വിലയില്ലാതാകുന്ന മനുഷ്യരും വിലകൂടുന്ന ഗോക്കളും

പത്രാധിപർ

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

പശുമാംസം വീട്ടില്‍ സൂക്ഷിച്ചു എന്ന പേരിലാണ് ഒരു ഇന്ത്യന്‍ സൈനികന്റെ പിതാവ് കൂടിയായ മുഹമ്മദ് അഖ്‌ലാകിനെ മതഭ്രാന്തന്മാര്‍ സംഘടിച്ച് തല്ലിയും കല്ലുകൊണ്ട് ഇടിച്ചും ദാരുണമായി കൊലചെയ്തത്. പശുമാംസം തിന്നുന്നവരെയും അങ്ങനെ ചെയ്‌തെന്ന് വ്യാജമായ ആരോപണം ഉന്നയിക്കപ്പെട്ടവരെയും പശുവിനെ കശാപ്പുചെയ്യുന്നവരെയും പിടിച്ച് കശാപ്പുചെയ്ത് മുന്നേറുന്ന സംഘ്പരിവാര്‍ ഭീകരത വളര്‍ന്നു വളര്‍ന്ന് പശുവിനെ കാശ് കൊടുത്തു വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകുന്നവരെ പോലും തല്ലിക്കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു! വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ സഹായിക്കാനല്ല, അക്രമികളുടെ ഒപ്പം കൂടി അതില്‍ പങ്കുചേരാനും അക്രമം ആസ്വദിക്കുവാനുമാണ് പലപ്പോഴും പോലീസുകാര്‍ തയ്യാറാകുന്നത് എന്നത് ഏറെ ആശങ്കാജനകവും ഭയാനകവുമാണ്. 

ഏറ്റവുമൊടുവില്‍ രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് മരിക്കുന്നതിന് മുന്‍പ് നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാതെയാണ് പൊലീസ് നാലു മണിക്കൂറോളം കസ്റ്റഡിയില്‍ വച്ചത്. ആ പാവം മനുഷ്യന്‍ ഗുരുതരമായി പരിക്കേറ്റ് മരണാസന്നനായി കിടക്കുമ്പോള്‍ അയാളുടെ ജീവന്‍ രക്ഷിക്കുവാന്‍ ശ്രമിക്കാതെ പിടിച്ചെടുത്ത പശുക്കളെ വാഹനം വിളിച്ചുവരുത്തി സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും ശേഷം ചായ കുടിക്കുകയുമൊക്കെ ചെയ്തിട്ടാണത്രെ പോലീസുകാര്‍ അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ശനിയാഴ്ചയാണ് കൊലപാതകം നടക്കുന്നത്. രാത്രി 12.41 ആയപ്പോള്‍ പോലീസിന് ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചു. 1.20ന് അവര്‍ സ്ഥലത്തെത്തി. കിഷോര്‍ എന്നയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചെളിയില്‍ മുങ്ങിക്കിടന്ന അക്ബറിനെ കുളിപ്പിച്ച് വാഹനത്തില്‍ കയറ്റിയ ശേഷം കിഷോറിന്റെ വീട്ടിലേക്കാണ് പോലീസുകാര്‍ പോയത്. എന്നിട്ട് പശുക്കളെ സുരക്ഷിത സ്ഥലത്തെത്തിക്കാനുള്ള വാഹനം വരാന്‍ ഏര്‍പ്പാടാക്കി. അതിനുശേഷം പോലീസ് വാഹനം നിര്‍ത്തിയത് ഒരു ചായക്കടയുടെ മുന്നിലാണ്. വേദനകൊണ്ട് പുളയുന്ന അക്ബറിന്റെ രോദനം പരിഗണിക്കാതെ പോലീസുകാര്‍ ചായ ഓര്‍ഡര്‍ ചെയ്ത് പശുക്കളെ കൊണ്ടു പോകാനുള്ള വണ്ടി കാത്ത് അവിടെ കുറേ നേരം നിന്നു. ശേഷം പോലീസ് സ്‌റ്റേഷനിലെത്തിയ ഇവര്‍ അക്ബറിനെ പരിഗണിക്കാതെ പശുക്കളെ സമീപത്തുള്ള ഗോശാലയില്‍ കൊണ്ടാക്കാന്‍ മുന്‍കൈ എടുക്കുകയായിരുന്നു. പശുക്കളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം വെളുപ്പിന് നാലു മണിയോടെയാണ് അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. 

ആല്‍വാര്‍ ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍ നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് അക്ബറിനെ അക്രമികള്‍ തല്ലിക്കൊന്നത്. സുഹൃത്ത് അസ്‌ലം ഖാന്റെ ഒപ്പമാണ് അക്ബര്‍ പശുവിനെ വാങ്ങി മടങ്ങിയത്. പശുക്കളുമായി നടന്ന് വരുന്ന വഴിയാണ് ഗോസംരക്ഷണ ഗുണ്ടകള്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. കല്ലും മരക്കമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 

ഇതിനെല്ലാം അറുതിയുണ്ടായേ തീരൂ. അധികാരക്കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ എന്ത് നെറികേടും കാണിക്കാന്‍ തയ്യാറുള്ളവരെ പരാജയപ്പെടുത്തേണ്ടതുണ്ട്. മതേതരത്വം ഇന്ത്യന്‍ മണ്ണില്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന, മനുഷ്യര്‍ക്ക് മൃഗങ്ങളെക്കാള്‍ വിലകല്‍പിക്കുന്ന എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.