കൊന്നൊടുക്കാന്‍ ഓരോരോ കാരണങ്ങള്‍!

പത്രാധിപർ

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

ജനിച്ചാല്‍ മരണം ഉറപ്പാണ്. അതില്‍ ജാതി-മത വ്യത്യാസമില്ല. മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. അന്യായമായി മറ്റുള്ളവരുടെ കൈകളാല്‍ കൊല്ലപ്പെടുന്നതും സ്വാഭാവിക മരണവു ഒരൂപോലെയല്ല. സിംഹം, പുലി തുടങ്ങിയ വന്യജീവികള്‍ തങ്ങളുടെ വിശപ്പകറ്റാനായി ഇതര മൃഗങ്ങളുടെ പിന്നാലെ പാഞ്ഞ് പിടികൂടി കടിച്ചുകൊന്ന് ഭക്ഷിക്കാറുണ്ട്. അവ ഇരപിടിക്കുന്നത് ഇരയെ ഭക്ഷിക്കുവാന്‍ മാത്രമാണ്; പകവീട്ടുവാനല്ല.

എന്നാല്‍ വീട്ടില്‍ കിടന്നുറങ്ങുന്ന കുടുംബനാഥനെ, അല്ലെങ്കില്‍ റോഡിലൂടെ നടന്നുപോകുന്ന യുവാവിനെ, അതുമല്ലെങ്കില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനെ... ചില മനുഷ്യര്‍(?) സംഘമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊത്തിയരിഞ്ഞ് മാംസക്കൂമ്പാരമാക്കി മാറ്റുന്നത് എന്തിനാണ്? ആരുടെ വിശപ്പകറ്റാണത്?

എത്രയെത്ര കൊലപാതകങ്ങളാണ് ഇന്ത്യാരാജ്യത്ത് സമീപകാലങ്ങളില്‍ നടന്നിട്ടുള്ളത്! കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും കുറ്റവാളികളല്ലായിരുന്നു; ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പെടാത്തവരായിരുന്നു എന്ന വസ്തുത നടുക്കമുളവാക്കുന്നതാണ്. 

ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍കര്‍, ഗൗരിലങ്കേഷ്, ടി. പി. ചന്ദ്രശേഖരന്‍, കൊടിഞ്ഞിയിലെ ഫൈസല്‍, അരിയില്‍ ഷുക്കൂര്‍, മുഹമ്മദ് അഖ്‌ലാഖ്, ജുനൈദ്, ഏറ്റവുമൊടുവില്‍ കണ്ണൂര്‍ എടയന്നൂരിലെ എസ്.വി. ശുഐബ്... എന്തിനാണിവരൊക്കെ കൊലചെയ്യപ്പെട്ടത്? തങ്ങള്‍ എന്തിന് കൊല്ലപ്പെട്ടു എന്ന് അവര്‍ക്ക് അറിയുമോ? ജീവിച്ചിരിക്കുന്ന അവരുടെ വിധവകള്‍ക്കും പിഞ്ചുമക്കള്‍ക്കും മാതാപിതാക്കള്‍ക്കും അറിയുമോ? അറിയാന്‍ സാധ്യതയില്ല! അവരെ കൊന്നവവര്‍ക്ക് കൃത്യമായി അറിയുമോ; തങ്ങള്‍ എന്തിനീ മഹാപാതകം ചെയ്തുവെന്ന്? അതിനും സാധ്യത കുറവ്. എന്നാല്‍ അറിയുന്ന ചിലരുണ്ട്; ഇതെല്ലാം ചെയ്യിച്ചവര്‍! അവര്‍ അതിന്റെ നേട്ടങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അധികാരത്തിന്റെ, പദവിയുടെ ഉന്നത സോപാനങ്ങളില്‍ ചിലര്‍ക്ക് കയറിപ്പറ്റണമെങ്കില്‍, തകര്‍ച്ചയുടെ വക്കില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കണമെങ്കില്‍ ചിലരൊക്കെ ഭൂമുഖത്ത് ഇല്ലാതാകണം; ചിലരൊക്കെ രക്തസാക്ഷികളായി മാറണം. 

ആദര്‍ശത്തെ ആള്‍ബലം കൊണ്ടും വാക്കിനെ തോക്കുകൊണ്ടും വിമര്‍ശനത്തെ വടിവാളുകൊണ്ടും നേരിടുന്ന നിഷ്ഠൂരത ഒരു സംസ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ? രാജ്യത്ത് ഒരു പാര്‍ട്ടിയേ പാടുള്ളൂ, ഒരു മതത്തിനേ നിലനില്‍ക്കാവൂ എന്ന ചിന്തയെ എന്ത് പേരിട്ടാണു വിളിക്കേണ്ടത്. എന്റെതല്ലാത്ത  മതത്തില്‍ പെട്ടവന്‍ ജീവിച്ചിരിക്കാന്‍ അര്‍ഹനല്ല എന്ന കുടില ചിന്തയാല്‍ ഒരു വ്യക്തിയെ ഒരുകൂട്ടമാളുകള്‍ അരുംകൊല ചെയ്യുക. കൊല്ലപ്പെട്ട വ്യക്തി ഒരു പ്രത്യേക മതത്തില്‍പെട്ടവനായതിനാല്‍ കൊലയാളികള്‍ക്ക് അതിന്റെ പേരില്‍ ഹൈക്കോടതി ജാമ്യം നല്‍കുക. ഇതൊക്കെ ഇന്ത്യയുടെ മണ്ണിലാണ് നടമാടുന്നതെന്ന യാഥാര്‍ഥ്യത്തിനു നേരെ ഇനിയും നാം കണ്ണടച്ചുകുടാ. 

ശൈഖ് മുഹ്‌സിന്‍ എന്ന യുവാവിനെ 2014 ജൂണ്‍ രണ്ടിന് ഹിന്ദു രാഷ്ട്ര സേനയുടെ 23 പേരടങ്ങുന്ന സംഘം ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും കല്ലും കൊണ്ട് അക്രമിച്ച് കൊന്നു. മുഹ്‌സിന്‍ താടിവെച്ചതും പച്ചക്കുപ്പായം ധരിച്ചതുമാണത്രെ കൊലയ്ക്കു കാരണം. പൂണെ സെഷന്‍സ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ ബോംബെ ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. പ്രതിയുടെ മതത്തിന്റെ പേരില്‍ പ്രകോപിതരായതിനാലാണ് കൊല നടത്തിയതെന്ന ന്യാ' ബോംബെ ഹെക്കോടതി മതേതര ഇന്ത്യയുടെ അപമാനമായി മാറിയ അവസ്ഥയില്‍ പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിക്കാമെന്ന് പ്രതീക്ഷ നല്‍കിക്കൊണ്ട് സുപ്രീം കോടതി ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എല്‍.നാരായണേശ്വര റാവു എന്നിവര്‍ ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിയിരിക്കുകയാണ്. വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച് കോടതി പൂര്‍ണമായും ബോധമുള്ളവരാകണമെന്നും ഏതെങ്കിലും സമുദായത്തിനെതിരെ പക്ഷപാതത്തിന്റെ നിറത്തിലുള്ള നിരീക്ഷണങ്ങള്‍  ജഡ്ജിമാര്‍ ഒഴിവാക്കണമന്നും സുപ്രീം കോടതി പറയുമ്പോള്‍ നീതിന്യായ വ്യവസ്ഥ ഉണര്‍ന്നു തന്നെയിരിക്കുന്നു എന്ന സമാധാനിക്കാന്‍ അത് വക നല്‍കുന്നു.