നാറുന്ന നഗരങ്ങളും നീറുന്ന പ്രശ്‌നങ്ങളും

പത്രാധിപർ

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

തൊഴില്‍പരമായ കാരണങ്ങളാല്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ക്രമാതീതമായിക്കൊണ്ടിരിക്കുകയാണിന്ന്. വര്‍ധിച്ച ജനസാന്ദ്രതക്ക് ആനുപാതികമായ സൗകര്യങ്ങള്‍ നഗരങ്ങളില്‍ ഏര്‍പെടുത്താനുമാകുന്നില്ല. സാധ്യമായവ തന്നെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടുകള്‍ കാരണം നടപ്പാക്കപ്പെടാതെ പോകുകയും ചെയ്യുന്നു. 

ഗതാഗതസൗകര്യങ്ങള്‍ കൂടുന്തോറും നഗരങ്ങളിലെ വായുമലിനീകരണ തോത് ഇരട്ടിച്ചുകൊണ്ടിരിക്കുന്നു. വാഹനപുക നഗരങ്ങളെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്നു. ശബ്ദശല്യം അതിലേറെയാണ്. പുക പരിശോധിക്കാനും ശബ്ദ നിയ്രന്തണത്തിനും പ്രത്യേക വകുപ്പുകളും സംവിധാനങ്ങളുമൊക്കെയുണ്ടെങ്കിലും പാവപ്പെട്ടവനില്‍നിന്ന് പോലും പിടിച്ചുപറ്റുന്ന നികുതിപ്പണം തിന്നുന്ന കുറെ ഉദ്യോഗസ്ഥന്മാരെ പോറ്റുന്നു എന്നല്ലാതെ ആ വകുപ്പുകളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. 

ബസ്‌സ്റ്റാന്റിനും റെയില്‍വെ സ്‌റ്റേഷനും അനുബന്ധമായി കക്കൂസും മൂത്രപ്പുരയുമൊെക്കയുണ്ടാക്കാന്‍ ഔദാര്യം കാണിക്കുന്ന നഗരഭരണകൂടങ്ങള്‍ അവയുടെ ശുചിത്വത്തില്‍ ഒട്ടും ശ്രദ്ധപുലര്‍ത്തിക്കാണുന്നില്ല. നഗരത്തിലേക്കുള്ള സ്വാഗതബോര്‍ഡ് കാണുന്നത് മുതല്‍ നഗരം പിന്നിടുന്നതുവെര മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേട് മിക്ക നഗരങ്ങള്‍ക്കുമുണ്ട്. സാക്ഷരതയുടെയും ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെയുമൊക്കെ പെരുമ്പറ മുഴക്കുന്ന നമ്മുടെ സംസ്ഥാനത്തിന്റെ പോലും അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. 

നഗരങ്ങള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പരിസ്ഥിതി നാശത്തിന് ഹേതുവായ പ്രധാന നിമിത്തങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. നഗര സമീപ പ്രദേശങ്ങളിലെ ഏതെങ്കിലും െവളിമ്പറമ്പുകളില്‍ നഗരത്തിന്റെ വിസര്‍ജ്യങ്ങള്‍ അപ്പാടെ തള്ളുകയാണ് നമ്മുടെ പതിവ്. മാലിന്യങ്ങളെ വകതിരിച്ച് സംസ്‌കരിക്കാനും പിന്നീടത് വളമാക്കിമാറ്റാനുമൊന്നും ഇനിയും നഗരസഭകള്‍ക്ക് കഴിയുന്നില്ല. 

പൊട്ടിപ്പൊളിഞ്ഞ സെപ്റ്റിക് ടാങ്കുകളും സ്ലാബുകള്‍ തകര്‍ന്ന ഓടകളും ഹോട്ടലുകള്‍ക്കും മറ്റും മുമ്പില്‍ കുമിഞ്ഞുകൂടുന്ന മാലിന്യക്കുമ്പാരങ്ങളുമാണ് നഗരത്തിന്റെ പതിവുകാഴ്ച. ഓവുചാലുകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനുകള്‍ ചോര്‍ന്ന് അഴുക്കുവെള്ളം കുടിവെളളത്തില്‍ കലരുന്ന റിപ്പോര്‍ട്ടുകള്‍ നാം നിസ്സംഗരായി വായിച്ചുകൊണ്ടിരിക്കുന്നു.

ഓവുചാലുകളും അഴുക്കുവെള്ളവും മറ്റു മാലിന്യങ്ങളുമൊക്കെ തള്ളുന്നത് നദികളിലേക്കും ഒടുവില്‍ കടലിലേക്കുമാണ്. ഓരോ പട്ടണവും ഒരുദിനം നദികളില്‍ തള്ളുന്ന മനുഷ്യജന്യമാലിന്യങ്ങള്‍ മാത്രം ദശക്കണക്കിന് ടണ്‍ വരും. നദിയെയും കടലിനെയും വെറും കുപ്പത്തൊട്ടിയായി കാണുന്നതിന്റെ അനന്തരഫലമായി നമ്മള്‍ വമ്പിച്ച കുടിവെള്ളക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിനു പുറമെ നദികളിലും കടലിലുമുള്ള ഭക്ഷ്യസമ്പത്ത് നശിക്കുകയും ചെയ്യുുന്നു. ഉപയോഗിച്ചു വലിച്ചെറിയുക എന്ന സ്വാര്‍ഥതയുടെയും ധൂര്‍ത്തിന്റെയും സംസ്‌കാരം നഗരങ്ങളിലാണ് കൂടുതല്‍ പ്രകടമാകുന്നത്. വഴികളിലും റോഡുകളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ അക്രമികളും ധിക്കാരികളുമാണ്. ആത്മലാഭത്തിനപ്പുറം മാനുഷ്യകുലത്തിന്റെയും ഭൂമിയുടെയും പരിസ്ഥിതിയുടെയും പൊതുവായ സുസ്ഥിതിയും സുരക്ഷയും പരിഗണിച്ചുകൊണ്ടുള്ള ഒരു ജീവിതവീക്ഷണം സീകരിക്കാതെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് അറുതിയുണ്ടാവുകയില്ല. 

''...ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച...'' (ക്വുര്‍ആന്‍ 12:11).