വേണം നമുക്കൊരു ജലസംസ്‌കാരം

സി.ടി. അഹ്മദ് കബീര്‍ സലഫി

2018 മാര്‍ച്ച് 31 1439 റജബ് 13
വേനല്‍ കഠിനമാവുകയാണ്. കിണറുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി. കുടിനീരിനായി കുടമേന്തിയ മനുഷ്യരും ദാഹമകറ്റാന്‍ ദിക്കുതാണ്ടുന്ന മറ്റു ജീവജാലങ്ങളും നിത്യക്കാഴ്ചയിലേക്ക് കടന്നുവരികയായി. ഭൂമിയില്‍ ആകെയുള്ള ജലനിരപ്പ് അഞ്ചു ശതമാനം താഴോട്ടു പോയിരിക്കുന്നു എന്ന പാരിസ്ഥിതിക വാര്‍ത്ത ഉത്കണ്ഠയുടെ പ്രതലത്തിലേക്കു നയിക്കാന്‍ നമുക്ക് പ്രേരകമാകണം. നിലവിലുള്ള ജല സ്രോതസ്സുകളെ സംരക്ഷിക്കുന്നതിലും സൂക്ഷ്മ ചിത്തതയോടെയുള്ള ജല വിനിയോഗത്തെ സഗൗരവം നടപ്പാക്കുന്നതിനും ഉപയുക്തമായ 'ജല സംസ്‌കാരം' നാം ശീലമാക്കേണ്ടിയിരിക്കുന്നു.

'ലോക ജല ദിന'മായ മാര്‍ച്ച് 22ന്റെ വാതില്‍പടിയില്‍ ഇരുന്നുകൊണ്ട് ഈ വരികള്‍ കുറിക്കുമ്പോള്‍, താപ തീക്ഷ്ണതയില്‍ വെന്തുരുകുന്ന ദക്ഷിണാഫ്രിക്കയുടെ തീരദേശ പട്ടണമായ കേപ് ടൗണില്‍ കരിഞ്ഞുണങ്ങിയ പച്ചപ്പിനു മീതെ ചത്തൊടുങ്ങിക്കൊണ്ടിരിക്കന്ന പക്ഷി മൃഗാദികളുടെയും ആഗതമായ ജലശൂന്യതയെ നേരിടാന്‍ നെട്ടോട്ടമോടുന്ന ജനക്കൂട്ടങ്ങളുടെയും ഭീതിതമായ ചിത്രങ്ങളും വാര്‍ത്തകളുമാണ് മാധ്യമ ലോകം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

വേനല്‍ കഠിനമാവുകയാണ്. കിണറുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി. കുടിനീരിനായി കുടമേന്തിയ മനുഷ്യരും ദാഹമകറ്റാന്‍ ദിക്കുതാണ്ടുന്ന മറ്റനേകം ജീവ ജാലങ്ങളും നിത്യക്കാഴ്ചയിലേക്ക് കടന്നുവരികയായി.

കേരളത്തിലെ ഭൂഗര്‍ഭ ജലവിതാനം ഒന്നര മീറ്ററിലധികം താഴ്ന്നു പോയിരിക്കുന്നു എന്നത് ഒരു ശാസ്ത്ര വിജ്ഞാനമായി വരിക്കുന്നതിനപ്പുറം, വസിക്കുന്ന ഭൂമിയുടെയും ഭൂവാസികളുടെയും ഭാവിയോടുള്ള ഭീതിതമായ ഒരു ചോദ്യചിഹ്നമാണ് നമുക്ക് നേരെയുണര്‍ത്തുന്നത്. ഭൂമിയില്‍ ആകെയുള്ള ജലനിരപ്പ് അതിന്റെ അഞ്ചു ശതമാനം താഴോട്ടു പോയിരിക്കുന്നു എന്ന പാരിസ്ഥിതിക വാര്‍ത്ത ഇന്നലകളുടേതല്ല. ലഭ്യമായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിവരങ്ങളും പ്രകൃതിയുടെ അപായസൂചനകളും ഗുണപരമായ ഒരു ഉത്കണ്ഠയുടെ പ്രതലത്തിലേക്കു നയിക്കാന്‍ നമുക്ക് പ്രേരകങ്ങളാകണം.

നിലവിലുള്ള ജല സ്രോതസ്സുകളെ സംരക്ഷിക്കുന്നതിലും സൂക്ഷ്മ ചിത്തതയോടെയുള്ള ജല വിനിയോഗത്തെ സഗൗരവം നടപ്പാക്കുന്നതിനും ഉപയുക്തമായ ഒരു 'ജല സംസ്‌കാരം' നാം ശീലമാക്കേണ്ടതുണ്ട്. അതിന്റെ സാന്ദര്‍ഭികവും കാലികവുമായ അനിവാര്യതയിലേക്കുള്ള, ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂന്നിയ ഒരു ഹ്രസ്വ സഞ്ചാരം വിശ്വാസ ജീവിതത്തില്‍ അവബോധമുണര്‍ത്തുമെന്ന് പ്രത്യാശിക്കുകയാണ്.

''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെ നിങ്ങള്‍ കണ്ടിട്ടില്ലേ? മഴമേഘത്തില്‍ നിന്നുമത് ഇറക്കിയത് നിങ്ങളാണോ അതോ നാമാണോ?'' (ക്വുര്‍ആന്‍ 56:68,69).

''നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ട്‌വന്നു തരിക?''(ക്വുര്‍ആന്‍ 67:30). 

അഗണ്യകോടി ജീവജാലങ്ങളിലെ ജീവത്തുടിപ്പിനു നിതാനമായി ജലത്തെ ക്രമീകരിച്ച (ക്വുര്‍ആന്‍. 21:30) സ്രഷ്ടാവ്, ബുദ്ധിശാലിയായ മനുഷ്യന്റെ ധിഷണയെ ആഴത്തില്‍ സ്പര്‍ശിക്കുകയാണ് ഉപര്യുക്ത വചനങ്ങളിലൂടെ.

ഘനീഭവിച്ച നീരാവിയെ ഭൂമിയിലെ അനുഗ്രഹ സമ്പൂര്‍ണമായ ജീവജലമാക്കി, അതിലെ മണ്ണുനനച്ച് മേല്‍പരപ്പില്‍ മരതകപ്പട്ടു വിരിച്ച്, ആറുകളെയും അരുവികളയും തടാകങ്ങളെയും നിര്‍വൃതിയുടെ നീര്‍നിരകളാക്കി വിന്യസിച്ചവനാണ് സര്‍വശക്തനായ അല്ലാഹു. ലഭ്യമായ അറിവിന്റെയടിസ്ഥാനത്തില്‍, അഗണ്യ കോടി നക്ഷത്രജാലങ്ങളില്‍ നിന്നും അസംഖ്യം ഗ്രഹ സഞ്ചയങ്ങളില്‍ നിന്നും ഭൂമിയെ വ്യതിരിക്തമാക്കുന്ന ജല സാന്നിധ്യത്തെ അദ്വീതീയമായ അനുഗ്രഹമായി അടുത്തറിയുന്നവനാണ് ഇസ്‌ലാം മത വിശ്വാസി; അവന്റെ മതം അവനെ കൊണ്ടുപോകുന്നത് അത്തരം തിരിച്ചറിവുകളിലേക്കാണ്. ഭൂമിയുടെയും അതിലെ ജീവ ചക്ര സമ്പൂര്‍ണതയുടെയും അവിഭാജ്യഘടമായി അല്ലാഹു വിതാനിച്ചതാണ് വെള്ളം.

അടിസ്ഥാനപരമായി മനുഷ്യന്റെ ശാരീരികാവശ്യത്തില്‍ മാത്രം പരിമിതമല്ലാത്ത ജലോപയോഗം, മനുഷ്യേതര ജീവജാലങ്ങളുടെ ഉപയോഗത്തിനുമപ്പുറം കാര്‍ഷികവും വാണിജ്യപരവും വ്യാവസായികവുമായ മേഖലകളെ ക്രിയാത്മകമാക്കുന്നു. ഇതര ജീവികളില്‍ നിന്നും മനുഷ്യനെ വ്യതിരിക്തനാക്കുന്ന സാംസ്‌കാരികാവബോധത്തിന്റെ ഉല്‍പന്നമായ വൃത്തിയുടേയും ശുദ്ധിയുടെയും സുപ്രധാന മാധ്യമവുമാണത്.

 

വൃത്തിയും ശുദ്ധീകരണവും

പ്രകൃതിമതമായ ഇസ്‌ലാം ആത്മ വിശുദ്ധിയിലൂടെ മനസ്സിനെ സ്ഫുടം ചെയ്യുവാന്‍ മാത്രമല്ല, ശരീരെത്തയും ശുദ്ധീകരിക്കുവാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കുളിയും അംഗശുദ്ധിയും ആരാധനാ സ്വീകരണത്തിന്റെ അനിവാര്യതയായി പഠിപ്പിക്കുന്ന ഇസ്‌ലാം ജലോപയോഗത്തിലെ സൂക്ഷ്മതക്ക് സുപ്രധാന സ്ഥാനം നല്‍കുകയും ചെയ്യുന്നു.

 

വിശ്വാസവും ജല സംരക്ഷണവും

വെള്ളം അതിമഹത്തായ അനുഗ്രഹമായി അല്ലാഹു നല്‍കിയതാണ്.

പാനത്തിനും പാചകത്തിനും ശുദ്ധീകരണത്തിനുമായി അതുപയോഗിക്കുമ്പോഴെല്ലാം മിതോപഭോഗത്തിന്റെ അതിര്‍ത്തി ഭേദിക്കാതിരിക്കാന്‍ ഒരു മുസ്‌ലിം ബാധ്യസ്ഥനാണ്. വിശുദ്ധ ക്വുര്‍ആനും തിരുനബിചര്യയും ഈ വിഷയത്തെ ഇപ്രകാരമാണ് അവനെ ബോധ്യപ്പെടുത്തുന്നത്.

പ്രസിദ്ധ സ്വഹാബി വര്യന്‍ അനസ്ബ്‌നു മാലിക്(റ) പറയുന്നു: ''നബി ﷺ  ഒരു മുദ്ദ്(രണ്ട് കൈപത്തികള്‍ ചേര്‍ത്തുള്ള അളവ്)വെള്ളം കൊണ്ട് വുദൂഅ് ചെയ്യുകയും ഒരു സ്വാഅ് (നാല് മുദ്ദ്/മൂന്ന് ലിറ്റര്‍) അല്ലെങ്കില്‍ അഞ്ച് മുദ്ദുകള്‍ കൊണ്ട് കുളിക്കുകയും ചെയ്യുമായിരുന്നു'' (ബുഖാരി, മുസ്‌ലിം).

ജാബിര്‍(റ), നബി ﷺ യുടെ പ്രസ്തുത കുളിയെ പരാമര്‍ശിക്കുന്ന വേളയില്‍ ''എനിക്ക് അത് മതിയാവുകയില്ല'' എന്ന് പറഞ്ഞ ഒരു വ്യക്തിയോട്, താങ്കള്‍ക്കുള്ളതിലും കൂടുതല്‍ മുടി തിങ്ങിയവനും താങ്കളെക്കാളും ഉത്തമനുമായ ആള്‍(നബി)ക്ക് അതുമതിയാകുമായിരുന്നു''(ബുഖാരി) എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്.

തന്റെ അതിരറ്റ അനുഗ്രഹങ്ങളെ പരാമര്‍ശിക്കുമ്പോള്‍ സുപ്രധാന പരിഗണനയാണ് ജലത്തിന് അല്ലാഹു നല്‍കുന്നതെന്ന് വിശുദ്ധ ക്വുര്‍ആനിലെ ചില വചനങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. 

''ഇനി നിങ്ങള്‍ കുടിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത് അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് ദുഃസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തെതെന്താണ്''(56:68-70). 

 

മിതോപയോഗമാണ് പ്രവാചകചര്യ

ഉപര്യുക്ത വിഷയം വിശദീകരിക്കവെ ആധുനിക പണ്ഡിതനായ ശൈഖ് ഷന്‍ക്വീത്വി പറയുന്നു: ''നബിചര്യ അനുധാവനം ചെയ്യുന്നതിലുള്ള ശ്രേഷ്ഠത, (കുളിക്കാനുള്ള വെള്ളം) ആ ഒരു സ്വാഇല്‍ ഒതുങ്ങിനില്‍ക്കുന്നു എങ്കിലും അത്യാവശ്യമെങ്കില്‍ ഒരു സ്വാഇല്‍ കൂടുതലാവുന്നതില്‍ വിരോധമില്ല; അമിതോപയോഗത്തെ സൂക്ഷിക്കണമെന്നു മാത്രം.''

 

അപകടകരമായ അമിതോപയോഗം

വുദൂഇനും കുളിക്കും മറ്റു ശുദ്ധീകരണങ്ങള്‍ക്കും വേണ്ടിയുള്ള കണക്കറ്റ ജലോപയോഗം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരള ജനതയെ വ്യതിരിക്തരാക്കുന്നു. ഉപര്യുക്ത ഹദീഥിലെ പരാമര്‍ശിതമായ ''ഒരു മുദ്ദ്'' കൊണ്ടുള്ള വുദൂഉം ''ഒരു സാഅ്'' കൊണ്ടുള്ള കുളിയും ഹദീഥ് ഗ്രന്ഥങ്ങളില്‍ വരണ്ടുണങ്ങിക്കിടക്കുകയാണ്. ഈ മേഖലയിലെ പരിവര്‍ത്തനം വ്യക്തി തലത്തില്‍ നിന്ന് ആരംഭിക്കേണ്ടതുണ്ട്. ഇസ്‌ലാമിക കര്‍മങ്ങളില്‍ വുദൂഇലും കുളിയിലുമുള്ള പ്രാധാന്യത്തിന്റെ ഏതാനും ഭാഗം മിതമായ ജലോപയോഗത്തിനുമുണ്ടെന്നത് എല്ലാ മുസ്‌ലിംകളും ഒരേ പോലെ ഉള്‍ക്കൊള്ളേണ്ട വസ്തുതയാണ്. 

കിണറുകളില്‍ നിന്ന് ഹൗദുകളി(കൊട്ടത്തളങ്ങള്‍)ലേക്കും പിന്നീട് പൈപ്പുകളിലേക്കും മാറിയ ആധുനിക സൗകര്യങ്ങള്‍ അനിയന്ത്രിതമായ ഉപയോഗത്തിന് അവസരമൊരുക്കുകയായിരുന്നു. നമ്മുടെ പള്ളികളിലും ഹോസ്റ്റലുകളിലും മറ്റു പൊതുസ്ഥാപനങ്ങളിലുമിന്ന് ജല നിയന്ത്രണത്തിന് കാര്യക്ഷമതയില്ല എന്നുതന്നെ പറയാവുന്നതാണ്. ''ജലം അമൂല്യമാണ് പാഴാക്കരുത്'' എന്ന ബോര്‍ഡിനെപ്പോലെ പരിഹാസ്യമായി മറ്റൊന്ന് കാണുമോ എന്ന് പോലും സംശയമാണ്. 

വകതിരിവില്ലാത്ത കുട്ടികള്‍ പോലും യഥേഷ്ടം ടാപ്പ് തിരിച്ചുവിട്ടൊഴുക്കി കാലും കയ്യും മുഖവും കഴുകി വുദൂഅ് ചെയ്യുന്നതിന് നാം ദൃക്‌സാക്ഷികളാകാറില്ലേ? കുടുംബാംഗങ്ങളും പരിചിതരും നാലും അഞ്ചും അതിലധികവും ബക്കറ്റ് വെള്ളമുപയോഗിച്ച് കുളിക്കുന്ന വിവരം നേരിലറിയുന്നവരല്ലേ നമ്മളിലധികപേരും? ഒരുവേള നമ്മള്‍തന്നെയും ആ ഗണത്തില്‍ പെടുന്നവരല്ലേ? ''അതെ'' എന്നാണ് ഉത്തരമെങ്കില്‍ മാറ്റത്തിന്റെ തുടക്കം നമ്മില്‍ നിന്നും നമ്മുടെ കുടുംബത്തില്‍ നിന്നുമാവട്ടെ.

അബ്ദുല്ലാഹിബ്‌നു അംറ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ ''വുദൂഅ് ചെയ്തുകൊണ്ടിരിക്കുന്ന സഅദ്ബ്‌നു അബീവക്വാസ്വിന്ന് അരികിലൂടെ കടന്നു പോകവെ, 'എന്താണ് ഇങ്ങനെ (വെള്ളം) അമിതോപയോഗം ചെയ്യുന്നത്?' എന്ന് നബി ﷺ  ചോദിക്കുകയുണ്ടായി. 'വുദൂഇലും അമിതത്വമുണ്ടോ?' എന്ന സഅദിന്റെ ചോദ്യത്തിന് 'അതെ, താങ്കള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിക്കു മീതെയാണെങ്കിലും' (ഇബ്‌നുമാജ) എന്നാണ് അവിടുന്ന് പ്രതിവചിച്ചത്.

'ശുദ്ധീകരണത്തിലും പ്രാര്‍ഥനയിലും അതിരുകവിയുന്ന ഒരു ജനത എന്റെ സമുദായത്തിലുണ്ടാകുന്നതായിരിക്കു'മെന്ന് (അബൂദാവൂദ്) നബി ﷺ  ഉണര്‍ത്തുന്നതായി അബ്ദുല്ലാഹിബ്ന്‍ മുഗഫ്ഫല്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ കാണാം. അനാവശ്യമായി വെള്ളമുപയോഗിക്കുന്നതില്‍ അതീവ ഗൗരവതരമായി ചിലതുണ്ട്:

 

1. നബി ﷺ യുടെ ചര്യയ്ക്ക് എതിരാവുന്നു.

2. അതിമഹത്തായ ഒരു ദൈവാനുഗ്രഹമായ വെള്ളത്തെ നിസ്സാരമായി ഒഴുക്കിക്കളയുന്നു.

3. മനസ്സില്‍ 'വസ്‌വാസ്' വച്ചുപുലര്‍ത്തല്‍: ഇത്തരക്കാര്‍ തങ്ങളുടെ വുദൂഉം കുളിയും അപൂര്‍ണമാണെന്ന് ശങ്കിച്ചുകൊണ്ടിരിക്കുകയും അതുവഴി അളവറ്റ വെള്ളം ഉപയോഗിച്ചു തീര്‍ക്കാന്‍ അത് ഹേതുവായിമാറുകയും ചെയ്യുന്നു.

മതാധ്യാപനങ്ങളുടെ പ്രഥമ കേന്ദ്രം മദ്‌റസകളായതിനാല്‍ മിതമായി വെള്ളമുപയോഗിച്ചുള്ള അംഗശുദ്ധി എപ്രകാരമാണെന്ന പ്രായോഗിക ജ്ഞാനം അധ്യാപക സന്നിധിയില്‍ നിന്ന് നേരിട്ടു പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സുസാധ്യമാകണം. പ്രസ്തുത വിഷയത്തെ പ്രതിനിധീകരിക്കുന്ന ഹദീഥുകളും പണ്ഡിത ചര്‍ച്ചകളും വിവരിച്ചു നല്‍കുകയും വേണം.

ഉപര്യുക്ത വിഷയത്തിന്റെ വിജയത്തിന് ഉത്‌ബോധനങ്ങളും ഉപദേശങ്ങളും അനിവാര്യമാണ്. മത മേഖലയില്‍ വെള്ളിയാഴ്ച പ്രസംഗങ്ങളും പൊതുപ്രഭാഷണങ്ങളും ഈ ബാധ്യത നിര്‍വഹിക്കുമ്പോള്‍ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജലോപയോഗത്തിലെ മിതത്വം സജീവ ചര്‍ച്ചയായി പരിഗണിക്കപ്പെടുകയും വിദ്യാര്‍ഥികളെയും പുതു തലമുറയെയും അത് പരിശീലിപ്പിക്കുകയുമാവണം. രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഉത്തരവാദിത്തമുള്ളവര്‍ ഭരണതലങ്ങളില്‍ നിന്നുണ്ടാകേണ്ട പരിഗണനയിലേക്ക് ആവുന്നത് ചെയ്യുകയും വേണം. 

ജലദുര്‍വ്യയത്തെ വിശ്വാസത്തിന്ന് വിരുദ്ധമായി ഗണിക്കുന്ന ഇസ്‌ലാം മത വിശ്വാസികളുടെ പ്രയത്‌നവും പ്രോത്സാഹനവും കൊണ്ട് പ്രചോദിതരായി ഇസ്‌ലാമികേതര സമൂഹങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ദര്‍ശിക്കേണ്ടതുണ്ട്. വരള്‍ച്ചയും ജലദൗര്‍ലഭ്യവും സമീപസ്ഥമായ അപകടങ്ങളായി ഭൂനിവാസികളെ കാത്തിരിക്കുന്നുവെന്ന ഭീതിജനകമായ വെളിപാടുകളാണ് ലഭ്യമായ കാലാവസ്ഥാ വിവരങ്ങള്‍ നമ്മെ തെര്യപ്പെടുത്തുന്നത്. 

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പാരിസ്ഥിതിക സുസ്ഥിതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും കരുത്തുപകരാന്‍ മുസ്‌ലിംകള്‍ മുന്നിലുണ്ടാകണം. ''പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്'' എന്ന ക്വുര്‍ആന്‍ വചനം (5:2) ഇവിടെ പ്രത്യേകം സ്മര്‍ത്തവ്യമാണ്.