പ്രണബ്ജിയുടെ ഹെഡ്‌ഗേവാര്‍ പ്രണയം

പത്രാധിപർ

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

നാഗ്പൂരിലെ ആര്‍എസ്എസ് സമ്മേളനത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുവാന്‍ തീരുമാനിച്ച വിവരം മതേതര സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ കാര്യമാണ്. കോണ്‍ഗ്രസ് നേതൃത്വം അതില്‍ അതൃപ്തി അറിയിച്ചിട്ടും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താന്‍ എന്താണ് പറയുന്നതെന്ന് കാത്തിരുന്നു കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗത്തിലെ കാതല്‍ എന്നറിയുവാന്‍ എല്ലാവരും ഉദ്വേഗത്തോടെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. കുറ്റം പറയരുതല്ലോ, അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യയില്‍ ഇന്ന് മുഴങ്ങിക്കേള്‍ക്കേണ്ട സന്ദേശം അടങ്ങിയത് തന്നെയായിരുന്നു.

''മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ ഇന്ത്യയെ വ്യാഖ്യാനിക്കാനുള്ള ഏതു ശ്രമവും രാജ്യത്തിന്റെ നിലനില്‍പ് അപകടത്തിലാക്കും. അസഹിഷ്ണുത ഇന്ത്യയുടെ ദേശീയതയെ ദുര്‍ബലമാക്കും. ഇത് ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും ഉള്‍പ്പെടെ എല്ലാവിഭാഗങ്ങളുടെയും മണ്ണാണ്. മതനിരപേക്ഷത നമുക്ക് മതമാണ്. സാര്‍വലൗകികത, സ്വാംശീകരണം, സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ ദേശീയത രൂപപ്പെട്ടത്. സഹിഷ്ണുതയില്‍നിന്നാണ് നാം കരുത്താര്‍ജിക്കുന്നത്. ബഹുസ്വരതയെ നാം ബഹുമാനിക്കുന്നു. നാനാത്വത്തെ ആഘോഷിക്കുന്നു'' എന്നെല്ലാം പറഞ്ഞ അദ്ദേഹം 'രാജ്യം, ദേശസ്‌നേഹം എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനാണ് ഇവിടെ എത്തിയിരിക്കുന്നത്' എന്നും കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ പ്രസംഗത്തിന് മുമ്പ് അദ്ദേഹം ചെയ്ത ഒരു കാര്യം പ്രസംഗത്തിന്റെ അന്തസ്സത്തക്ക് ചേരാത്തതായിപ്പോയി. മുന്‍കൂര്‍ സന്ദര്‍ശന പരിപാടിയില്‍ മാറ്റം വരുത്തി ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം അദ്ദേഹം സന്ദര്‍ശിച്ച് സന്ദര്‍ശക പുസ്തകത്തിലെ കുറിപ്പില്‍ ഹെഡ്‌ഗേവാറിനെ 'ഭാരതമാതാവിന്റെ മഹാനായ പുത്രന്‍' എന്ന് വിശേഷിപ്പിച്ചതാണ് ഒരു മുന്‍ രാഷ്ട്രപതിക്ക് ചേരാത്ത ആ പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആശയങ്ങള്‍ മുഴുവന്‍ ആ ഒരു അഭിപ്രായത്തിലൂടെ മലിനമാക്കപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. അതില്‍ അദ്ദേത്തിന് ലക്ഷ്യം പലതും ഉണ്ടായേക്കാം, ഇല്ലാതിരിക്കാം. ഒരു വ്യക്തിയെ രാജ്യത്തിന്റെ മഹാനായ പുത്രന്‍ എന്ന് ഒരാള്‍ വിശേഷിപ്പിക്കുമ്പോള്‍ ആ വ്യക്തിയെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കുമല്ലോ. എന്നാല്‍ അങ്ങനെയൊരു വിശേഷണം ചാര്‍ത്തിക്കൊടുക്കാന്‍ മാത്രം രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും വേണ്ടി എന്ത് സേവനമാണ് ഹെഡ്‌ഗേവാര്‍ ചെയ്തിട്ടുള്ളത്? വര്‍ഗീയ വൈരം വളര്‍ത്താനും തമ്മിലടിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവെച്ചതാണോ മഹത്തായ സേവനം?

1930കളില്‍ ഡോ. ഹെഡ്‌ഗേവാര്‍ നടത്തിയ പ്രസംഗങ്ങളിലെ ചില വാചകങ്ങള്‍ കാണുക; ഇന്ത്യയുടെ മഹാനായ പുത്രനെ വിലയിരുത്തുക: ''....ഈ ദേശം ഹിന്ദുക്കളുടെതാകയാല്‍, ഇവിടെ ഹിന്ദുക്കള്‍ ചെയ്യുന്നതെന്തോ അതേ പ്രമാണമായിത്തീരൂ എന്ന് സംഘം അംഗീകരിക്കുന്നു. ഈ ഒരു കാര്യമേ സംഘത്തിനറിയൂ..'' (പ്രസംഗങ്ങള്‍- കത്തുകള്‍, പേജ്: 50). ''ഹിന്ദുസ്ഥാനം ഹിന്ദുക്കളുടെതാണ്; ഹിന്ദുവാണ് ഇതിന്റെ ഉടമസ്ഥന്‍ എന്നുള്ളത് ഒരു സത്യം തന്നെയാണ്. എന്നാല്‍ അതോടൊപ്പം ഈ തത്ത്വത്തെ കാര്യരൂപത്തിലാക്കിത്തീര്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം നമ്മുടെ മേലില്ലേ? ഇത് പ്രത്യക്ഷരൂപത്തില്‍ ആചരിക്കുവാനുള്ള പ്രയത്‌നം നാം ചെയ്യേണ്ടതല്ലേ?...'' (പ്രസംഗങ്ങള്‍- കത്തുകള്‍, പേജ് 66). 

''നമ്മുടെ ഹിന്ദുസ്ഥാനം ഇന്ന് നാലുപാടും ആപത്തുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. നാം ദുര്‍ബലരാണ്; ഉറക്കം തൂങ്ങികളാണ്. ഒരു ഭാഗത്ത് അന്യധര്‍മാവലംബികളായ ഭരണാധികാരികളുടെ രാജകീയ പ്രഭുത്വം; മറുഭാഗത്ത് നമ്മുടെ മേല്‍ മുസല്‍മാന്മാര്‍ നടത്തുന്ന സാമാചികമായ ആക്രമണങ്ങള്‍. ഇതിനു രണ്ടിനുമിടയില്‍ പെട്ട നമ്മുടെ ഹിന്ദുസമാജം നട്ടംതിരിയുകയാണ്. നമ്മെ മുസ്ലിംകളാക്കാന്‍ വേണ്ടി, നമ്മുടെമേല്‍ ചെലുത്തിവരുന്ന അക്രമങ്ങളും നമ്മുടെ അമ്മ പെങ്ങന്മാരനുഭവിക്കുന്ന അപമാനങ്ങളും വിവരിക്കുവാന്‍ തുടങ്ങിയാല്‍ വിചാരങ്ങള്‍ നിയന്ത്രണാധീനമായിപ്പോകും....'' (പ്രസംഗങ്ങള്‍- കത്തുകള്‍, പേജ് 13).