ദുരിതാശ്വാസക്യാമ്പുകള്‍ നല്‍കുന്ന തിരിച്ചറിവ്

പത്രാധിപർ

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

''ആ കാഴ്ചകള്‍ കണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. ധാരാളം സ്വര്‍ണാഭരണം അണിഞ്ഞ ഒരു സ്ത്രീ 'മോനേ, ഒരു നൈറ്റി കിട്ടുമോ' എന്ന് ദയനീയമായി ചോദിക്കുന്നു. നഗരത്തിലെ സമ്പന്നരായ പലരും പച്ചവെള്ളവും റൊട്ടിയും കഴിച്ച് വിശപ്പടക്കുന്നു''- തെക്കന്‍ ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച സുഹൃത്ത് ഇടറിയ ശബ്ദത്തോടെ ഫോണ്‍ചെയ്ത് പറഞ്ഞ വാക്കുകളാണിത്. അതെ, പ്രളയം ചില യാഥാര്‍ഥ്യങ്ങള്‍ മനുഷ്യരെ ബോധ്യപ്പെടുത്തിയിരിക്കുന്നു. വിശപ്പിന് ജാതിയും മതവും പാര്‍ട്ടിയുമില്ല.

'ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍, ഇന്നത്തെ പൂമേട നാളത്തെ പുല്‍ക്കുടില്‍' എന്ന കവി വാക്യം അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നത് കാണാന്‍ ഏതെങ്കിലുമൊരു ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുക.

അവരാരും യാചകരായി ജീവിക്കുന്നവരല്ല. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് നടന്നിരുന്നവരല്ല. വീടില്ലാത്തതിനാല്‍ കടത്തിണ്ണകളില്‍ കിടന്നുറങ്ങിയിരുന്നവരല്ല. നല്ല ഭക്ഷണം കഴിച്ച്, മുന്തിയ വസ്ത്രം ധരിച്ച്, ആധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ താമസിച്ചിരുന്നവരാണ് മിക്കവരും. എന്നാല്‍ ഇന്ന് അവര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണമില്ല. മാറ്റിയുടുക്കാന്‍ വസ്ത്രമില്ല. അന്തിയുറങ്ങാന്‍ വീടില്ല. പേമാരി തീര്‍ത്ത വെള്ളപ്പൊക്കത്തില്‍ അവര്‍ എല്ലാം നഷ്ടമായിരിക്കുന്ന അവസ്ഥയിലാണ്.

മഹാപ്രളയത്തിന്റെ കെടുതികള്‍ക്ക് ഇരയാകേണ്ടിവന്നിട്ടില്ലാത്തവര്‍ അതിന്റെ പേരില്‍ സ്രഷ്ടാവിനോട് എത്ര നന്ദികാണിച്ചാലും പകരമാകില്ല. ഭക്ഷണവും വെള്ളവും നല്‍കുന്നവന്‍ അല്ലാഹുവാണ്. അവ കിട്ടാതെ വലയുന്നവര്‍ ധാരാളമുണ്ട്. എല്ലാം ഉണ്ടായിട്ടും ഭക്ഷണം കഴിക്കാനും വെള്ളം കുടിച്ച് ദാഹമകറ്റാനും സാധിക്കാത്ത എത്രയോ രോഗികളുണ്ട്. ഇതൊക്കെ ഓര്‍ക്കുന്ന ഒരു മനുഷ്യന് അത്തരത്തിലുള്ള തടസ്സങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥ നല്‍കിയ അല്ലാഹുവിനെ ഓര്‍ക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാന്‍ കഴിയും? വെള്ളം കുടിക്കാന്‍ കഴിയും? വിശപ്പും ദാഹവുമകന്നാല്‍ എങ്ങനെ അല്ലാഹുവിനെ സ്തുതിക്കാതിരിക്കാന്‍ കഴിയും?

ആരാണ് മനുഷ്യര്‍ക്ക് വിശപ്പടക്കുവാനും പോഷണം നേടാനും ആവശ്യമായ ധാന്യങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളുമെല്ലാം ഉദ്പാദിപ്പിക്കുന്നത്? ആരാണ് ഉപരിലോകത്തുനിന്ന് ശുദ്ധമായ വെള്ളം മഴയായി ഇറക്കിത്തരുന്നത്? സമുദ്രങ്ങളുടെയും നദികളുടെയും മറ്റും വിധാതാവ് ആരാണ്? കിണറുകള്‍ കുഴിക്കുമ്പോള്‍ വെള്ളം കിട്ടുന്നതരത്തില്‍ ഭൂമിക്കുള്ളില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നത് ആരാണ്?

ഇതിലൊന്നും മനുഷ്യര്‍ക്ക് യാതൊരു പങ്കുമില്ല. സര്‍വശക്തനും കാരുണ്യവാനുമായ അല്ലാഹുവാണിതിന് പിന്നില്‍ എന്ന് സത്യവിശ്വാസികള്‍ പറയുമ്പോള്‍ അതിനെ പുഛിച്ചുതള്ളിക്കൊണ്ട് യുക്തിവാദികളും നിരീശ്വരവാദികളും പറയുന്നത് അതെല്ലാം പ്രകൃതി നിയമങ്ങളാണ് എന്നാണ്! പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും നിയമങ്ങള്‍ ആവിഷ്‌കരിക്കുവാനും ബുദ്ധിയും ചിന്തയും ആവശ്യമാണ്. പ്രകൃതി അത്തരത്തിലുള്ളതാണോ? ഒരിക്കലുമല്ല.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവന്‍ ആരാണ്? എന്നിട്ട് അത് മുഖേന കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിക്കുകയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചുപോകുന്ന ഒരു ജനതയാകുന്നു'' (27:60).