ആദര്‍ശത്തിന്റെ കാവല്‍ഭടന്മാര്‍

പത്രാധിപർ

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

സത്യവിശ്വാസവും സല്‍കര്‍മങ്ങളും സ്വീകരിച്ചാല്‍ ലഭിക്കാനിരിക്കുന്ന സല്‍ഫലങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നവരും തെറ്റായ വിശ്വാസവും ദുഷ്‌കര്‍മങ്ങളും സ്വീകരിച്ചാല്‍ അനുഭവിക്കേണ്ടിവരുന്ന ദുഷ്ഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരുമായിക്കൊണ്ടുമാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചതെന്ന് അനേകം ക്വുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്മാരുടെ കാലശേഷം അവരുടെ ദൗത്യം നിര്‍വഹിക്കേണ്ടവരാണ് സത്യപ്രബോധകര്‍. അവര്‍ക്കും നിര്‍വഹിക്കുവാനുള്ളത് സന്തോഷവാര്‍ത്ത അറിയിക്കലും മുന്നറിയിപ്പ് നല്‍കലും തന്നെയാണ്. 

പ്രവാചകന്മാര്‍ പഠിപ്പിച്ചതില്‍നിന്നും വ്യത്യസ്തമായ വിശ്വാസവും കര്‍മമാര്‍ഗവും പിന്തുടര്‍ന്നവര്‍ സമൂഹത്തില്‍ ഭൂരിപക്ഷമായിത്തീര്‍ന്ന ദുരവസ്ഥയാണ് എല്ലാ പ്രവാചകന്മാരുടെയും കാലശേഷമുണ്ടായത്. ഒരു ന്യൂനപക്ഷം മാത്രം പ്രവാചകന്മാരുടെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു. പക്ഷേ, അവരെ ഭിന്നിപ്പുകാരായി ചിത്രീകരിച്ചുകൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് മതത്തിന്റെ കുത്തകക്കാരായി ചമഞ്ഞ ഭൂരിപക്ഷം ചെയ്തത്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഇബ്‌റാഹീം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും കാലശേഷം അവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവരെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വിധാതാക്കളായി ചിത്രീകരിക്കുകയാണ് അനുയായികള്‍ ചെയ്തത്. ചില സമൂഹങ്ങള്‍ അവരുടെ പ്രവാചകന്മാരെ ദൈവപുത്രന്മാരുടെ പദവിയിലേക്ക് ഉയര്‍ത്തുക പോലും ചെയ്തു!

ഈ അപചയം മുഹമ്മദ് നബിﷺയുടെ സമുദായത്തിലും സംഭവിച്ചു. നബിﷺ പഠിപ്പിക്കാത്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരും അവിടുന്ന് മാതൃക കാണിക്കാത്ത ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരും അവിടുന്ന് പഠിപ്പിക്കാത്ത കാര്യങ്ങള്‍ക്ക് പുണ്യം വിധിക്കുന്നവരുമാണ് മുസ്‌ലിം സമുദായത്തില്‍ ഭൂരിപക്ഷം. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും പ്രവാചക ചര്യയിലും സ്ഥിരപ്പെട്ട വിശ്വാസ-കര്‍മങ്ങളേസ്വീകരിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നവര്‍ ന്യൂനപക്ഷവും. തെളിവില്ലാത്ത വിശ്വാസാചാരങ്ങള്‍ ഉപേക്ഷിക്കണമെന്ന് പറയുന്നവരെ ഭൂരിപക്ഷം ഭിന്നിപ്പുകാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. 

ഈ പ്രതികൂല സാഹചര്യത്തിലും സത്യത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന പല ഘടകങ്ങളുമുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ക്വുര്‍ആനും പ്രവാചകചര്യയും ആര്‍ക്കും പരിശോധിക്കാവും വിധം ലഭ്യമാണെന്നതാണ് ഒരു ഘടകം. മിക്ക ഭാഷകളിലും ഇവയുടെ പരിഭാഷകള്‍ ലഭ്യമാണ്താനും. ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ ഘട്ടങ്ങളിലും പ്രമാണങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിയ കുറച്ചു പണ്ഡിതന്മാരെങ്കിലും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു ഘടകം. ശിയാക്കളും വിധിനിഷേധികളും അദ്വൈതവാദികളും ക്വബ്‌റാരാധകരും ഇസ്‌ലാമിന്റെ പേരില്‍ കെട്ടിച്ചമച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് അവര്‍ ഇസ്‌ലാമിന്റെ കാവല്‍ഭടന്മാരായി വര്‍ത്തിച്ചിട്ടുണ്ട്. വര്‍ത്തമാന കാലത്ത് ലോകത്തുടനീളം ഇസ്‌ലാമിന്റെ മൗലിക രൂപം തെളിയിച്ചുകാണിക്കുന്നതിനു വേണ്ടി കൂട്ടായ്മകള്‍ നിലകൊള്ളുന്നു എന്നതാണ് മറ്റൊരു ഘടകം.

അല്ലാഹുവും റസൂലും പഠിപ്പിച്ച രൂപത്തില്‍ തന്നെ ഇവിടെ ഇസ്‌ലാം നിലനിര്‍ത്തുന്നതിനു വേണ്ടി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടിരുന്ന സത്യപ്രബോധകര്‍ ഇല്ലായിരുന്നുവെങ്കില്‍ മുസ്‌ലിം സമൂഹത്തിന്റെ സ്ഥിതി എന്താകുമായിരുന്നു എന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. 

തര്‍ക്കിച്ചുതോല്‍പിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഒരു എതിരാളിയുടെ റോളല്ല, പ്രബോധിതന് എല്ലാവിധത്തിലും നന്മയും രക്ഷയും ഉണ്ടാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു ഗുണകാംക്ഷിയുടെ ഭാവമാണ് സത്യപ്രബോധകന് ഉണ്ടായിരിക്കേണ്ടത്. 

0
0
0
s2sdefault