പുഞ്ചിരിക്കരുതെന്നോ?

പത്രാധിപർ

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

മനുഷ്യമനസ്സുകള്‍ അനുദിനം കടുത്തുപോയിക്കൊണ്ടേയിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാര്‍ഥതയും വിദ്വേഷവും വിഭാഗീയ ചിന്തകളും വര്‍ധിച്ചവരുന്നത് കാണുമ്പോള്‍ ഇങ്ങനെ സംശയിച്ചുപോകുകയാണ്. മതം, ജാതി, കക്ഷിരാഷ്ട്രീയം, ഭാഷ... ഇങ്ങനെ സകലതിന്റെ പേരിലും ശത്രുതയും വിദ്വേഷവും വളര്‍ന്നുകൊണ്ടിരിക്കുന്നു നമ്മുടെ നാട്ടില്‍; ബോധപൂര്‍വം ചിലര്‍ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

പ്രേമത്തില്‍ 'ജിഹാദ്' കണ്ടെത്തിയവര്‍ നാട്ടിലുണ്ടാക്കിയ പുകിലുകള്‍ കുറച്ചൊന്നുമല്ല. ഊതിവീര്‍പ്പിച്ച ആ ബലൂണില്‍ വെറും കാറ്റ് മാത്രമായിരുന്നെന്നും അതില്‍ ലൗ മാത്രമേയുള്ളൂ, ജിഹാദ് ഇല്ല ഇല്ല എന്നും പറയേണ്ടവര്‍ പറഞ്ഞതോടെ അതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനുദ്ദേശിച്ചിരുന്നവര്‍ നിരാശരായി മറ്റു മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. 

എന്നാല്‍ പുഞ്ചിരിയിലും ജിഹാദ് ഒളിഞ്ഞിരിക്കുന്നു എന്ന് അടുത്ത കാലത്ത് ഒരു പത്രം കണ്ടെത്തിയത് വായിച്ചപ്പോള്‍ പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും ഒപ്പം തോന്നിപ്പോയി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുസ്‌ലിം ഡോക്ടര്‍മാര്‍ രോഗികളെ സമീപിക്കുമ്പോള്‍ അവരില്‍ ഇസ്‌ലാമിക് പുഞ്ചിരി വിരിയണമെന്ന് ചില സംഘടനകള്‍ രഹസ്യനിര്‍ദേശം നല്‍കിയതായും ലഘുലേഖ വിതരണം ചെയ്തതായും ചൂണ്ടിക്കാട്ടി അതില്‍ പതിയിരിക്കുന്ന 'ജിഹാദ്' കണ്ടെത്തിയ പത്രത്തിന്റെ അണിയറക്കാര്‍ സമൂഹത്തിന് നല്‍കാനുദ്ദേശിച്ച സന്ദേശമെന്താണ്? 

പുഞ്ചിരി ഒരു മഹാപാതകമാണോ? അതിഥികളെയും ഉറ്റവരെയും സുഹൃത്തുക്കളയും എന്നല്ല സകല മനുഷ്യെരയും കാണുമ്പോള്‍ പുഞ്ചിരിക്കുക എന്നത് ഉദാത്തമായ മാനുഷിക ഗുണമല്ലേ? സന്തോഷവും ചിരിയുമൊന്നും പ്രകടിപ്പിക്കാനാവാത്ത മൃഗങ്ങളായി മനുഷ്യര്‍ മാറേണ്ടതുണ്ടോ? തങ്ങളെ സമീപിക്കുന്നവരെ പുഞ്ചിരോടെ നേരിടണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ജിഹാദും തീവ്രതയും കാണുന്നവരുടെ മനസ്സിനെ എന്താണ് വിശേഷിപ്പിക്കേണ്ടത്?

ഒരാളുടെ മനോഭാവത്തെ അളക്കുവാനുള്ള മാനദണ്ഡമാണ് ചിരി. ്രപഗത്ഭ സാഹിത്യകാരനായ ദസ്തയെവ്‌സ്‌കി പറഞ്ഞു: ''ഒരു മനുഷ്യനെ അടുത്തറിയണമെങ്കില്‍, അവന്റെ ആത്മാവിന്റെ അകക്കയങ്ങളില്‍ എത്തിനോക്കണമെങ്കില്‍, അവന്‍ ചിരിക്കുന്നതു മാത്രം നോക്കിയാല്‍ മതി. അകളങ്കമായും അകമഴിഞ്ഞുമാണ് ചിരിക്കുന്നതെങ്കില്‍ അവന്‍ തീര്‍ച്ചയായും നല്ലവനാണ്. മനുഷ്യപ്രകൃതത്തിന്റെ ഏറ്റവും നല്ല അളവുകോലാണ് ചിരി'' (മനശ്ശാസ്ത്രം മാസിക, 1990 മാര്‍ച്ച്). 

ചിരിക്കും ഇസ്‌ലാമികമായ ചില മര്യാദകളുെണ്ടന്ന് ഇസ്‌ലാം പറയുന്നു. കാപട്യത്തിന്റെയും പരിഹാസത്തിന്റെയും ചിരി ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറ്റുള്ളവരുടെ ശരീരത്തിനോ സംസാരത്തിനോ വൈകല്യമുണ്ടെങ്കില്‍ അതുനോക്കി ചിരിക്കുന്നത് പരിഹാസച്ചിരിയാണ്.

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണ് പഴമൊഴി. മനസ്സിലെ വിചാര വികാരങ്ങളുടെ പ്രതിഫലനങ്ങള്‍ മുഖത്ത് പ്രകടമാകുമെന്നര്‍ഥം. മനസ്സില്‍ സ്‌നേഹവും കാരുണ്യവുമുണ്ടെങ്കിലേ മുഖത്ത് പുഞ്ചിരി വിടരൂ. മനസ്സ് നിര്‍മലമല്ലെങ്കില്‍ അതില്‍ സ്‌നേഹമുണ്ടാകില്ല; പകരം വെറുപ്പും വിദ്വേഷവുമാണുണ്ടാവുക. അത്തരം മനസ്സുള്ളവന് എങ്ങനെ ആത്മാര്‍ഥമായി പുഞ്ചിരിക്കുവാന്‍ കഴിയും?

നബിﷺ പുഞ്ചിരിതൂകുന്ന പ്രകൃതക്കാരനായിരുന്നു; പൊട്ടിച്ചിരിക്കാറുണ്ടായിരുന്നില്ല എന്നാണ് അവിടത്തെ പത്‌നി ആഇശ(റ) വെളിപ്പെടുത്തുന്നത്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നന്നായി ചിരിച്ചതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. നബിﷺ പറഞ്ഞു: ''ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്; നിന്റെ സഹോദരനെ പ്രസന്നവദനത്തോടെ കണ്ടുമുട്ടുന്നതു പോലും'' (മുസ്‌ലിം). 

ജിഹാദോ, തീവ്രവാദമോ ആരോപിക്കുന്നവര്‍ ആരോപിക്കട്ടെ, എല്ലാവരോടും നാം പഞ്ചിരിക്കുക; ആരെയും വെറുക്കാതിരിക്കുക.