മുജാഹിദ് പ്രസ്ഥാനവും സംഘടനാ തത്ത്വങ്ങളും

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24
കേരളീയ മുസ്‌ലിം സമൂഹത്തിന് വിശ്വാസപരവും കര്‍മപരവും വിദ്യാഭ്യാസപരവുമായ ദിശാബോധം നല്‍കുന്നതില്‍ മാത്രമല്ല സാമൂഹികബോധം പകര്‍ന്നു നല്‍കുന്നതിലും സാമുദായിക കെട്ടുറപ്പിനെ കുറിച്ചുള്ള ചിന്തകള്‍ വളര്‍ത്തുന്നതിലും ഇസ്വ്‌ലാഹി പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. സമുദായത്തിന് ഗുണപരമായ വളര്‍ച്ചയും പുരോഗതിയും ഉണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ് ഇസ്വ്‌ലാഹി ആശയം കേരളത്തില്‍ ഉദിച്ചുവന്നത്. എന്നാല്‍ പ്രസ്തുത ആശയക്കൂട്ടായ്മയുടെ സംഘടനാബോധം നഷ്ടപ്പെടുന്നുവെന്ന ആശങ്ക കേരളീയ സമൂഹത്തില്‍ വ്യാപകമായിട്ടുണ്ട്. യഥാര്‍ഥ മുജാഹിദുകള്‍ ശരിയായ സംഘടനാബോധത്തിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും പൂര്‍വകാല നേതാക്കള്‍ വളര്‍ത്തിയെടുത്ത സംഘടനാ തത്ത്വങ്ങളിലേക്ക് മടങ്ങിയെങ്കില്‍ മാത്രമേ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രസക്തി വീണ്ടെടുക്കാന്‍ സാധിക്കൂ.

കേരളീയ മുസ്‌ലിം സമൂഹത്തിന് വിശ്വാസപരവും കര്‍മപരവും വിദ്യാഭ്യാസപരവുമായ ദിശാബോധം നല്‍കുന്നതില്‍ മാത്രമല്ല സാമൂഹിക ബോധം പകര്‍ന്നു നല്‍കുന്നതിലും ഒരു ഉമ്മത്ത് (സമുദായം) എന്ന നിലയ്ക്കുള്ള കെട്ടുറപ്പിനെ കുറിച്ചുള്ള ചിന്തകള്‍ വളര്‍ത്തുന്നതിലും ഇസ്വ്‌ലാഹി പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. സമുദായത്തിന് ഗുണപരമായ വളര്‍ച്ചയും പുരോഗതിയും ഉണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ് ഇസ്വ്‌ലാഹി ആശയം കേരളത്തില്‍ ഉദിച്ചുവന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യാഥാസ്ഥിതിക ചിന്തകളും സ്വാധീനിച്ചിരുന്ന മുസ്‌ലിം കൈരളിയെ ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളില്‍ നിന്നുള്ള അപഥസഞ്ചാരത്തില്‍ നിന്നും പ്രമാണങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനു വേണ്ടിയുള്ള പരിഷ്‌കരണ ശ്രമങ്ങള്‍ (ഇസ്വ്‌ലാഹ്) ഏതാനും ഒറ്റപ്പെട്ട ചില വ്യക്തികളില്‍ നിന്നുമാണ് ആരംഭിച്ചത്. വളരെ പെട്ടെന്ന് ഒരു സംഘടന രൂപവല്‍ക്കരിച്ചല്ല ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1800കളുടെ മധ്യം തൊട്ടു തുടങ്ങിയ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പരിഷ്‌കര്‍ത്താക്കള്‍ ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കൊരു സംഘടിത രൂപമുണ്ടാവുമെന്നോ ഒരു സംഘടനയായി രൂപാന്തരം പ്രാപിക്കുമെന്നോ നിനച്ചുകാണില്ല. സയ്യദ് സനാഉല്ല മക്തി തങ്ങള്‍, ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍, വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവി, കെ. എം. മൗലവി തുടങ്ങിയ സമുദായ പരിഷ്‌കര്‍ത്താക്കള്‍ക്ക് മുസ്‌ലിം സമുദായത്തിന്റെ ആദര്‍ശപരവും ഭൗതികവുമായ നവോത്ഥാനമായിരുന്നു ലക്ഷ്യം.

പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി സമുദായം പരമ്പരാഗതമായി ശീലിച്ചുവന്ന സമ്പ്രദായങ്ങളെ ഗുണകാംക്ഷയോടെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ സമുദായമക്കളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എതിര്‍പ്പുകളെ അഭിമുഖീകരിക്കുമ്പോഴും സമുദായത്തില്‍ നിന്നും അകന്നുനിന്ന് മറ്റൊരു ശ്രേണിയിലേക്ക് മാറി സമുദായത്തെ ശത്രുപക്ഷത്ത് അവരോധിച്ചുകൊണ്ടായിരുന്നില്ല അവരുടെ പരിഷ്‌കരണശ്രമങ്ങള്‍. 'ഇന്‍ ഉരീദു ഇല്ലല്‍ ഇസ്വ്‌ലാഹ മസ്തത്വഅ്തു വമാ തൗഫീക്വീ ഇല്ലാ ബില്ലാഹി അലൈഹി തവക്കല്‍തു വ ഇലൈഹി ഉനീബ്' (എനിക്ക് സാധ്യമായത്ര നന്മ വരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് പ്രവര്‍ത്തനവിജയം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു) എന്ന പ്രവാചകന്മാരുടെ നയം തന്നെയായിരുന്നു ഈ പരിഷ്‌കര്‍ത്താക്കളുടെയും നയം. ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമുദായം തന്നെ ഏറ്റെടുത്തതോടെ അതൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. 1920കളില്‍ വക്കം മൗലവി സ്ഥാപിച്ച 'ഇസ്‌ലാം ധര്‍മ പരിപാലന സംഘ'വും കൊടുങ്ങല്ലൂരില്‍ പിറവികൊണ്ട 'കേരള മുസ്‌ലിം ഐക്യസംഘ'വുമാണ് കേരളീയര്‍ ആദ്യമായി പരിചയിച്ച നവോത്ഥാന സംഘങ്ങള്‍. സംഘടനകള്‍ എന്ന് വിളിക്കുന്നതിനെക്കാള്‍ സംഘങ്ങള്‍ എന്ന് പറയുന്നതായിരിക്കും ഉചിതം. ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയായിരുന്നില്ല അവയൊന്നും. 1924ല്‍ രൂപം കൊണ്ട 'കേരള ജംഇയ്യത്തുല്‍ ഉലമ'യില്‍ പണ്ഡിതന്മാര്‍ മാത്രമായിരുന്നു അംഗങ്ങളായി ഉണ്ടായിരുന്നത്.

പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം പ്രചരിച്ച കേരളത്തില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ അനേകായിരം മുസ്‌ലിം മഹല്ലുകള്‍ പിറക്കുകയുണ്ടായെങ്കിലും ഇസ്‌ലാമിക മതാധ്യാപനങ്ങളുടെ പ്രചാരണത്തിന് വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മതപഠനങ്ങള്‍ കേവലം മഹല്ലുകളില്‍ ഒതുങ്ങുകയും അവ കേവലം പൗരോഹിത്യത്തിന്റെ വിഹാരകേന്ദ്രങ്ങളായി മാറുകയും ചെയ്തു. മുസ്‌ലിംകളുടെ മതകാര്യങ്ങളുടെ അടിസ്ഥാനം വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണെന്ന കാഴ്ചപ്പാട് പോലും വിസ്മൃതിയിലായിരുന്നു. 1920 വരെ മഹല്ലുകള്‍ കാര്യക്ഷമമാക്കുന്നതിനു ബഹുജന പിന്തുണയുള്ള സംഘടനാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളുടെ ഒരു സംഘടനയായി നിലനിന്നിരുന്നത് മുസ്‌ലിം ലീഗ് ആയിരുന്നെങ്കിലും 1906ല്‍ രൂപം കൊണ്ട ലീഗ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് മുപ്പത് സംവത്സരങ്ങള്‍ക്ക് ശേഷമായിരുന്നു.

ഉല്പതിഷ്ണുക്കളായ ഒട്ടനവധി നേതാക്കളുടെയും പണ്ഡിതരുടെയും ഒറ്റപ്പെട്ട ശ്രമങ്ങളുടെ ഭാഗമായി പ്രാദേശികമായി നവീകരണ സംഘങ്ങള്‍ വ്യത്യസ്ത കാലങ്ങളിലായി രൂപപ്പെട്ടിരുന്നു. 1889ല്‍ കോഴിക്കോട് 'ഹിമായത്തുല്‍ ഇസ്‌ലാം സഭ'യും 1893ല്‍ 'ഇത്തിഹാദുല്‍ ഇസ്‌ലാം സംഘ'വും പിറന്നു. 1918ല്‍ കല്ലായിയില്‍ 'അന്‍സ്വാറുല്‍ ഇസ്‌ലാം തഅലീമുല്‍ അനാം സംഘ'വും 1927ല്‍ പരപ്പില്‍ 'ഹിദായത്തുല്‍ മുസ്‌ലിമീന്‍ സംഘ'വും ഉണ്ടായി. കൊയിലാണ്ടിയിലെ 'ജംഇയ്യത്തുല്‍ മുര്‍ശിദീന്‍,' അരീക്കോട്ടെ 'ജംഇയ്യത്തുല്‍ മുജാഹിദീന്‍,' പുളിക്കലെ 'കവാകിബുന്നയ്യിറ,' എടത്തനാട്ടുകരയിലെ 'ജംഇയത്തുല്‍ മുഹക്ക്വികീന്‍,' വളവന്നൂരിലെ 'അന്‍സ്വാറുല്ല സംഘം,' തലശ്ശേരിയിലെ 'അന്‍സ്വാറുല്‍ ഇസ്‌ലാം സംഘം,' കടവത്തൂരിലെ 'നുസ്വ്‌റതുല്‍ ഇസ്‌ലാം സംഘം' തുടങ്ങിയവ 1930കള്‍ക്ക് ശേഷം കേരളത്തിലുണ്ടായ പ്രാദേശിക സംഘങ്ങളില്‍ ചിലത് മാത്രമാണ്. ഇവയുടെയെല്ലാം പിറവിക്ക് കാരണമായത് മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയായിരുന്നു. ഇവയുടെയെല്ലാം നേതാക്കളും പ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തിച്ചത് അതാത് സംഘടനകളുടെ അസ്തിത്വം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നില്ല. ഓരോ സംഘവും ലക്ഷ്യമായി കണ്ടിരുന്നത് അതാത് പ്രദേശങ്ങളിലെ മുസ്‌ലിം സമുദായാംഗങ്ങളുടെ ഭൗതികവും ആത്മീയവുമായ പുരോഗതി മാത്രമായിരുന്നു. മുമ്പേ ഗമിച്ച ആ മഹത്തുക്കളുടെ അശ്രാന്ത പരിശ്രമങ്ങളാണ് കേരളത്തിന്റെ മുക്കുമൂലകളില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പ്രഭ ചൊരിയാന്‍ കാരണമായത്.

1922ല്‍ രൂപീകൃതമായ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം 1933 വരെ മാത്രമാണ് നീണ്ടു നിന്നത്. 1924ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ പിറവിയെടുത്തെങ്കിലും 1933 വരെ ഐക്യസംഘത്തിന്റെ ഒരു ഉപദേശക സമിതി മാത്രമായിരുന്നു അത്. 1933 മുതല്‍ ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ച ശേഷമാണ് ജംഇയത്തുല്‍ ഉലമ ഒരു സംഘടനയെന്ന നിലക്ക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പ്രാദേശിക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒറ്റപ്പെട്ട പണ്ഡിതന്മാരുടെ പ്രയത്‌നങ്ങളും ജംഇയ്യത്തുല്‍ ഉലമയുടെ സാഹിത്യ പ്രവര്‍ത്തനങ്ങളുമെല്ലാം വഴി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിലെ മുഴുവന്‍ ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങളെയും ഒരു സംഘടനക്ക് കീഴില്‍ ഏകീകരിക്കണമെന്ന ആശയം ഉദിച്ചു. ഈ ആശയമാണ് 1950 ഏപ്രില്‍ 20ന് കോഴിക്കോട് അല്‍മനാര്‍ ഓഫീസില്‍ വെച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടന രൂപീകരിക്കപ്പെടാന്‍ കാരണമായത്. കെ. എം. മൗലവി പ്രസിഡണ്ടും എന്‍.വി അബ്ദുസ്സലാം മൗലവി ജനറല്‍ സെക്രട്ടറിയുമായി ആദ്യ കമ്മറ്റി നിലവില്‍ വന്നു. 1950ല്‍ രൂപീകൃതമായെങ്കിലും 1957ല്‍ മാത്രമാണ് കെ.എന്‍.എം സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. കേരളീയ മുസ്‌ലിം ജനമനസ്സുകളില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണം നടത്തുകയും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും അറബി ഭാഷയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു നദ്‌വത്തിന്റെ രൂപീകരണ ലക്ഷ്യം.

കേഡര്‍ സ്വഭാവത്തോടു കൂടിയുള്ള ഒരു സംഘടന സംവിധാനമായിരുന്നില്ല കേരള നദ്‌വത്തുല്‍ മുജാഹിദീനുണ്ടായിരുന്നത്. സംഘത്തിന്റെ മേല്‍പറഞ്ഞ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സഹകരിക്കാന്‍ തയ്യാറാവരുടെ ഒരു കൂട്ടായ്മ എന്നതിനപ്പുറം ഒരു ഭരണകൂട പരിവേഷമോ പട്ടാളച്ചിട്ടയോ ഒന്നും സംഘടനക്കുണ്ടായിരുന്നില്ല. സഹകരണാടിസ്ഥാനത്തിലുള്ള പങ്കാളിത്തം എന്ന വിശുദ്ധ ക്വുര്‍ആനിന്റെ കാഴ്ചപ്പാടായിരുന്നു സംഘടനക്കുണ്ടായിരുന്നത്. 'വ തആവനൂ അലല്‍ ബിര്‍രി വ ത്തക്വ്‌വാ വലാ തആവനൂ അലല്‍ ഇഥ്മി വല്‍ ഉദ്‌വാന്‍' (നിങ്ങള്‍ പുണ്യത്തിലും ദൈവഭയത്തിലും പരസ്പരം സഹകരിക്കുക; നിങ്ങള്‍ തിന്മകളിലും ശത്രുതയിലും പരസ്പരം സഹകരിക്കാതിരിക്കുക) എന്ന വിശുദ്ധ ക്വുര്‍ആന്‍ വചനമാണ് ഈ പങ്കാളിത്ത പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം.

മനുഷ്യര്‍ വ്യത്യസ്ത കാരണങ്ങള്‍ക്കായി സംഘടിക്കാറുണ്ട്. ഓരോ കാരണങ്ങള്‍ക്കനുസൃതമായി രൂപപ്പെടുന്ന സംഘാടനങ്ങള്‍ അതാത് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള 'പ്ലാറ്റ്‌ഫോമുകള്‍' മാത്രമാണ്. അതുകൊണ്ടു തന്നെ ഒരാള്‍ തന്നെ വിവിധ സംഘടനകളില്‍ ഒരേ സമയം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാവുന്നു. ഓരോ സംഘടനയും ഇടപെടുന്ന മേഖലകള്‍ വ്യത്യസ്തവും പരസ്പരം ഏറ്റുമുട്ടാത്തവയുമാണ്. മുജാഹിദ് പ്രസ്ഥാനം ലക്ഷ്യമായി കണ്ടത് ക്വുര്‍ആനും പ്രവാചകചര്യയും പ്രചരിപ്പിക്കുകയും അറബി ഭാഷ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും മുസ്‌ലിം സമുദായത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തുകയും അഭിപ്രായ ഭിന്നതകളുള്ള വിഷയങ്ങളെ പ്രമാണങ്ങളിലേക്ക് മടക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ്. ഈ കാര്യങ്ങളോട് സഹകരിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഒരുമിച്ച് നില്‍ക്കുവാനുള്ള ഒരു വേദിയായിട്ടാണ് കേരള നദ്‌വത്തുല്‍ മുജാഹിദീനും അനുബന്ധ സംഘടനകളും നിലവില്‍ വന്നത്. ഇതര രാഷ്ട്രീയ സംഘടനകളിലും സാമൂഹിക സംഘടനകളിലും ട്രേഡ് യൂണിയന്‍ സംഘടനകളിലുമെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നവരും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മനസ്സിലാക്കി അതിനോട് സഹകരിച്ചു വന്നു. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരേ സാമൂഹിക കാഴ്ചപ്പാടുകള്‍ ആയിരുന്നില്ല ഉണ്ടായിരുന്നത്.

ശിര്‍ക്ക,് ബിദ്അത്ത്, അന്ധവിശ്വാസങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടവും പൂര്‍വസൂരികള്‍ ഉള്‍ക്കൊണ്ടതുപോലെയുള്ള ക്വുര്‍ആന്‍ സുന്നത്ത് പ്രചാരണവും വളരെ പ്രധാനപ്പെട്ടതാണെന്നു മനസ്സിലാക്കിയ ഒട്ടേറെ സാധാരണക്കാര്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി. വ്യത്യസ്ത അഭിരുചിക്കാരെങ്കിലും ഒരേ ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി മുമ്പോട്ടുകൊണ്ടു പോകുവാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം പരസ്പര കൂടിയാലോചനയാണ്. 'വ അംറുഹും ശൂറാ ബൈനഹും' (അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ കൂടിയാലോചിക്കും) എന്ന സൂറത്തുശ്ശൂറയിലെ വചനവും 'വ ശാവിര്‍ഹും ഫില്‍ അംറി' (കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക) എന്ന ആലുഇംറാനിലെ വചനവും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലുണ്ടാവേണ്ട അടിസ്ഥാന സ്വഭാവം എന്തായിരിക്കണമെന്നു പഠിപ്പിക്കുന്നു. മുജാഹിദ് പ്രസ്ഥാനം സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പും ശേഷവും ഈ ശൈലിയിലൂടെയായിരുന്നു മുമ്പോട്ട് പോയിരുന്നത്.

ചില സംഘടനകളെ കുറിച്ചുള്ള പരാതിയായി കേള്‍ക്കാറുള്ളത്, എല്ലാം നേതാക്കള്‍ തീരുമാനിക്കുകയും അണികള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുവെന്നതാണ്. എന്നാല്‍ മുഹമ്മദ് നബി(സ്വ) പോലും (അദ്ദേഹം പ്രവാചകനായിരുന്നിട്ടു പോലും) വഹ്‌യിന്റെ അടിസ്ഥാനത്തില്‍ അല്ലാത്ത കാര്യ നിര്‍വഹണങ്ങളില്‍ അനുയായികളുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. അതാണ് നടേ സൂചിപ്പിച്ച ക്വുര്‍ആനിക വചനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രവാചകന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി അനുയായികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ അദ്ദേഹം അംഗീകരിച്ചിരുന്നതായും ചരിത്രത്തില്‍ കാണാന്‍ സാധിക്കും. കൂടിയാലോചന വേളയില്‍ അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരം നല്‍കേണ്ടതുണ്ട്. എന്നാല്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ തീരുമാനമായി വരികയില്ലല്ലോ. ഒന്നിച്ചെടുത്ത തീരുമാനവുമായി മുന്നോട്ടുപോകാന്‍ നേരത്തെ എതിരഭിപ്രായം പറഞ്ഞവര്‍ക്കും ബാധ്യതയുണ്ട്.

പ്രവാചകന് ﷺ പഠിപ്പിച്ച ഈ ശൈലി പരസ്പര സഹകരണത്തിന്റെതാണ്. ഉരുക്കുമുഷ്ടി ഉപയോഗിച്ച് തന്റെ ഇംഗിതങ്ങള്‍ നടപ്പാക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ അനുയായികളാവട്ടെ മറ്റുള്ളവര്‍ക്ക് വേണ്ടി തങ്ങളുടെ അഭിപ്രായങ്ങള്‍ തൃണവല്‍ക്കരിക്കുന്നതില്‍ മുമ്പിലുമായിരുന്നു. അവരെക്കുറിച്ചാണ് അല്ലാഹു ഇങ്ങനെ പുകഴ്ത്തിപ്പറഞ്ഞത്: ''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അനേ്യാന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്''(ക്വുര്‍ആന്‍ 11:71).

പ്രവാചകനാവട്ടെ ഒരു വലിയ നേതാവിന്റെ അഹങ്കാരത്തോടെ അലറിവിളിക്കുകയോ ആജ്ഞാപിക്കുകയോ ഗുണകാംക്ഷയില്ലാത്ത വിധമുള്ള വിമര്‍ശനങ്ങള്‍ തൊടുത്തുവിടുകയോ ആയിരുന്നില്ല ചെയ്തിരുന്നത്. ''സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തികൊടുക്കുക''(ക്വുര്‍ആന്‍ 15:88) എന്ന വചനത്തെ അക്ഷരാര്‍ഥത്തില്‍ അദ്ദേഹം ജീവിതത്തില്‍ നടപ്പാക്കി. അദ്ദേഹവും അനുചരന്മാരും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് ക്വുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ''അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക'' (ക്വുര്‍ആന്‍ 3:159).

ഈ വചനം പഠിപ്പിക്കുന്ന പോലെ ഒരു സംഘത്തിന് നേതൃത്വം കൊടുക്കുന്നവരും ആ സംഘത്തിലെ അംഗങ്ങളും തമ്മില്‍ ആത്മാര്‍ഥമായ സ്‌നേഹബന്ധവും പരസ്പര ആദരവും വളര്‍ത്തിയെടുക്കുക എന്നതാണ് ഒരു ഇസ്‌ലാമിക സംഘത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായിട്ടുള്ളത്. മുജാഹിദ് പ്രസ്ഥാനത്തിന് ആദ്യകാലങ്ങളില്‍ നേതൃത്വം നല്‍കിയിരുന്ന പണ്ഡിത നേതാക്കളെ പരിശോധിക്കുമ്പോള്‍ ഇത്തരം സ്വഭാവഗുണങ്ങള്‍ അവരില്‍ ഉണ്ടായിരുന്നതായി കാണാം. ചെറിയ തെറ്റുകള്‍ കാണുമ്പോള്‍ അതിനെ പര്‍വതീകരിക്കാതിരിക്കുകയും ഭിന്നാഭിപ്രായങ്ങള്‍ വരുമ്പോള്‍ അവയെ നല്ല രൂപത്തില്‍ രേഖപ്പെടുത്തുകയും ചെയ്തുകൊണ്ട് പരസ്പരമുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴാതെ നോക്കുന്നതില്‍ അവര്‍ സൂക്ഷ്മത കാണിച്ചിരുന്നു. അല്ലാഹുവിലും അന്ത്യനാളിലുമുള്ള ദൃഢമായ വിശ്വാസം കൊണ്ട് മാത്രമെ ഒരു സംഘത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഹൃദയം കൊണ്ടുള്ള ഐക്യമുണ്ടാവുകയുള്ളൂവെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. ഭൗതിക നിയമങ്ങള്‍കൊണ്ടോ പുറത്താക്കലുകള്‍ കൊണ്ടോ പരസ്യാക്ഷേപങ്ങള്‍ കൊണ്ടോ ഹൃദയങ്ങളെ കൂട്ടിയിണക്കാന്‍ സാധിക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ''ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു'' (ക്വുര്‍ആന്‍ 8:63).

മുജാഹിദ് പ്രസ്ഥാനത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സംഘടനയുടെ 'ഭാരം വഹിക്കുന്ന' ഭാരവാഹികളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഓരോരുത്തരും അവരവര്‍ ഏല്‍പിക്കപ്പെട്ട ജോലിയും ഭാരവും കൃത്യമായി നിര്‍വഹിക്കുകയാണ് അവരില്‍ അര്‍പ്പിതമായ കടമ. ഒരു ഭാരവാഹിത്വം ലഭിക്കുമ്പോഴേക്ക് താനേതോ ഒരു വലിയ സ്ഥാനത്തെത്തിയെന്ന തോന്നലാണ് പല സംഘടനകളിലും ചിലര്‍ക്കെങ്കിലും തലക്കനം സൃഷ്ടിക്കുന്നത്. 'അല്‍പന് അര്‍ഥം ലഭിച്ചാല്‍ അര്‍ധരാത്രിയിലും കുടപിടിക്കും' എന്ന ചൊല്ല് അത്തരക്കാരെ കാണുമ്പോള്‍ ഓര്‍മവരും. ഒരു ഇസ്‌ലാമിക സംഘം എങ്ങനെയായിരിക്കണമെന്ന കൃത്യമായ കാഴ്ചപ്പാട് സമൂഹത്തിനു മുമ്പില്‍ വരച്ചു കാണിച്ച മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ ഉണ്ട്. സംഘടനയിലെ ഓരോ അംഗത്തിന്റെയും കഴിവുകള്‍ മനസ്സിലാക്കി അവരുടെ കഴിവും അഭിരുചിയുമനുസരിച്ചുള്ള ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുകയും അവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പിക്കുന്ന ശൈലിയാണ് മുജാഹിദുകള്‍ സ്വീകരിച്ചിട്ടുള്ളത്. എക്കാലവും ഒരു കൂട്ടര്‍ നേതാക്കളും മറ്റുള്ളവര്‍ അണികളുമെന്ന തോന്നലുകള്‍ സൃഷ്ടിക്കുന്ന രീതി മുജാഹിദ് പ്രസ്ഥാനത്തിന്റെയല്ല.

നേതാക്കളോ പണ്ഡിതരോ പറയുന്ന കാര്യങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പിക്കുകയും മതവിഷയങ്ങള്‍ പോലും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി മാത്രം നിശ്ചയിക്കുകയും ചെയ്യുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ട്. വേദക്കാരായ പൂര്‍വസമുദായങ്ങള്‍ പൗരോഹിത്യത്തിന് അടിമപ്പെടുകയും വ്യതിചലിക്കുകയും ചെയ്തതിന്റെ കാരണം ഇത്തരം സങ്കല്പങ്ങളാണെന്ന് ക്വുര്‍ആന്‍ പറയുന്നു. 'അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു' (ക്വുര്‍ആന്‍ 9:31). അവരിലെ പണ്ഡിതപുരോഹിതന്മാര്‍ ഒരു കാര്യം ഹലാല്‍ (അനുവദനീയം) എന്ന് പറഞ്ഞാല്‍ ഹലാലും അവര്‍ ഹറാം (നിഷിദ്ധം) എന്ന് പറഞ്ഞാല്‍ ഹറാമുമായി അവര്‍ സ്വീകരിച്ചുവന്നു. മതം അഥവാ ഇസ്‌ലാം അല്ലാഹുവിന്റെതാണ്. സംഘടനകള്‍ മനുഷ്യനിര്‍മിതവുമാണ്. മനുഷ്യനിര്‍മിതമായ സംഘടനകള്‍ ഭൂരിപക്ഷം ചേര്‍ന്ന് തീരുമാനിക്കേണ്ടവയല്ല മതവിഷയങ്ങള്‍. മതവിഷയങ്ങള്‍ നേരത്തെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന് അവസാനമായി അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളിലൊന്നില്‍ മതം അല്ലാഹു പരിപൂര്‍ണമാക്കിയിരിക്കുന്നുവെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കൂട്ടാനോ കുറക്കാനോ ഇല്ല. അതിനെ പരിഷ്‌കരിക്കാന്‍ ഒരു സുന്നഹദോസിന്റെ ആവശ്യമില്ല. പക്ഷേ, പല മത സംഘടനകളിലെയും നേതൃത്വത്തിലിരിക്കുന്ന ആളുകള്‍ ചിന്തിക്കുന്നത് മതകാര്യങ്ങളില്‍ തങ്ങള്‍ക്ക് താല്പര്യമുള്ള വിധത്തില്‍ വിധിക്കുവാന്‍ അവകാശമുണ്ടെന്നാണ്. വിശുദ്ധ ക്വുര്‍ആനിലെ ഒരു വചനം അതിനായി പലപ്പോഴായി ദുര്‍വ്യാഖ്യാനിച്ചതായി കാണുന്നു. അന്നിസാഅ് അധ്യായത്തിലെ 59ാം വചനമാണത്: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അല്ലാഹുവിന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അതാണ് വേണ്ടത്. അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.''

ഈ വചനത്തിന്റെ ആദ്യഭാഗത്തില്‍ കാണുന്ന 'കൈകാര്യകര്‍ത്താക്കള്‍' എന്നത് സംഘടനയിലെ പണ്ഡിതവിഭാഗമാണെന്നു വ്യാഖ്യാനിക്കുകയും അങ്ങനെ സംഘടന നിശ്ചയിക്കുന്ന ചട്ടക്കൂടിലൂടെ മാത്രമെ മതകാര്യങ്ങള്‍ സ്വീകരിക്കാവൂ എന്ന് തീരുമാനിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം മുജാഹിദ് പ്രസ്ഥാനത്തിന് അന്യമാണ്. ഏതൊരു വ്യക്തിയുടെയും സംഘത്തിന്റെയും ഏതെങ്കിലുമൊരു വിഷയത്തിലുള്ള ഗവേഷണം പ്രമാണങ്ങളുമായി ഒത്തുവരുന്നുവെങ്കില്‍ നിങ്ങളത് സ്വീകരിക്കുകയെന്ന മുന്‍കാല ഇമാമുകളുടെ വീക്ഷണമാണ് മുജാഹിദ്പ്രസ്ഥാനവും സ്വീകരിച്ചിട്ടുള്ളത്. പ്രസ്തുത വചനത്തിന്റെ രണ്ടാം ഭാഗത്തില്‍ തന്നെ ആ കാര്യം വ്യക്തമാണ്. ഭിന്നിപ്പുള്ള വിഷയം മടക്കേണ്ടത് കൈകാര്യകര്‍ത്താക്കളിലേക്കല്ല മറിച്ച് അല്ലാഹുവിന്റെ ക്വുര്‍ആനിലേക്കും അവന്റെ പ്രവാചകനിലേക്കുമാണെന്നാണ് അത് വ്യക്തമാക്കുന്നത്.

സംഘടന ഒരു ഭരണകൂടവുമല്ല. ഒരു ഇസ്‌ലാമിക രാജ്യത്തെ ഭരണാധികാരിയുടെ അതേ റോളാണ് ഒരു ഇസ്‌ലാമിക സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കുമുള്ളതെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിഭാഗങ്ങളുണ്ട്. സംഘടനാ സംവിധാനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനും ആജ്ഞാനുവര്‍ത്തികളെ തിരുകിക്കയറ്റാനും ഇസ്‌ലാമിക ഖലീഫമാരെ സൗകര്യപൂര്‍വം കൂട്ടുപിടിക്കുന്നവര്‍ ചെയ്യുന്നത്; ഖലീഫമാര്‍ വിവിധ പ്രവിശ്യകളിലെ ഗവര്‍ണര്‍മാരെ നിശ്ചയിച്ചതുപോലെ സംഘടനയുടെ തലപ്പത്തിരിക്കുന്നവരാണ് വിവിധ പോഷക വിഭാഗങ്ങളുടെയും പ്രാദേശിക കമ്മറ്റികളുടെയുമൊക്കെ ഭാരവാഹികളെ നിശ്ചയിക്കേണ്ടതെന്നു സിദ്ധാന്തിക്കുകയും അങ്ങനെ സംഘടനയെ സ്വന്തം വരുതിയില്‍ നിര്‍ത്തുവാന്‍ ശ്രമിക്കുകയുമാണ്. മുജാഹിദ് പ്രസ്ഥാനം അതിന്റെ ആദ്യനാള്‍ തൊട്ട് ഇത്തരത്തിലുള്ള ചിന്തകളെ അംഗീകരിച്ചിട്ടില്ല. കൂടിയാലോചനയിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയുമാണ് ഭാരവാഹികളെ കണ്ടെത്തേണ്ടതെന്ന നിലപാടാണ് മുജാഹിദുകള്‍ സ്വീകരിച്ചിട്ടുള്ളത്. കൂടിയാലോചനകളിലൂടെയും സമവായത്തിലൂടെയും ഒന്നിച്ചെടുത്ത തീരുമാനങ്ങളെ തള്ളിക്കളയുകയും സംഘടനയില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് കുറ്റകരമായ കാര്യമായി പ്രസ്ഥാനം കാണുന്നു.

സംഘടന ഒന്നിച്ചുചേരുന്നത് കുറെ വ്യക്തികളിലൂടെയാണ്. വ്യക്തികളില്‍ വിവിധ തരക്കാരുണ്ടാവും. പുണ്യകര്‍മങ്ങള്‍ ധാരാളം ചെയ്യുന്നവരും പ്രവാചകചര്യകളെ കൃത്യമായി അനുധാവനം ചെയ്യുന്നവരുമായിട്ടുള്ള ധാരാളം പേരുണ്ടാവും. എന്നാല്‍ അത്രതന്നെ അനുഷ്ഠിക്കാന്‍ സാധിക്കാത്തവരും കാണും. ക്വുര്‍ആന്‍ വിശേഷിപ്പിച്ച പോലെ 'മുക്വ്തസ്വിദുകളും' (മധ്യനിലപാടുകാര്‍) 'സാബിക്വുന്‍ ബില്‍ ഖൈറാത്ത്' (നന്മകളില്‍ മുന്‍കടക്കുന്നവര്‍) ആയിട്ടുള്ളവരും കാണും. വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്തിട്ടുള്ളവരുമുണ്ടാകും. ഇവരെല്ലാം ഒരു സമൂഹത്തിന്റെ പരിച്ഛേദമാണ്. തെറ്റുകള്‍ സംഭവിച്ചിരുന്ന ഒരാളെയും പ്രവാചകന്‍ സ്വന്തം അനുയായിവൃന്ദത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നില്ല. ഗുരുതരമായ തെറ്റുകളെന്ന് മുതിര്‍ന്ന സ്വഹാബിമാര്‍ പോലും പരാതിപ്പെട്ടിരുന്ന ചിലരുടെ കാര്യത്തില്‍ പ്രവാചകന് ﷺ അവരുടെ ഭൂതകാലങ്ങളില്‍ അവര്‍ ചെയ്ത നല്ല സേവനങ്ങളെ എടുത്തുപറഞ്ഞു കൊണ്ട് ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാക്കി തന്നെ അവരെ നിലനിര്‍ത്തി കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. ചില സ്വഹാബിമാരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനത്തിന് കാത്തിരിക്കേണ്ടി വന്നപ്പോഴും അവരുടെ കാര്യത്തില്‍ നന്മയുണ്ടാവാന്‍ പ്രവാചകന്‍ കൊതിച്ചു. പോരായ്മകളുടെയും തെറ്റുകളുടെയും പേരില്‍ സംഘടനയില്‍ നിന്നകറ്റി നിര്‍ത്തുകയല്ല വേണ്ടത്, ആദര്‍ശത്തിനും കൂട്ടായ്മക്കും ദോഷം ബാധിക്കാത്തിടത്തോളം

കാലം പോരായ്മകളെ അംഗീകരിച്ചുകൊണ്ട് സംഘടനയുടെ ഭാഗമാക്കി കൊണ്ടുപോകാനാണ് പൂര്‍വകാല മുജാഹിദ് നേതാക്കള്‍ യത്‌നിച്ചിരുന്നതെന്ന് പല സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രായവും പക്വതയുമൊക്കെ തിരിച്ചറിഞ്ഞ് അവരെ വിശ്വാസത്തിലെടുത്ത് നേര്‍വഴിക്ക് നടത്തുകയായിരുന്നു അവരുടെ രീതി.

മുജാഹിദ് പ്രസ്ഥാനം ഒരു ഭരണകൂടമോ മതമോ പട്ടാളച്ചിട്ടയുള്ള ഒരു കേഡര്‍ പാര്‍ട്ടിയോ അല്ലെന്നും അത് മതപ്രചാരണത്തിനും പരിഷ്‌കരണപ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ സാമൂഹിക നവോത്ഥാനങ്ങള്‍ക്കും വേണ്ടി എല്ലാവര്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമാണെന്നുമുള്ള തിരിച്ചറിവ് നഷ്ടപ്പെടുന്നതാണ് വളരെ സങ്കുചിതമായ കാഴ്ചപ്പാടുകളിലേക്ക് പലരും വഴുതിവീഴുന്നത്. വിശാല മനസ്‌കരും വിനയാന്വിതരുമായിരുന്ന പൂര്‍വകാല പണ്ഡിതരുടെ മാതൃക നിലനിര്‍ത്തി സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും ഇസ്‌ലാം വിമര്‍ശനങ്ങളെ പഠിച്ച് പ്രതിരോധിക്കുകയും ക്വുര്‍ആന്‍, അറബി ഭാഷ പഠനത്തിനുള്ള സൗകര്യമൊരുക്കുകയും പ്രവാചക ചര്യകളെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടും വര്‍ത്തമാനകാലം തേടുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടും സമൂഹത്തിനും സമുദായത്തിനും സേവനമനുഷ്ഠിക്കുകയാണ് മുജാഹിദ് സംഘടനാ സംവിധാനങ്ങള്‍ ചെയ്യേണ്ടത്.

കലഹങ്ങളല്ല, വിട്ടുവീഴ്ചകളാണ് ഒരു പ്രസ്ഥാനത്തിന് ആവശ്യമായിട്ടുള്ളത്. പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നവും ഒരു പ്രസ്ഥാനത്തിനകത്തുമില്ല. ഇസ്‌ലാമികാദര്‍ശവും ആത്മാര്‍ഥതയും തവക്കുലുമുണ്ടെങ്കില്‍ ഏതു ഭിന്നതകളെയും ഇല്ലാതാക്കുവാന്‍ സാധിക്കും.

ഏറെക്കാലം മുജാഹിദ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയും ഇരുപത്തിയഞ്ച് വര്‍ഷം അതിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത മഹാനായ കെ.പി മുഹമ്മദ് മൗലവിയുടെ വിനയവും പാണ്ഡിത്യവും പക്വതയും വാത്സല്യവും സഹിഷ്ണുതയും പ്രസ്ഥാനത്തിന്റെ സംഘടനാ തത്ത്വങ്ങളും മര്യാദകളും നിര്‍വചിക്കുന്നതിലും നടപ്പാക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങള്‍ അസൂയയോടെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തെ നോക്കിക്കണ്ടിരുന്ന ആ യുഗം അവസാനിച്ചതോടെ ആ നല്ല ഗുണങ്ങള്‍ അസ്തമിച്ചുവോ എന്ന് പരിശോധിക്കേണ്ടത് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന എല്ലാ നല്ലവരുടെയും ഉത്തരവാദിത്തമാണ്.