വിദ്യാര്‍ഥികളും മൂല്യബോധവും

പത്രാധിപർ

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

ഭൂമിയിലുള്ള ജീവജാലങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ മനുഷ്യനാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 17:70).''

സംസാരിക്കാന്‍ കഴിയുന്ന, പുരോഗതി പ്രാപിക്കാന്‍ കഴിയുന്ന ഏകജീവി എന്നതല്ല, മറിച്ച് ഏറെ ഉത്തരവാദിത്തങ്ങളുള്ള ജീവി എന്നതാണ് മനുഷ്യനെക്കുറിച്ച ഇസ്‌ലാമിക വീക്ഷണം. ഇതര ജീവികളെപ്പോലെ ആത്മരക്ഷയും അതിജീവനവും വംശോത്പാദനവും മാത്രമാണ് മനുഷ്യ ജീവിതത്തിന്റെയും ലക്ഷ്യമെന്ന ഭൗതികവാദസിദ്ധാന്തത്തെ ഇസ്‌ലാം തികച്ചും നിരാകരിക്കുന്നു. 

തന്റെ കാര്യത്തില്‍ മാത്രമല്ല; താന്‍ ഉള്‍പെടുന്ന കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും പുരോഗതിയുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കുന്നത് മനുഷ്യന്റെ ഈ സംസ്‌കാരബോധം െകാണ്ടാണ്. ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളര്‍ന്ന് അത് ജീവിതത്തില്‍ നിരന്തരം ശീലിച്ചുപോന്നാല്‍ അയാള്‍ ഭാവിയില്‍ ഒരു ഉത്തമ പൗരനായി കുടംബത്തിനും രാജ്യത്തിനും മാര്‍ഗദീപമാകുമെന്നതില്‍ സംശയമില്ല. പക്ഷേ, മാതാപിതാക്കളും അധ്യാപകരും സമൂഹംതന്നെയും കുട്ടികള്‍ക്ക് മാതൃകയാകണം. ഇന്ന് ഇളംതലമുറയില്‍ കാണുന്ന മൂല്യച്യുതിക്ക് പ്രധാന കാരണം നല്ല മാതൃകയുടെ ജീവിക്കന്ന തെളിവിന്റെ അഭാവമാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. 

മൂല്യബോധം പകര്‍ന്നു നല്‍കല്‍ കുടുംബത്തില്‍നിന്ന് തുടങ്ങണം. മാതാപിതാക്കള്‍ ആദ്യം മക്കള്‍ക്ക് അനുകരണീയ മാതൃകകളാകണം. എന്നിട്ട് മക്കള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിക്കണം. നിര്‍ബന്ധപൂര്‍വം അത് അനുസരിപ്പിക്കുകയും വേണം.

കുട്ടികള്‍ വളരുന്നതോടുകൂടി സല്‍സ്വഭാവങ്ങളും പെരുമാറ്റരീതികളും മാറിമറിയാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മറ്റുള്ളവരോട് സ്‌നേഹവും കരുണയും അവര്‍ കാണിക്കണം. അന്യര്‍ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ മടികാണിക്കരുത്. അതിനൊന്നും പ്രത്യുപകാരവും പ്രതിഫലവും പ്രതീക്ഷിക്കരുത്; സ്രഷ്ടാവിന്റെ കണക്കില്ലാത്ത പ്രതിഫലമല്ലാതെ. 

സ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികളില്‍ ഇന്ന് മാനുഷിക മൂല്യങ്ങള്‍ പൊതുവെ കുറഞ്ഞു കാണുന്നു. അച്ചടക്കരാഹിത്യം എവിടെയും കാണാം. ക്ലാസില്‍ കൃത്യസമയത്ത് ഹാജറാകാതിരിക്കുക, അധ്യാപകരെ അനുസരിക്കാതിരിക്കുക, പാഠങ്ങള്‍ പഠിക്കാതിരിക്കുക, പരീക്ഷക്ക് കോപ്പിയടിക്കുക തുടങ്ങിയവ സ്ഥിരം പരിപാടികളാണ്. എന്തെങ്കിലും അച്ചടക്ക നടപടികളെടുത്താല്‍ പിന്നെ സമരമായി. സമരത്തിന്റെ മറവില്‍ എന്ത് അധമകൃത്യവും ചെയ്യാന്‍ അവര്‍ മടിക്കുകയില്ല. പൊതുമുതല്‍ നശിപ്പിക്കുന്ന അക്രമണോല്‍സുക കൂട്ടമായി അവര്‍ മാറുന്നു. മര്‍ദനവും കൊലപാതകവുമടക്കം ചെയ്യാന്‍ അവര്‍ ധൃഷ്ടരാകുന്നു. പാര്‍ട്ടി നേതാക്കളാണ് അതിനെല്ലാമുള്ള പിന്തുണയും ധൈര്യവും അവര്‍ക്ക് പകരുന്നത്. 

ഈ പരിതസ്ഥിതിയില്‍ നല്ലവരായി മുന്നോട്ട് പോകല്‍ വളരെ പ്രയാസകരം തന്നെയാണ്. തിന്മകള്‍ക്കെതിരില്‍, നന്മയില്‍ മുന്നേറാന്‍ കഴിയണമെങ്കില്‍ കണിശമായ മതബോധം അനിവാര്യമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെ നിരാകരിക്കുവാനും മൂല്യനിബദ്ധമായ ജീവിതം നയിക്കുവാനും യഥാര്‍ഥ മതവിശ്വാസിക്ക് കഴിയുമെന്നതില്‍ സംശമില്ല.