നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: മതനിരപേക്ഷതയുടെ നിലനില്‍പിനായി കൈകോര്‍ക്കുക

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21
ജനാധിപത്യ മൂല്യങ്ങള്‍ ബലി കൊടുത്തും ഫെഡറല്‍ സംവിധാനങ്ങളെ പരിഹസിച്ചും പൗരന്മാര്‍ക്ക് ദുരിതം വിതച്ച സംഘ്പരിവാര്‍ അഹങ്കാരങ്ങള്‍ക്ക് കിട്ടിയ തിരിച്ചടിയായാണ് 'ഹിന്ദി ബെല്‍റ്റി'ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത്. മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കുന്നതിലൂടെ മാത്രമെ വര്‍ഗീയരഹിത ഭാരതം പുനഃസൃഷ്ടിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവിലേക്കാണ് മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് പുതിയതിലേക്ക് വരുമ്പോള്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയും എത്തിപ്പെടേണ്ടത്.

ബി.ജെ.പിക്ക് വലിയ പരാജയം സമ്മാനിച്ചുകൊണ്ടാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നത്. ന്യൂനപക്ഷങ്ങളെയും ദളിത്, പിന്നോക്ക വിഭാഗങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഴിഞ്ഞ നാലര വര്‍ഷം തിമര്‍ത്താടിയ സംഘ്പരിവാര്‍ ശക്തികള്‍ക്ക് 'ഹിന്ദി ബെല്‍റ്റ്' വലിയ മറുപടിയാണ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മതേതര സമൂഹത്തിനു നല്‍കിയിരിക്കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. 2019ലെ പൊതു തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറി മതേതര ജനാധിപത്യ വ്യവസ്ഥകളെ തൂത്തെറിഞ്ഞും ഫെഡറല്‍ സംവിധാനങ്ങളുടെ കഴുത്തറുത്തും ഇന്ത്യയെ ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രമാക്കാമെന്ന ബി.ജെ.പിയുടെയും സംഘ്പരിവാരങ്ങളുടെയും വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് ഈ ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബി.ജെ.പിഅധ്യക്ഷന്‍ അമിത്ഷായുടെയും നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വ കോര്‍പ്പറേറ്റ് അനുകൂല ശക്തികള്‍ നടത്തുന്ന ജൈത്രയാത്ര അപ്രതിരോധ്യമാണെന്ന അവകാശവാദത്തിനും മിഥ്യാബോധത്തിനും ഹിന്ദി ഹൃദയഭൂമി മറുപടി നല്‍കിയിരിക്കുകയാണ്. 

2017 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തോടെയാണ് അധികാരമേറ്റത്. ഉത്തര്‍പ്രദേശില്‍ നേടിയ വന്‍വിജയത്തിന് ശേഷം ഇനി ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന വിലയിരുത്തലുകള്‍ നടത്തിയ സംഘ്പരിവാര്‍ ശക്തികള്‍ ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോട്ടമിട്ടുവെച്ചിരുന്ന വലിയ ആര്‍. എസ്. എസ്സുകാരനായ ആദിത്യനാഥ് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിനൊപ്പം ഉത്തരാഖണ്ഡും ഗോവയും ബി.ജെ.പി കൈപിടിയില്‍ ഒതുക്കിയതോടെ ആരാലും തകര്‍ക്കാന്‍ സാധ്യമല്ലാത്ത ശക്തിയാണ് ബി.ജെ.പി എന്ന പ്രചാരണം ശക്തമായി. 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നടന്ന തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഗുണം ചെയ്തുവെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് നില മെച്ചപ്പെടുത്താന്‍ സാധിച്ചത് ബി.ജെ.പിയുടെ ജൈത്രയാത്രക്ക് മങ്ങലേല്‍പിച്ചിരുന്നു. 2018 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന ത്രിപുരയും ബി.ജെ.പി കൈപിടിയില്‍ ഒതുക്കുകയും നാഗാലാന്‍ഡില്‍ ബി.ജെ.പി പിന്തുണക്കുന്ന മുന്നണി വിജയിക്കുകയും ചെയ്തതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബി.ജെ.പിയുടെ വരുതിയില്‍ വരുമെന്ന പ്രതീതി ജനിപ്പിച്ചു. മേഘാലയയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ഭരണം നഷ്ടമാവുകയും ചെയ്തു. ഈ മുന്നേറ്റത്തിന്റെ ആവേശത്തില്‍ 2018 മെയ് മാസത്തില്‍ കര്‍ണാടകയിലും ഡിസംബറില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തന്നെയായിരുന്നു ബി.ജെ.പി കരുതിയിരുന്നത്. 

ഉത്തര്‍പ്രദേശിലും ഇതര സംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച പരാജയം കോണ്‍ഗ്രസ്സ് അടക്കമുള്ള മുഴുവന്‍ മതേതര കക്ഷികളുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. പരസ്പരം മത്സരിച്ച് ബി.ജെ.പിക്ക് ജയിച്ചുകയറാനുള്ള പാത ഒരുക്കുകയായിരുന്നു മതേതരകക്ഷികള്‍. എസ്.പിയും കോണ്‍ഗ്രസ്സും ഒരുമിച്ച് സഖ്യമുണ്ടാക്കിയിട്ടും മായാവതിയുടെ ബി.എസ്.പിയുടെ വേറിട്ടുള്ള സാന്നിധ്യം മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു. അതായിരുന്നു ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ കുതിപ്പിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്. കോണ്‍ഗ്രസ്സിനോടുള്ള വിരോധമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വേറിട്ട് മത്സരിക്കാനുണ്ടായ കാരണം. ഇങ്ങനെ രാജ്യത്തെ മതേതര കക്ഷികള്‍ ഛിന്നഭിന്നമായി നില്‍ക്കുന്നതുകൊണ്ടാണ് ഫാഷിസ്റ്റ് ശക്തികള്‍ക്ക് അധികാരത്തിലേറാന്‍ സാധിക്കുന്നതെന്ന തിരിച്ചറിവ് മതേതര കക്ഷികള്‍ മനസ്സിലാക്കിത്തുടങ്ങിയത് കര്‍ണാടക തെരഞ്ഞെടുപ്പോടെയാണ്. സി.പി.എമ്മിന് പോലും ഇക്കാര്യം ബോധ്യമായിരുന്നു. 

ഈ സമയത്ത് 'സുശക്ത രാഷ്ട്രം സുരക്ഷിത സമൂഹം' എന്ന പേരില്‍ കോഴിക്കോട് നടന്ന ദേശീയ സെമിനാറില്‍ സി.പി.എം നേതാവ് പി. മോഹനന്‍ മാസ്റ്റര്‍ സി.പി.എം ദുര്‍ബലമായ സ്ഥലങ്ങളില്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്നതിന് തങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലെന്നു പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. ഫാഷിസ്റ്റുകളെ തുരത്തുന്നതിന് മതേതര പ്രസ്ഥാനങ്ങള്‍ ഒരു മുന്നണി സംവിധാനമായോ അല്ലാതെയോ പരസ്പരം സഹകരിച്ചു മുന്നോട്ട് പോവേണ്ട കാലികമായ അനിവാര്യത മതേതരപ്രസ്ഥാനങ്ങള്‍ക്ക് ബോധ്യമായി. കര്‍ണാടകയില്‍ ബി.ജെ.പി 104 സീറ്റ് നേടി വിജയിച്ച് ഒന്നാം കക്ഷി ആയെങ്കിലും കോണ്‍ഗ്രസ്സും ജെ.ഡി.എസും തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി 117 സീറ്റിന്റെ ബലത്തോടെ അധികാരത്തിലെത്തുകയായിരുന്നു. കൂടുതല്‍ സീറ്റു നേടിയ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനം ജെ.ഡി.എസ്സിന് വിട്ടുനല്‍കിയത് മതേതര ഐക്യത്തിന് കരുത്തുപകര്‍ന്നു. കൂടുതല്‍ സീറ്റുകള്‍ നേടി വിജയിച്ചിട്ടും അധികാരത്തിലേറാന്‍ ബി.ജെ.പിക്ക് സാധിക്കാതിരുന്നത് അവരില്‍ മ്ലാനത വളര്‍ത്തി. മതേതര കക്ഷികള്‍ക്ക് കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലവും അനന്തര നടപടികളും സഹായകമായി. ഈ ഐക്യം മുമ്പോട്ടുപോയാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പങ്കെടുക്കാന്‍ സാധിക്കുമെന്ന ബോധ്യം കോണ്‍ഗ്രസ്സിനും ഇതര കക്ഷികള്‍ക്കുമുണ്ടായി. ഇതാണ് ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. 

2014ല്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിനു ശേഷം മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ കൊല ചെയ്യപ്പെട്ടതിനെക്കാള്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും  ചെയ്തിട്ടുണ്ട്. ലോകത്ത് ഫാഷിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെയും ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ശൈലിയാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. ലോകം കണ്ട ഏകാധിപതികളുടെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. നരേന്ദ്രമോഡിയുടെ ശൈലികള്‍ ഒരു ഏകാധിപതിയുടെ ശൈലി തന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് പാര്‍ലമെന്റില്‍ പോലും വിമര്‍ശനങ്ങള്‍ ഉണ്ടായി. നോട്ട് നിരോധനമടക്കമുള്ള സാധാരണക്കാരെ ഉലച്ച ഒട്ടനവധി പ്രശ്‌നങ്ങള്‍ ഈ ഭരണത്തിനു കീഴിലുണ്ടായി. വിമര്‍ശകരെ മുഴുവന്‍ ഉന്മൂലനം ചെയ്യുന്ന ശൈലിയായിരുന്നു പിന്നീട് കണ്ടത്. മുസ്ലിം സാധാരണക്കാര്‍, ദളിത് സഹോദരന്മാര്‍, സാഹിത്യകാരന്മാര്‍ തുടങ്ങി എട്ടും പൊട്ടും തിരിയാത്ത പാവം പെണ്‍കുട്ടികള്‍ പോലും വംശവെറികള്‍ക്ക് കാരണമായി കൊലചെയ്യപ്പെട്ടു. രാജ്യത്തിന്റെ മഹിതമായ പാരമ്പര്യം നഷ്ടപ്പെടുന്ന സാഹചര്യം വളരുകയുണ്ടായി. ഓരോ തിരഞ്ഞെടുപ്പിലും ഫാഷിസ്റ്റുകള്‍ കൂടുതല്‍ കരുത്ത് കാണിച്ചു തുടങ്ങിയപ്പോള്‍ രാജ്യത്തെ മതേതരവിശ്വാസികള്‍ ഭയവിഹ്വലരായി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. രാജ്യം മാറ്റം ആഗ്രഹിച്ചുതുടങ്ങി. പ്രതിലോമകാരികളായ ഭരണാധികാരികളെ നിഷ്‌ക്കാസനം ചെയ്യാന്‍ രാജ്യത്തെ പൗരന്മാര്‍ സംഘടിച്ചു തുടങ്ങി. ഹിന്ദി ഹൃദയ ഭൂമിയിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവവര്‍ തന്നെ ഈ മാറ്റത്തിന് നേതൃത്വം നല്‍കിത്തുടങ്ങി എന്നാണ് ഈ ഫലം നല്‍കുന്ന വ്യക്തമായ സൂചന. 

ബി.ജെ.പിയുടെ അപ്രതിരോധ്യമെന്നു കരുതിയിരുന്ന കോട്ടകളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനായി എന്നാശ്വസിക്കാമെങ്കിലും കോര്‍പ്പറേറ്റ് പണക്കൊഴുപ്പുകളും അധികാര രാഷ്ട്രീയത്തിന്റെ മറവില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള കടന്നുകയറ്റങ്ങളും നിര്‍ബാധം തുടരുമെന്ന് തന്നെ വേണം കരുതാന്‍. വിശാല പ്രതിപക്ഷ പ്രതിരോധ നിര കൂടുതല്‍ കരുത്തോടെയും പക്വതയോടെയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങളിലൂടെ ഫാഷിസ്റ്റുകള്‍ അവരുടെ ജൈത്രയാത്ര തുടരും. അമിതമായ ആത്മവിശ്വാസം മതേതര കക്ഷികള്‍ കൈവെടിയേണ്ടതുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വോട്ടിങ് ശതമാനത്തിലെ അന്തരം ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നത് ആരും മറച്ചുവെച്ചിട്ട് കാര്യമില്ല. ബി.എസ്.പി അവിടെയും നാല് ശതമാനത്തോളം വോട്ടുകള്‍ വാങ്ങി ഭിന്നതക്ക് ആക്കം കൂട്ടി എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സും ബി.എസ്.പിയും ഒരുമിച്ച് നിന്നിരുന്നുവെങ്കില്‍ മധ്യപ്രദേശില്‍ കുറെ കൂടി കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കാന്‍ മതേതരകക്ഷികള്‍ക്ക് സാധിക്കുമായിരുന്നു. 

2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 65 മണ്ഡലങ്ങളില്‍ 62 ഉം ബി.ജെ.പി ആയിരുന്നു നേടിയിരുന്നത്. അന്ന് രാജ്യത്തെ 13 സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നുവെങ്കില്‍ കേവലം പുതുശ്ശേരി, പഞ്ചാബ് എന്നീ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്നത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം ഇപ്പോള്‍ അത് അഞ്ചായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മതേതര രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചുകൂടിയത് വളരെ നല്ല കാര്യം തന്നെ. പക്ഷേ, ഉത്തര്‍പ്രദേശിലെ പ്രമുഖ പാര്‍ട്ടികളായ എസ്.പി.യും ബി.എസ്.പിയും അതില്‍ നിന്നും വിട്ടുനിന്നത് മതേതരമുന്നണിയിലെ വിള്ളലുകളെയാണ് ചൂണ്ടിക്കാണിക്കുന്നത്. 

ഭിന്നതകളുണ്ടാക്കുന്ന ചര്‍ച്ചകള്‍ മതേതരകക്ഷികള്‍ വെടിയേണ്ടതുണ്ട്. മതേതര കക്ഷികളുടെ പ്രധാനമന്ത്രി ആരായിരിക്കണമെന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തുന്നത് അനാവശ്യമാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന എം.കെ. സ്റ്റാലിന്റെ പ്രസ്താവനക്ക് നേരെ മായാവതി നെറ്റിചുളിച്ചുവെന്നത് വരാനിരിക്കുന്ന അപകടത്തെയാണ് സൂചിപ്പിക്കുന്നത്. പ്രത്യയശാസ്ത്രപരമായ 'അസ്‌ക്യതകള്‍' ഒഴിവാക്കി രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങള്‍ പരിഗണിക്കാനാണ് ഇടതുപക്ഷം ഈ സന്ദര്‍ഭത്തില്‍ തയ്യാറാവേണ്ടത്. 

ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും നല്‍കുന്നതിലായിരുന്നു തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മോഡിയും അമിത്ഷായും യോഗിയുമെല്ലാം മധ്യപ്രദേശില്‍ വിളമ്പിയത് തീവ്ര ഹിന്ദുത്വ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു. അയോധ്യയിലെ രാമക്ഷേത്രം, അലഹബാദിന്റെ പേരുമാറ്റം, പശുക്കൊലകളെ സംബന്ധിച്ച വൈകാരികത തുടങ്ങിയ വിഷയങ്ങളായിരുന്നു ഇവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്. സാധാരണക്കാരനെ ബാധിക്കുന്ന കാര്യങ്ങളൊന്നും തന്നെ ഇവരുടെ മുമ്പിലുണ്ടായിരുന്നില്ല. ഹൈദരാബാദില്‍ പ്രസംഗിക്കാനെത്തിയ യോഗി ബി.ജെ.പിക്ക് ഭരണം ലഭിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റി സുബ്രഹ്മണ്യപുരി ആക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം അവിടെയെത്തിയ രാഹുല്‍ഗാന്ധി ഭരണം ലഭിച്ചാല്‍ ജനങ്ങളുടെ വിശപ്പ് മാറ്റുമെന്നായിരുന്നു പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ 92 ശതമാനം വരുന്ന ഹിന്ദുക്കളില്‍ അധികവും കര്‍ഷകരാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കാരണം കഷ്ടത്തിലായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടച്ചു മോഡിയും അമിത്ഷായും അവിടങ്ങളില്‍ രാമക്ഷേത്രത്തെ കുറിച്ചായിരുന്നു പ്രസംഗിച്ചിരുന്നത്. അയോധ്യ വിഷയം പ്രസംഗിച്ചു വോട്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടങ്ങളില്‍ കര്‍ഷകര്‍ ജീവന്‍ നില നിര്‍ത്താന്‍ പോരാടുകയായിരുന്നുവെന്നു മോഡിയും കൂട്ടരും മറന്നുപോയി. 

രാജ്യത്തെ കര്‍ഷകര്‍ അടക്കമുള്ള സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, അവരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം, എഴുത്തുകാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം, ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തെ രാജ്യത്തിന്റെ മുഖ്യശ്രേണിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ക്ക് കഴിയേണ്ടതുണ്ട്. ജനാധിപത്യവും മതേതരത്വവും പഠിപ്പിക്കുകയും വര്‍ഗീയതക്കെതിരെയുള്ള പ്രചാരങ്ങള്‍ ശക്തമാക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ നിലവിലുള്ള സാമൂഹിക അവസ്ഥയില്‍ കാര്യമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ യത്‌നിക്കുകയും വേണ്ടതുണ്ട്. സുപ്രീം കോടതി, സി.ബി.ഐ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സി.എ.ജി തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങളെയെല്ലാം സംശയങ്ങളുടെ മുനയില്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവന്നത്. രാജ്യത്തെ സാധാരണക്കാര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കുന്ന വിധം ഈ സ്ഥാപനങ്ങളെ മാറ്റിയെടുക്കാന്‍ മതേതരകക്ഷികള്‍ക്ക് കഴിയേണ്ടതുണ്ട്. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും തീവ്രഹിന്ദുത്വ വിഷയങ്ങള്‍ കാലഹരണപ്പെട്ടുവെന്നും ഒരു പുരോഗമന ജനാധിപത്യ സമൂഹത്തില്‍ അത്തരം വിഷയങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. 

2019 ലേക്ക് ഇനി അധികം ദൂരമില്ല. ഇന്ത്യ ഇന്ത്യയായി എക്കാലവും നിലനില്‍ക്കേണമോ, എങ്കില്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയമായി. ഫാഷിസ്റ്റുകളെ അധികാരത്തില്‍ നിന്നിറക്കി പകരം മതേതര സമൂഹത്തെ ഭരണത്തിന്റെ ചെങ്കോലും കിരീടവും ഏല്‍പിക്കേണ്ടതുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ നല്‍കിയ ആത്മവിശ്വാസവും ആശ്വാസവും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള ഊര്‍ജമാക്കി മാറ്റുകയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സുശക്തമായ ഇന്ത്യാരാജ്യത്തിനുവേണ്ടി രംഗത്തിറങ്ങുകയും ചെയ്യേണ്ടതുണ്ട്. മുസ്ലിം സമൂഹത്തിന് ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. മുസ്ലിം സമുദായത്തില്‍ ജനാധിപത്യ മതേതര ചിന്തകള്‍ ഇല്ലാതാക്കുവാനും തീവ്രതയും വര്‍ഗീയതയും മതരാഷ്ട്രവാദവും പ്രചരിപ്പിക്കുവാനുമുള്ള ഒറ്റപ്പെട്ട ശ്രമങ്ങളെ മുസ്‌ലിംകള്‍ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. രാജ്യതാല്‍പര്യത്തിനും മതവിശ്വാസത്തിനും എതിരായിട്ടുള്ളതും ഫാഷിസ്റ്റുകള്‍ക്ക് സഹായകമായിട്ടുള്ളതുമായ ഇത്തരം പിന്തിരിപ്പന്‍ വാദങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണവും പഠനങ്ങളും അനിവാര്യമാണ്. രാഷ്ട്രപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തുകൊണ്ട് തങ്ങളുടെ ബാധ്യത നിര്‍വഹിക്കാന്‍ മുസ്ലിം സമൂഹത്തിലെ ഓരോ അംഗവും തയ്യാറാവേണ്ടതുണ്ട്.

0
0
0
s2sdefault