മനഃശാന്തിയുടെ മാര്‍ഗം

പത്രാധിപർ

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ, രാത്രിയും പകലും പോലെ ജീവിതത്തിന്റെ രണ്ടു വശങ്ങളാണ് സുഖവും ദുഃഖവും. വിപരീത വസ്തുക്കളും വസ്തുതകളും പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളുമൊക്കെ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളാണ്. രാത്രിയില്ലെങ്കില്‍ പകലിന്റെ പ്രത്യേകതയറിയില്ല. ആണും പെണ്ണുമില്ലെങ്കില്‍ ജീവരാശിക്ക് നിലനില്‍പില്ല. 

സുഖദുഃഖങ്ങളെയും ആരോഗ്യാവസ്ഥയെയും രോഗാവസ്ഥയെയും യഥോചിതം സമചിത്തതയോടെ എതിരേല്‍ക്കാനാണ് വിശ്വാസികള്‍ പഠിക്കേണ്ടത്. അത് വിധിവിശ്വാസത്തിന്റെ ഭാഗമാണ്. നന്മ-തിന്മകള്‍ അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് ഭവിക്കുന്നതെന്നും അത് മാറ്റിമറിക്കാന്‍ മറ്റാര്‍ക്കും സാധ്യമല്ലെന്നുമുള്ള വിശ്വാസം കൂടിയേ തീരൂ. അതുള്ളവര്‍ക്കേ പ്രതിസന്ധികളെ ക്ഷമയോടെ നേരിടാന്‍ കഴിയൂ. ക്ഷമ കൈക്കൊണ്ടാല്‍ അത് ഇഹത്തിലും പരത്തിലും ഗുണം ചെയ്യുമെന്ന വിശ്വാസമുള്ളവന് ഏത് കടുത്ത പരീക്ഷണങ്ങളെയും സമചിത്തതയോടെ നേരിടാന്‍ കഴിയും. സന്തോഷവും സന്താപവും അവന് ഗുണകരമായി ഭവിക്കുകയും ചെയ്യും. 

വിഷമഘട്ടങ്ങളില്‍ ഇത് അല്ലാഹുവിന്റെ പരീക്ഷണമാണെന്നു മനസ്സിലാക്കി മനസ്‌ഥൈര്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ആ മനസ്ഥിതികൊണ്ടു തന്നെ പകുതി വിഷമം കുറഞ്ഞതായി നമുക്ക് തോന്നും. നാം ക്ഷണിച്ചുവരുത്തുന്നതാണ് ദുഃഖങ്ങളില്‍ അധികവും. ദീര്‍ഘവീക്ഷണമില്ലായ്മ, അവിവേകം, അക്ഷമ, ചിന്താശൂന്യത മുതലായവ ദുഃഖം ക്ഷണിച്ചുവരുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. 

സുഖത്തെക്കാള്‍ ദുഃഖമാണിവിടെ, ന്യായത്തിനല്ല അന്യായത്തിനാണിവിടെ ്രപബലത, ക്രിമിനലുകള്‍ നാട് ഭരിക്കുന്നു, നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു, അപരാധികള്‍ ക്രൂശിക്കെപ്പടുന്നു, നന്മ ചെയ്തവര്‍ അര്‍ഹമായ പ്രതിഫലം ലഭിക്കാതെയും തിന്മ ചെയ്തവര്‍ അര്‍ഹമായ ശിക്ഷയേല്‍ക്കാതെയും മരിച്ചുപോകുന്നു... ഈ ചിന്തകള്‍ മനുഷ്യരെ, വിശിഷ്യാ യുവതലമുറയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു. ജീവിതം ഒരു കടങ്കഥയാണെന്നും നാടകമാണെന്നും വ്യര്‍ഥമാണെന്നുമൊക്കെ അവര്‍ കണ്ടെത്തുന്നു! ഫലമോ? പലരും മദ്യത്തിലും മയക്കുമരുന്നിലും അഭയംതേടുന്നു. ലഹരിയില്‍ സായൂജ്യമടയുന്നു. ഈ ചിന്തെകാണ്ടാണ് ''ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറും വെറും പൊള്ളലാണടങ്ങാത്ത ദാഹമാണയ്യോ ചുറ്റും'' എന്ന് പാടാന്‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ചത്. ''ലോകജീവിതം ഹാ ഹാ ശോകപൂരിതം, വ്യര്‍ഥമാകുമൊരാശാബദ്ധ മാന്ത്രിക മായാസ്വപ്‌നം'' എന്നു പാടിക്കൊണ്ട് ആത്മഹത്യ ചെയ്യാന്‍ കവി ഇടപ്പള്ളിയെ പ്രേരിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

മനുഷ്യരെ ഇത്തരം ദുഃഖചിന്തകളില്‍ നിന്നും കരകയറ്റാന്‍ ഒരു ഭൗതിക പ്രത്യയശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. ദുഃഖചിന്തകളാലും നിരാശാബോധത്താലും കനംതൂങ്ങിയ തലയില്‍നിന്ന് ആ ഭാരം ഇറക്കിവെക്കാനുള്ള അത്താണിയായി കാണാന്‍ കഴിയുന്നത് ഇസ്‌ലാം വിഭാവനം ചെയ്യുന്ന ദൈവബോധമൊന്നു മാത്രമാണ്. 

സ്രഷ്ടാവില്‍ അചഞ്ചലമായി വിശ്വസിക്കുവാനും അവനെ മാത്രം വിളിച്ചുതേടുവാനുമാണ് മനുഷ്യന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. കാരുണ്യവാനായ അവന്‍ നമ്മെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം നമുക്ക് സമാധാനേമകുന്നു. അവനെ വണങ്ങുമ്പോള്‍, അവനോട് കരളുരുകിക്കേഴുമ്പോള്‍ നമ്മുടെ പ്രക്ഷുബ്ധമായ മനസ്സിലെ കൊടുങ്കാറ്റ് ശാന്തമാകുന്നു. അത് ഒരു ഇളംതെന്നലായി നമ്മെ കോരിത്തരിപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''ശ്രദ്ധിക്കുക; അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (13:28).