സംസ്‌കാരത്തിന്റെ നിറനിലാവ്

പത്രാധിപർ

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

കറുത്തിരുണ്ട അനീതിയുടെയും അക്രമത്തിന്റെയും വികലവിശ്വാസങ്ങളുടെയും ഉള്‍പരപ്പിന് മുകളില്‍ വിമോചനത്തിന്റെ പുതിയൊരു ബാലചന്ദ്രനായാണ് ഇസ്‌ലാമിന്റെ സന്ദേശം അറേബ്യയില്‍ ഉദിച്ചുയര്‍ന്നത്. പിന്നീടത് നിറനിലാവായി വളര്‍ന്നു. വംശങ്ങളും ഗോത്രങ്ങളും ജാതികളും ഉപജാതികളും ആ നിലാവെട്ടത്തില്‍ പുതിയ ജീവിതത്തിന്റെ കാഴ്ചകള്‍ കണ്ടു. 

വിഖ്യാത ചരിത്രകാരനായ അര്‍നോള്‍ഡ് ടോയിന്‍ബി ഇസ്‌ലാമിനെ ചരിത്രത്തിലെ വന്‍മരം എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്. ഊഷരമായ മരുഭൂമിയുടെ മുകളില്‍ വളര്‍ന്നുപന്തലിച്ച് ലോകത്തിന് തണലും കരുത്തുമേകുന്ന ഒരു സംസ്‌കാരമായി ഇസ്‌ലാം വളര്‍ന്നത് ടോയിന്‍ബി തിരിച്ചറിഞ്ഞു. പാശ്ചാത്യ ചരിത്രകാരന്മാരില്‍ പലര്‍ക്കും ഈ തിരിച്ചറിവുണ്ടായിരുന്നു. ഫിലിപ്പ് ഹിറ്റിയെപ്പോലുള്ളവര്‍ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പശ്ചാത്തലമൊരുക്കുന്നതില്‍ ഇസ്‌ലാമിനുള്ള പങ്ക് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ഇസ്‌ലാം ഏറെ സ്വാധീനിച്ച ഒരു സമൂഹമാണ് ഇന്ത്യയിലേത്. ഇവിടെ ഇസ്‌ലാം കടന്നുവന്നില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് പണ്ഡിറ്റ് നെഹ്‌റു കൗതുകത്തോടെ അന്വേഷിച്ചിട്ടുണ്ട്. ജാതീയതയും തൊട്ടുതീണ്ടിക്കൂടായ്മയും നിറഞ്ഞുനിന്ന ഇന്ത്യന്‍ സമൂഹത്തിന്റെ മ്ലാനമായ സാമൂഹ്യാന്തരീക്ഷത്തിലേക്ക് വിമോചനത്തിന്റെ പുതുയുഗപ്പിറവിയറിയിക്കുന്ന ഒരു വസന്തകാല ചന്ദ്രികയായാണ് ഇസ്‌ലാം കടന്നുവന്നത്. സ്വാമി വിവേകാനന്ദന്‍ നടന്നുകണ്ട ഇന്ത്യയുടെ ദയനീയ ചിത്രം പതിന്മടങ്ങ് ഭീതിതവും ദയനീയവുമാകുമായിരുന്നു ഇസ്‌ലാം ഇവിടെ വന്നില്ലായിരുന്നുവെങ്കില്‍. 

മുഹമ്മദ് നബി ﷺ യെ ഇസ്‌ലാമിന്റെ സന്ദേശവുമായി മാനവരാശിയിലേക്ക് നിയോഗിച്ചതിന്റെ ലക്ഷ്യമായി വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (ക്വുര്‍ആന്‍ 62:2).

ഇസ്‌ലാമിക വീക്ഷണത്തില്‍ സംസ്‌കാരത്തിന്റെ ഒന്നാമത്തെ പ്രേരകശക്തി വിശ്വാസമാണ്. വിശ്വാസങ്ങളില്‍ പ്രഥമവും പ്രധാനവുമായതാകട്ടെ ഏകദൈവ വിശ്വാസവും. ലോകത്ത് നിയോഗിതരായ സര്‍വ പ്രവാചകന്മാരും ഇൗ വിശ്വാസത്തിലേക്കാണ് ആദ്യമായി ജനങ്ങളെ ക്ഷണിച്ചത്. ഉന്നതമായ സംസ്‌കാരത്തിലേക്ക് അത് ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നു.

പുതിയൊരു പ്രബുദ്ധതയുടെ ആത്മാവും ജീവനുമായി ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ക്വുര്‍ആന്‍ മാറി. വേദങ്ങളെ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിലുള്ള മനുഷ്യമാനദണ്ഡങ്ങളെ ക്വുര്‍ആന്‍ മാറ്റിമറിച്ചു. മനുഷ്യര്‍ക്കായുള്ള ഒരു വേദമെന്ന നിലയില്‍ ക്വുര്‍ആന്‍ മനുഷ്യരോട് സംസാരിക്കുന്നു. ഏറ്റവും ഉത്തമമായതിലേക്ക് അത് മാനവരാശിയെ വഴിനടത്തുന്നു. 

''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)'' (ക്വുര്‍ആന്‍ 17:9,10).