ധനവും ദാരിദ്ര്യവും
പത്രാധിപർ
2018 ശവ്വാല്‍ 02 1439 ജൂണ്‍ 16
ഇസ്‌ലാം ധനസമ്പാദനത്തെ പ്രോല്‍സാഹിപ്പിക്കുകയും അതോടൊപ്പം അതിനായി തിന്മയുടെ വഴികള്‍ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്ത മതമാണ്. ധനം ഭൗതിക ലോകത്തിലെ അലങ്കാരവും പരീക്ഷണവുമാണ് എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ഇസ്‌ലാമിക പ്രമാണങ്ങള്‍ ധനത്തോട് അമിതമായ ആര്‍ത്തികാണിക്കരുതെന്ന് നിര്‍ദേശിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി ദാനധര്‍മം ചെയ്യാന്‍ കല്‍പിക്കുകയും അതിന്റെ പുണ്യം എടുത്തുപറയുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു:
''നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കന്നും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍'' (ക്വുര്‍ആന്‍ 2:177).
ദാരിദ്ര്യനിര്‍മാര്‍ജനം പ്രത്യേക അജണ്ടയായിത്തന്നെ സ്വീകരിച്ച വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങളും ധനികരും വികസനത്തിന്റെ പേരില്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന നിലപാടാണ് കാലങ്ങളായി സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാണ്. പുനരധിവാസ സൗകര്യമോ നീതിയുക്തമായ നഷ്ടപരിഹാരമോ നല്‍കാതെ ഒരുപ്രദേശത്തെ ജനങ്ങളെ മുഴുവന്‍ കുടിയൊഴിപ്പിച്ച് വന്‍കിട വ്യവസായശാലകകള്‍ തുടങ്ങുക, അനിയന്ത്രിതമായി ജലം ഊറ്റിയടുത്ത് ജനങ്ങള്‍ക്ക് ജലദൗര്‍ലഭ്യതയുണ്ടാക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കുക, ആദിവാസികളെ ആട്ടിപ്പായിച്ച് ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ പണിയുക തുടങ്ങിയവ ഉദാഹരണം.
സമ്പന്ന രാജ്യങ്ങളും സമ്പന്നരും വിവേകത്തോടെയും കാര്യബോധത്തോടെയും സമ്പത്ത് ചെലവഴിക്കുകയാണെങ്കില്‍ ദാരി്രദ്യത്തിന് ഒരുപരിധിവരെ ശമനമുണ്ടാകുമായിരുന്നു; പട്ടിണിമരണങ്ങളുടെ തോത് കുറച്ചുകൊണ്ടുവരാമായിരുന്നു. സമ്പത്ത് ധനികര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെട്ടുകൂടാ എന്ന ഇസ്‌ലാമിന്റെ മാനവികനിലപാട് ഇവിടെയാണ് പ്രസക്തമാകുന്നത്.
''അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്...'' (ക്വുര്‍ആന്‍ 59:7).
ദരിദ്രരുടെ അവകാശത്തെക്കുറിച്ച് ഇബ്‌നുഹസം പറഞ്ഞു: ''ഓരോ നാട്ടിലെയും സമ്പന്നര്‍ അവിടത്തെ ദരിദ്രരെ സംരക്ഷിക്കേണ്ടതാണ്. മുസ്‌ലിംകളുടെ ദാനവും മറ്റു വിഭവങ്ങളും തികയാതെവന്നാല്‍ അതില്‍ കൂടുതല്‍ നല്‍കാന്‍ ഭരണകൂടം അവരെ നിര്‍ബന്ധിക്കേണ്ടതാണ്. ഭക്ഷണവും ഉഷ്ണ ശൈത്യകാല വസ്ത്രങ്ങളും മഴ, തണുപ്പ്, യാത്രക്കാരുടെ ഉപദ്രവം എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കുന്ന വീടുമാണ് ദരിദ്രരുടെ അവകാശം'' (അല്‍മുഹല്ല 2/1566).