മാധ്യമങ്ങളുടെ സാംസ്‌കാരിക സ്വാധീനം

പത്രാധിപർ

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആയുധം എന്ന് വിശേഷിപ്പിക്കപ്പെട്ട മാധ്യമങ്ങള്‍ മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന നല്ലതും ചീത്തയുമായ സ്വാധീനങ്ങള്‍ ഏറെയാണ്. സാമൂഹ്യജീവിതത്തില്‍ ബഹുജനമാധ്യമങ്ങള്‍ ചെലുത്തുന്ന ഈ സ്വാധീനങ്ങളുടെ വൈപുല്യം പലനിലകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ ആരംഭിക്കുന്ന പുസ്തക, പത്ര, മാസികാ പ്രസിദ്ധീകരണ സംസ്‌കാരം, രണ്ടാം പകുതിയില്‍ സജീവമായി. ആധുനികതയുടെ ഇടപെടല്‍ മണ്ഡലങ്ങളായി കരുതിപ്പോരുന്ന നാനാതരം സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്കു വഴിവച്ചത് മുഖ്യമായും അച്ചടി സാങ്കേതികതയും സാക്ഷരതയും വായനയുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി അവസാനിക്കുന്നതാകട്ടെ, അച്ചടിക്കൊപ്പം റേഡിയോ, സിനിമ എന്നീ രണ്ടു പുതിയ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെയാണ്. 

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാകട്ടെ ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നിവയുടെ വരവിനും വളര്‍ച്ചയ്ക്കും സാക്ഷിയായി. അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളൊന്നടങ്കം ഇന്റര്‍നെറ്റ് സൃഷ്ടിച്ച അപാരമായ ഇടപെടല്‍ സാധ്യതകള്‍ സ്വീകരിച്ച് കൂടുതല്‍ കരുത്താര്‍ജിച്ചു. 

ആഗോളതലത്തിലും ദേശീയതലത്തിലും കഴിഞ്ഞ കാല്‍നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ശ്രദ്ധേയമായ സാമൂഹ്യപ്രതിഭാസങ്ങളിലൊന്നാണ് മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കുണ്ടായ അഭൂതപൂര്‍വമായ പ്രചാരവും പ്രസക്തിയും. കേരളത്തില്‍ തന്നെ നിരവധി മനുഷ്യാവകാശ, വിവരാവകാശ പ്രവര്‍ത്തകരും സംഘടനകളും തുടക്കംകുറിച്ച സാമൂഹ്യ ഇടപെടലുകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയും പ്രചാരവും അഭിനന്ദനീയമാണ്.

പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് നവമാധ്യമങ്ങള്‍ക്കുള്ള ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് അവയുടെ ആശയ വാര്‍ത്താവിനിമയ സാധ്യതയാണ്. ഏറ്റവും കുറഞ്ഞ ചെലവിലും കൂടിയ വേഗത്തിലും ആഗോള പൗരന്മാരായി മാറാന്‍ നവമാധ്യമങ്ങള്‍ വ്യക്തികളെ സഹായിക്കുന്നു. 

മാധ്യമങ്ങളുടെ സ്വാധീന ഫലമായി സംഭവിക്കുന്ന പൊതുസമൂഹ പരിണാമങ്ങളാണ് നവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഊര്‍ജസ്രോതസ്സ്. ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് മാധ്യമങ്ങള്‍-വിശേഷിച്ചും ടെലിവിഷന്‍, സാമൂഹ്യ മാധ്യമങ്ങള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ- നല്‍കുന്ന പ്രചാരവും പിന്‍ബലവും ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്.  

ഉപഭോഗസംസ്‌കാരത്തെ ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്തവിധം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറ്റുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. വിപണിതാല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടോ മറികടന്നുകൊണ്ടോ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല എന്നിടത്തോളം എത്തിയിരിക്കുന്നു കാര്യങ്ങള്‍.

വംശീയത, മതവിദ്വേഷം, ജാതീയത, വര്‍ഗീയത തുടങ്ങിയവയെ ഊട്ടിയുറപ്പിക്കുന്നതിലും എതിര്‍ത്ത് തോല്‍പിക്കുന്നതിലും മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ വിസ്മരിച്ചു കൂടാ. ഒട്ടനേകം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അശരണരും അഗതികളുമായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിലും ജനങ്ങളെ പ്രേരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.