പ്രായോഗിക ചിന്തയില്ലാത്ത കൂട്ടായ്മകള്‍ ‍

പത്രാധിപർ

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

മത-രാഷ്ട്രീയ സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ അവര്‍ കൂട്ടായ്മകള്‍ രൂപീകരിച്ചിരിക്കും. മത-രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല; സന്നദ്ധ സംഘടനകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, കലാ സാഹിത്യ വേദികള്‍ അങ്ങനെയങ്ങനെ മലയാളികള്‍ സജീവത നിലനിര്‍ത്തുന്നു. അതിന്റെയൊക്കെ സദ്ഫലങ്ങള്‍ ചെറുതൊന്നുമല്ലതാനും.

സംഘടനകളെ നയിക്കുന്നത് വ്യക്തികളാണല്ലോ. നേതൃത്വത്തിലിരിക്കുന്ന വ്യക്തികളുടെ ചിന്താഗതികളും വീക്ഷണങ്ങളും സ്വഭാവവുമെല്ലാം സംഘടനയെയും സ്വാധീനിക്കുമെന്നില്‍ സംശയമില്ല. നേതൃസ്ഥാനത്തുള്ളവര്‍ ദീര്‍ഘവീക്ഷണമുള്ളവരും ഭാവനാസമ്പന്നരും സദ്ഗുണങ്ങളുള്ളവരും നേതൃപാടവമുള്ളവരും അല്ലായെങ്കില്‍ സംഭവിക്കുക വന്‍ ദുരന്തമായിരിക്കും; രാഷ്ട്രീയ രംഗത്തും മതരംഗത്തുമെല്ലാം.

ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും കൈപിടിയിലൊതുക്കി സംഘപരിവാര്‍ശക്തികള്‍ രാജ്യത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍ മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുകയാണ്. ഭിന്നതകള്‍ മറന്ന് മതേതര കക്ഷികള്‍ ഒന്നിച്ച് നാടിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ട സമയമാണിത്. കോണ്‍ഗ്രസ് എന്ന മതേര പാര്‍ട്ടിയും രാജ്യത്തെ പ്രബല ഇടതുകക്ഷി എന്ന നിലയില്‍ സി.പി.എമ്മും മറ്റു മതേതര പാര്‍ട്ടികളും ഒന്നിക്കേണ്ട സമയം. പാര്‍ട്ടി സെക്രട്ടറിയായ സീതാറാം യെച്ചൂരി ഈ ആശയത്തില്‍ ഉറച്ചുനിന്നിട്ടും അതിനെ എതിര്‍ക്കുന്ന പ്രമേയം വോട്ടിംഗിലൂടെ പാസ്സാക്കിയതറിഞ്ഞ് മതേതര ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ചരിത്രപരമായ മണ്ടത്തരം എന്ന് വീണ്ടും ഭാവിയില്‍ തുറന്നു പറയാന്‍ ഒരു കാര്യമായി ഇതും മാറുശമന്നതില്‍ സംശയമില്ല.

ചില മതസംഘടനകളെ നയിക്കുന്നവരിലും ഇതുപോലുള്ള ചിന്താശൂന്യമായ പ്രവര്‍ത്തനങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. എല്ലാ ഇസ്‌ലാമിക സംഘടനകള്‍ക്കും അതിന്റെതായ ലക്ഷ്യങ്ങളും ആദര്‍ശങ്ങളുമുണ്ടായിരിക്കും. ആദര്‍ശത്തില്‍ വ്യത്യാസമുള്ളത്‌കൊണ്ട് കൂടിയാണല്ലോ കൂട്ടായ്മകളും വ്യത്യസ്തമായത്. എന്നാല്‍ ഈ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുവിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കുവാന്‍ സാധിക്കേണ്ടതുണ്ട്. ഇന്നലെകളില്‍നിന്ന് അതിനുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കവാന്‍ കഴിയും. മതസംഘടനകള്‍ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. ഖേദകരമെന്നു പറയട്ടെ തന്റെതല്ലാത്ത സംഘടനയെയും അതിന്റെ നേതാക്കളെയും നാടാകെ കാമ്പയിന്‍ നടത്തി തീവ്രാദത്തിന്റെ കൂട്ടായ്മയായും നേതാക്കളായും മുദ്രകുത്തുവാനുള്ള പരിശ്രമമാണ് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ ചെയ്യുന്ന ഈ ദുഷ്ടതയുടെ അനന്തരഫലം നാളെ തങ്ങള്‍ കൂടി അനുഭവിക്കേണ്ടിവരും എന്ന് മനസ്സിലാക്കാനുള്ള ശേഷിയില്ലാത്തവരാണോ ഇവര്‍? 

വിശുദ്ധ ക്വുര്‍ആനിനെയും നബിചര്യയെയും കലവറയില്ലാതെ പിന്‍പിറ്റുന്ന സംഘടനയുടെ അസ്തിത്വം പവിത്രമാണ്. ഈ പവിത്ര സംരക്ഷിക്കുവാന്‍ നേതൃത്വവും അനുയായികളും ബാധ്യസ്ഥരുമാണ്. എന്നാല്‍ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനായി ആദര്‍ശത്തെ ബലികഴിക്കുകയും സംഘടനയെ തെറ്റായ വഴിയില്‍ നയിക്കുകയും ചെയ്യല്‍ ഇസ്‌ലാമിനെക്കുറിച്ച് തെറ്റുധാരണ പരത്തുവാനും മറ്റുള്ളവരില്‍ അവമതിപ്പുണ്ടാക്കുവാനും കാരണമാകുമെന്നതില്‍ സംശയമില്ല. നേരായ വഴിയില്‍ നയിക്കുന്ന നേതൃത്വത്തെ അനുസരിക്കല്‍ അനുയായികളുടെ കടമയാണ്. 

ഉബാദതുബ്‌നു സ്വാമിത്(റ) പറയുന്നു: ''ഞങ്ങള്‍ നബി ﷺ യോട് പ്രതിജ്ഞ ചെയ്തു; കേള്‍ക്കുമെന്നും അനുസരിക്കുമെന്നും. പ്രയാസത്തിന്റെയും എളുപ്പത്തിന്റെയും സന്ദര്‍ഭങ്ങളില്‍, ഇഷ്ടപ്പെട്ടാലും വെറുപ്പുണ്ടായാലും.ഞങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ ഒഴിവാക്കിയാലും അനുസരണക്കേട് കാണിക്കുകയില്ലെന്നും അക്കാര്യത്തില്‍ ബന്ധപ്പെട്ടവരോട് ശണ്ഠ കൂടുകയില്ലെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്തു; എന്നാല്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വ്യക്തമായ തെളിവുകളുള്ളവിധം സത്യനിഷേധം കണ്ടാലൊഴികെ. ഞങ്ങള്‍ ഏതുഘട്ടത്തിലും എവിടെയും സത്യം പറയുമെന്നും അല്ലാഹുവിന്റെ കാര്യത്തില്‍ ആക്ഷേപകന്റെ ആേക്ഷപം ഞങ്ങള്‍ ഭയെപ്പടുകയില്ല എന്നും ഞങ്ങള്‍ നബി ﷺ യോട് കരാര്‍ ചെയ്തു'' (ബുഖാരി, മുസ്‌ലിം). സംഘടിത ജീവിതത്തിന്റെ ഇരുതട്ടിലുമുള്ള ബാധ്യതകള്‍ ഈ ഹദീഥില്‍നിന്നൂം വ്യക്തമാണ്.