ഗുണകാംക്ഷ കൈവെടിയരുത്

പത്രാധിപർ

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

മനുഷ്യരെ മലക്കുകളെപ്പോലെ കല്‍പിക്കപ്പെട്ടത് അപ്പടി പ്രവര്‍ത്തിക്കുന്നവരായിട്ടല്ല അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. അവര്‍ സത്യാസത്യ വിവേചന സ്വാതന്ത്ര്യം നല്‍കപ്പെട്ടവരാണ്. അതിനുള്ള ചിന്താശേഷിയും സ്രഷ്ടാവ് അവര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്രഷ്ടാവ് നല്‍കിയ നേര്‍വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമെ മനുഷ്യന് ലക്ഷ്യസ്ഥാനത്തെത്താനാകൂ.

പരിശുദ്ധ ഇസ്‌ലാം ആദ്യഘട്ടം മുതല്‍ തിരുത്തലുകളിലൂടെയാണ് പ്രയാണമാരംഭിച്ചതെന്ന് മനസ്സിലാക്കാനാകും. അല്ലാഹുവിന്റെ വിലക്കിനെ മറന്നുപോയ ആദം നബി(അ)യുടെ ചരിത്രമോര്‍ക്കുക. അവിടുന്നങ്ങോട്ടുള്ള മാനവ ചരിത്രം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. തിരുത്തലുകള്‍ നൂറുശതമാനവും ഗുണകാംക്ഷാപൂര്‍വമായിരുന്നു. നിര്‍ദേശങ്ങള്‍ സ്‌നേഹവായ്‌പോടെയും താക്കീതുകള്‍ വികാരത്തിനപ്പുറം വിചാരത്തോടെയുമായിരുന്നു.

നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കപ്പെട്ട സ്ഥിതിക്ക്; അല്ലാഹുവിനെ ക്കുറിച്ചോ പരലോകത്തെക്കുറിച്ചോ ബോധമില്ലാത്തവര്‍ക്കും അതിന്റെ ഗൗരവത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇഷ്ടപ്രകാരം വിഹരിക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ടായിരിക്കണമല്ലോ.

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന രീതിയെ സംബന്ധിച്ചും ജനങ്ങളോടുള്ള സമീപനത്തെക്കുറിച്ചും എന്തിനധികം ശത്രുക്കളോടുള്ള അദ്ദേഹത്തിന്റെ ഇടപെടുലകളെ സംബന്ധിച്ചും നാമെത്ര വായിക്കുകയും പറയുകയും പഠിപ്പിക്കുകയും പലപ്പോഴും അതില്‍ അഹങ്കരിക്കുകയും ചെയ്തു! എന്നാല്‍ ആ മാര്‍ഗം പിന്തുടരുന്നതില്‍ നാം മതിയായ ശുഷ്‌കാന്തി കാണിക്കുന്നുണ്ടോ? നമ്മുടെ സമീപനം വിപരീതഫലമാണ് ഉണ്ടാക്കുന്നതെങ്കില്‍ നഷ്ടം നമുക്കായിരിക്കും എന്നത് മറക്കാതിരിക്കുക.  

മറ്റുള്ളവരുടെ ആരാധ്യര്‍ ആരായിരുന്നാലും എന്തായിരുന്നാലും ആ ആരാധ്യരെ ചീത്ത പറയരുതെന്നാണ് ഇസ്‌ലാമിന്റെ കല്‍പന. പറഞ്ഞാല്‍ അവര്‍ തിരിച്ച് അല്ലാഹുവിനെയും ശകാരിച്ചേക്കും. അതിന് നിമിത്തമായി സത്യവിശ്വാസികള്‍ മാറുവാന്‍ പാടില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഗുണകാംക്ഷയോടെയും യുക്തിഭദ്രമായും മാന്യമായുമുള്ള ശൈലിയിലാരിക്കണം.  

മറ്റൊരാളോട് വഴക്കിടുമ്പോള്‍ മിക്കപേരും എതിരാളിയുടെ മാതാപിതാക്കളെ ചീത്ത പറയുന്നതായി നാം കാണാറുണ്ട്. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇക്കാര്യത്തില്‍ തുല്യരാണ്. പ്രവാചകന് ﷺ ഒരിക്കല്‍ പറഞ്ഞു: ''തന്റെ മാതാപിതാക്കളെ പഴിച്ചവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.'' ഇത് കേട്ടപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: ''റസൂലേ, ഒരാള്‍ എങ്ങനെ അയാളുടെ മാതാപിതാക്കളെ പഴിക്കും?'' പ്രവാചകന് ﷺ പറഞ്ഞു: ''അവന്‍ അവന്റെ പിതാവിനെ പഴിക്കും; അപ്പോള്‍ അവന്‍ ഇവന്റെ പിതാവിനെയും മാതാവിനെയും പഴിക്കും, ഇങ്ങനെയാണത്'' (ബുഖാരി, മുസ്‌ലിം).

നാവും പേനയും മൂര്‍ച്ചയേറിയ ആയുധങ്ങളാണ്. രണ്ടും സൂക്ഷിച്ച് അവധാനതയോടെ ഉപയോഗിച്ചാല്‍ ആശ്ചര്യകരമായ ഗുണഫലങ്ങളുണ്ടാക്കാം. സുക്ഷ്മതയില്ലാതെ ഉപയോഗിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഭയാനകമായിരിക്കും.