നടുറോട്ടിൽ പൊലിയുന്ന ജീവിതങ്ങൾ

പത്രാധിപർ

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

എത്രയെത്ര റോഡപകടങ്ങളാണ് നമ്മുടെ നാട്ടില്‍ ഓരോ ദിവസവും നടക്കുന്നത്! അവയില്‍ കുറെ പേരുടെ ജീവന്‍ പൊലിയുന്നു. കുറെ പേര്‍ അബോധാവസ്ഥയിലായി മാറുന്നു. നിരവധി പേര്‍ അംഗവൈകല്യമുള്ളവരായിത്തീരുന്നു. 

റോഡപകടങ്ങളില്‍ പൊലിയുന്ന ജീവിതങ്ങളും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളും സംസ്ഥാനഭരണത്തിന്റെ ഗൗരവമാര്‍ന്ന ചിന്തയ്ക്കും നടപടിക്കും വിഷയമായിരിക്കുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 2020 ആകുമ്പോഴേക്കും 50 ശതമാനം റോഡപകടങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 

 ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ഫലപ്രദമാക്കി അപകടങ്ങളും മരണങ്ങളും അംഗഭംഗങ്ങളും കഴിയുന്നത്ര  കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ മൂന്നുവര്‍ഷത്തെ റോഡപകടങ്ങളുടെ കണക്കുകള്‍ അവലോകനംചെയ്ത് ഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനാപകട കേസുകളുടെ ചുമതല ലോക്കല്‍ പൊലീസിന് കൈമാറി ട്രാഫിക് സ്‌റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമായി നിയോഗിക്കുവാനാണ് തീരുമാനം. അപകടങ്ങളുടെ അന്വേഷണം ലോക്കല്‍ പൊലീസിലേക്ക്  മാറുന്നതോടെ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക്  ലഘൂകരിക്കാനും എളുപ്പം കഴിയുമെന്നാണ് നിഗമനം. 

2017ല്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 4131 പേരാണ്. 38470 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്ത് വിട്ട വിവരമാണിത്. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമഗ്രമായ റിപ്പോര്‍ട്ടാണിത്. 2016ല്‍ യഥാക്രമം അപകടങ്ങള്‍ 39420 ഉം മരണം 4287ഉം ആയിരുന്നു. 2016നെ അപേക്ഷിച്ചു നോക്കുമ്പോള്‍ 2017ലെ അപകട നിരക്കില്‍ 1050 ഉം മരണനിരക്കില്‍ 156 ഉം കുറവുണ്ടായിട്ടുണ്ട്. 

ആകെയുണ്ടായ 38470 അപകടങ്ങളില്‍ 37297 അപകടങ്ങളുടേയും കാരണം െ്രെഡവറുടെ അശ്രദ്ധയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മരിച്ചവര്‍ 3567 പേരാണ്. മദ്യപിച്ച് വാഹനം ഓടിച്ച് 23 പേര്‍ അപകടത്തില്‍പ്പെട്ടതില്‍ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മറ്റ് കാരണങ്ങളാല്‍ നടന്ന 1110 അപകടങ്ങളില്‍ 560 പേര്‍ കൊല്ലപ്പെട്ടു.

2001 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ 649334 അപകടങ്ങളില്‍ 63034 പേര്‍ മരിക്കുകയും 770235 പേര്‍ക്ക് പരുക്കേക്കുകയും ചെയ്തു എന്നാണ് സംസ്ഥാന പോലീസിന്റ ഔദ്യോഗിക കണക്ക്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇതിലും എത്രയോ അധികം റോഡ് അപകടങ്ങളാണ് ദിനംപ്രതി നമ്മുടെ സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെയും അമിതവേഗത്തിലും ലൈസന്‍സില്ലാതെയും ചീറിപ്പായുന്ന വാഹങ്ങള്‍ മരണത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ്. റോഡ പകടങ്ങളില്‍ മരണപ്പെടുന്നവരില്‍ അധികവും യുവാക്കളാണ്. ഇതില്‍ വിദ്യാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണ്. രക്ഷിതാക്കളുടെ സജീവ ശ്രദ്ധ ഈ വിഷയത്തില്‍ പതിയേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോലും സ്വന്തമായി ബൈക്ക് വാങ്ങിക്കൊടുത്ത് കറങ്ങാന്‍ വിടുന്ന രക്ഷിതാക്കള്‍ ചെയ്യുന്നത് വലിയ അക്രമം തന്നെയാണ്.