മാധ്യമങ്ങള്‍ മഞ്ഞക്കണ്ണട മാറ്റിവെക്കുക

പത്രാധിപർ

2018 മാര്‍ച്ച് 31 1439 റജബ് 13

കുടുംബപരമോ രാഷ്ട്രീയപരമോ ആയ വൈരാഗ്യത്തിന്റെ പേരില്‍ പച്ചമനുഷ്യരെ കൊത്തിനുറുക്കിയതിന്റെ വാര്‍ത്തകള്‍ വായിച്ച് നാം നെടുവീര്‍പ്പിടാറുണ്ട്. ആ വാര്‍ത്തകള്‍ക്ക് രണ്ടോ മൂന്നോ ദിവസത്തെ ആയുസ്സേ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഒരു കൊലപാതകത്തിന് മതപരമായ നിറം നല്‍കപ്പെടുമ്പോള്‍,വിശിഷ്യാ കൊലപാതകികള്‍ മുസ്‌ലിം നാമധാരികളാണെങ്കില്‍ വാര്‍ത്തക്ക് മൈലേജ് വര്‍ധിക്കും. കൊലയാളികളുടെ പാക്ക് ബന്ധവും ഐ.സ് ബന്ധവും ചിക്കിച്ചികഞ്ഞെടുക്കുന്നതില്‍ ചാനലുകാര്‍ മത്സരിക്കും. ഐ.എസ് എന്ന ഭീകര സംഘടനക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് ലോകമുസ്‌ലിം നേതൃത്വം ഒരേ ശബ്ദത്തില്‍ പ്രഖ്യാപിച്ചിട്ടും അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ പറ്റില്‍ എഴുതിവെക്കുവാനാണ് നിക്ഷിപ്ത താല്‍പര്യമുള്ള മാധ്യമങ്ങള്‍ക്ക് താല്‍പര്യം. 

ഫാറൂഖ് കോളേജിലെ ഒരു അധ്യാപകന്‍ തന്റെ മുന്നിലുള്ള മുസ്‌ലിംകളോട് നടത്തിയ പ്രസംഗത്തിലെ ചെറിയൊരു ഭാഗമെടുത്ത് അതില്‍ സ്ത്രീ വിരുദ്ധതയാരോപിച്ച് വിവാദമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും മഞ്ഞക്കണ്ണടവെച്ച ചില മാധ്യമങ്ങളാണ്. വിവാദമാക്കുവാന്‍ തക്കവിധം സ്ത്രീവിരുദ്ധതയുടെ യാതൊരു വാക്കും അതിലില്ലെന്ന് അത് കേട്ടവര്‍ക്കെല്ലാമറിയാം. സ്ത്രീയുടെ സുരക്ഷയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും മാത്രമാണ് അതിലുള്ളതെന്നതാണ് വാസ്തവം. പെണ്ണിന്റെ മേനി പ്രദര്‍ശനവസ്തുവാണെന്ന് ധരിച്ചുവെച്ചിരിക്കുന്നവര്‍ക്ക് അത് ഇഷ്ടപ്പെടില്ല എന്നത് മൂന്നുതരം.

ഇസ്‌ലാം ലോകത്ത് ശാന്തിയും സമാധാനവും സ്വസ്ഥമായ ജീവിതവും വിഭാവനം ചെയ്യുന്ന മതമാണ്. അതില്‍ അക്രമത്തിനും വര്‍ഗീയതക്കും ലവലേശം സ്ഥാനമില്ല. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുവാനും ഗൂഢാലോചനാ കേന്ദ്രങ്ങളാക്കുവാനും ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. രൂക്ഷമായ യുദ്ധവേളയില്‍പോലും സ്ത്രീകളെയും കുട്ടികളെയും വയോവൃദ്ധരെയും അക്രമിക്കുന്നത് ഇസ്‌ലാം വിരോധിക്കുന്നുവെന്നിരിക്കെ, ചാവേറുകളായും മിന്നലാക്രമണമായും നിരപരാധികളായ ആബാലവൃദ്ധം ജനങ്ങളെ ചാമ്പലാക്കുന്നതനെ ന്യായീകരിക്കുവാന്‍ മുസ്‌ലിംകള്‍ക്കാവില്ല. 

ആയുധംകൊണ്ടുള്ള 'കളി' പോലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. കത്തിപോലുള്ള ആയുധങ്ങള്‍ ചങ്ങാതിക്കുനേരെ ചൂണ്ടി പലരും തമാശകാണിക്കാറുണ്ട്. അതുപോലും പാടില്ലെന്നാണ് നബി ﷺ  നമ്മോട് പറയുന്നത്: ''നിങ്ങളില്‍ ആരുംതന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും'' (ബുഖാരി, മുസ്‌ലിം).

 അപ്രതീക്ഷിതമായി ആ ആയുധംകൊണ്ട് അപകടമുണ്ടായേക്കാം. സുഹൃത്തിനുനേരെ തമാശക്ക് ചൂണ്ടിയ കത്തി കണ്ണില്‍കൊണ്ട് കണ്ണ് നഷ്ടപ്പെട്ട സംഭവം മലപ്പുറം ജില്ലയില്‍ മുമ്പൊരിക്കല്‍ നടന്നതായി കേട്ടിട്ടുണ്ട്. അങ്ങനെ എത്രയെത്ര അപകടങ്ങള്‍ സംഭവിച്ചിരിക്കാം! നബി ﷺ  പറഞ്ഞു: ''ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും; അവന്‍ സ്വന്തം സഹോദരനാണെങ്കിലും'' (മുസ്‌ലിം).

തമാശകാണിക്കുമ്പോള്‍  പോലും സംഭവിച്ചേക്കാവുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും അതിന്റെ പേരില്‍ നിരപരാധിക്ക് അപകടമുണ്ടായാല്‍ അതിനുത്തരവാദിയായ വ്യക്തി നരകത്തില്‍ ചെന്നെത്താന്‍പോലും സാധ്യതയുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്റെ അനുയായികള്‍ക്കെങ്ങനെ നിരപരാധികളെ കൊന്നൊടുക്കാനാവും?

അരിഞ്ഞു വീഴ്ത്തപ്പെടുന്ന തലകളുടെ മതവും വര്‍ണവും നോക്കി എണ്ണമെടുത്ത് ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന ചോരക്കൊതിയന്‍മാരുടെ കയ്യിലെ കളിപ്പാവകളായിമാറുവാന്‍ വിവേകമുള്ള ഒരു മുസ്‌ലിമിനെങ്ങനെ കഴിയും?

സത്യവും ധര്‍മവും നീതിയും മറ്റു നന്മകളും കൈമുതലായുള്ളവനെക്കുറിച്ച് ആര്‍ക്കും നല്ലതേ പറയുവാനുണ്ടാകൂ. ഉന്നത വിദ്യാഭ്യാസംകൊണ്ടും ഉയര്‍ന്ന ജോലി കൊണ്ടുമൊന്നും മനുഷ്യന്‍ മനുഷ്യനാകില്ല. സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളിലുള്ള പ്രതീക്ഷയും ഭയവും ഉള്ളവര്‍ക്കേ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന 'മനുഷ്യ'രായി മാറുവാന്‍ കഴിയൂ.