കേരളം എങ്ങോട്ട്?

ഉസ്മാന്‍ പാലക്കാഴി

2018 മെയ് 12 1439 ശഅബാന്‍ 26
സാക്ഷര കേരളം സാംസ്‌കാരികമായും ധാര്‍മികമായും അധഃപതിച്ചുകൊണ്ടിരിക്കുകയാണോ? പൊതു ഇടങ്ങളിലും വീടകങ്ങളിലും സ്ത്രീ സുരക്ഷിതയാണോ? മദ്യം മോന്തിക്കുടിച്ച് ബുദ്ധിമാന്ദ്യം വരുത്തുന്നതില്‍ മലയാളികള്‍ മത്സരിക്കുകയാണോ? ഒരു അവലോകനം

പുതിയ സാങ്കേതികവിദ്യകള്‍ക്കും കാലത്തെ മാറ്റിക്കളയുന്ന അവയുടെ കുത്തൊഴുക്കിനും എളുപ്പത്തില്‍ മലയാളി കീഴടങ്ങിയിരുന്നില്ല. കമ്പ്യൂട്ടറുകള്‍ക്കും കമ്പ്യൂട്ടര്‍വത്കരണത്തിനുമെതിരെ ഇടതുസംഘടനകള്‍ നടത്തിയ സമരങ്ങളോര്‍ക്കുക. ഇന്റര്‍നെറ്റിന്റെ കടന്നുവരവിനെ സാംസ്‌കാരിക അധിനിവേശമായി പരിഗണിക്കുന്ന നിരധി ലേഖനങ്ങള്‍ മലയാള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ക്കെതിരെയും സംഘടിതമായ എതിര്‍പ്പ് രൂപപ്പെട്ടു. ടി.വി വിഡ്ഢിപ്പെട്ടിയാണെന്ന് സമര്‍ഥിക്കുന്ന നിരവധി ലേഖനങ്ങള്‍ മുഖ്യധാരാമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മൊബൈല്‍ ഫോണുകള്‍ സാര്‍വത്രികമല്ലാത്ത കാലത്ത് അവയുടെ പൊതുസ്ഥലങ്ങളിലെ ഉപയോഗം പരിഹാസ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്. എന്നാല്‍ എല്ലാ എതിര്‍പ്പുകള്‍ക്കു മീതെയും സാങ്കേതികവിദ്യ അതിന്റെ കാലുകള്‍ കുത്തി ഉറച്ചുനിന്നു. എതിര്‍പ്പുകള്‍ അലിഞ്ഞുപോയി. കമ്പ്യൂട്ടറുകള്‍ക്കെതിരെ സമരം നടത്തിയവര്‍ മൈക്രാസോഫ്റ്റിനെതിരെ ലിനക്‌സിനെ വിപണിയിലെത്തിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രചാരകരായി മാറി. ചാനല്‍ അധിനിവേശത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍ത്ത പാര്‍ട്ടി സ്വന്തം ചാനലുകള്‍ തുടങ്ങി.

 

ദുരുപയോഗത്തിന്റെ ദുരന്തങ്ങള്‍

സാങ്കേതിക ഉപാധികള്‍ കേരളത്തെ മാറ്റിയപോലെ മലയാളി മനസ്സ് അവയെയും മാറ്റിത്തീര്‍ക്കുകയായിരുന്നു. ഇന്റര്‍നെറ്റ് എന്ന ഏറെ സാധ്യതകളുള്ള ആശയവിനിമയോപാധി ഏറ്റവും നിഷേധാത്മകമായി ഉപയോഗിക്കപ്പെട്ട ഒരു സ്ഥലം കേരളമാണ്. അശ്ലീല വെബ്‌സൈറ്റുകളും നീലച്ചിത്രങ്ങളും മതിമറന്നാസ്വദിക്കാനുള്ള ഇടങ്ങളായാണ് ഇന്റര്‍നെറ്റ് കഫേകള്‍ ഉപയോഗിക്കപ്പെട്ടത്. ആരും കാണാത്തിടങ്ങൡ എന്ത് തോന്ന്യാസവും കാട്ടാമെന്ന മലയാളി മനസ്സ് ഇന്റര്‍നെറ്റിനെ സ്വതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചു. കഫേകളുടെ കുഞ്ഞുമുറിക്കുള്ളില്‍ സ്വന്തം ശരീരകാമനകളെ തൃപ്തിപ്പെടുത്താമെന്ന് മലയാളി കണ്ടെത്തി. ഒളിഞ്ഞുനോട്ടത്തിന്റെ സ്വന്തം നാട്ടില്‍ ഒളികാമറകളില്‍ പെണ്ണുടലുകളുടെ പലമാതിരി ചലനങ്ങള്‍ പകര്‍ത്തപ്പെട്ടു.

വീടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് പുറംലോകത്തെ എത്തിപ്പിടിക്കാനുള്ള വഴിയായി മൊബൈല്‍ ഫോണ്‍ മാറി. പുറംലോകവുമായി സമ്പര്‍ക്കം സാധ്യമായെങ്കിലും കേരളീയ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് അനേകം പ്രശ്‌നങ്ങള്‍ക്കും കാരണമായി. പുറംലോകം മാറിയിരുന്നില്ല. തുറിച്ചുനോട്ടവും ബലാല്‍ക്കാരവും ലൈംഗികാതിക്രമങ്ങളും കൊണ്ട് അത് സ്ത്രീകളെ നേരിട്ടു. മലയാളി ആണ്‍ലോകം മൊബൈല്‍ ഫോണുകളെ അതിനുളള ആയുധമാക്കി മാറ്റി. മിസ്ഡ് കോള്‍ അടുപ്പങ്ങള്‍ സാര്‍വത്രികമായി. കുടുംബബന്ധങ്ങളില്‍ അത് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മിസ്ഡ് കോള്‍ വഴി അടുപ്പത്തിലായ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തിയ വീട്ടമ്മ അയാളുടെ കൈകളാല്‍ കൊല്ലപ്പെട്ട സംഭവത്തിന് കേരളം സാക്ഷിയായിട്ടുണ്ട്. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികള്‍ പോലും അശ്ലീലതകളുടെ ലഹരിയില്‍ ജീവിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സ്‌കൂളുകളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന അധ്യാപകരുടെ റെയ്ഡുകളില്‍ പിടിക്കപ്പെടുന്ന അശ്ലീലത കുത്തിനിറച്ച സി.ഡികളും പെന്‍ഡ്രൈവുകളും.

 

സുരക്ഷിതത്വം നഷ്ടപ്പെടുന്ന സ്ത്രീസമൂഹം

സദാചാര ബോധത്തില്‍ ഏറെ മുന്നിലാണ് മലയാളികള്‍ എന്നാണ് വയ്പ്. പുറം കാഴ്ചയില്‍ അത് ശാന്തമാണ്. എന്നാല്‍ അടിയൊഴുക്കള്‍ ഏറെ മനോരോഗാത്മകമാണ്. സ്വന്തം പിതാക്കന്മാരെ ഭയന്ന് പെണ്‍മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും അടുത്ത ബന്ധുക്കളാല്‍ പോലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് പറയുന്നത് നീതിയല്ല. എന്നാല്‍ ഒറ്റപ്പെട്ട സംഭവം എന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത വിധം ദിനേന ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നു എന്നത് യാഥാര്‍ഥ്യമാണ്.

സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങാന്‍ പറ്റാത്ത നാട് എന്നൊരു പറച്ചില്‍ പണ്ട് ഉണ്ടായിരുന്നു. കാലം മാറിയപ്പോള്‍ ആ പറച്ചിലിലും മാറ്റം വരുത്തേണ്ടിവന്നിരിക്കുന്നു. കാരണം പട്ടാപ്പകലും പെണ്ണ് സുരക്ഷിതയല്ല. വീടിനു പുറത്താകുമ്പോള്‍ മാത്രമല്ല വീട്ടിനകത്താകുമ്പോഴും അവള്‍ അന്യരാല്‍ ആക്രമിക്കപ്പെടുന്നു. കൊലചെയ്യപ്പെടുന്നു. സമീപകാലത്തു നടന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ ചൂണ്ടിക്കാണിക്കാനാവും.

 

പെണ്‍കുറ്റവാൡകള്‍ വര്‍ധിക്കുന്നു

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സ്ത്രീകള്‍ ഉള്‍പെട്ട അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കേരളത്തില്‍. കാമുകനെ കൊന്ന് വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ നിറച്ച ഡോക്ടര്‍ ഓമന, ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ ക്രൂരമര്‍ദനത്തിരയാക്കി കുപ്രസിദ്ധി നേടിയ ദേവിക അന്തര്‍ജനം എന്ന റംല, ഭര്‍ത്താവിന്റെ സ്വത്ത് വകകള്‍ സ്വന്തമാക്കാന്‍ ഭര്‍തൃപിതാവിനെ വധിച്ച ഷെറിന്‍, മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 6 കോടി തട്ടിയടുത്ത കവിത പിള്ള, സാമ്പത്തിക തട്ടിപ്പില്‍ കുപ്രസിദ്ധിനേടിയ സരിത നായര്‍, ലിനമരിയ പോള്‍, ഏറ്റവും ഒടുവില്‍ തന്റെ വഴിവിട്ട ജീവിതത്തിന് തടസ്സമെന്നു കണ്ട് സ്വന്തം മാതാപിതാക്കളെയും രണ്ടു മക്കളെയും വിഷംകൊടുത്ത് കൊന്ന പിണറായിയിലെ ക്രൂരയായ സൗമ്യ... ഇവര്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

'ആപത്ഘട്ടങ്ങളില്‍ തനിച്ചാകുന്ന സ്ത്രീകളുടെ രക്ഷയ്ക്കാ'യി എന്ന പരസ്യവാചകത്തോടെ വിപണിയിലെത്തിയതാണ് കുരുമുളക് സ്‌പ്രേ. അക്രമിക്ക് നേരെ സ്‌പ്രേ പ്രയോഗിച്ച് സ്ത്രീകള്‍ക്ക് രക്ഷപ്പെടാം. 24കാരി സുറുമിയും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത് രക്ഷപ്പെടാനാണ്. മുത്തശ്ശിയുടെ കണ്ണില്‍ സ്‌പ്രേ അടിച്ച് ഒരു പവന്റെ മാല കവര്‍ന്ന ശേഷം രക്ഷപ്പെടാനായിരുന്നെന്നു മാത്രം.

ആപത്ഘട്ടങ്ങളില്‍ രക്ഷപ്പെടാന്‍ മാത്രമല്ല മോഷണം നടത്താനും ഈ സ്‌പ്രേ ഉപയോഗപ്പെടുത്താമെന്ന് സുറുമി തെളിയിച്ചു. സ്പിരിറ്റ് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്ന സുറുമി വീണ്ടും വാര്‍ത്തയിലെ താരമായത് 2014 ജൂലായ് രണ്ടാം വാരമാണ്. കാഞ്ഞിരപ്പള്ളിയില്‍ അമ്മയുടെ അമ്മയ്ക്ക് ഒപ്പമായിരുന്നു സുറുമിയുടെ താമസം. മുത്തശ്ശിയോട് സുറുമി പണം ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കാന്‍ തയ്യറായില്ല. തുടര്‍ന്നാണ് ബാഗില്‍ സൂക്ഷിച്ച കുരുമുളക് സ്‌പ്രേ മുത്തശ്ശിയുടെ നേര്‍ക്ക് പ്രയോഗിച്ചത്. ആഡംബര ജീവിതത്തോടുള്ള ആസക്തിയായിരുന്നു സുറുമിയെ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്.

അടുത്തകാലത്ത് നടന്ന പല കുറ്റകൃത്യങ്ങളും ആഡംബര ജീവിതം ലക്ഷ്യമിട്ടുള്ളതായിരുന്നു. സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ച പ്രധാന ഘടകം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത സമൂഹത്തില്‍ വ്യാപിച്ചതോടെയാണ് കുറ്റകൃത്യങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചത്. ആഡംബരത്തിന്റെയും പണത്തിന്റെയും പ്രലോഭനത്തില്‍ സത്രീകള്‍ എളുപ്പം വീണു പോകുകയും ചെയ്യുന്നു. സമൂഹത്തില്‍ പൊതുവിലുണ്ടായ ജീര്‍ണതകളുടെ തുടര്‍ച്ച തന്നെയാണ് സ്ത്രീകളുടെ ജീവിതത്തില്‍ വന്ന മാറ്റവും. ആര്‍ഭാട ജീവിതവും വലിയ വീടും കാറുമൊക്കെ സ്വപ്‌നം കണ്ട് കുറുക്കുവഴികള്‍ തേടുന്ന സ്ത്രീകളില്‍ കുറ്റവാസന വര്‍ധിക്കുന്നു.

 

സീരിയലുകള്‍ എന്ന സാംസ്‌കാരിക വിപത്ത്

വൈകുന്നേരത്തോടെ കേരളത്തിലെ കുടുംബിനികള്‍ അളിഞ്ഞ സീരിയലുകള്‍ വാരിത്തിന്നാന്‍ ധൃതികാട്ടുന്നു. അതിനായി മറ്റെല്ലാ തിരക്കുകളും മാറ്റിവെക്കുന്നു. കണ്ണീര്‍ സീരിയലുകെളക്കാള്‍ ഇന്ന് രംഗം കയ്യാളുന്നത് അവിഹിതബന്ധങ്ങളുടെ സസ്‌പെന്‍സ് ത്രില്ലറുകളാണ്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള വാസന മലയാളികളില്‍ അല്‍പം കൂടുതലാണ്. സീരിയല്‍ കച്ചവടക്കാര്‍ ഇത് സമര്‍ഥമായി ഉപയോഗിക്കുന്നു.

പൊതുസമൂഹത്തെ വിഡ്ഢികളാക്കിക്കൊണ്ട് ദീര്‍ഘ കാലമായി അരങ്ങേറുന്ന ഈ സാംസ്‌കാരിക വിപത്തിനെ പ്രതിരോധിക്കാന്‍ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം ഇനിയും വൈകിയാല്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നതില്‍ സംശയമില്ല. ഒരുകാലത്ത് 'മ' പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ട പൈങ്കിളി നോവലുകളായിരുന്നു അലോസരമുണ്ടാക്കിയിരുന്നതെങ്കില്‍ ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിട്ടുള്ളത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലെ പൈങ്കിളി സീരിയലുകളാണ്.

അതെ, മലയാളിക്ക് പ്രബുദ്ധതയുണ്ട്, പക്ഷേ, പ്രതികരണ ശേഷി എങ്ങോ കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമില്ലാത്ത വിവാദങ്ങള്‍ക്ക് പിറകെ പോകാനാണ് നമ്മളില്‍ പലര്‍ക്കും താല്‍പര്യം. അതേസമയം ആവശ്യമുള്ള കാര്യങ്ങള്‍ക്കു നേരെ ബോധപൂര്‍വം നാം മുഖം തിരിക്കുന്നു.

പ്രബുദ്ധതയിലും സാക്ഷരതയിലും പുരോഗമനാശയങ്ങളിലും മാധ്യമ അവബോധത്തിലും മറ്റും ഇന്ത്യയില്‍ മുന്‍ നിരക്കാരെന്ന് അഭിമാനിക്കുന്നവരാണ് നാം. അത്തരമൊരു നാട്ടിലാണ് ഇവ്വിധമൊരു ഗതികേട് വന്നു പെട്ടിരിക്കുന്നത്!

കേരളത്തിലെ ജനപ്രിയ ടി.വി സീരിയലുകള്‍ ഓരോ ദിവസവും നമ്മുടെ സാംസ്‌കാരികബോധത്തെ കശാപ്പു ചെയ്യുകയും മനസ്സിനെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിനെ) തടവിലാക്കുകയും ചെയ്യുന്നു എന്നതാണ് പരമാര്‍ഥം. ഓരോ സീരിയലും ദീര്‍ഘകാലത്തേക്കാണ് ഇപ്രകാരം പ്രേക്ഷക മനസ്സുകളെ തടവിലാക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രാകൃതമായ വികാരങ്ങളിലേക്കാണ് കേരളത്തിലെ ഭൂരിപക്ഷം സീരിയല്‍ നിര്‍മാതാക്കളുടെയും നോട്ടം. അഹങ്കാരം, അസൂയ, കുശുമ്പ്, വിദ്വേഷം, വൈരാഗ്യബുദ്ധി, ഹിംസാത്മകത തുടങ്ങിയവയെ കത്തിജ്വലിപ്പിക്കത്തക്ക രീതിയില്‍ പടുത്തുയര്‍ത്തിയ കൃത്രിമ കഥാസന്ദര്‍ഭങ്ങള്‍ നിറഞ്ഞവയാണ് ചാനല്‍ സീരിയലുകളില്‍ സംപ്രേഷണം ചെയ്തുവരുന്നവയില്‍ ഏറിയകൂറും. കഴുതയുടെ മസ്തിഷ്‌കമുള്ള പുരുഷന്മാരും ചെന്നായയുടെ ഹൃദയമുള്ള സ്ത്രീകളുമാണ് ഒട്ടുമിക്ക സീരിയലുകളിലെയും പ്രധാന കഥാപാത്രങ്ങള്‍. അവരോടൊപ്പം ശുദ്ധാത്മാവായ ഒരു പെണ്ണുമുണ്ടാവും. അല്ലെങ്കില്‍ നിഷ്‌കളങ്കനും വ്യക്തിത്വമില്ലാത്തവനുമായ ഒരു പുരുഷനും. കശാപ്പുകാരന്റെ പുറകെ നടന്നുചെല്ലുന്ന പാവം ആട്ടിന്‍കുട്ടിയുടെ മനസ്സും ചലന ക്രമവുമാണ് അത്തരം കഥാപാത്രങ്ങള്‍ക്കുണ്ടാവുക. കണ്ണീരും മൂക്കുപിഴിച്ചിലും വഴക്കും വക്കാണവും കൊണ്ട് ശബ്ദമുഖരിതമാവുന്ന യാമങ്ങള്‍. വെറും പൊള്ളയായ ഈ കൃത്രിമലോകം ശബ്ദഭേരിയും വര്‍ണപ്പകിട്ടും അരോചകമായ പശ്ചാത്തല സംഗീതവും സംഭാഷണ ചടുലതയും കൊണ്ട് ഒരു യഥാര്‍ഥ ലോകമാണെന്ന പ്രതീതിയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

സീരിയലുകളുടെ അടിമകളായിത്തീരുന്ന പ്രേക്ഷകസമൂഹം സ്വയമറിയാതെ ഒപ്പം പരസ്യങ്ങളുടെയും അടിമകളായി മാറുന്നു. സീരിയലുകളും പരസ്യങ്ങളും ഇരട്ടകളെപ്പോലെ മെയ്യോടു മെയ് ചേര്‍ന്നാണ് ടെലിവിഷന്‍ ചാനലുകളില്‍ ഇന്ന് അരങ്ങേറുന്നത്. ഏതൊക്കെ ഉപഭോഗ വസ്തുക്കളാണ് നാം വാങ്ങേണ്ടതെന്ന് കമ്പനികള്‍ നിശ്ചയിക്കുന്നു, പ്രഖ്യാപിക്കുന്നു. നമ്മുടെ വിവേചനാധികാരം അവര്‍ ഏറ്റെടുക്കുന്നു. നമ്മെ നിരന്തരം മോഹിപ്പിക്കുന്നു, പ്രേരിപ്പിക്കുന്നു. പ്രേക്ഷകരുടെ ബൗദ്ധികമായ ജാഗ്രതയെയും സദാചാരബോധത്തെയും സീരിയലുകള്‍ വിലക്കെടുക്കുന്നതു പോലെ നമ്മുടെ വിവേകത്തെയും തിരഞ്ഞെടുക്കാനുള്ള അവകാശത്തെയും പരസ്യക്കമ്പനികള്‍ വിലയ്‌ക്കെടുക്കുന്നു!


വൈകിട്ടെന്താ പരിപാടി?

ഓരോ വര്‍ഷവുമുള്ള വിശേഷ ആഘോഷ ദിനങ്ങളുടെ പിറ്റേദിവസം മലയാളപത്രങ്ങളില്‍ ആഘോഷിക്കപ്പെടുന്ന മറ്റൊരു വിശേഷമുണ്ട്. മലയാളികള്‍ കുടിച്ചുവറ്റിച്ച മദ്യത്തിന്റെ കണക്കുകള്‍. കോടികള്‍ മാറിമറിയുന്ന കണക്കുകള്‍ സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പറേഷന്‍ നല്‍കുന്നതാണ്. കേരളം കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ വകയില്‍ സര്‍ക്കാറിനു കിട്ടിയ നേട്ടം. ഇങ്ങനെയൊരു വിശേഷവാര്‍ത്ത പുറത്തിറങ്ങാന്‍ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടുകളേ ആയിട്ടുണ്ടാകൂ. മദ്യം അത്രയേറെ അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു ഇന്ന്. അനുഷ്ഠാനം പോലെ ആഘോഷങ്ങള്‍ക്കുള്ള പ്രാഥമിക ഘടകം!

സമ്പൂര്‍ണ മദ്യവര്‍ജനം നടപ്പാക്കുമെന്നോ ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തുമെന്നോ പുതിയവ അനുവദിക്കില്ലെന്നോ ഒക്കെ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നവര്‍ ഭരണത്തിലേറിയാല്‍ നാട്ടില്‍ എങ്ങനെയൊക്കെ മദ്യം വ്യാപിപ്പിക്കാം എന്ന ഗവേഷണത്തിലേര്‍പെടുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

2004 മുതല്‍ 2012 വരെയുള്ള കണക്കനുസരിച്ച് നാല്‍പതിനായിരം കോടി രൂപയുടെ വിദേശമദ്യമാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്. കള്ളുഷാപ്പുകള്‍, വാറ്റ് കേന്ദ്രങ്ങള്‍, അതിര്‍ത്തി കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ്, വിദേശരാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മുന്തിയ ഇനം വിദേശ മദ്യം, പ്രവാസി മലയാളികള്‍ നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവരുന്ന കുപ്പികള്‍, മാഹിയില്‍നിന്നും മറ്റും കടത്തിക്കൊണ്ടുവരുന്ന വിദേശമദ്യം, ഭടന്മാര്‍ക്കും വിമുക്തഭടന്മാര്‍ക്കും കിട്ടുന്ന മദ്യക്വാട്ട എന്നിവയുടെ കൂടി കണക്കെടുത്താല്‍ മലയാളി ഉപയോഗിച്ച മദ്യത്തിന്റെ കണക്ക് ഇതിന്റെ ഇരട്ടികളായിരിക്കും!

കണക്ക് നോക്കിയാല്‍ പ്രതിവര്‍ഷം ആയിരം കോടി രൂപയുടെ വര്‍ധനവാണ് കേരളത്തിലെ വിദേശമദ്യ വില്‍പനയില്‍ കാണുന്നത്. കേരളത്തിലെന്നല്ല ലോകത്താകമാനം തന്നെയും മറ്റൊരു വ്യവസായത്തിലും ഇത്തരത്തിലൊരു കുതിപ്പ് കാണാനാകില്ല. ഇന്ത്യാ മഹാരാജ്യത്ത് മദ്യത്തിന്റെ ഉപഭോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണെന്ന് ഈ കണക്കുകള്‍ വെറുതെയൊന്ന് നോക്കിയാല്‍ വ്യക്തമാകും.

സര്‍ക്കാര്‍ വീണ്ടും വീണ്ടും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുകയാണ്. പോരാഞ്ഞിട്ട് സാക്ഷാല്‍ വിദേശമദ്യം വില്‍ക്കുന്ന ഔട്ട്‌ലെറ്റുകളും തുറക്കാനുള്ള ഒരുക്കത്തിലാണ് എക്‌സൈസ് വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണ് മദ്യവില്‍പന എന്നതിനാല്‍ കുടിയന്മാരുടെ എണ്ണം കുറയുന്നത് സര്‍ക്കാരിനിഷ്ടമല്ല. കേരളത്തിലെ വിദേശമദ്യശാലകളും വില്‍പന കേന്ദ്രങ്ങളുമെല്ലാം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണെന്നാണ് സര്‍ക്കാരിന്റെ വാദം. കോടതിയില്‍ പോലും സര്‍ക്കാര്‍ വാദിക്കുന്നത് മദ്യത്തെ നിയന്ത്രിച്ചാല്‍ ടൂറിസം മുരടിക്കുമെന്നാണ്.

കുറ്റം പറയരുതല്ലോ, മദ്യവില്‍പന പൊടിപൊടിക്കുന്ന എക്‌സൈസ് വകുപ്പ് മദ്യത്തിനെതിരെ ബോധവത്ക്കരണവും നടത്തുന്നുണ്ട്! സംസ്ഥാനത്തെ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് കൊടുക്കുകയാണ് ബോധവത്ക്കരണത്തിലെ പ്രധാന ഇനം! കിഡ്‌നിയും കരളുമൊക്കെ ഉരുകിത്തീരുന്നവരുടെയും വിധവകളുടെയും അനാഥമക്കളുടെയും എണ്ണം വര്‍ധിക്കുംവിധം യഥേഷ്ടം മദ്യം ലഭ്യമാക്കുക, ഒപ്പം നാമമാത്രമായ ബോധവത്ക്കരണവും! ബലേ ഭേഷ് എന്നല്ലാതെ എന്ത് പറയാന്‍!