വിശ്വാസികള്‍ വിശ്വാസികളാവുക

പത്രാധിപർ

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

ഇസ്‌ലാം സമര്‍പ്പണത്തിന്റെ മതമാണ്. ശരീരവും സമ്പത്തും ആരാധനയും എന്നു മാത്രമല്ല ജീവിതവും മരണവും സ്രഷ്ടാവിന് സമര്‍പ്പിക്കുവാന്‍ സന്നദ്ധനാകുന്നവനാണ് മുസ്‌ലിം. 

''പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു'' (ക്വുര്‍ആന്‍ 6:162).

സ്രഷ്ടാവിലുള്ള വിശ്വാസം അതിന്റെ ശരിയായ രൂപത്തിലല്ലെങ്കില്‍ നിഷ്ഫമായ ഒരു സങ്കല്‍പം മാത്രമായിരിക്കും അത്. വിശ്വാസം ശരിയാകാത്തിടത്ത് കര്‍മങ്ങളും നിഷ്ഫലമായിരിക്കുക സ്വാഭാവികമാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: 

''ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല'' (4:124).

സ്രഷ്ടാവില്‍ വിശ്വസിക്കുമ്പോള്‍ ആ സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനം ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. സ്രഷ്ടാവിന്റെ താല്‍പര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ. 

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക...'' (ക്വുര്‍ആന്‍ 7:3).

ജീവിതം അതിന്റെ ദിശയിലും വിശ്വാസം അതിന്റെ ദിശയിലും നീങ്ങുകയും ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമായി വിശ്വാസം ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. വ്യക്തിയുടെ ജീവിതത്തില്‍ സമൂലമായി  സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമായി വിശ്വാസം മാറേണ്ടതുണ്ട്. കര്‍മങ്ങളിലേക്കുള്ള പ്രേരണകള്‍ വിശ്വാസത്തില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ വിശ്വാസം കേവലം മാനസികമായ പ്രവൃത്തി മാത്രമായിത്തീരും. 

'വിശ്വാസികളേ, നിങ്ങള്‍ വിശ്വാസികളാവുക' എന്ന വിശുദ്ധ ക്വുര്‍ആനിലെ ആഹ്വാനം ഏറെ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്: ''സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍...'' (ക്വുര്‍ആന്‍ 4:136).

വിശ്വാസികളെ വിളിച്ചുകൊണ്ട് വിശ്വാസികളാകുവിന്‍ എന്ന് കല്‍പിക്കുമ്പോള്‍ വിശ്വാസം ദൃഢീകരിക്കേണ്ടതിന്റെ ആവശ്യം ബോധ്യമാകുന്നു. അതോടൊപ്പം പ്രവര്‍ത്തനങ്ങളിലൂടെയുള്ള വിശ്വാസ പ്രതിഫലനത്തിന്റെ ആവശ്യകതയും അത് മനസ്സിലാക്കിത്തരുന്നു.

അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നത് വിനാശകരമായ പാപമാണെന്ന് വ്യക്തമാക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്ത് നമസ്‌കരിച്ച ശേഷം സ്വന്തം കച്ചവട സ്ഥാപനത്തില്‍ ചെന്ന് അളന്നും തൂക്കിയും കൊടുക്കുമ്പോള്‍ കുറവുവരുത്തിക്കൊടുക്കുന്ന കച്ചവടക്കാരന്‍ എങ്ങനെ യഥാര്‍ഥ മുസ്‌ലിമാകും? 

വ്യക്തിജീവിതവും സാമൂഹ്യജീവിതവും കുടുംബജീവിതവും ഒരുപോലെ ഇസ്‌ലാമികമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഒരാള്‍ യഥാര്‍ഥ വിശ്വാസിയാവുകയുള്ളൂ എന്ന് ചുരുക്കം.