മതസംവാദങ്ങളുടെ പ്രസക്തി

പത്രാധിപർ

2018 മെയ് 12 1439 ശഅബാന്‍ 26

ഇസ്‌ലാമിക വീക്ഷണത്തില്‍ മതസംവാദം ഒരു പുതിയ കണ്ടുപിടുത്തമല്ല. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക'' (16:125).'

എല്ലാ പ്രവാചകന്മാരും അവരുടെ പ്രബോധിത സമൂഹത്തോട് യുക്തിഭദ്രമായ രീതിയില്‍ സംവദിച്ചിട്ടുണ്ടെന്ന് വിശുദ്ധ ക്വുര്‍ആനിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഇന്ത്യയെ പോലുള്ള ബഹുമത സമൂഹത്തില്‍ മതസംവാദങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. പ്രമാണങ്ങള്‍ തമ്മിലാണ് മാറ്റുരക്കേണ്ടത്. അങ്ങേയറ്റം ഗുണകാംക്ഷയോടെയാണ് ഇസ്‌ലാമിക പ്രബോധകന്‍ സംവദിക്കേണ്ടത്. മക്കയില്‍ മുസ്‌ലിംകള്‍ കടുത്ത പീഡനങ്ങള്‍ക്കിരയായപ്പോഴും മുഹമ്മദ് നബിﷺ കൂടുതല്‍ ദുഃഖിച്ചത് എന്റെയീ ജനത വിശ്വസിക്കുന്നില്ലല്ലോ, രക്ഷാമാര്‍ഗം കൈക്കൊള്ളുന്നില്ലല്ലോ, ഇവര്‍ അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രീഭവിക്കുകയാണല്ലോ എന്നോര്‍ത്താണ്. 

സംവാദങ്ങള്‍ സമൂഹത്തില്‍ അസഹിഷ്ണുതയുണ്ടാക്കില്ലേ എന്ന് സംശയിക്കുന്നവരുണ്ട്. ഒരു മതവിശ്വാസി സഹിഷ്ണുവും സമാധാനപ്രിയനും സഹാര്‍ദം കാത്തുസൂക്ഷിക്കുന്നവനുമായിരിക്കും. പരസ്പരം അറിയുമ്പോള്‍ ഈ സൗഹാര്‍ദം വര്‍ധിക്കുമെന്നത് വാസ്തവമാണ്. സത്യം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരിക്കണം സംവാദങ്ങളുടെ ലക്ഷ്യം. അതൊരു കായികാഭ്യാസമോ കീഴ്‌പെടുത്തലോ, അപമാനിക്കലോ ആയിക്കൂടാ. അതില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ തള്ളാനും കൊള്ളാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ജനങ്ങള്‍ വിഡ്ഢികളല്ല. വാചാലതയിലേക്കല്ല, തെളിവുകളിലേക്കാണ് ബുദ്ധിയുള്ളവര്‍ നോക്കുക. 

ജനങ്ങള്‍ ഭക്തിപുരസ്സരം ആദരിച്ചും ആരാധിച്ചും വരുന്നവയെ അവഹേളിക്കുകയോ ചീത്ത പറയുകയോ ചെയ്യരുത്. പരമത സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവും കൈവെടിയരുത്. വ്യവസ്ഥകള്‍ വെച്ചിട്ടുണ്ടെങ്കില്‍ അവ ലംഘിക്കരുത്. ലളിതമായ സ്വാഭാവിക കാര്യങ്ങളെ സങ്കീര്‍ണമായ സാങ്കേതിക ഭാഷയില്‍ അവതരിപ്പിക്കരുത്. എനിക്ക് എന്റെ വിശ്വാസാദര്‍ശങ്ങളോട് എത്ര ആദരവും ബഹുമാനവുമുണ്ടോ അത്രയോ അതിലധികമോ ആദരവും ബഹുമാനവും എന്നോട് സംവാദത്തിലേര്‍പെടുന്നവര്‍ക്ക് അവരുടെ വിശ്വാസാദര്‍ശങ്ങളോടുണ്ടായിരിക്കും എന്ന കാര്യം വിസ്മരിക്കരത്. എന്നാല്‍ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുന്നതിനെ അവഹേളനമായി കണക്കാക്കിക്കൂടാ. 

സംവാദങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ സഹായകമാകുന്നു എന്ന് മാത്രമല്ല അത് അന്വേഷണോല്‍സുകത ഉണ്ടാക്കുകയും ചെയ്യുന്നു. മതവിശ്വാസികളായ പൊതുജനത്തെ സംബന്ധിച്ചിടത്തോളം മതസംവാദങ്ങള്‍ ഒരു അനുഗ്രഹമാണ്. മതസ്പര്‍ധ വളര്‍ത്തി അധികാരക്കസേരയില്‍ കയറിയിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സംവാദങ്ങള്‍ അപ്രിയകരമായിരിക്കും. മതസംവാദങ്ങള്‍ പരസ്പര വൈരം വെടിഞ്ഞ് തിരിച്ചറിവിന്റെ പുതിയ പാതയിലേക്ക് നയിക്കുന്നു എന്നതുതന്നെ കാരണം.

മതങ്ങളുടെയും മതഗ്രന്ഥങ്ങളുടെയും ചരിത്രത്തില്‍ പൗരോഹിത്യം നടത്തിയ കൈകടത്തലുകള്‍ സത്യസന്ധമായ ചരിത്രാന്വേഷണത്തിലൂടെ അനിഷേധ്യമായ യാഥാര്‍ഥ്യമാണെന്ന് കണ്ടെത്താന്‍ കഴിയും. പൗരോഹിത്യം ഒരു കാലഘട്ടത്തിന്റെ സംരക്ഷണത്തിനു വേണ്ടി സ്ഥാപിച്ച വ്യവസ്ഥിതിയുടെ ഭാഗമല്ല. മറിച്ച് ഒരു വിഭാഗത്തിന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലവില്‍ വന്ന വ്യവസ്ഥിതിയാണ്. ബുദ്ധിയെയും ചിന്തയെയും തടയുന്ന ആ വ്യവസ്ഥിതിയെ തള്ളിപ്പറയാനും വര്‍ജിക്കുവാനുമുള്ള ആര്‍ജവം കാണിക്കുകയാണ് മതവിശ്വാസികള്‍ ചെയ്യേണ്ടത്. സ്വയമേവ അത് വഴിമാറുകയില്ല.   

എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ വൈജ്ഞാനിക ബൗദ്ധിക സംവാദങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരും സഹിഷ്ണുത പ്രകടിപ്പിക്കുന്നവരുമാണെന്ന് കാണാവുന്നതാണ്.