നന്മയുടെ ഉറവ് വറ്റാതെ സൂക്ഷിക്കുക

പത്രാധിപർ

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

മാനവസമൂഹം ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ കൈവരിച്ച് മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണിന്ന്. എന്നാല്‍ അതോടൊപ്പം അശാന്തിയുടെയും അസമാധാനത്തിന്റെയും അക്രമങ്ങളുടെയും വിളനിലമായി ലോകം മാറിക്കൊണ്ടിരിക്കുകയാണോ എന്ന് ന്യായമായമായും സംശയിക്കേണ്ടിയിരിക്കുന്നു! ഇന്ന് പ്രശ്‌നകലുഷിതമല്ലാത്ത രാജ്യമേത്? സമൂഹമേത്? പ്രസ്ഥാനമേത്? അറിവിന്റെ കനികള്‍ പറിച്ചെടുക്കാനുള്ള കലാലയങ്ങള്‍ കലാപമുക്തമാണോ? പ്രശ്‌നരഹിതമായ കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും അപൂര്‍വമായിക്കൊണ്ടിരിക്കുകയല്ലേ ഇന്ന്? അത്യന്തം ഹീനമായ കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയല്ലേ? 

അറബ് രാഷ്ട്രങ്ങളിലും ചൈനയിലും മറ്റും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വധശിക്ഷയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നവര്‍ പോലും ഇന്ത്യയില്‍ വധശിക്ഷ നടപ്പിലാക്കുവാന്‍ മുറവിളികൂട്ടുന്ന അവസ്ഥ സംജാതമായതിന്റെ രഹസ്യം അജ്ഞാതമല്ല! തിന്മയുടെ സുനാമിത്തിരകള്‍ ആര്‍ത്തലക്കുമ്പോള്‍ നന്മയെ സ്‌നേഹിക്കുന്നവര്‍ വേദനിക്കുക സ്വാഭാവികം.

നന്മയെയും തിന്മയെയും കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും തര്‍ക്കങ്ങളുമെല്ലാം മനുഷ്യലോകത്തില്‍ മാത്രമാണുള്ളത്.  ഇതര ജന്തുലോകത്തില്‍ നന്മ- തിന്മകളില്ല. ധര്‍മാധര്‍മ വേര്‍തിരിവില്ല. നന്മകള്‍ കൈക്കൊള്ളുവാനും തിന്മകള്‍ വെടിയുവാനും മനുഷ്യന്‍ തയാറാകുന്നില്ലെങ്കില്‍ അവന്‍ വെറുമൊരു 'ജന്തു'വാണെന്നര്‍ഥം. നന്മ, തിന്മകളെക്കുറിച്ചു പറയുമ്പോള്‍ മതങ്ങളെ ഒഴിച്ചുനിര്‍ത്തുവാന്‍ ഒരിക്കലും കഴിയില്ല. നന്മകള്‍ വളരണം; തിന്മകള്‍ ക്ഷയിക്കണം. തത്ത്വത്തില്‍ ഇതെല്ലാ മതങ്ങളും പറയുന്ന കാര്യമാണ്.

ഇസ്‌ലാം മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമായി പഠിപ്പിക്കുന്നത് സ്വര്‍ഗ പ്രവേശനമാണ്. സ്വര്‍ഗാവകാശിയായി മാറുവാനും ശാശ്വത നരകത്തില്‍നിന്ന് രക്ഷ ലഭിക്കുവാനുമായി നന്മകള്‍ ചെയ്യുവാന്‍ ഇസ്‌ലാം അനുശാസിക്കുന്നതിനാല്‍ ഒരു മുസ്‌ലിം നന്മകള്‍ ചെയ്യുന്നവനും തിന്മകള്‍ െവടിയുന്നവനുമായിരിക്കും. അഥവാ അങ്ങെനയായിരിക്കണം. നന്മയെന്ത്, തിന്മയെന്ത് എന്ന് സ്വയം തീരുമാനിക്കുവാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. ഒരുവന്റെ നന്മ മറ്റൊരാള്‍ക്ക് തിന്മയും തിന്മ മറ്റൊരാള്‍ക്ക് നന്മയുമായിരിക്കാന്‍ സാധ്യതയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. മനുഷ്യന്റെ സ്രഷ്ടാവിനേ അറിയൂ; മനുഷ്യന് ഗുണമുള്ളതും ദോഷമുള്ളതുമായ കാര്യങ്ങളെപ്പറ്റി. അതുകൊണ്ട് അന്തിമ പ്രവാചകനായ മുഹമ്മദ് നബി ﷺ യിലൂടെ, അദ്ദേഹത്തിന് അവതരിപ്പിച്ചു കൊടുത്ത അന്തിമ വേദമായ ഖുര്‍ആനിലൂടെ സകല നന്മകളെക്കുറിച്ചും തിന്മകളെക്കുറിച്ചും അറിയിച്ചു തന്നിട്ടുണ്ട്.

ഇസ്‌ലാം മനുഷ്യന്‍ മനുഷ്യനായിത്തീരുവാനുള്ള സകല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്തിമ പ്രവാചകന്‍ ﷺ മുഖേന അല്ലാഹു മാനവരാശിയെ നന്മ-തിന്മകളെക്കുറിച്ച് പഠിപ്പിച്ചു. മനുഷ്യരെ ചൊവ്വായ പാതയിലേക്ക് നയിക്കുവാന്‍ അവസാനത്തെ വേദഗ്രന്ഥമായ ക്വുര്‍ആന്‍ അവന്‍ അവതരിപ്പിക്കുകയും ചെയ്തു. 

''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 17:9).