മറുകണ്ടം ചാടുന്ന മതലയന വാദികള്‍

പത്രാധിപർ

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

ഇസ്‌ലാമിനെപ്പോലെ സൗഹാര്‍ദവും സാഹോദര്യവും ഉദ്‌ഘോഷിക്കുകയും പ്രയോഗവത്ക്കരിച്ചു കാണിക്കുകയും ചെയ്ത മറ്റൊരു ആദര്‍ശ സംഹിതയുമില്ല. അനിസ്‌ലാമിക നാടുകളിലേക്ക് കച്ചവടാവശ്യാര്‍ഥവും മറ്റുമെല്ലാം കടന്നുചെന്ന സത്യവിശ്വാസി സമൂഹത്തിന്റെ മാനവസമത്വത്തിലധിഷ്ഠിതമായ, അജയ്യമായ വിശ്വാസാനുഷ്ഠാനങ്ങളില്‍ ആകൃഷ്ടരായാണ് ഒരു കാലത്ത് ഇതര മതാനുയായികള്‍ ഇസ്‌ലാമിനെ വാരിപ്പുണര്‍ന്നത്. എന്നാല്‍ ഇന്ന് സംഗതി നേരെ തകിടം മറിഞ്ഞിരിക്കുകയാണ്. മുസ്‌ലിം സംഘടനകള്‍ പലതും അണികളെ ഇന്ന് പഠിപ്പിക്കുന്നത് അനിസ്‌ലാമികാചാരങ്ങളില്‍ തങ്ങള്‍ ഭാഗഭാക്കായാലേ അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് മതിപ്പുണ്ടാകൂ എന്നാണ്! ഇതര മതസ്ഥരുമായി മൈത്രീബന്ധം പുലര്‍ത്താനും അവരുടെ സഹായസഹകരണങ്ങള്‍ ലഭ്യമാകാനും തങ്ങളുടെ വിശ്വാസാദര്‍ശങ്ങളെ ബലികഴിക്കേണ്ടതുണ്ടെന്ന ഇവരുടെ ചിന്താഗതി വലിയ വിപത്തിലേക്കാണ് നയിക്കുക എന്നതില്‍ സംശയമില്ല.

മിശ്ര വിവാഹത്തിലൂടെ കുറെ 'മതമില്ലാത്ത ജീവനുകളെ' വാര്‍ത്തെടുത്താല്‍ സമൂഹത്തില്‍ സമാധാനം കളിയാടുമെന്നാണ് ചിലര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നത്. അത്തരം മിശ്രവിവാഹിതരുടെ അതിജീവനത്തിന്റെ പുരാണങ്ങളും മതമിശ്രണത്തിന്റെ നിറം പിടിപ്പിച്ച കഥകളുമാണ് അവര്‍ക്കിന്ന് സദാസമയവും ഏറ്റുപിടിക്കാനുള്ളത്. മതത്തെ പ്രണയിക്കാത്ത കാഞ്ചനയുടെയും മൊയ്തീന്റെയും, റഹീമിന്റെയും പത്മാവതിയുടെയും, രശ്മിയുടെയും ശംസുദ്ദീന്റെയും, നസീമയുടെയും മനോജിന്റെയും, ഹഫ്‌സയുടെയും കരുണന്റെയുമെല്ലാം വീരഗാഥകളാണ് ഇവര്‍ക്ക് ജനങ്ങളെ അറിയിക്കാനുള്ളത്. ഇത്തരം വിഷലിപ്തമായ ചിന്താഗതികള്‍ ഊട്ടിയുറപ്പിച്ച് മതരഹിതമായ ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരെല്ലാം ഉന്നം വെക്കുന്നത് യുവതലമുറയെയാണ്. ഇസ്‌ലാമിക പ്രബോധനത്തിലൂടെ സത്യദീനിന്റെ പ്രകാശം കാമ്പസുകളില്‍ പൂര്‍വാധികം പ്രസരിപ്പിച്ച് പ്രശോഭിതമാക്കേണ്ടതിന്റെ ഭാരിച്ച ഉത്തരവാദിത്തം അനുദിനം ഏറിക്കൊണ്ടിരിക്കുകയാണ്. കാരണം, ഇസ്‌ലാമിന്റെ പേരില്‍ മേനിനടിക്കുന്ന പലരും ഇന്ന് ഏറെക്കുറെ മുന്‍ചൊന്ന ചിന്താഗതികള്‍ക്ക് പൂര്‍ണ പിന്തുണയേകിക്കൊണ്ടിരിക്കുകയാണ്, വശംവദരായിക്കൊണ്ടിരിക്കുകയാണ്.

ഇസ്‌ലാമിനെ നെഞ്ചേറ്റുന്നവര്‍ക്ക് പുണ്യത്തിലും ധര്‍മനിഷ്ഠയിലും ആരുമായും സഹകരിക്കുന്നതില്‍ യാതൊരുവിധ വിലക്കുകളുമില്ല. (ക്വുര്‍ആന്‍ 5:2). എന്നാല്‍ മനുഷ്യസൗഹാര്‍ദം എന്നതിലുപരി ഇതര മതങ്ങളുടെ വിശ്വാസാചാരങ്ങളെ അനുകരിച്ചുകൊണ്ടുള്ള ഒരു ലയനം ഇസ്‌ലാം കണിശമായി വിരോധിച്ചതാണ്. അല്ലാഹുവിന്റെ മതത്തെക്കുറിച്ചും വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുമുള്ള അതിപ്രധാനമായ ഒരു ഉത്തമബോധ്യം മനസ്സിന്റെ അന്തരാളങ്ങളില്‍ ഇത്തരുണത്തില്‍ വേരൂന്നേണ്ടതുമുണ്ട്:

 ''അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 41:42).

ഈ അടിസ്ഥാനപരമായ അറിവിലൂന്നി ഇന്നത്തെ ഇസ്‌ലാമിക സമൂഹത്തോട് വിശുദ്ധ ക്വുര്‍ആനിലേക്കും നബിചര്യയിലേക്കും സര്‍വാത്മനാ തിരിച്ചുവരാന്‍ സമാധാനപൂര്‍വം പ്രബോധിപ്പിക്കല്‍ അനിവാര്യമാണ്.