നേര്‍പഥത്തിന് ഒരു വയസ്സ്

പത്രാധിപർ

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

മുസ്‌ലിം ലോകം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണിത്. പ്രതിസന്ധികള്‍ ആദ്യമായിട്ടല്ല എങ്കിലും ഇന്ന് അത് ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പടച്ചുവിടുന്ന ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ ഗ്രൂപ്പുകളും സ്ഥാപിത താല്‍പര്യക്കാരായ അവിവേകികളും നടത്തുന്ന മനഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് മുസ്‌ലിംകള്‍ മൊത്തം തീവ്രവാദികളാണെന്നും ഇസ്‌ലാം തീവ്രവാദത്തിന്റെ മതമാണെന്നും വിശുദ്ധ ക്വുര്‍ആന്‍ അമുസ്‌ലിംകളെയാകമാനം കൊന്നൊടുക്കുവാന്‍ കല്‍പിക്കുന്ന ഗ്രന്ഥമാണെന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ അത് വേരുറച്ചുകൊണ്ടിരിക്കുകയാണ്. അക്രമങ്ങളെയെല്ലാം ഇസ്‌ലാമിന്റെ പറ്റില്‍ എഴുതിച്ചേര്‍ത്ത് പ്രചരിപ്പിക്കുന്ന ചില മാധ്യങ്ങള്‍ ഇതില്‍ അനല്‍പമായ പങ്കാണ് വഹിക്കുന്നത്.

ധൈഷണികമായ ചെറുത്തുനില്‍പാണ് ഇവിടെ അനിവാര്യം. പ്രാമാണികമായി ഇസ്‌ലാമിനെ മനസ്സിലാക്കി ജീവിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കണം. ജീവിതത്തില്‍ ഇസ്‌ലാമുണ്ടെങ്കില്‍ അതിനെക്കാള്‍ വലിയ സന്ദേശം വേറെയില്ല. അത് നല്ലൊരു ശതമാനത്തിനും ഇല്ലാതെപോയതാണ് സമുദായത്തിന്റെ പരാജയം. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക എന്നാണ് ശത്രുക്കളെ മിത്രങ്ങളാക്കുവാനുള്ള മാര്‍ഗമായി വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാതെ അക്രമത്തെ അക്രമം കൊണ്ട് നേരിടുവാനും നിരപരാധികളെ ഉപദ്രവിക്കുവാനുമല്ല. 

ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലരും തെറ്റുധരിക്കുവാനുള്ള കാരണം. സത്യസന്ധമായും പ്രാമാണികമായും ഇസ്‌ലാമിനെ മനസ്സിലാക്കുവാനുള്ള ശ്രമമാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അനേകം മതസംഘടനകള്‍ ഉണ്ടായിട്ടും തനതായ രൂപത്തില്‍ ഇസ്‌ലാമിനെ ജനങ്ങളിലേക്കെത്തിക്കുവാന്‍ പലര്‍ക്കും സാധിക്കുന്നില്ല; അഥവാ അതിന് ശ്രമിക്കുന്നില്ല. വാമൊഴിയിലൂടെയാണെങ്കിലും വരമൊഴിയിലൂടെയാണെങ്കിലും സംഘടനാ താല്‍പര്യങ്ങള്‍ക്കപ്പുറം പ്രമാണങ്ങേളാട് പ്രതിബദ്ധത പുലര്‍ത്തി മതത്തെ ജനസമക്ഷം അവതരിപ്പിക്കുവാന്‍ പലര്‍ക്കും താല്‍പര്യമില്ല. 

ഇവിടെയാണ് 'നേര്‍പഥം' പ്രസക്തമാകുന്നത്. പ്രമാണങ്ങള്‍ക്കൊപ്പം നിന്ന്, ഗുണകാംക്ഷയുടെ ശബ്ദത്തില്‍, ആര്‍ജവത്തോടെ മതത്തെ പരിചയപ്പെടുത്തുവാനും പഠിപ്പിക്കുവാനുമാണ് 'നേര്‍പഥം' ശ്രമിക്കുന്നത്. ഒട്ടനവധി ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ക്കിടയിലേക്ക് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 'നേര്‍പഥം' കടന്നുവന്നത്. അതിന്റെ വ്യതിരിക്തത ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. സമകാലിക സംഭവവികാസങ്ങളിലുള്ള ഇസ്‌ലാമിന്റെ നിലപാട് ഉടനടി ജനങ്ങളിലേക്കെത്തിക്കുന്നതിലും തീവ്രവാദ ചിന്താഗതികളെ നഖശിഖാന്തം എതിര്‍ക്കുന്നതിലും നേര്‍പഥം കാണിച്ച ജാഗ്രതയും ആര്‍ജവവും വായനക്കാരുടെ പ്രശംസയാര്‍ജിച്ചിട്ടുണ്ട്. പ്രശംസിക്കപ്പെടുവാന്‍ വേണ്ടി സത്യം മൂടിവെക്കലല്ല; എതിര്‍പ്പുണ്ടെങ്കിലും പറയേണ്ട സത്യം പറയുക എന്നതാണ് നേര്‍പഥത്തിന്റെ ശൈലി. ഇതിന് പ്രാപ്തി നല്‍കിയ പ്രപഞ്ച സ്രഷ്ടാവിനെ സ്തുതിക്കുകയാണ്. 

'നേര്‍പഥ'ത്തെ നെഞ്ചേറ്റിയ വായനക്കാര്‍ക്കും ലേഖകര്‍ക്കും നന്ദി അറിയിക്കട്ടെ. തുടര്‍ന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.  

0
0
0
s2sdefault