ലോണുകള്‍ മാടിവിളിക്കുന്ന ലോകം

ഉസ്മാന്‍ പാലക്കാഴി

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25
അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ പറഞ്ഞു: ''കഴിവുള്ളവന്‍ കടം വീട്ടുവാന്‍ താമസിപ്പിക്കുന്നത് അക്രമമാണ്.'' (ബുഖാരി)

ചെറുതോ വലുതോ ആയ കടബാധ്യതയില്ലാത്ത ആളുകള്‍ വളരെ വിരളമാണല്ലോ. നിത്യവൃത്തിക്കും ചികിത്സക്കും ഭവനനിര്‍മാണത്തിനും കച്ചവടത്തിനും കൃഷിക്കും വാഹനങ്ങള്‍ വാങ്ങാനുമൊക്കെയായി വ്യക്തികളില്‍നിന്നും ബാങ്കുകളില്‍നിന്നും കടമെടുക്കാത്തവരെ കണ്ടെത്താന്‍ പ്രയാസം. കടം വാങ്ങിയത് കൊടുത്തുവീട്ടുവാന്‍ വഴിയില്ലാതെ മാനസിക-ശാരീരിക പീഡനം സഹിക്കുന്നവരും ജപ്തിനടപടിക്കിരയാകുന്നവരും അനേകമുണ്ട്. കടക്കെണിയില്‍ കുടുങ്ങി കുടുംബത്തോടെയും തനിച്ചും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

എന്തിനേറെ പറയുന്നു; നമ്മുടെ സംസ്ഥാനം വലിയ കടക്കെണിയിലാണെന്ന് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വിലപിക്കുന്നു! മിക്ക രാജ്യങ്ങളും ലോകബാങ്കില്‍നിന്നും സമ്പന്നരാജ്യങ്ങളില്‍നിന്നും കടം വാങ്ങിയാണ് മുന്നോട്ടു പോകുന്നത്!

കടം വാങ്ങേണ്ടിവരുന്ന നിര്‍ബന്ധിത സാഹചര്യത്തില്‍ വാങ്ങാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ. എന്നാല്‍ ദുര്‍വിനിയോഗത്തിനുവേണ്ടി കടംവാങ്ങുന്നവരും ധാരാളമുണ്ട്. തിരിച്ചുകൊടുക്കണമെന്ന് അവര്‍ക്ക് ഉദ്ദേശ്യമുണ്ടായിരിക്കുകയില്ല; ഉണ്ടെങ്കില്‍തന്നെ ധൂര്‍ത്തടിക്കുന്നവര്‍ക്ക് എത്ര കിട്ടിയാലും മതിയാവുകയില്ലെന്നതിനാല്‍ തിരിച്ചുകൊടുക്കാന്‍ സാധിക്കുകയുമില്ല. പ്രവാചകന്‍ ﷺ പറഞ്ഞു: 

''ദുര്‍വിനിയോഗത്തിന് ഏതൊരുവന്‍ കടം വാങ്ങുന്നുവോ അവനെ അല്ലാഹു നാശത്തിലേക്ക് ആനയിക്കും'' (ബുഖാരി).

കടം വാങ്ങുന്നത് അത്ര നല്ല ഒരേര്‍പാടല്ല. അതുകൊണ്ടുതന്നെ പ്രവാചകന്‍ അതിനെ നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ട്. 

''അല്ലാഹുവേ, പാപത്തില്‍നിന്നും കടബാധ്യതയില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു'' എന്ന് നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഒരാള്‍ അദ്ദേഹത്തേട് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് ധാരാളമായി കടബാധ്യതയില്‍നിന്ന് അഭയം തേടുന്നുണ്ടല്ലോ.'' നബി ﷺ പറഞ്ഞു: ''ഒരാള്‍ കടത്തിലായിരിക്കുമ്പോള്‍ അവന്‍ കളവ് പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും'' (ബുഖാരി).

ഇന്ന ദിവസം തിരിച്ചുതരാമെന്ന് പറയുകയും അന്ന് കൊടുക്കാന്‍ സാധിക്കാതെവരികയും ചെയ്താല്‍ അത് വാഗ്ദാന ലംഘനമാണ്. തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ അവന് കളവുകള്‍ പറയേണ്ടിവരികയും ചെയ്യും. മരണപ്പെട്ട ഒരു വ്യക്തിക്ക് കടബാധ്യതയുണ്ടാവുകയും മറ്റാരെങ്കിലും അത് കൊടുത്തുവീട്ടുവാന്‍ സന്നദ്ധമാവാതിരിക്കുകയും ചെയ്താല്‍ പ്രവാചകന്‍ ﷺ ആ മയ്യിത്തിനുവേണ്ടി നമസ്‌കരിക്കാന്‍ വിമുഖത കാണിച്ചിരുന്നു എന്നതില്‍നിന്ന് കടബാധിതനായി മരിക്കുന്നത് എത്രത്തോളം കുറ്റകരമാണെന്ന് മനസ്സിലാക്കിത്തരുന്നു.

കടം വാങ്ങിയവന് സാവകാശം നല്‍കുവാനും ഇളവ് ചെയ്തുകൊടുക്കുവാനും പരിശുദ്ധ ക്വുര്‍ആനും (2:280) നബി ﷺ യും നിര്‍ദേശിച്ചിട്ടുണ്ട്. പലര്‍ക്കും കടംവാങ്ങുമ്പോഴുള്ള ഉത്സാഹം തിരിച്ചുകൊടുക്കുന്ന വിഷയത്തില്‍ ഉണ്ടായിരിക്കില്ല. തിരിച്ചുകൊടുക്കാന്‍ പണം കയ്യിലുണ്ടെങ്കിലും കൊടുക്കാന്‍ മടികാണിക്കും. കടം നല്‍കിയവന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ശ്രമിക്കും. ഇത് കടം നല്‍കിയവനോട് കാണിക്കുന്ന അക്രമമാണെന്നാണ് തുടക്കത്തില്‍ ഉദ്ധരിച്ച നബിവചനം മനസ്സിലാക്കിത്തരുന്നത്.

കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ടുന്ന നിയമങ്ങള്‍ പരിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. രണ്ടാം അധ്യായമായ അല്‍ബക്വറയിലെ 282, 283 വചനങ്ങളിലാണ് അത് വിശദീകരിക്കുന്നത്.

0
0
0
s2sdefault