നേട്ടങ്ങളിലേക്ക് കുറുക്കുവഴികളില്ല

പത്രാധിപർ

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

മനുഷ്യന്റെ ബുദ്ധിയും ശക്തിയും കണ്ട കുരങ്ങന്മാര്‍ അത്ഭുതപ്പെട്ടു. എത്ര വിദഗ്ധമായാണ് അവര്‍ സര്‍വ ജീവജാലങ്ങളെയും അടക്കിഭരിക്കുന്നത്! 'മനുഷ്യര്‍ക്ക് എങ്ങനെയാണ് ഈ ശക്തി കിട്ടിയത്?' ഒരു ദിവസം കുരങ്ങന്മാര്‍ പരസ്പരം ചോദിച്ചു.  

'ഭക്തിയും ഉപവാസവുമാണ് മനുഷ്യര്‍ക്ക് ഈ ശക്തി നല്‍കുന്നത്' ഒരു കുരങ്ങന്‍ പറഞ്ഞു.

'എങ്കില്‍ നമുക്കും ഭക്തിയോടെ ഉപവസിച്ച് ബുദ്ധിയും ശക്തിയും നേടാം' കുരങ്ങന്മാരുടെ നേതാവ് പറഞ്ഞു. 

ഈ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി. അങ്ങനെ വനത്തിലെ കുരങ്ങന്മാരെല്ലാം ഒരു ദിവസം മുഴുവന്‍ ഉപവാസമനുഷ്ഠിക്കുവാന്‍ തീരുമാനിച്ചു. ഉപവാസം തുടങ്ങിയ ഉടനെ അവരിലെ നേതാവ് പറഞ്ഞു: 'ഉപവാസം വിജയിക്കണമെങ്കില്‍ നമ്മളാരും പഴങ്ങളിലേക്ക് നോക്കരുത്. പഴം കണ്ടാല്‍ തിന്നാന്‍ തോന്നും. അതിനാല്‍ എല്ലാവരും താഴേക്ക് നോക്കിയിരിക്കുക.' 

അത് ശരിയെന്ന് എല്ലാവരും സമ്മതിച്ചു. കുറെ കഴിഞ്ഞപ്പോള്‍ ഒരു കുരങ്ങന്‍ പറഞ്ഞു: 'എത്ര നേരമാണ് താഴേക്ക് നോക്കിയിരിക്കുക? പ്രകൃതിയിലേക്ക് നോക്കി അതിന്റെ ഭംഗി ആസ്വദിക്കുന്നതില്‍ എന്താണ് തെറ്റ്? പഴങ്ങളിലേക്ക് നോക്കാതിരുന്നാല്‍ പോരേ?' 

ഇൗ ചോദ്യം എല്ലാവര്‍ക്കും ഇഷ്ടമായി. അവര്‍ പഴങ്ങളിലേക്ക് നോക്കാതെ ്രപകൃതി ഭംഗി ആസ്വദിക്കുവാന്‍ തുടങ്ങി. 'പഴങ്ങളിലേക്ക് നോക്കിയാല്‍ എന്താണ് തെറ്റ്? നമ്മള്‍ തിന്നാതിരുന്നാല്‍ പോരേ?' മറ്റൊരു കുരങ്ങന്‍ ചോദിച്ചു. ഇത് യുക്തിയുള്ള ചോദ്യമെന്ന് എല്ലാവര്‍ക്കും തോന്നി. അവര്‍ ഓരോ പഴങ്ങളില്‍ കണ്ണുവെച്ചു. കുറെ സമയം കഴിഞ്ഞപ്പോള്‍ ഒരു കുരങ്ങന്‍ പറഞ്ഞു: 'ഉപവാസം തീരുമ്പോള്‍ എന്തായാലും നാം പഴം പറിക്കണം. ക്ഷീണമില്ലാത്ത ഇപ്പോള്‍ തന്നെ പറിച്ചുവെക്കാം. ഉപവാസത്തിന് മുടക്കമൊന്നും വരില്ല.' 

നല്ല ആശയം. എല്ലാവരും കൈയടിച്ചു. ധൃതിയില്‍ എല്ലാരും പഴങ്ങള്‍ പറിച്ച് കൈയില്‍ പിടിച്ചു. അവയുടെ ഭംഗി ആസ്വദിക്കവെ ഒരു കുരങ്ങന്‍ പറഞ്ഞു: 'പഴങ്ങള്‍ തൊലി കളഞ്ഞു കൈയില്‍ പിടിച്ചാല്‍ ഉപവാസം അവസാനിക്കുന്ന നിമിഷം തന്നെ കഴിക്കാമല്ലോ.'

തകര്‍പ്പന്‍ ആശയം! എല്ലാവരും അതിനെ ഏകസ്വരത്തില്‍ പിന്താങ്ങി. എല്ലാവരും തൊലി കളഞ്ഞു. അന്നേരം ചെറുപ്പക്കാരനായ ഒരു കുരങ്ങന്‍ പറഞ്ഞു: 'പഴങ്ങള്‍ എന്തിന് കൈയില്‍ പിടിക്കണം? വായില്‍ വെച്ചുകൂടേ? എങ്കില്‍ ഉപവാസം തീരുമ്പോള്‍ അതിവേഗം തിന്നാമല്ലോ.'

ഈ നിര്‍ദേശവും എല്ലാവര്‍ക്കും ഇഷ്ടമായി. എല്ലാവരും പഴങ്ങള്‍ തൊലികളഞ്ഞ് വായില്‍ വെച്ചു. തലവന്‍ പ്രഖ്യാപിച്ചു: 'ആരും പഴങ്ങള്‍ തിന്നരുത്. ഉപവാസ സമയം തീരുംവരെ കാത്തിരിക്കണം.' 

തീരാന്‍ മണിക്കുറുകള്‍ ബാക്കിയുണ്ടെന്ന ചിന്ത അവരെ അസ്വസ്ഥരാക്കി. 

'നമ്മള്‍ ഇപ്പോള്‍ വെറുതെ എന്തിന് കഷ്ടപ്പെടണം. വായില്‍ വെച്ചിരിക്കുന്ന പഴം ഇപ്പോള്‍ നമുക്ക് കഴിക്കാം. ഉപവാസം നാളത്തേക്ക് മാറ്റിയാലും കുഴപ്പമില്ലല്ലോ.' ഒരു കുരങ്ങന്റെ ഈ അഭിപ്രായം കേള്‍ക്കേണ്ട താമസം എല്ലാവരും പഴങ്ങള്‍ തിന്ന് ഉപവാസം അവസാനിപ്പിച്ചു. 

ഇത് കുരങ്ങന്മാരെ കഥാപാത്രമാക്കിയുള്ള ഒരു നാടോടിക്കഥയുടെ രത്‌നച്ചുരുക്കമാണ്. വാസ്തവത്തില്‍ മനുഷ്യരുടെ കഥയാണിത്. മറ്റുള്ളവര്‍ ഏറെ അധ്വാനിച്ചും ത്യാഗം സഹിച്ചുമാണ് ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ അവരെപ്പോലെ കഷ്ടപ്പെടാനും അധ്വാനിക്കാനും നാം തയ്യാറുണ്ടോ? കുരങ്ങന്മാര്‍ ഉപവാസം പിന്നീടാകാമെന്ന് പറഞ്ഞപോലെ അധ്വാനവും ത്യാഗവുമൊക്കെ പിന്നീടാകാമെന്ന നിലപാടല്ലേ നാം പലപ്പോഴും സ്വീകരിക്കാറുള്ളത്? അങ്ങനെ ചെയ്യുന്നതിന് നാം എന്തെല്ലാം ന്യായീകരണങ്ങളാണ് കണ്ടെത്താറുള്ളത്! ഇന്ന് ചെയ്യേണ്ടത് ഇന്ന് ചെയ്താലേ നമുക്കതിന്റെ ഫലം കിട്ടൂ. ഇന്നു ചെയ്യേണ്ട കാര്യം ബുദ്ധിമുട്ടായതുകൊണ്ട് നീട്ടിവെച്ചാല്‍ നമ്മുടെ വളര്‍ച്ച മുരടിക്കുകയും നാം പരാജയപ്പെടുകയും ചെയ്യും എന്ന തിരിച്ചറിവ് നമുക്ക് അനിവാര്യമാണ്. നാളേക്ക് ഇന്ന് തന്നെ മുന്നൊരുക്കം നടത്തുവാനും അതിനുവേണ്ടി ത്യാഗം സഹിക്കുവാനും നാം തയ്യാറാകേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ...'' (ക്വുര്‍ആന്‍ 59:18).