സൗമ്യത സത്യവിശ്വാസിയുടെ അടയാളം

പത്രാധിപർ

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

സൗമ്യതയും സന്മനസ്സുമുള്ളവരായിരിക്കണം സത്യവിശ്വാസികള്‍. സത്യമത പ്രബോധകര്‍ ഈ ഗുണത്തില്‍ മികച്ചുനില്‍ക്കുന്നവരുമാകണം. ദൈവിക വചനങ്ങള്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തവര്‍ വാക്കിലും പ്രവൃത്തിയിലും സൗമ്യതയും വിനയവും പ്രകടിപ്പിക്കുന്നവരായിരിക്കണം.  

എല്ലാ മനുഷ്യരുടെയും സ്വഭാവം ഒരുപോലെയല്ല. സത്യവിശ്വാസികള്‍; വിശിഷ്യാ പ്രബോധകര്‍ ആരോട് പെരുമാറുമ്പോഴും തങ്ങളുടെ ഇസ്‌ലാമിക മേന്മ നിലനിര്‍ത്തണം. പരുഷസ്വഭാവികളോട് അതേ പരുഷതയില്‍ പെരുമാറുകയല്ല വേണ്ടത് എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ക്രൂരനും മര്‍ദകനും സ്വേഛാധിപതിയുമായ ഫിര്‍ഔനിന്റെ അടുത്തേക്ക് അല്ലാഹു മൂസാനബി(അ)യെയും ഹാറൂന്‍(അ)യെയും പറഞ്ഞയക്കുമ്പാള്‍ എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്:

''നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം'' (ക്വുര്‍ആന്‍ 20:43,44).

മുഹമ്മദ്‌നബി ﷺ യോട് അല്ലാഹു പറഞ്ഞു: ''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക...'' (3:159). 

പ്രബോധകര്‍ ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ആത്മപരിശോധന നടത്തുക. നാം ക്ഷണിക്കുന്നത് വിശുദ്ധ ക്വുര്‍ആനിലേക്കും നബിചര്യയിലേക്കുമാണ്. അവ രണ്ടും പഠിപ്പിക്കുന്ന ഉദാത്തമായ സ്വഭാവഗുണങ്ങള്‍ നമ്മളിലില്ലെങ്കില്‍ നമ്മുടെ പ്രബോധനം എങ്ങനെ ഫലവത്താകും? അക്ഷമയും കാര്‍ക്കശ്യവും വാശിയും തങ്ങളുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുമെന്ന തിരിച്ചറിവ് അനിവാര്യമാണ്. 

പ്രബോധകരും പ്രസംഗകരും പണ്ഡിതന്മാരുമായ അനേകംപേര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ സൗമ്യഭാവം കൈമോശം വന്നവരായി അവരില്‍ പലരെയും നാം കാണുന്നു. എല്ലാവരോടും സൗമ്യമായി പെരുമാറുന്നതുപോയിട്ട് ആദര്‍ശബന്ധുക്കളും തൗഹീദില്‍ അടിയുറച്ചു നിലകൊള്ളുന്നവരുമായവരോടു പോലും സൗമ്യഭാവത്തില്‍ വര്‍ത്തിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. എന്തിനേറെ, കണ്ടാല്‍ സലാം പറയാനോ മുഖത്തുനോക്കി ഒന്നു പുഞ്ചിരിക്കാനോ തയ്യാറാകാത്തവിധം മനസ്സു കടുത്തുപോയവര്‍! മനസ്സ് കടുത്തുപോകുക എന്നത് വിശ്വാസികളെ ബാധിക്കാന്‍ പാടില്ലാത്ത ദുര്‍ഗുണമാണെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു: ''...എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ''(39:22).

സത്യവിശ്വാസത്താല്‍ മനസ്സ് ആര്‍ദ്രവും സൗമ്യവുമാകാത്ത ഒരു ജനവിഭാഗത്തോട് അല്ലാഹു പറഞ്ഞു: ''പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു''(ക്വുര്‍ആന്‍ 2:74).

വേദഗ്രന്ഥം ലഭിച്ചതിന് ശേഷം ഏറെക്കഴിഞ്ഞപ്പോള്‍ മനസ്സ് കടുത്തുപോയ പൂര്‍വവേദക്കാരെ പോലെ സത്യവിശ്വാസികള്‍ ആകാന്‍ പാടില്ലെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു:''വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും അവതരിച്ചുകിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു''(ക്വുര്‍ആന്‍ 57:16).

വാക്കിലോ പ്രവൃത്തിയിലോ വീക്ഷണത്തിലോ തെറ്റുപറ്റുക മനുഷ്യസഹജമാണ്. ആത്മപരിശോധനയും തെറ്റുതിരുത്തലും പശ്ചാത്താപവും അതിനുള്ള പരിഹാരമാണ്. വീഴ്ചകള്‍ പറ്റിയവരെ അകറ്റാനും വെറുക്കാനുമല്ല ശ്രമിക്കേണ്ടത്. അന്യരുടെ മേല്‍ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് സ്‌റ്റേജിലും പേജിലും വിമര്‍ശിക്കുന്നതും അപമാനിക്കുന്നതും അക്ഷന്തവ്യമായ അപരാധമാണ്.