സഹിഷ്ണുതയുള്ളവനാകണം മുസ്‌ലിം

പത്രാധിപർ

2018 ഏപ്രില്‍ 14 1439 റജബ് 27

മനുഷ്യന്റെ ബുദ്ധിയും ചിന്തയും അറിവും അഭിരുചികളുമെല്ലാം വ്യത്യസ്ത തരത്തിലാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ വീക്ഷണങ്ങളിലും ആശയങ്ങളിലും വ്യത്യാസമുണ്ടാവുക സ്വാഭാവികം. ഒരാള്‍ക്ക് ശരിയായി തോന്നുന്നത് മറ്റാരാള്‍ക്ക് െതറ്റായി തോന്നിയേക്കാം. തന്റേതു മാത്രമാണ് ശരിയായ ആദര്‍ശമെന്ന് ഒരാള്‍ക്ക് വിശ്വസിക്കാനും അത് പ്രഖ്യാപിക്കാനും അവകാശമുണ്ട്. എന്നാല്‍ തന്റേതല്ലാത്ത മറ്റൊന്നിനും നിലനില്‍ക്കാന്‍ അവകാശമില്ല എന്ന ചിന്ത പാടില്ല. അത്തരം സഹിഷ്ണുതയില്ലാത്ത നിലപാട് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. സ്വതന്ത്രമായി ചിന്തിക്കാനും ഇഷ്ടമുള്ളത് തെരെഞ്ഞടുക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നുണ്ട്. 
 

''പറയുക: സത്യം നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവന്‍ അവിശ്വസിക്കട്ടെ'' (ക്വുര്‍ആന്‍ 18:29).

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന, മറ്റു മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന മതമാണ് ഇസ്‌ലാം എന്ന വാദത്തെ ഈ വചനം നിഷേധിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: 

''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു...'' (ക്വുര്‍ആന്‍ 2:256).

ഇസ്‌ലാമിന്റെ ഏറ്റവും ഉന്നതവും ഉദാത്തവുമായ മാതൃകാ സമൂഹമായി അറിയപ്പെടുന്ന മുഹമ്മദ് നബി ﷺ യുടെയും സ്വഹാബികളുടെയും കാലഘട്ടം പരിശോധിച്ചാല്‍ മാനുഷികമായ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകകളാണ് നമുക്ക് കാണാന്‍ കഴിയുക.

ആദള്‍ശപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മാനുഷികമായ ബന്ധങ്ങളും പരിഗണനകളും കാത്തു സൂക്ഷിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. നബി ﷺ യും അബൂബക്കര്‍്യവും ഹിജ്‌റ പോകുമ്പോള്‍ വഴികാട്ടിയായി സ്വീകരിച്ചത് മുസ്‌ലിമല്ലാത്ത ഒരു വ്യക്തിയെയായിരുന്നു. മദീന കാലഘട്ടത്തില്‍ ജൂത-ക്രൈസ്തവരുമായി സ്‌നേഹബന്ധത്തിലും സൗഹൃദ ചര്‍ച്ചകളിലും ഏര്‍പെടുവാന്‍ നബി ﷺ മടികാണിച്ചിരുന്നില്ല. നബി ﷺ മുസ്‌ലിംകളായ അനുയായികളുണ്ടായിട്ടും തന്റെ പടയങ്കി ഒരു ജൂതന്റെ പക്കല്‍ പണയം വെച്ച സംഭവം പ്രസിദ്ധമാണ്. 

എന്നാല്‍ അതൊന്നും ആദര്‍ശം ബലികഴിച്ചുകൊണ്ടായിരുന്നില്ല. മറ്റു മതസ്ഥരുമായി യാതൊരു ബന്ധവും സഹകരണവും പാടില്ലെന്ന നിലപാട് സ്വീകരിച്ചവരും ആദര്‍ശം ബലികഴിച്ചിട്ടാണെങ്കിലും എല്ലാ കാര്യങ്ങളിലും സഹകരിക്കണെമന്ന് പറയുന്നവരും വാസ്തവത്തില്‍ ഇസ്‌ലാമിക നിലപാടുകാരല്ല. അവിശ്വാസികളായ മാതാപിതാക്കളോട് ഒരു മുസ്‌ലിമിന്റെ സമീപനം എന്തായിരിക്കണം എന്ന് വ്യക്തമാക്കുന്ന ക്വുര്‍ആന്‍ വചനം ഇത് വ്യക്തമാക്കുന്നുണ്ട്. 

''നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് പങ്ക് ചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍ അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ല നിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ സ്വീകരിക്കുകയു ചെയ്യുക''(ക്വുര്‍ആന്‍ 31:15). 

അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയര്‍ നിറച്ച് ആഹരിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന് പറഞ്ഞ നബി ﷺ ആ അയല്‍വാസിയുടെ ജാതിയും മതവും നോക്കാന്‍ പറഞ്ഞിട്ടില്ല. ഉപദ്രവിച്ചവരോടു പോലും നല്ലനിലയില്‍ പെരുമാറുകയും മാപ്പ് നല്‍കുകയും ചെയ്ത മുഹമ്മദ് നബി ﷺ യുടെ മാര്‍ഗം പിന്‍പറ്റി ജീവക്കുന്ന ആര്‍ക്കും സഹിഷ്ണുതയില്ലാതെ ജീവിക്കുവാന്‍ കഴിയില്ല. ആ മാതൃക പിന്‍പറ്റിക്കൊണ്ട് മുസ്‌ലിംകള്‍ ജീവിച്ചാല്‍ ഇസ്‌ലാം സഹിഷ്ണുതയുടെ മതമാണന്ന് എല്ലാവരും അംഗീകരിക്കുമെന്നതില്‍ യാതാരു സംശയവുമില്ല.