യുവതലമുറയെ വഴിതെറ്റിക്കുന്ന മൂല്യനിരാസം

പത്രാധിപർ

2018 മെയ് 05 1439 ശഅബാന്‍ 17

ധാര്‍മികമോ മൂല്യപരമോ ആയ യാതൊരു സംസ്‌കാരവും പകര്‍ന്നു നല്‍കാതെയാണ് ഇപ്പോള്‍ പല മാതാപിതാക്കളും കുട്ടികളെ വളര്‍ത്തുന്നത്. കുട്ടികളാണ് ഓരോ വീടും ഭരിക്കുന്നത്. അവരുടെ ആവശ്യങ്ങളാണ് മാതാപിതാക്കളുടെ ആവശ്യം. ഏത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, അവധിക്ക് എവിടെ പോകണം, ഏത് വാഹനം വാങ്ങണം എന്നെല്ലാം കുട്ടികള്‍ തീരുമാനിക്കും. പ്രോവിഡന്റ് ഫണ്ടില്‍നിന്നോ ബാങ്കില്‍നിന്നോ ലോണെടുത്താണെങ്കിലും അച്ഛനമ്മമാര്‍ അതു നിറവേറ്റിക്കൊടുക്കും. അത് ഏറ്റവും പുതിയ മോട്ടോര്‍ ബൈക്കായാലും സെല്‍ ഫോണായാലും. മാര്‍ക്കില്ലാത്തവര്‍ക്കുള്ള എഞ്ചിനീയറിങ്-മെഡിക്കല്‍ സീറ്റും ഇതില്‍ പെടും.

ഇങ്ങനെ വളരുന്ന കുട്ടികള്‍ക്കു മുന്നിലുള്ളത് ലോകം അവര്‍ക്കു മുന്‍പില്‍ തുറന്നിട്ട സാധ്യതകള്‍ മാത്രമാണ്. റോഡുകള്‍ അവര്‍ക്കു കുതിച്ചുപായാനുള്ളത്. പെണ്‍കുട്ടികള്‍ അവര്‍ക്ക് വലവീശിപ്പിടിക്കാനുള്ളത്. നേര്‍വഴി പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് മക്കളെ പേടിയാണ്. ഭാവിയിലേക്കുള്ള സാമ്പത്തിക നിക്ഷേപം മാത്രമായിട്ടാണ് അവര്‍ മക്കളെ കാണുന്നത്. 

രക്ഷിതാക്കള്‍ തങ്ങളുടെ റോള്‍ യഥാവിധി നിര്‍വഹിക്കുന്നുവെങ്കില്‍ തിന്മയുടെ ഒഴുക്കിനെതിരെ നീന്താന്‍ മക്കള്‍ക്ക് കഴിയുമെന്നതില്‍ സംശയമില്ല. അവര്‍ മക്കള്‍ക്ക് സര്‍വ സ്വാത്രന്ത്യവും നല്‍കുകയാണ്. അവര്‍ ചോദിക്കുന്നതെന്തും നിറവേറ്റിക്കൊടുക്കുകയാണ്. എന്നാല്‍ അവര്‍ക്ക് അത്യാവശ്യമുള്ളതെന്തോ അത് നല്‍കുന്നില്ല. അത് നല്‍കിയാലേ അവര്‍ മനുഷ്യരാവൂ. അതാണ് ധാര്‍മിക ബോധം അഥവാ ദൈവചിന്ത. ധര്‍മാധര്‍മവും സത്യാസത്യവും വ്യവഛേദിച്ചറിയാനും ധര്‍മത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളാനും സഹപാഠികളെ ഉടപ്പിറപ്പുകളായി കാണാനും മാതാപിതാക്കളെ സ്‌നേഹിക്കാനും ആദരിക്കാനും ബഹുമാനിക്കേണ്ട അധ്യാപികമാരെ കാമിക്കാതിരിക്കാനും കഴിയണമെങ്കില്‍ നന്മതിന്മകള്‍ക്ക് തക്കതായ രക്ഷാശിക്ഷകള്‍ ലഭിക്കുന്ന ഒരു ലോകമുണ്ട് എന്ന ബോധം മക്കളുടെ മനസ്സില്‍ ചെറുപ്പം മുതലേ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കണം. 

രാഷ്ട്രീയത്തിന്റെ പേരില്‍ സഹപാഠിയുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കാനും വാഹനമിടിച്ച് കൊല്ലാനും റാഗിംഗ് എന്ന ഓമനപ്പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥികളുടെ കണ്ണ് കുത്തിപ്പൊട്ടിക്കാനും മറ്റും മടികാണിക്കാത്തവര്‍ വിചാരരഹിതമായി ജീവിക്കുന്നവരാണ്. മരണമെന്ന പ്രതിഭാസം തനിക്കും വന്നെത്തുമെന്ന് 'അടിപൊളി' ജീവിതത്തിനിടയില്‍ അവര്‍ ഓര്‍ക്കുന്നില്ല. അല്ലെങ്കില്‍ എപ്പോള്‍ മരിച്ചാലും അതുവരെ ജീവിതം 'നന്നായി' ആഘോഷിക്കണം എന്ന ചിന്തയാണവര്‍ക്കുള്ളത്. മരണം ജീവിതത്തിന്റെ അന്ത്യമല്ല എന്ന അധ്യാപനം അവരില്‍ ഊട്ടിയുറപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ 'ചെകുത്താന്‍കളി' നടത്തുകയില്ല.  

മരണത്തോടുകൂടി ജീവിതം അവസാനിക്കുമെന്നത് മിഥ്യാ ധാരണയാണ്. മരണാനന്തര ജീവിതം സത്യവും ബുദ്ധിയുള്ളവരുടെ തേട്ടവുമാണ്. നന്‍മ തിന്‍മകള്‍ക്കുള്ള രക്ഷാശിക്ഷകള്‍ ഈ ലോകത്ത് പൂര്‍ണമായി നമുക്ക് നല്‍കാനാവില്ല. ഒരാളെ കൊന്നാലും നൂറുപേരെ കൊന്നാലും ഭൗതിക കോടതികള്‍ക്കു നല്‍കാനുള്ള ശിക്ഷകള്‍ വ്യത്യസ്തമല്ല. അതിനുള്ള കൃത്യമായ വേദിയാണ് പരലോകം. ക്വുര്‍ആന്‍ പറയുന്നത് കാണുക.

''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല''(3:185).

ദൈവനിഷേധം വളര്‍ത്തുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും മൂല്യങ്ങളെ നിരാകരിക്കുന്ന സിനിമകള്‍ക്കും മറ്റു കലകള്‍ക്കും സാഹിത്യത്തിനുമിടയില്‍ വളരുന്ന വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കാന്‍ മാതാപിതാക്കള്‍ മടികാണിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.