ഇസ്‌ലാം ആവശ്യപ്പെടുന്നത്

പത്രാധിപർ

2018 മെയ് 26 1439 റമദാന്‍ 10

മനുഷ്യപ്രകൃതി നന്മയും തിന്മയും ചെയ്യുവാനുള്ള ചോദനകളുള്ളതാണ്. ഭൗതിക വളര്‍ച്ചക്കും പുരോഗതിക്കും പരമാവധി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യമനസ്സിന്റെ ആത്മനിയന്ത്രണത്തിനും വിവേകപൂര്‍ണമായ തെരഞ്ഞെടുപ്പിനും പ്രേരിപ്പിക്കുന്നത് അവനിെല ധാര്‍മികബോധമാണ്. വ്യക്തി, കുടുംബം സമൂഹം എന്നിവയുടെയെല്ലാം ഗുണപരമായ വളര്‍ച്ചക്ക് ഇത് അനിവാര്യവുമാണ്. അല്ലാഹു പറയുന്നു:

''മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു'' (ക്വുര്‍ആന്‍ 91:7-10).

ജന്മനാ നിഷ്‌കളങ്കനും നിസ്വാര്‍ഥനുമായ മനുഷ്യന്‍ പിറന്നുവീഴുന്ന ലോകത്തെ, മരണശേഷം തിരിച്ചു ചെല്ലേണ്ട ലോകെത്തക്കാള്‍ മികച്ചതായി കാണുകയും അതിന് അമിത പ്രാധാന്യം നല്‍കുകയും ചെയ്യുന്നതോടെ പ്രലോഭനങ്ങളും ഇച്ഛകളും അതില്‍ മേധാവിത്തം സ്ഥാപിക്കുന്നു. ഇത് മനുഷ്യസഹജമായ ധാര്‍മികബോധത്തെയും സദാചാര നിഷ്ഠയെയും തളിപ്പറയുന്നതിന് കാരണമായി മാറുന്നു. താന്‍ ഇടപെടുന്നത് ഏത് രംഗത്തായാലും ധാര്‍മികതയുടെ പരിധി ലംഘിക്കാത്തവിധം പ്രവര്‍ത്തിക്കുവാനും നേതൃത്വപരമായ പങ്ക് വഹിക്കുവാനും ഒരാള്‍ പ്രാപ്തി നേടുമ്പോഴാണ് സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിപരമായ ബാധ്യത നിര്‍വഹിക്കുവാനാവുക. 

അവകാശങ്ങളും ബാധ്യതകളും പരസ്പര പൂരകങ്ങളാണ്. രണ്ടിലൊന്ന് നിഷേധിക്കുന്നതോടെ മറ്റേതിന് വേണ്ടി വാദിക്കാനുള്ള ധാര്‍മികത നഷ്ടമാകും. സ്രഷ്ടാവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും ജീവിക്കുന്ന മനുഷ്യന്‍ സ്രഷ്ടാവിനോടും സഷ്ടികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ അത് വലിയ നന്ദികേട് തന്നെയാണ്. അല്ലാഹു പറയുന്നു: 

''അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 28:77).

സമൂഹത്തില്‍നിന്നും അന്യവല്‍കരിക്കപ്പെട്ട ജീവിതം മനുഷ്യന് അസഹ്യവും അസ്വീകാര്യവുമാണ്. വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും സമൂഹത്തില്‍ പ്രതികരണങ്ങളുണ്ടാക്കും. മാതാവിനെയും സഹോദരിയെയും ഭാര്യയെയും അയല്‍ക്കാരിയെയും പരസ്പരം തിരിച്ചറിയുന്ന, സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനും മാനവിക ബന്ധങ്ങളെ ശക്തമായി നിലനിര്‍ത്തുന്നതിനും ഉതകുന്ന; സത്യസന്ധത, നീതി, സഹിഷ്ണുത, കാരുണ്യം തുടങ്ങിയ മുഴുവന്‍ സ്വഭാവഗുണങ്ങളെയും ഉന്നതമായി ഗണിക്കുന്ന; അസൂയ, പക, ശത്രുത, കൊല, വഞ്ചന തുടങ്ങിയ എല്ലാ ദുര്‍ഗുണങ്ങളെയും ഹീനമായി കരുതുന്ന, സദാചാരമൂല്യങ്ങളെ തകര്‍ക്കുന്നതെന്തും വലിച്ചെറിയാനുള്ള ശക്തി പകര്‍ന്നുനല്‍കുന്ന ധാര്‍മികബോധം മനുഷ്യന്റെ നിലനില്‍പിന് അത്യാവശ്യമാണ്. ഇതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നതും.