ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ ഇത് ഏറ്റെടുത്തു. ഇസ്‌ലാമിന്റെ ആശയങ്ങള്‍, ചിഹ്നങ്ങള്‍, വസ്തുക്കള്‍, പേരുകള്‍, ഗ്രന്ഥങ്ങള്‍, സ്ഥാപനങ്ങള്‍, മതപഠനകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഭീകരതയുടെ മുഖം കാണുന്നവരാണിന്ന് ഇക്കൂട്ടര്‍. ഒരാള്‍ അടിയുറച്ച ഒരു മുസ്‌ലിമാണ് എങ്കില്‍ അയാള്‍ ഭീകരവാദി തന്നെ എന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രത്യയശാസ്ത്ര മലിനീകരണം സംഘപരിവാര്‍ ഘടകങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. 

ഇസ്‌ലാം വിശ്വാസികളെ വാര്‍ത്തെടുക്കുന്നത് ഇതരമതസ്ഥരുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടല്ല. മറിച്ച് മുസ്‌ലിംകള്‍ പ്രമാണബദ്ധമായി ജീവിതം ക്രമീകരിച്ചും ആത്മപരിശോധന നടത്തിയും സ്വജീവിതം വെളിച്ചമയമാക്കിക്കൊണ്ടാണ്. കുപ്രചരണങ്ങള്‍ കൊണ്ട് ഇസ്‌ലാമിന്റെ ദീപ്തിക്ക് മങ്ങലേല്‍ക്കില്ലെന്നതിന് കാലം സാക്ഷിയാണ്.