അറബികളും അറബി പഠനവും കേരളത്തില്‍

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി / വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 1)

മദീനയിലെ മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സിന്റെ താല്‍പര്യപ്രകാരം ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി തയ്യാറാക്കിയ, 'താരീഖു തത്വവ്വുരി തര്‍ജമതി മആനില്‍ ക്വുര്‍ആനില്‍ കരീം ഇലല്‍ ലുഗത്തില്‍ മലയ്ബാരിയ്യ' (വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്‍)എന്ന അറബിപഠന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം ഈ ലക്കം മുതല്‍ നേര്‍പഥം വാരികയിലൂടെ വായിച്ചു തുടങ്ങുക.

മലബാറിന് അറബികളും ഇസ്‌ലാമുമായുള്ള ബന്ധം

1. കേരളത്തെക്കുറിച്ച് അല്‍പം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന തീരപ്രദേശമത്രെ മലബാര്‍. മലബാറിന്റെ സിംഹഭാഗവും ഇന്ന് കേരള സംസ്ഥാനത്തിലാകുന്നു. ശേഷിക്കുന്ന മലബാറിന്റെ വടക്കേ അറ്റം ഇന്ന് കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്നു. 'മലബാര്‍' എന്ന നാമകരണം പൂര്‍വകാലം മുതല്‍ വിവിധ ലക്ഷ്യങ്ങള്‍ക്ക് കടന്നുവന്ന അറബികളുടെ വകയാണ്.  

ഈ പ്രദേശമാകട്ടെ അറബികളായ വൈദേശികര്‍ താമസിച്ചതിനാലും അറബിഭാഷ അവിടെ വ്യാപിച്ചതിനാലും മറ്റു ഇന്ത്യന്‍ നാടുകളില്‍ നിന്ന് വ്യതിരിക്തമാണ്. എത്രത്തോളമെന്നാല്‍ ചില ചരിത്രകാരന്മാര്‍ മലബാര്‍ വിവിധ അറബ് ഗോത്രങ്ങളുടെ ഒരു സങ്കരവംശം ഇറങ്ങി താമസിക്കുന്ന പശ്ചിമേഷ്യയിലെ ഒരു ദ്വീപാണെന്ന് പോലും ധരിച്ച് വശായിട്ടുണ്ട്. മലയാളഭാഷ സംസാരിക്കുന്ന കേരളീയര്‍ ഇന്ന് 30 മില്യന്‍ കവിയും. അവരില്‍ മുസ്‌ലിംകളാകട്ടെ ഇരുപത്തിയഞ്ച് ശതമാനം വരും. ബുദ്ധ, ജൈന, ഹൈന്ദവ, ക്രൈസ്തവ, യഹൂദ്യാതി മതങ്ങളിലായി വിവിധ വര്‍ഗങ്ങളും ജാതികളുമാണ് കേരളീയര്‍. വ്യത്യസ്ഥ ജാതികളടങ്ങുന്ന ഹൈന്ദവരാണ് ഭൂരിപക്ഷ സമൂഹം, മുസ്‌ലിംകള്‍ പ്രബല ന്യൂനപക്ഷവും. പിന്നീട് മറ്റു മതക്കാരും. ബുദ്ധമതം പണ്ടേ പ്രചാരം നേടുകയും മറ്റുമതങ്ങളെക്കാള്‍ സ്വധീനമുണ്ടാവുകയും ചെയ്ത കാലമുണ്ടായിട്ടുണ്ട്. എ.ഡി.മൂന്നാം നൂറ്റാണ്ടു മുതല്‍ ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം ബുദ്ധമത ത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന പേരിലറിയപ്പെടുന്നു. ബുദ്ധമതം അതിന്റെ പ്രാരംഭഘട്ടത്തില്‍ വിഗ്രഹപൂജയില്‍ നിന്ന് ദൂരെയായിരുന്നു. എന്നാല്‍ എ.ഡി. എഴാം നൂറ്റാണ്ട് മുതല്‍ ബുദ്ധമതം വിഗ്രഹാരാധനയും വിഗ്രഹപൂജയും അഭ്യസിച്ചെടുക്കുകയും പിന്നീട് അവിടെനിന്നങ്ങോട്ട് ബുദ്ധമതം ക്ഷയിക്കുകയും തുടര്‍ന്ന് നാമാവശേഷമാവുകയും ചെയ്തു. 1986ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് കേരളത്തില്‍ 233 ബുദ്ധന്മാര്‍ മാത്രമാണ് ശേഷിക്കുന്നത്. പൂര്‍വികരില്‍ പലരും ഇസ്‌ലാം സ്വീകരിക്കുകയാകുണ്ടായത്. 

2. ഇസ്‌ലാം കേരളത്തിലേക്ക്

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിന്റെ ഉദയം പല ഘട്ടങ്ങളില്‍ പല മാര്‍ഗങ്ങളിലൂടെയാണ് ചരിത്രകാര ന്മാര്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ അറബികളായ കച്ചവടക്കാര്‍ ഇന്ത്യന്‍ പശ്ചിമതീരപ്രദേശങ്ങളെയും വാണിജ്യകേന്ദ്രങ്ങളെയും സന്ദര്‍ശിച്ച കാലം മുതല്‍ വളരെ കാലം മുമ്പ്തന്നെ കേരളത്തില്‍ ഇസ്‌ലാം വെളിച്ചം വീശിയിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഅ്ബറി(റ) പറയുന്നു: ''നേര്‍മാര്‍ഗത്തിന്റെ വെളിച്ചവുമായി കേരളത്തിലേക്ക് കടന്നുവന്നവര്‍ മാലിക്ബ്‌നു ദീനാറും ശറഫുബ്‌നു മാലികും മാലികുബ്‌നു ഹബീബും മറ്റുമായിരുന്നു. ഇവര്‍ കേരളക്കരയില്‍ സത്യപ്രബോധനാര്‍ഥം പള്ളികളും സ്രാമ്പികളും പണിയുകയുണ്ടായി, ഉമര്‍(റ)വിന്റെ ഭരണകാലത്താണ് അവര്‍ കേരളത്തില്‍ വന്നെത്തിയത്.'' 

പ്രസിദ്ധ എഴുത്തുകാരനായ മസ്ഊദ് ആലം നദ്‌വി രേഖപ്പെടുത്തുന്നു: ''ഉമര്‍(റ)വിന്റെ ഭരണ കാലത്ത് കേരളത്തിലേക്ക് കടന്നുവന്ന സംഘം ആദ്യമായി ബോംബെക്കടുത്ത താനയിലും പിന്നീട് ഗുജറാത്തിലെ ഭറോജിലും സഞ്ചരിച്ചു. സ്വഹാബികളുടെ കാലത്ത് അവരില്‍ ചിലര്‍ ഇന്ത്യയില്‍ എത്തി എന്നതില്‍ സംശയമില്ല.''  

ഉപരി സൂചിത ഉദ്ധരണികളെല്ലാം ചില ചൂണ്ടുപലകകളാണ്. എല്ലാം തന്നെ ഇസ്‌ലാം എന്ന ഋജുമാര്‍ഗത്തെ വളരെ കാലം മുമ്പു തന്നെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ മറ്റു മേഖലകളെ പിന്നിലാക്കി സ്വീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കുന്നു, വിശിഷ്യാ കേരളക്കരയില്‍. പണ്ട് മുതലേ അറബികളും കേരളവും തമ്മിലുള്ള ബന്ധവും അറബികളുടെ ആഗമനവും ഇസ്‌ലാം കേരളനാട്ടില്‍ വളരെ പണ്ടുതന്നെ വേരു പിടിച്ചിട്ടുണ്ടെന്നത് ശരിവെക്കുന്നു. കൂടാതെ പൗരാണിക പള്ളികളിലെ കൊത്തുവേല ചെയ്യപ്പെട്ട ശിലകളില്‍ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് അവയുടെ നിര്‍മാണം ഉമര്‍(റ)വിന്റെ കാലത്താണെന്നാണ് മനസ്സിലാക്കിത്തരുന്നത്. 

3. അറബികളും അറബിഭാഷയും കേരളത്തില്‍

മുസ്‌ലിംകളായ അറബികളിലൂടെ ഇസ്‌ലാം അന്യദേശങ്ങളിലേക്ക് പ്രവേശിച്ചതോടെ ആ നാടുകളില്‍ അറബിഭാഷയും പ്രചരിച്ചു. അന്നുമുതല്‍ ഇന്നുവരെ അന്നാടുകളില്‍ അറബിഭാഷ ആ നാട്ടുകാരുടെ മുഴുശ്രദ്ധ പിടിച്ചു പറ്റുകയും എടുത്തുപറയത്തക്ക സ്ഥാനം നേടുകയും ചെയ്തു. ഇന്ത്യയില്‍ സൈനിക ജേതാക്കളിലൂടെയുള്ള ഇസ്‌ലാമിന്റെ ആഗമനം ഹിജ്‌റയുടെ 91ാം വര്‍ഷമാണ് ഉണ്ടായത്. ഉമവി ഭരണകാലത്ത് വടക്കേ ഇന്ത്യയില്‍ മുഹമ്മദ്ബ്‌നു ക്വാസിമുസ്സക്വഫിയിലൂടെയായിരുന്നു പ്രസ്തുത ആഗമനം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രബോധനവും രാഷ്ട്രവും സിന്ധ് പ്രവിശ്യയില്‍ പരിമിതമായിരുന്നു. പിന്നീട് ഇന്ത്യയില്‍ വൈദേശിക സൈനികമുന്നേറ്റങ്ങള്‍ നില്‍ക്കുകയും ഹിജ്‌റ 392ല്‍ മഹ്മൂദ് ഗസ്‌നവി തന്റെ ആദ്യാക്രമണം ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ നടത്തുകയും പിന്നീടത് തുടരുകയും ചെയ്തു. അങ്ങനെ ഇസ്‌ലാമികഭരണം ഇന്ത്യയുടെ വടക്കും തെക്കുപടിഞ്ഞാറന്‍ നാടുകളിലും വ്യാപിച്ചു. വൈദേശികരായ തൈമൂരികള്‍, മുഗളര്‍, അടിമവംശ സ്ഥാപകര്‍ എന്നിവരിലൂടെ പിന്നീട് വിജയങ്ങള്‍ വ്യാപകമാവുകയാകുണ്ടായത്. 

എന്നാല്‍-നാം മുമ്പ് സൂചിപ്പിച്ചത്‌പോലെ-ഇന്ത്യയുടെ തെക്കന്‍ തീരപ്രദേശങ്ങള്‍ പണ്ട് കാലം മുതലെ പൗരാണിക അറബികളുമായും അവിടേക്ക് കടന്നുവരുന്ന അറേബ്യന്‍ വൈദേശികരുമായും ബന്ധം പുലര്‍ത്തിയിരുന്നു. 

ചരിത്രകാരന്മാര്‍ പറയുന്നു: ''സുലൈമാന്‍ നബി(അ)യുടെ കാലത്തിന് വളരെ മുമ്പ്തന്നെ (ബി.സി. 1000ത്തില്‍) അറബികള്‍ കടല്‍മാര്‍ഗം പേര്‍ഷ്യന്‍ തീരപ്രദേശങ്ങളില്‍ നിന്നും ഒമാനില്‍നിന്നും കേരളത്തിലേക്ക് വന്നെത്തിയിട്ടുണ്ട്. ഈ വൈദേശികര്‍ നബിﷺ നിയോഗിതനാവുമ്പോള്‍ സിത്ത്, ബയ്‌സരികള്‍, അഹാമിറ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു.''  

ശംസുദ്ദീന്‍ ഖാദിരി പറയുന്നു: ''(യമനിലെ) ഹദര്‍മൗത്തിന്റെ പ്രാന്തപ്രദേശമായ ദിഫാര്‍ തുറമുഖം മലബാറി ന്റെയും അറബികളുടേയും നേര്‍ക്കുനേരെയുള്ള വാണിജ്യ കേന്ദ്രമായിരുന്നു.''  

പ്രൊഫസര്‍ അഹ്മദ് ശലബി പറയുന്നു: ''കേരളത്തിന്റെ ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും ഉത്പാദിപ്പിക്കുന്ന ഇഞ്ചി, കുരുമുളക്, ഏലം എന്നിവ ഇസ്‌ലാമികാഗമനത്തിന് മുമ്പ് തന്നെ അറേബ്യന്‍ ചന്തകളില്‍ കാണപ്പെട്ടിരുന്നു.'' 

ലോകസഞ്ചാരി ഇബ്‌നു ബത്തൂത്ത തന്റെ സഞ്ചാരക്കുറിപ്പില്‍ താന്‍ കേരളത്തില്‍ തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടതായ അറേബ്യന്‍ അടയാളങ്ങളെയും ഗോത്രങ്ങളെയും ഇസ്‌ലാമിക പൈതൃകങ്ങളെയും സാത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം തന്നെ അറബികളായ പണ്ഡിതരെയും അധ്യാപകരെയും ജഡ്ജിമാരെയും കണ്ടതും അറബി അധ്യായനത്തിനും അറബി ഗ്രന്ഥരചനക്കുമുള്ള പ്രാധാന്യം അവിടെ കണ്ടതും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 

കൂടാതെ കേരളവുമായി വിവിധ ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന അറേബ്യന്‍ കുടുംബങ്ങള്‍ കേരള ത്തില്‍ താമസമുറപ്പിച്ചിട്ടുണ്ട്. ഈ കുടിയേറ്റം ഇസ്‌ലാമിക-കേരള സംസ്‌കാരങ്ങളുടെ സങ്കരണത്തിനും അറബി ഭാഷക്ക് മുഴുകേരളത്തിലും എടുത്തു പറയത്തക്ക രീതിയിലുള്ള ഉയര്‍ച്ചക്കും പ്രചരണത്തിനും കാരണവുമായിട്ടുണ്ട്. 

4. ക്വുര്‍ആന്‍ പഠന ഉപാധികള്‍, വിവര്‍ത്തനത്തിന്റെ പരിണാമഘട്ടങ്ങള്‍ 

ഡോ. ജോസഫ് താന്‍ അറബിഭാഷയില്‍ ആകൃഷ്ടനായതിനെ കുറിച്ചും കേരളത്തില്‍ അതിന്റെ വ്യാപനത്തെ കുറിച്ചും പറയുന്നു: ''മലയാളത്തില്‍ ഒരു ക്വുര്‍ആന്‍ പരിഭാഷയും ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്‌ലിംകള്‍ ഒരു അനിവാര്യത എന്നോണം അറബിഭാഷ പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണുണ്ടായത്.'' 

പണ്ട് മുതലേ അറബികളുടെയും കേരളീയരുടെയും ഇടയിലുള്ള സുദൃഢവും ദൂരവ്യാപകവുമായിട്ടുള്ള ബന്ധം അറബിഭാഷ പഠിക്കുന്നതിന്നും വിശുദ്ധ ക്വുര്‍ആന്‍ മനസ്സിലാക്കുന്നതിന്നും ഇസ്‌ലാമികാധ്യാപനങ്ങള്‍ നിര്‍വഹിക്കുന്നതിന്നും വിശുദ്ധ ക്വുര്‍ആനിലെ സാങ്കേതിക പദങ്ങള്‍ മനസ്സിലാക്കുന്നതിന്നും ഒട്ടേറെ സഹായകമായിട്ടുണ്ട്. അങ്ങനെ ക്വുര്‍ആനിക പ്രബോധനം അവര്‍ക്കിടയില്‍ പെട്ടെന്ന് പ്രചരിക്കുകയും പണ്ഡിതന്മാരും ഗ്രന്ഥരചയിതാക്കളും കര്‍മശാസ്ത്രജ്ഞരും ഗദ്യ-പദ്യ ഭാഷാ പടുക്കളും അവരില്‍ നിന്ന് ഉടലെടുക്കുകയും ചെയ്തു. 

ഈ കാലഘട്ടത്തില്‍ ക്വുര്‍ആന്‍ പഠിക്കാനും ഉള്‍കൊള്ളാനുമുണ്ടായിരുന്ന പ്രധാന മാര്‍ഗങ്ങള്‍:

ഓത്തുപള്ളികള്‍

അധ്യാപകരിലൂടെയും വഅദ് പറയുന്നവരിലൂടെയും പ്രാസംഗികരിലൂടെയും ക്വുര്‍ആന്‍ പഠിക്കുകയും ആശയം ഗ്രഹിക്കുകയും ചെയ്യുന്നതിന് പുറമെ ഓത്തുപള്ളികളായിരുന്നു പഠനത്തിനുള്ള പൗരാണിക മാര്‍ഗം. നൂറ്റാണ്ടുകള്‍ ഏറെ മലബാര്‍ മുഴുവനും ക്വുര്‍ആന്‍ പഠിക്കാനുള്ള പഠനമുറ ഓത്തുപള്ളികളായിരുന്നു. എത്രത്തോളമെന്നാല്‍ ഒരിക്കലും കയ്യൊഴിക്കാനും മാറ്റംവരുത്തുവാനും കഴിയാത്തവിധം സ്ഥിരപ്പെട്ട രീതിയായി മാറി ഓത്തുപള്ളികള്‍. 

ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, ഹിജാസ്, യമന്‍, ഈജിപ്ത് എന്നിവിടങ്ങളിലും ക്വുര്‍ആന്‍ പഠിപ്പിക്കാന്‍ ഇതേ മാര്‍ഗമായിരുന്നു പിന്തുടര്‍ന്നിരുന്നത് എന്നതാണ്. അവിടങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് ഈ രീതി കേരളത്തില്‍ കൊണ്ടുവന്നത്. 

ഓത്തുപള്ളികളില്‍ നിന്ന് മദ്‌റസകളിലേക്ക്

നൂറ്റാണ്ടുകളായി ക്വുര്‍ആന്‍ പഠനത്തിന്റെ കോട്ടകളായി നിലകൊണ്ട ഓത്തുപള്ളികള്‍ മദ്‌റസകളായി വളര്‍ന്നു പരിണമിച്ചു. ആദ്യമായി ഒരു സ്വതന്ത്ര മദ്‌റസ സ്ഥാപിക്കുന്നതിനുള്ള ശ്രമമുണ്ടായത് എ.ഡി. 1871ല്‍ ആയിരുന്നു. പ്രസ്തുത മാറ്റം മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ എന്നിവരുടെ കയ്യാലായിരുന്നു. എന്നിരുന്നാലും പഠന രീതി ഓത്തുപള്ളികളുടേതിന് സാദൃശ്യമുള്ളതായിരുന്നു. 

അറബിക് കോളേജുകള്‍ 

1908ല്‍ ശ്രദ്ധേയമായ മറ്റൊരു മാറ്റമുണ്ടായി. ആധുനിക മദ്‌റസാവിപ്ലവത്തിന്റെ പ്രാരംഭമായി  ഗണിക്കപ്പെടുന്ന, ആധുനിക രീതിയിലുള്ള മദ്‌റസാ പഠനക്രമം സ്ഥാപിച്ചു എന്നതാണത്. ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയായിരുന്നു അതിന്റെ സ്ഥാപകന്‍. അങ്ങനെ ഈ പാഠശാലയുടെ നേതൃത്വം അദ്ദേഹം വഹിക്കുകയും ദാറുല്‍ ഉലൂം അറബി കോളേജ് എന്ന് അതിന് പേര് നല്‍കുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആന്‍, തഫ്‌സീര്‍, പ്രാദേശിക ഭാഷയിലേക്കുള്ള ആശയവിവര്‍ത്തനം എന്നിവയെല്ലാം അദ്ദേഹം തുടക്കം മുതലേ ഗൗരവപൂര്‍വം കണക്കിലെടുത്ത വിഷയങ്ങളില്‍ പെട്ടവയായിരുന്നു. അങ്ങനെ അദ്ദേഹം ആദ്യമായി കേരളത്തിന്റെ ഇസ്‌ലാമിക അധ്യായന ചരിത്രത്തില്‍ പരീക്ഷാസമ്പ്രദായം ഏര്‍പെടുത്തി. (അവസാനിച്ചില്ല)