ചെലവഴിച്ച് സ്വന്തമാക്കുക

അബൂഫായിദ

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17
ഇബ്‌നു മസ്ഉൗദ്(റ) നിവേദനം. നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ആര്‍ക്കാണ് സ്വന്തം സ്വത്തിനെക്കാള്‍ തന്റെ അനന്തരാവകാശികളുടെ സ്വത്തിനോട് പ്രിയമുണ്ടാവുക?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലെല്ലാവര്‍ക്കും കൂടുതല്‍ പ്രിയം അവനവന്റെ സ്വത്തിനോടു തന്നെയാണ്. അങ്ങനെയല്ലാത്ത ഒരാളും ഞങ്ങളിലില്ല''. നബി ﷺ  പറഞ്ഞു: ''എന്നാല്‍ ഒരാളുടെ സ്വന്തം സ്വത്ത് അയാള്‍ മുന്‍കൂട്ടി ചെലവു ചെയ്തതത്രെ. പിന്നേക്ക് എടുത്തുവെച്ചത് അയാളുടെ അനന്തരാവകാശികളുടെ സ്വത്താണ്'' (ബുഖാരി)

സാമ്പത്തികശേഷിയുള്ളവരും ഇല്ലാത്തവരും ഈ ലോകത്തുണ്ട്. കൂടുതലുള്ളവരും കുറച്ചുള്ളവരും കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കണമെന്നാഗ്രഹിക്കുന്നവരാണ്. വമ്പിച്ച സ്വത്തിന്റെ ഉടമയായി സമൂഹത്തില്‍ സ്ഥാനവും  മാനവും അംഗീകാരവും നേടിയെടുക്കാനുള്ള ആഗ്രഹം ഇല്ലാത്തവര്‍ വിരളമാണ്. സ്ഥാന മാനങ്ങളും  അംഗീകാരവും ആദരവുമൊക്കെ സ്വഭാവമഹിമകൊണ്ട് ആര്‍ജിക്കുന്നതായിരുന്നു മുമ്പ്. ഇന്ന് പണംകൊണ്ട് ഇതൊക്കെ ആര്‍ക്കും നേടിയെടുക്കാന്‍ കഴിയുമെന്നായിരിക്കുന്നു!

സ്വകാര്യ സ്വത്തവകാശം ഇസ്‌ലാം അംഗീകരിക്കുന്നു. അനുവദനീയമായ നിലയില്‍ സമ്പാദിക്കുവാനും മുസ്‌ലിമിന് സ്വാതന്ത്ര്യമുണ്ട്. എത്ര സമ്പന്നനാണെങ്കിലും അതിന്റെ പേരില്‍ അഹങ്കരിക്കാനോ അക്രമം കാണിക്കാനോ പാടില്ല. എല്ലാ സമ്പത്തിന്റെയും യഥാര്‍ഥ ഉടമ അല്ലാഹുവാണ്. അവനാണത് നല്‍കുന്നതും തടയുന്നതും.   എന്നാല്‍ സ്വത്ത് സമ്പാദിച്ചുകൂട്ടി  അത് നല്ലവഴിക്കു ചെലവഴിക്കാതെ അതില്‍ 'അടയിരുന്ന്' ആത്മസംതൃപ്തി നേടുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. 

സ്വത്തിനോടുള്ള അമിതാര്‍ത്തി ഇല്ലാതാക്കുകയും മരണചിന്തയുണര്‍ത്തുകയും ചെയ്യുന്ന നബിവചനമാണ് മുകളില്‍ കൊടുത്തത്. വര്‍ത്തമാനകാലത്ത് ഒരാള്‍ എന്തിന്റെയൊക്കെ ഉടമസ്ഥനും അധിപനുമാണെങ്കിലും അയാള്‍ക്കതെല്ലാം ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാം. സര്‍വവിധ ആസ്വാദനങ്ങളെയും തകര്‍ത്തുകളയുന്ന മരണം ഒരു മനുഷ്യനെ അവന്‍ ഉടുത്തുകൊണ്ടിരിക്കുന്ന വസ്ത്രത്തിന്റെ പോലും ഉടമയല്ലാതാക്കി മാറ്റുന്നു! അയാളുടെ സ്വത്തിന്റെയും ഉടുതുണിയുടെ പോലും അവകാശി അവനല്ല; അവന്റെ അനന്തരാവകാശിയാണെന്നര്‍ഥം.  

പിന്നെ മനുഷ്യന് തന്റെതായി എന്താണുള്ളത്? അവന്‍ ചെലവഴിച്ചു കഴിഞ്ഞതു മാത്രം! ഒരാള്‍ ദൈവമാര്‍ഗത്തില്‍ എന്തൊന്ന് ചെലവഴിച്ചാലും അത് അയാളുടേതായി മാറുകയാണ്; പാരത്രിക ലോകത്ത് മഹത്തായ പ്രതിഫലം ലഭിക്കുകവഴി. അതുകൊണ്ടുതന്നെ ഇസ്‌ലാം ദാനധര്‍മങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. 

''സത്യവിശ്വാസികളേ, നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയതില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍നിന്ന് ഉല്പാദിപ്പിച്ചു തന്നതില്‍നിന്നും നിങ്ങള്‍ ചെലവഴിക്കുക...''(ക്വുര്‍ആന്‍ 2:267).

''അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം നിലനിര്‍ത്തുകയും നാം നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നഷ്ടം പറ്റാത്ത ഒരു വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്'' (35:29).

നബി ﷺ  പറഞ്ഞു: ''ജീവിച്ചിരിക്കുന്ന കാലത്ത് ഒരു ദിര്‍ഹം ദാനം ചെയ്യുന്നത് മരിക്കാന്‍ നേരത്ത് നൂറ് ദിര്‍ഹം ദാനം ചെയ്യുന്നതിനെക്കാള്‍ ഉത്തമമാണ്'' (അബൂദാവൂദ്).

0
0
0
s2sdefault