സംഘബലത്തിന്റെ ക്രൂരതകള്‍

പത്രാധിപർ

2018 ജൂണ്‍ 09 1439 റമദാന്‍ 24

സംഘം ചേരുമ്പോള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് മുനുഷ്യര്‍. കവലച്ചട്ടമ്പികള്‍ നടത്തുന്ന കൂലിത്തല്ലുമുതല്‍ സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ പിന്തുടരുന്ന തെറ്റായ നയങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ ഭരണകൂടം അഴിച്ചുവിടുന്ന മര്‍ദനം വരെ ഈ പരിധിയില്‍ പെടും.

വിദ്യാര്‍ഥി സമരങ്ങള്‍ ശ്രദ്ധിക്കുക. പാവം കുട്ടികളായിരിക്കും മിക്കവരും. എന്നാല്‍ കൂട്ടംകൂടുമ്പോള്‍ അവര്‍ അക്രമാസക്തരായി മാറുന്നത് കാണാം. പശുവിറച്ചിയുടെ പേരില്‍ പേപ്പട്ടിയെ പോലെ മനുഷ്യരെ തല്ലിക്കൊന്നവര്‍ അത്രയും രാക്ഷസീയ ഭാവം പൂണ്ടത് സംഘബലത്തിന്റെ അഹന്തയിലാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. 

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന സ്‌റ്റെല്‍ലൈറ്റ് കമ്പനിക്കെതിരായ ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരു ഡസന്‍ ആളുകള്‍ കൊല്ലപ്പെട്ട വാര്‍ത്തയെക്കാള്‍ നമ്മെ ഞെട്ടിച്ചത് ഒരാളെയെങ്കിലും കൊല്ലൂ എന്ന പോലീസുകാരന്റെ ആക്രോശമാണ്. 

ഭരണകൂടങ്ങളുടെ ശക്തിപ്രകടനത്തിന്റെ കുന്തമുന പോലീസ് തന്നെ. പോലീസുകാരന്‍ ഒറ്റക്ക് നല്ലവനാകാം. സംഘം ചേരുമ്പോള്‍ അവരും അവര്‍ക്ക് കൂലികൊടുക്കുന്ന സര്‍ക്കാരിന്റെ തല്ലുകാരായിത്തീരുന്നു. ഒറ്റപ്പെടുത്തി സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുന്നു. അപരന്റെ പ്രാണവദനയില്‍ ഊറ്റംകൊള്ളുന്നു. ഇങ്ങനെ പരപീഡനം കത്യനിര്‍വഹണമാക്കുന്ന രാക്ഷസീയഭാവം പോലീസിന്റെ മൗലികസ്വഭാവമാകുമ്പോള്‍ സാധാരണ ജനങ്ങളില്‍ നിന്നും പോലീസുകാരും ഒറ്റപ്പെടുന്നു. ഇൗ പോലീസിനെ പോറ്റുന്ന സര്‍ക്കാരും ക്രമേണ ഒറ്റപ്പെടുമെന്നതില്‍ സംശയമില്ല.

ബഞ്ചില്‍ മലര്‍ത്തിക്കിടത്തി റൂള്‍ത്തടി പ്രയോഗം നടത്തുന്ന പോലീസുകാര്‍ ഈ സംഘബോധത്തിന്റെ ഉന്‍മാദാവസ്ഥയിലാണ്. തന്റെ സംഘത്തില്‍നിന്നും വേറിട്ടുനിന്നുകൊണ്ട് അതിക്രൂരമായ മര്‍ദനനടപടികള്‍ നടത്തുവാന്‍ ഒരു പോലീസിനും സാധ്യമല്ല. സംഘം ചേരുമ്പോള്‍ രൂപംകൊള്ളുന്ന സാഡിസത്തിന്റെ ഏറ്റവും ദാരുണമായ ചിത്രമാണിത്. 

സാഹചര്യങ്ങള്‍ ഒത്തുകിട്ടിയാല്‍ മര്‍ദനത്തിന്റെയും അധികാരദുര്‍വിനിയോഗത്തിന്റെയും ഭീകരമുഖം പ്രത്യക്ഷപ്പെടും. യൂറോപ്പിന്റെ മധ്യകാലഘട്ട ചരിത്രം മര്‍ദനമുറകള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ചതാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ പേപ്പല്‍ ഇന്‍ക്വിസിഷനും പതിനഞ്ചാം നൂറ്റാണ്ടിലെ സ്പാനിഷ് ഇന്‍ക്വിസിഷനും കിരാതമായ പീഡനങ്ങളുടെയും ക്രൂരമായ ഹിംസയുടെയും ഇരുണ്ടകാലഘട്ടമായിരുന്നു.സഭയുടെ ഔദ്യോഗിക പ്രഖ്യാപിത ചിന്താപദ്ധതികളില്‍നിന്നും വ്യതിചലിച്ച് പെരുമാറുന്നുവെന്നോ സംസാരിക്കുന്നുവെന്നോ സംശയം തോന്നിയാല്‍ മതി അറസ്റ്റു ചെയ്ത് പള്ളിയുടെ സ്വന്തം തടവറയിലിടും. ആരോപിക്കപ്പെട്ട കുറ്റം ദൈവദൂഷണമാണ്. തെളിവെടുപ്പിന്റെ പ്രധാനമാര്‍ഗം മര്‍ദനം തന്നെ. ഇരുളടഞ്ഞ തടവറകളില്‍ ആഹാരം കിട്ടാതെ തളര്‍ന്നുകിടക്കുന്ന പ്രതികളെ ഭീമന്‍ ചക്രങ്ങളില്‍ കയറ്റി വലിച്ചുനീട്ടുക, മലര്‍ത്തിക്കിടത്തി കയ്യും കാലും രണ്ടു ചക്രങ്ങളിലായി ബന്ധിച്ച് ചക്രങ്ങള്‍ കറക്കുക, നഖങ്ങള്‍ പിഴുതെടുക്കുക, ഗുഹ്യഭാഗങ്ങളില്‍ സൂചികടത്തുക മുതലായവ അന്നത്തെ മര്‍ദനമുറകളില്‍ ചിലതായിരുന്നു. സഹിക്കവയ്യാതെ കുറ്റം സമ്മതിക്കും. എന്നാലും മരണശിക്ഷ ഉറപ്പ്. ഇന്‍ക്വിസിഷന്‍ കമ്മിറ്റി ശിക്ഷയുടെ കാഠിന്യം കുറച്ചുകൊടുക്കും. ജീവനോടെ ചുട്ടുകൊല്ലുന്നതിനു പകരം ഒരു തൂണില്‍ കെട്ടിനിര്‍ത്തിയ പ്രതിക്കു ചുറ്റും വിറകിട്ട് തീകത്തിക്കും. ആരാച്ചാര്‍ കഴുത്തില്‍ ചരടുമുറുക്കിക്കൊല്ലും. 

അധികാരം ദുഷിപ്പിക്കും.പരമാധികാരം പരമാവധി ദുഷിപ്പിക്കും. തത്ത്വദീക്ഷയില്ലാത്തവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എന്തും സംഭവിക്കും. ഇന്നും നമ്മള്‍ ലോകത്ത് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു.