വിശ്വാസി വിനയാലുവാകണം

അബൂഫായിദ

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02
അബൂഹുറയ്‌റ(റ)വില്‍നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''ദാനം ധനത്തെ കുറക്കുകയില്ല. വിട്ടുവീഴ്ച ചെയ്യുന്ന   ദാസന്റെ അന്തസ്സ് അല്ലാഹു വര്‍ധിപ്പിക്കുകയേയുള്ളൂ. അല്ലാഹുവിനുവേണ്ടി വിനയം കാണിക്കുന്നവനെ അല്ലാഹു ഉന്നതനാക്കും'' (മുസ്‌ലിം)

ഈ നബിവചനം മൂന്ന് കാര്യങ്ങളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇത് മൂന്നും സ്വജീവിതത്തില്‍ പകര്‍ത്തുന്നവരായിരിക്കണം പരലോകരക്ഷ ആഗ്രഹിക്കുന്ന സത്യവിശ്വാസികള്‍. ദാനധര്‍മം ചെയ്യുവാന്‍ പലരും മടികാണിക്കാറുള്ളത് ഉള്ളതില്‍ കുറവ് വരുമോ എന്ന ഭയം കൊണ്ടാണ്. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത് കുറവ് വരില്ല, അല്ലാഹു അതിനനുസരിച്ച് വര്‍ധനവ് നല്‍കുമെന്നാണ്. പരലോകത്താകട്ടെ അവര്‍ക്ക് മഹത്തായ പ്രതിഫലം ലഭിക്കുകയും ചെയ്യും.

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്'' (ക്വുര്‍ആന്‍ 2:261).

വിട്ടുവീഴ്ച ചെയ്യുവാന്‍ പലരെയും തടയുന്നത് താന്‍ ആളുകള്‍ക്കിടയില്‍ മോശക്കാരനായി ചിത്രീകരിക്കപ്പെടുമോ എന്ന ചിന്തയാണ്. വാക്കിനെ വാക്ക് കൊണ്ടും തെറിയെ തെറികൊണ്ടും മര്‍ദനത്തെ മര്‍ദനം കൊണ്ടും നേരിട്ടില്ലെങ്കില്‍ മോശമാണ് എന്ന് അവര്‍ ചിന്തിക്കുന്നു. ആളുകള്‍ എന്ത് ധരിച്ചാലും ശരി അല്ലാഹു വിട്ടുവീഴ്ചകൊണ്ട് തന്റെ അന്തസ്സ് വര്‍ധിപ്പിക്കുകയേയുള്ളൂ എന്ന സന്തോഷവാര്‍ത്തയാണ് നബിﷺ നല്‍കുന്നത്. അല്ലാഹുവിന്റെ സ്‌നേഹം കിട്ടാനുള്ള മാര്‍ഗംകൂടിയാണിത്.

''(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു'' (ക്വുര്‍ആന്‍ 3:134).

''...അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ''(ക്വുര്‍ആന്‍ 24:22).

വിനയം കാണിക്കുന്നതിന്റെ പ്രാധാന്യമാണ് പിന്നെ പറയുന്നത്. സമ്പത്ത്, സൗന്ദര്യം, അധികാരം, അറിവ്...ഇങ്ങനെ അല്ലാഹു നല്‍കിയ പല അനുഗ്രഹങ്ങളുടെയും പേരില്‍ അഹന്ത കാണിക്കുന്ന ആളുകളുണ്ട്. എന്നാല്‍ എത്രകണ്ട് അനുഗ്രഹങ്ങള്‍ ലഭിക്കുന്നുവോ അതിനനുസരിച്ച് വിനയാന്വിതരായി മാറുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അഹങ്കാരം നരകത്തിലേക്കാണ് നയിക്കുക, വിനയം സ്വര്‍ഗത്തിലേക്കും.

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''അണുമണിത്തൂക്കം അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല...'' (മുസ്‌ലിം)

''പരമകാരുണ്യകന്റ ദാസന്മാര്‍ ഭൂമിയില്‍കൂടി വിനയത്തോടെ നടക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി പറയുന്നവരുമാകുന്നു'' (ക്വുര്‍ആന്‍ 25:63).