ഉടുത്ത നഗ്‌നതയിലെ ഉടുക്കാത്ത കച്ചവട തന്ത്രം

പത്രാധിപർ

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

പെണ്ണുടല്‍ ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന ചിന്ത, ആ ആസ്വാദനത്തിന് ഏതു നീചവഴിയും തേടാനുള്ള പ്രേരണ . ഇതിനു വഴിവെക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം കുറ്റകൃത്യങ്ങളും നിയന്ത്രണാതീതമായി നിലനില്‍ക്കും. ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന സിനിമകള്‍, സീരിയലുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍... ഇവയൊക്കെ കുത്തഴിഞ്ഞ ലൈംഗികതയെ പ്രോല്‍സാഹിപ്പിക്കുന്നു, ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നു. സദാചാരനിയമങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും കപടമെന്നും പ്രാകൃതമെന്നും വിശേഷിപ്പിച്ച് അവയെക്കുറിച്ചുള്ള മതിപ്പില്ലാതാക്കുന്നു. അവ പാലിക്കാതിരിക്കാനുള്ള പൊതുബോധം വളര്‍ത്തിയെടുക്കുന്നു. സ്ത്രീ പുരുഷ ബന്ധത്തില്‍ അനിവാര്യമായും പാലിക്കേണ്ട വിലക്കുകള്‍ ലംഘിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കുന്നു. സകല ധാര്‍മികമൂല്യങ്ങളെയും പച്ചയായി നിേഷധിക്കുന്ന, വിലക്കുകളില്ലാത്ത ലൈംഗികതയ്ക്ക് ആഹ്വാനം നല്‍കുന്ന കപട സാഹിത്യ സാംസ്‌കാരിക നായകന്മാരുമായി അഭിമുഖം നടത്തുന്ന ചാനല്‍ഭൂതങ്ങള്‍ക്കും പത്ര മാസികകള്‍ക്കും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളിലുള്ള പങ്ക് അനിഷേധ്യമാണ്. 

മൊട്ടുസൂചിയുടെ പരസ്യത്തിലും ഉടുക്കാത്ത പെണ്ണുടല്‍ ചിത്രങ്ങള്‍ കാണിക്കുന്ന ലാഭക്കൊതിയന്മാരും എത്ര മ്ലേഛമായ പരസ്യവും പ്രസിദ്ധീകരിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന മാധ്യമങ്ങളും രോഗാതുരമായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണെന്ന വസ്തുത നിഷേധിക്കാനാവുമോ? ടി.വി ഓണാക്കിയാല്‍ കാണുന്നത് പെണ്ണിന്റെ നഗ്‌നമേനി, പുറത്തിറങ്ങിയാല്‍ കാണുന്നത് കിടപ്പറ രംഗങ്ങളുള്ള സിനിമാ പോസ്റ്ററുകള്‍, പത്ര മാസികകള്‍ തുറന്നാല്‍ അതില്‍ നിറയെ മള്‍ട്ടികളര്‍ നഗ്‌നമേനികള്‍, എഫ്.എം റേഡിയോ തുറന്നാല്‍ രക്തത്തെ ചൂടുപിടിപ്പിക്കുന്ന രൂപത്തിലുള്ള ജോക്കികളുടെ കൊഞ്ചിക്കുഴച്ചിലും ദ്വയാര്‍ഥമുള്ള സംസാരവും! പതിനഞ്ചുകാരനെയും എണ്‍പതുകാരനെയും പെണ്ണിരതേടി നടക്കുന്നവരാക്കി മാറ്റുന്നതില്‍ ഇവയ്‌ക്കൊന്നും യാതൊരു പങ്കുമില്ലെന്ന് എങ്ങനെ പറയാനാകും?

ഉടുവസ്ത്രം ഇൗരിയെറിയാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീ സ്വാതന്ത്ര്യം എന്നു വിചാരിക്കുന്ന ചില ഫെമിനിസ്റ്റ് കൊച്ചമ്മമാരും പുരുഷന്മാരെ ഞരമ്പു രോഗികളാക്കിമാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകളെ പര്‍ദക്കുള്ളില്‍നിന്നും മോചിപ്പിച്ച് അര്‍ധനഗ്‌നകളാക്കി പുറത്തിറക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാണിവര്‍. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗം വാര്‍ത്തകളില്‍ നിറഞ്ഞ സമയത്ത് സ്ത്രീകള്‍ നന്നായി ശരീരം മറച്ച് നടന്നാല്‍ കയ്യേറ്റങ്ങള്‍ കുറയുമെന്ന അഭിപ്രായം ഉയര്‍ന്നുവന്നപ്പോള്‍ ഒരു സ്ത്രീപക്ഷ സാംസ്‌കാരിക(?) നായകന്‍ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. 'കടിക്കുമെന്നാണ് ഭയമെങ്കില്‍ നായയെയാണ് കെട്ടിയിടേണ്ടത്' എന്നാണ് അദ്ദേഹം തട്ടിവിട്ടത്. പെണ്ണ് നഗ്‌നമേനി കാണിച്ചു നടന്നോട്ടെ. അത് കണ്ടാല്‍ സഹിക്കാന്‍ കഴിയാത്ത ആണുങ്ങളുണ്ടെങ്കില്‍ അവര്‍ വീട്ടിലിരുന്നോട്ടെ എന്നര്‍ഥം! പൂര്‍ണ നഗ്‌നകളായ സ്ത്രീകളെക്കാള്‍ അര്‍ധനഗ്‌നകളാണ് പുരുഷന്മാരെ പെട്ടെന്ന് വികാരം കൊള്ളിക്കുക എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ട് 'ഉടുത്ത നഗ്‌നക'ളായി വിലസുന്നവര്‍ ആ്രകമിക്കപ്പെട്ടാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പുരുഷന്റെ തലയില്‍ കെട്ടിവെക്കുന്നത് നീതിയാണോ?    

'ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണം മറ്റു രാഷ്ട്രങ്ങള്‍ക്ക് മാതൃകയായിരുന്നു. എന്നാല്‍ പുതുതലമുറ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നില്ലെ'ന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ മമതാശര്‍മ ഉള്‍പ്പെടെയുള്ളവര്‍ അടുത്ത കാലത്ത് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.

മതം നിശ്ചയിച്ച പരിധികള്‍ എല്ലാ രംഗത്തും പാലിക്കാന്‍ സമൂഹം തയാറായാല്‍ മാത്രമെ ഈ അവസ്ഥക്ക് മാറ്റംവരികയുള്ളൂ. വ്യഭിചാരത്തിലേക്കുള്ള എല്ലാ കവാടങ്ങളും കൊട്ടിയടച്ച മതമാണ് ഇസ്‌ലാം. വ്യഭിചാരം മാത്രമല്ല അതിലേക്കു നയിക്കുന്ന നോട്ടവും സംസാരവുമെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ കാണുംവിധം നഗ്‌നത വെളിവാക്കുന്നത് വ്യഭിചാരത്തിന്റെ ചില തലങ്ങളിലേക്കുള്ള വ്യക്തമായ ക്ഷണമാണ്. അതുകൊണ്ട് തന്നെ അത് പാപവും ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യവുമാണ്. അതിനാലാണ് മുസ്‌ലിംകള്‍ വസ്ത്രം ധരിക്കുന്ന വിഷയത്തില്‍ നിഷ്‌കര്‍ഷത പുലര്‍ത്തണമെന്ന് മതം പഠിപ്പിക്കുന്നത്.