ഇഴയടുപ്പം നഷ്ടപ്പെടുന്ന ദാമ്പത്യബന്ധങ്ങള്‍

പത്രാധിപർ

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

വള്ളിപ്പടര്‍പ്പുകളില്‍നിന്ന് പുറത്തേക്ക് നാമ്പുനീട്ടി നില്‍ക്കുന്ന പുഷ്പങ്ങളെ നാം പലതവണ കണ്ടിട്ടുണ്ടാകും. അവ പ്രത്യേകം ശ്രദ്ധിക്കപ്പെടും. അവയുടെ സൗന്ദര്യം നമ്മെ ആകര്‍ഷിക്കും. അതുപോലെയാണ് നല്ല ദാമ്പത്യബന്ധം. സ്‌നേഹവും ഒരുമയും പരസ്പര വിശ്വാസവുമടക്കം ദാമ്പത്യ ബന്ധത്തെ ഈടുറ്റതാക്കുന്ന ഗുണങ്ങളെല്ലാം സമ്മേളിച്ച ദമ്പതികള്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടും. അവരെ ചൂണ്ടി മാതൃകാദമ്പതികള്‍ എന്ന് ആളുകള്‍ പറയും.

എന്നാല്‍ ഇന്ന് ഇത്തരത്തിലുള്ള ദമ്പതികളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതിന്റെ കാരണം പലതാണ്. ഏത് വ്യക്തിയിലുമുണ്ട് സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും. മനുഷ്യ സൃഷ്ടിപ്പിലെ തന്നെ ഭാഗമാണത്. നമ്മളാരും സമ്പൂര്‍ണരല്ല. ഗുണങ്ങള്‍ തിരിച്ചറിയാനുള്ള മനസ്സാണ് ആദ്യം വേണ്ടത്. ജീവിത പങ്കാളിയുടെ കുറ്റവും കുറവും ചികഞ്ഞന്വേഷിച്ച് നോക്കാനിരുന്നാല്‍ ജീവിതത്തില്‍ സ്വസ്ഥതയുണ്ടാകില്ല. ശ്രദ്ധയില്‍ പെട്ട വീഴ്ചകളെ അനുയോജ്യമായ സമയം നോക്കി  പറഞ്ഞു തിരുത്തിക്കാാന്‍ ശ്രമിക്കുന്നതാണ് ബുദ്ധി. ഗുണകാംക്ഷാനിര്‍ഭരമായ ഉപദേശം സന്ദര്‍ഭോചിതമായി നല്‍കിയാല്‍ ഫലംചെയ്യുവാനുള്ള സാധ്യത ഏറെയാണ്. 

ക്ഷമ, വിട്ടുവീഴ്ച, സ്‌നേഹം, ജീവിത ലാളിത്യം തുടങ്ങിയ സദ്ഗുണങ്ങളും ശീലങ്ങളും ഉണ്ടായാല്‍ മാത്രമെ നല്ല ദാമ്പത്യബന്ധം ഉണ്ടാവുകയുള്ളൂ. അങ്ങനെയുള്ള ദാമ്പത്യത്തില്‍ വിരിയുന്ന കുട്ടികളില്‍ ആ ഗുണങ്ങള്‍ പ്രകടമാവുകയും ചെയ്യും.  കലഹിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരെക്കുറിച്ച് പഠിച്ചാല്‍  അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ ഏതെങ്കിലും തരത്തിലുള്ള ദുശ്ശീലങ്ങളുടെ അടിമയാണെന്ന് കാണാനാവും. ഏറ്റവും ഉത്തമരായ മനുഷ്യരായി ഇസ്‌ലാം കാണുന്നത്  ഉല്‍കൃഷ്ട ഗുണങ്ങളുള്ളവരെയാണ് എന്ന കാര്യം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.  

വിശുദ്ധ ക്വുര്‍ആനിലും ഹദീഥുകളിലും ക്ഷമയുടെ ഗുണത്തെയും പ്രതിഫലത്തെയും കുറിച്ചുള്ള ധാരാളം വചനങ്ങള്‍ കാണാവുന്നതാണ്. ദാമ്പത്യബന്ധത്തില്‍ മാത്രമല്ല കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം തന്നെ ക്ഷമയുടെ ഊഷ്മള ഭാവം നിലനിര്‍ത്താന്‍ കഴിയണം.

പുരുഷന്മാരിലും സ്ത്രീകളിലും ലോകത്താകമാനം ആത്മഹത്യാനിരക്ക് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബ കലഹങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്.  പ്രതിസന്ധികള്‍ തരണം ചെയ്യാനാവാതെ വരുമ്പോള്‍ സ്വയം കീഴടങ്ങുകയും ജീവിതത്തില്‍നിന്ന് തന്നെ ഒളിച്ചോടുകയും ചെയ്യുകയെന്ന ദൗര്‍ബല്യമാണ് ആത്മഹത്യയില്‍ എത്തിക്കുന്നത്. 

ഒരു ദിവസം പത്രം കയ്യിലെടുത്താല്‍ എത്രയെത്ര കൊലപാതകങ്ങളുടെ വാര്‍ത്തകളാണ് നാം കാണുന്നത്! ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും അതിക്രൂരമായി കൊന്ന വാര്‍ത്തകള്‍ക്കും പഞ്ഞമില്ല. അവിഹിത ബന്ധത്തിനുള്ള തടസ്സം നീക്കാന്‍ കാമുകനും ഭാര്യയും കൂടി ഭര്‍ത്താവിനെ കൊല്ലുന്നു. ഭാര്യയുടെ വഴിവിട്ട ബന്ധത്തിലുള്ള ദേഷ്യത്താലോ സംശയ രോഗത്താലോ ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നു. ദാമ്പത്യ ബന്ധത്തിന്റെ തകര്‍ച്ചയിലും ആത്മഹത്യയിലും കൊപലാതകത്തിലുമെല്ലാം ലഹരി ഉപയോഗത്തിനുള്ള പങ്കും വിസ്മരിക്കാവതല്ല. 

ഇഹലോകത്തിന്റെ നൈമിഷികതയെക്കുറിച്ചും പരലോക ജീവിതത്തെക്കുറിച്ചുമുള്ള ബോധമുള്ളവരാകുവാന്‍ ദമ്പതികള്‍ക്ക് സാധിച്ചാല്‍ അപസ്വരങ്ങളില്ലാത്ത ദാമ്പത്യം നയിക്കുവാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. കാരണം അവര്‍ക്ക് പരസ്പരം ക്ഷമിക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനും സ്‌നേഹിക്കുവാനും കരുണകാണിക്കുവാനും ആദരിക്കുവാനുമുള്ള മനസ്സുണ്ടാകും.